
ഗീതാദര്‍ശനം - 569
Posted on: 14 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
മാലിന്യക്കൂമ്പാരത്തിലെ കൃമികള്‍, മാലിന്യം തിന്നു തീരുമ്പോഴോ അതിനു മുമ്പുതന്നെയോ, പരസ്പരം ഭക്ഷിക്കുന്നു. അവസാനം, തടിച്ചു കൊഴുത്ത ഒരു കൃമി ശേഷിക്കുന്നു. പക്ഷേ, തിന്നാന്‍ ഒന്നുമില്ലാത്തതിനാല്‍ അതും വൈകാതെ ചത്തുപോകുന്നു.
മാര്‍ക്കറ്റിന്റെയും അധികാരസ്ഥാനങ്ങളുടെയും ആധിപത്യത്തിനു വേണ്ടി കഴുത്തറുപ്പന്‍ (രുറ റസി്മറ) മത്സരമല്ലേ നടക്കുന്നത്? ഭക്ഷണപാനീയങ്ങളിലും ഔഷധങ്ങളില്‍പ്പോലും മായം ചേര്‍ത്തും അരക്കില്ലങ്ങള്‍ തീര്‍ത്തുമൊക്കെയാണ് ജൈത്രയാത്ര.
'ഞാന്‍' എന്നതാണ് മുഖ്യപ്രശ്‌നം. അത് 'നീ' എന്ന ഭിന്നനെ സൃഷ്ടിക്കുന്നു. അവനെ അടിമയാക്കിയില്ലെങ്കില്‍ രണ്ടാണ് അപകടം. ഒന്ന്, അവനെക്കൊണ്ട് എന്റെ വണ്ടി വലിപ്പിക്കാനാവില്ല. രണ്ട്, ശക്തനായാല്‍ അവന്‍ എന്നെക്കൂടി അടിമയാക്കിയേക്കാം. അതിനാല്‍, എനിക്ക് അടിമപ്പെടാത്ത എല്ലാ 'നീ'യും എന്റെ ശത്രുവാണ്. ഹനിക്കണം. എന്റെ അവസാനമില്ലാത്ത ആര്‍ത്തികള്‍ നിറവേറുന്നതിന് തടസ്സമുണ്ടായാലോ എന്ന ഭയമാണ് ഈ മനോഭാവത്തിനു പിന്നില്‍. ജീവിതത്തിന്റെ ഏതു തുറയിലായാലും മഹാഭീരുക്കള്‍ മഹാസ്വേച്ഛാധിപതികളായി പരിണമിക്കുന്നു. എവിടെ ആളുകള്‍ക്ക് വിവേകം നഷ്ടപ്പെടുന്നുവോ അവിടെയെല്ലാം ഭ്രാന്തന്മാരും ഭീരുക്കളും അധികാരികളാവുന്നു. ദൈവത്തിന്റെ മരണം പ്രഖ്യാപിച്ച് ആ സങ്കല്പസിംഹാസനത്തില്‍ കയറി ഇരിക്കാന്‍ മുതിരുന്നവര്‍ക്ക് ഒന്നൊഴിയാതെ എന്തു സംഭവിക്കുന്നെന്ന് നമുക്കറിയാം. എന്നിട്ടും പക്ഷേ, ഇവരുടെ മനോഭാവത്തിന്റെ ചെറിയ നാമ്പുകള്‍ നമ്മുടെ ഉള്ളില്‍ മുളപൊട്ടുമ്പോള്‍ ചെറുക്കാന്‍ നമുക്കു കഴിയുന്നുണ്ടോ എന്നാണ് വ്യാസരുടെ ചോദ്യം. ജീവിതം വ്യര്‍ഥമാകാതിരിക്കണമെങ്കില്‍ അനിവാര്യവും നിര്‍ണായകവുമാണ് ഈ ആത്മപരിശോധന.
ആഢ്യോ/ഭിജനവാനസ്മി
കോ/ന്യോ/സ്തി സദൃശോ മയാ
യക്ഷ്യേ ദാസ്യാമി മോദിഷ്യേ
ഇത്യജ്ഞാനവിമോഹിതാഃ
ഞാന്‍ നല്ല കുലത്തില്‍ ജനിച്ച ശ്രേഷ്ഠനാണ്. (ഭൂമിയില്‍) എനിക്ക് തുല്യനായി വേറെ ആരുണ്ട്? ഞാന്‍ പല യാഗങ്ങളും ചെയ്യും, ദാനം നല്‍കും, സുഖിക്കും എന്നിങ്ങനെയെല്ലാം അജ്ഞാനവിമോഹിതര്‍ കരുതുന്നു.
(തുടരും)
