goodnews head

പഠനത്തിലും പണിയിലും രതീഷിനും രമേഷിനും 'എ പ്ലസ്'

Posted on: 29 May 2008


ശ്രീകൃഷ്ണപുരം: അലസതയുടെ മഴനനയാതെ സ്വപ്നങ്ങളെ ജീവിതവിജയത്തിലേക്ക് വളര്‍ത്തിയെടുക്കുകയാണ് ഈ മിടുക്കന്മാര്‍. രതീഷ് റബ്ബര്‍ത്തോട്ടത്തില്‍ മരങ്ങള്‍ക്ക് പ്ലാസ്റ്റിക് ഇടുന്ന തിരക്കിലാണ്. ഒപ്പം സഹായവുമായി സഹോദരന്‍ രമേഷും. കൂടെപ്പണിയെടുക്കുന്ന ചേട്ടന്മാര്‍ പറയും 'എല്ലാറ്റിലും എ പ്ലസ്സാ രണ്ടാള്‍ക്കും'. നാട്ടുകാരുടെ അഭിമാനമാണ് ഈ സഹോദരന്മാര്‍.

കഷ്ടിച്ചുകഴിഞ്ഞുകൂടാന്‍ വകയുള്ള കുടുംബത്തില്‍ ജനിച്ച് പഠിച്ചും പണിയെടുത്തും പത്താംക്ലാസ് വരെയെത്തി. അച്ഛനമ്മമാരുടെയും അധ്യാപകരുടെയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് ഇപ്പോഴിതാ എല്ലാ വിഷയത്തിലും എ പ്ലസ്സോടെ രണ്ടാളും പത്തിന്റെ കടമ്പ കടന്നു. കാട്ടുകുളം എ.കെ.എന്‍.എം.എം.എ.എം. ഹൈസ്‌കൂളിലാണ് ഇവര്‍ പഠിച്ചത്.

'ആറ് ഡിവിഷനുകളിലായി 238 കുട്ടികളാണ് സ്‌കൂളില്‍നിന്ന് പരീക്ഷയ്ക്കിരുന്നത്. മൂന്നുകുട്ടികള്‍ക്കേ എല്ലാവിഷയത്തിലും എ പ്ലസ് ഉള്ളൂ. രണ്ടാള്‍ ഞാനും രമേഷുമാണ്'. സ്‌കൂള്‍ലീഡര്‍കൂടിയായ രതീഷിന്റെ വാക്കുകളില്‍ അഭിമാനം. തലയണക്കാട് ചേനമ്പറ്റ പള്ളിയാല്‍വീട്ടില്‍ അമ്മ പത്മാവതി, മുത്തശ്ശി, അമ്മായി എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ താമസം. രണ്ട് കൊച്ചുമുറികളും ഒരിടനാഴിയുമുള്ള വീട് അമ്മായിയുടേതാണ്. അച്ഛന്‍ രാമചന്ദ്രന് മൂവാറ്റുപുഴയില്‍ കൊല്ലപ്പണിയാണ്. മൂത്തസഹോദരന്‍ രാജേഷ് പഠനം ഏഴില്‍ നിര്‍ത്തി കോയമ്പത്തൂരില്‍ വെല്‍ഡിങ് പണിയില്‍. സ്വന്തമായി ഒരുവീട് എന്ന സ്വപ്നം കുട്ടികളുടെ മനസ്സിലുണ്ട്.

'കുട്ടികള് ചെറുപ്പംതൊട്ടേ നന്നായിപഠിക്കും. അഞ്ചു മാസം മുമ്പാണ് വീട്ടില് കറന്റ് കിട്ടിയത്. അതുവരെ മണ്ണെണ്ണവെളക്കുവെച്ച് തന്നെയാ പഠിച്ചിരുന്നത്' അമ്മയുടെ ചിരിയിലും കരച്ചിലിന്റെ ഈണം. കേട്ടു നിന്ന രമേഷ് കൂട്ടിച്ചേര്‍ത്തു- 'ഇടയ്ക്ക് കൃത്യസമയത്ത് ഫീസ്‌കൊടുക്കാന്‍ പറ്റീന്നൊന്നും വരില്ല. എന്നാലും കൊടുക്കാണ്ടിരിക്കില്ല്യ. മാഷമ്മാര് നല്ല പ്രോത്സാഹനം തരും, എന്ത് സഹായോം'.

ഞായറാഴ്ചയും ഒഴിവുദിവസങ്ങളിലും രതീഷ് പ്ലാസ്റ്റിക്കിടാനും തേപ്പുപണിക്കും പോകും. തേപ്പിന് ദിവസം 175 രൂപ കൂലി. പ്ലാസ്റ്റിക്കിട്ടാല്‍ ഒരുമരത്തിന് അഞ്ചുരൂപവെച്ച് കിട്ടും.

രമേഷ് ഒരുവയസ്സിന് ഇളയതാണെങ്കിലും ഒരുമിച്ചാണ് സ്‌കൂളില്‍ചേര്‍ത്തത്. ഇതുവരെ ട്യൂഷനും വില കൂടിയ ഗൈഡുകളുമൊന്നും ഇല്ലാതെയാണ് പഠിച്ചത്. രാവിലെയും വൈകീട്ടുമായി ആറേഴുമണിക്കൂര്‍ പഠിക്കും. വക്കീലാവാനാണ് രതീഷിന് മോഹം. രമേഷിന്റെ സ്വപ്നം അധ്യാപകനാവാനും. സ്‌പോര്‍ട്‌സിലും നാടകത്തിലും കമ്പമുള്ള ഇവര്‍ സംസ്ഥാനതല ശാസ്ത്രമേളകളിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

ബീനാ ഗോവിന്ദ്‌

 

 




MathrubhumiMatrimonial