githadharsanam

ഗീതാദര്‍ശനം - 560

Posted on: 03 Aug 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം

നന്മയോ തിന്മയോ മാത്രമായി ആരിലുമില്ല. രണ്ടും എല്ലാവരിലുമുണ്ടുതാനും. ഏത് ഏതിനെ ഭരിക്കുന്നു എന്നതാണ് സ്വഭാവം നിര്‍ണയിക്കുന്നത്. ശരിയായ അറിവുകൊണ്ട് ജീവശ്ശക്തിയെ യഥാര്‍ഥസന്തോഷത്തിന്റെ വഴിയില്‍ നയിക്കാനുള്ള കഴിവാണ് സംസ്‌കാരത്തിന്റെ തെളിവ്. ജന്‍മസിദ്ധമെന്നും (നിയതവിപാകം) ആര്‍ജിതമെന്നും (അനിയതവിപാകം) രണ്ട് അടരുകളുണ്ടതിന്. രണ്ടും സ്വപ്രയത്‌നംകൊണ്ട് അന്യഥാകരിക്കാവുന്നവയാണ്. പക്ഷേ, ഈ രണ്ടില്‍ ഒരു അടരും പുറമെനിന്നുള്ള ഒരു നിയമംകൊണ്ടും ആരിലും സ്ഥാപിക്കാനാവില്ല. മുരടില്‍ വളരണം, പറിച്ചു നട്ടാല്‍ വേരു പിടിക്കില്ല. സ്വയം ഭരിക്കാനാവാത്തവരെ ആര്‍ക്കും ഭരിക്കാനാവില്ലെന്ന് നേരത്തേ കണ്ടു. പക്ഷേ, വിവേകമുള്ളവരുടെ കണ്ണില്‍ അത്തരക്കാര്‍ അനുകമ്പയേ അര്‍ഹിക്കുന്നുള്ളൂ. മുടിയനായ പുത്രനെ പിതാവ് ദ്വേഷിക്കുന്നില്ലല്ലോ.
തിരിച്ചറിവ് എളുപ്പമായിക്കിട്ടാന്‍ ആസുരപ്രകൃതിയുടെ സാമാന്യലക്ഷണം പറയുന്നു.

പ്രവൃത്തിം ച നിവൃത്തിം ച
ജനാഃ ന വിദുരാസുരാഃ
ന ശൗചം നാപി ചാചാരഃ
ന സത്യം തേഷു വിദ്യതേ

എപ്പോള്‍ എന്ത് എങ്ങനെയാണ് ചെയ്യേണ്ടതെന്നോ, ചെയ്തിയില്‍നിന്ന് പിന്‍വാങ്ങേണ്ടത് എപ്പോള്‍ എവ്വിധമെന്നോ ആസുരപ്രകൃതിക്കാര്‍ അറിയുന്നേ ഇല്ല. അവരില്‍ മനഃശുദ്ധിയോ സ്വഭാവശുദ്ധിയോ (നടപടികളില്‍ നന്മയോ) കാണില്ല. സത്യവും ഉണ്ടാവില്ല.
ജീവിതവീക്ഷണം പിഴച്ചാല്‍ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാതാവും. കാഴ്ച ശരിയല്ലെങ്കില്‍ സ്ഥലജലഭ്രാന്തി സര്‍വസാധാരണം. അറിവില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ, അറിവില്ലാതെയാണെങ്കിലും ഒരാള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ചരാചരങ്ങള്‍ക്ക് അഹിതമായിത്തീരുന്നു.

(തുടരും)



MathrubhumiMatrimonial