
ഗീതാദര്‍ശനം - 563
Posted on: 06 Aug 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
ജീവിതത്തില്‍ ആകെ ആശിക്കാനുള്ളതും സാധിക്കാവുന്നതും അവനവന്റെ കാമ(ആഗ്രഹ)പൂര്‍ത്തിയാണ് എന്ന നിഗമനത്തോടെയുള്ള എല്ലാ പ്രവൃത്തിയും ലോകോപദ്രവമാണാവുക.
ഏതാം ദൃഷ്ടിമവഷ്ടഭ്യ
നഷ്ടാത്മാനോ/ല്പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മാണഃ
ക്ഷയായ ജഗതോ/ഹിതാഃ
ഇപ്രകാരമുള്ള ലോകവീക്ഷണം തീരുമാനിച്ചുറച്ചുകൊണ്ട്, അന്തരാത്മാവ് (സ്വന്തം നിഷേധത്താല്‍) നഷ്ടപ്പെട്ടവരും അല്പമാത്രമായതില്‍ അവബോധം ഒതുങ്ങിപ്പോയവരും കടുംകൈ ചെയ്യുന്നവരുമായ അവര്‍ ലോകത്തിനും തങ്ങള്‍ക്കുതന്നെയും ശത്രുക്കളായും ജഗത്തിന് ആപല്‍ക്കാരികളായും ഭവിക്കുന്നു.
പ്രപഞ്ചത്തിന്റെ സത്ത് സര്‍വവ്യാപിയും സമവസ്ഥിതവുമായ ഏകീകൃതബലമാണ്. അതാണ് എല്ലാവരിലും എല്ലാറ്റിലുമുള്ള നാശരഹിതമായ ഉണ്മ. അങ്ങനെ ഒന്ന് ഉണ്ടെന്ന് അറിയാതിരുന്നാല്‍ അത് നഷ്ടപ്പെട്ടതിനു തുല്യംതന്നെ. അത്തരക്കാര്‍ നഷ്ടാത്മാക്കള്‍. കനകം ചുമക്കുന്ന കഴുതയുടെ സ്ഥിതിയിലാണവര്‍. പ്രത്യക്ഷങ്ങള്‍ക്കതീതമായ ആത്മസ്വരൂപത്തെക്കുറിച്ച് ബോധമുണ്ടാകാന്‍ ബുദ്ധി അത്രയും പടര്‍ന്നു കയറണം. ആ വളര്‍ച്ച സ്വാഭാവികമായി ഉണ്ടാകുന്നില്ലെങ്കില്‍ ബുദ്ധി മുരടിച്ചു എന്നാണ് അര്‍ഥം. അതു സംഭവിച്ചവര്‍ അല്പബുദ്ധികള്‍.
മറ്റു ജീവികള്‍ക്കില്ലാത്ത കഴിവുകള്‍ മനുഷ്യനുണ്ട്. അതത്രയും സമൂഹത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ജീവിതംകൊണ്ട് എന്തു ചെയ്യണം എന്നു നിശ്ചയിക്കുന്നതില്‍ ഇക്കൂട്ടര്‍ക്ക് പിഴ പറ്റുന്നു. തന്നിഷ്ടം പൊന്നിഷ്ടവും മുന്നിഷ്ടവുമായിത്തീരുന്നു. ഇന്ദ്രിയസുഖം പരമലക്ഷ്യം. അതു നേടാനുള്ള നിത്യവൃത്തി നിരങ്കുശമായ വേട്ടയാടല്‍. തനിക്ക് തന്റെ നീതി മാത്രം. എന്തു കടുംകൈയും ചെയ്യും. സര്‍വചരാചരങ്ങളെയും ദ്രോഹിക്കും. ചുരുക്കത്തില്‍, ഇവര്‍ പ്രപഞ്ചത്തെ ഉപദ്രവിക്കുന്നവരായി ഭവിക്കുന്നു. അത് ലോകത്തിന്റെയും അവരുടെതന്നെയും നാശത്തിനാണെന്ന് തിരിച്ചറിയുന്നുമില്ല.
(തുടരും)
