goodnews head

സ്‌നേഹം പകര്‍ന്ന് 'നെകാബ്'; ഒരു എന്‍ജിനീയര്‍ കൂട്ടായ്മ

Posted on: 05 Aug 2010


ബാംഗ്ലൂര്‍: ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടികള്‍ കയറുമ്പോഴും പഠിച്ച കോളേജിന്റെ മഹത്ത്വം സത്കര്‍മങ്ങളിലൂടെ സാധാരണക്കാരിലെത്തിക്കുകയാണ് ഇവര്‍. പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ നെകാബിന്റെ പ്രവര്‍ത്തനം 'സിലിക്കണ്‍ സിറ്റി'യില്‍ നല്കുന്നത് അഭിമാനക്കാഴ്ച.
പത്ത് വര്‍ഷം മുമ്പാണ് 'നെകാബ്' ബാംഗ്ലൂരില്‍ പിറവിയെടുത്തതെങ്കിലും 2005 മുതലാണ് പ്രവര്‍ത്തനം സജീവമായത്. ഐ.ടി. മുതല്‍ എച്ച്.എ.എല്‍. വരെ വിവിധ മേഖലകളിലായി ജോലിചെയ്യുന്ന 600-ലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും 'നെകാബി'ന്റെ പ്രവര്‍ത്തനത്തിനായുണ്ട്.

''ഐ.ടി. ജോലി തിരക്കിനിടയിലും കലയെ ഗൗരവമായി കാണുന്ന നിരവധി പേര്‍ ബാംഗ്ലൂരിലുണ്ട്. കലാമൂല്യമുള്ള സിനിമകളും നാടകങ്ങളും ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്. അതോടൊപ്പം പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ്സും വളര്‍ത്തേണ്ടതുണ്ട്''- പ്രസിഡന്റ് പ്രകാശ് ബാരെ പറഞ്ഞു. 'സൂഫി പറഞ്ഞ കഥ' എന്ന ചിത്രത്തിന്റെ നിര്‍മാതാവും നായകനുമാണ് പ്രകാശ് ബാരെ.

എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് സാമ്പത്തിക സഹായം, ജോലിക്കായുള്ള പരിശീലനം, പാവപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി ചില്‍ഡ്രന്‍സ് ഹോം എന്നിവയെല്ലാം നെകാബിന്റെ ലക്ഷ്യങ്ങളാണ്.

'നെകാബ് മാറ്റിനി' എന്ന പേരില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ബാംഗ്ലൂരില്‍ കലാമൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. അതോടൊപ്പം ഈ ചിത്രങ്ങളുടെ സംവിധായകനെയും നിര്‍മാതാവിനെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളും സംഘടിപ്പിക്കും. വികസനത്തില്‍ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒക്ടോബറില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ മലയാളിയായ പ്രൊഫ. മുരളീധരനാണ് ചര്‍ച്ചയ്‌ക്കെത്തുന്നത്.

പാലക്കാട് എന്‍ജിനീയറിങ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആയിരത്തോളം പേര്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നുണ്ട്. മലബാറില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. പാലക്കാട് എന്‍ജിനീയറിങ് കോളേജ് ഈ വര്‍ഷം സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. കേരളത്തിലെ ഒന്നാം തലമുറ കോളേജ് എന്ന വിശേഷണമുള്ള ഈ കോളേജിന്റെ സുവര്‍ണ ജൂബിലി ബാംഗ്ലൂരിലും ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് നെകാബ്. ആഗസ്ത് ഏഴിന് ബാംഗ്ലൂര്‍ ഇ.സി.എ. ഹാളില്‍ നടക്കുന്ന വാര്‍ഷികാഘോഷമായ സമാഗമം 2010-ല്‍ പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചിറങ്ങിയ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും 'സമാഗമ'ത്തില്‍ പങ്കെടുക്കും.

പഠിച്ച കോളേജിനോടുള്ള കടപ്പാട് കലാ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാക്കാനുള്ള അവസരമാണ് കൂട്ടായ്മയിലൂടെ എല്ലാവര്‍ക്കും ലഭിക്കുന്നതെന്ന് നെകാബ് സെക്രട്ടറി നിഷാന്ത് പറഞ്ഞു. ബാംഗ്ലൂരില്‍ ജോലി കിട്ടി ജീവിതം തുടങ്ങുമ്പോള്‍ മാതൃഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകന്നുപോകുന്ന കാഴ്ചകളില്‍ നിന്ന് വേറിട്ട അനുഭവമാണ് നെകാബ് ബാംഗ്ലൂര്‍ മലയാളികള്‍ക്ക് നല്കുന്നത് ംംം.ിലരമയ.ീൃഴ എന്ന വെബ്‌സൈറ്റും നെകാബ് ആരംഭിച്ചിട്ടുണ്ട്.

പി. സുനില്‍കുമാര്‍

 

 




MathrubhumiMatrimonial