githadharsanam

ഗീതാദര്‍ശനം - 561

Posted on: 04 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ഉള്ളും പുറവും വൃത്തിയാക്കി വെക്കല്‍ മനുഷ്യന്റെ പ്രാഥമികകര്‍ത്തവ്യമാണ്. വൃത്തിബോധം ഒരു വേണ്ടാതീനമാണ് എന്നു കരുതിയാല്‍ കുഴഞ്ഞില്ലേ? പ്രപഞ്ചത്തോട് ഒരാള്‍ ഇടപഴകുന്ന ശൈലിയാണ് ആചാരം. ബന്ധങ്ങള്‍ തിരിച്ചറിയാഞ്ഞാല്‍ ആചാരം പിഴയ്ക്കും. ഉള്ളതും ഇല്ലാത്തതും തിരിച്ചറിയാനാകാത്തവര്‍ക്ക് ബന്ധങ്ങളുടെ നിജസ്ഥിതി അജ്ഞാതമല്ലേ ആവൂ? വകതിരിവില്ലാത്തവര്‍ എന്നാണ് ഇത്തരക്കാര്‍ക്ക് പണ്ടേ പേര്. വകതിരിവില്ലായ്മ പകര്‍ച്ചവ്യാധിപോലെയാണ്. ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍ ശിഷ്യന് അമ്പത്തൊന്നും പിഴയ്ക്കും. കാഴ്ചയില്ലായ്മപോലയേ ഉള്ളൂ വകതിരിവില്ലായ്മയും. അത് മാറാവ്യാധിയല്ല.എപ്പോള്‍ വേണമെങ്കിലും വകതിരിവു നേടാം. അപ്പോള്‍ അടിമുടി മാറും. ശുചിയാവും ആചാരം ശരിയാവും. സത്യവും അസത്യവും തിരിച്ചറിയും. ഏവര്‍ക്കും വകതിരിവുണ്ടാകണം എന്നാണ് ഗീതാകാരന്റെ അനുഭാവപൂര്‍വമായ ധ്വനി. ഉണ്ടാവാന്‍ ഒരു പ്രയാസവുമില്ല. നിമിഷാര്‍ധം മതി. കണ്ണുകെട്ട് അറുത്തുകളയുകയേ വേണ്ടൂ! ഏറ്റവും കടുത്ത ദുരാചാരനായിരുന്നാല്‍പ്പോലും കാഴ്ച ശരിയായാല്‍ ഞൊടിയിടയില്‍ ധര്‍മാത്മാവായി പരിണമിക്കും. ('ക്ഷിപ്രം ഭവതി ധര്‍മാത്മാ ... ന മേ ഭക്തഃ പ്രണശ്യതി' - 9, 31.)

എന്നാല്‍, അതു ചെയ്യുന്നതിനുപകരം തപ്പിത്തടഞ്ഞ് അയഥാര്‍ഥ നിഗമനങ്ങളില്‍ അഭിരമിക്കാനാണ് താത്പര്യമെങ്കിലോ? കഷ്ടതരമായ വിവരക്കേടിന്റെ അഞ്ചുകളി അരങ്ങേറും!

അസത്യമപ്രതിഷ്ഠം തേ
ജഗദാഹുരനീശ്വരം
അപരസ്​പരസംഭൂതം
കിമന്യത് കാമഹൈതുകം

ജഗത്ത് സത്യമായ വസ്തുതാസ്വരൂപത്തോടുകൂടിയതല്ല, ആധാരവും നാഥനും ഇല്ലാത്തതാണ് എന്നും (ക്ഷേത്ര-ക്ഷേത്രജ്ഞപാരസ്​പര്യമില്ലാതെ) വെറും വൈരുധ്യങ്ങളുടെ സംബന്ധംകൊണ്ടുണ്ടായി കാമപൂര്‍ത്തിക്കു മാത്രമായി നിലകൊള്ളുന്നതാണെന്നും (അങ്ങനെ) അല്ലാതെ (ജഗത്തില്‍) സാരമായി മറ്റൊന്നും ഇല്ലെന്നും അവര്‍ വാദിക്കുന്നു.



MathrubhumiMatrimonial