TravelBlogue

മാര്‍ക് ട്വയിന്‍ ഭവനത്തില്‍

Posted on: 02 Aug 2010

കെ.എന്‍.ധര്‍മ്മപാലന്‍

2006 സപ്തംബറിലായിരുന്നു ഞാനും പത്‌നിയും ഞങ്ങളുടെ മകളും കൂടെ അമേരിക്കയിലെ ഹാര്‍ട്ട്‌ഫോര്‍ഡ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മാര്‍ക്ക് ട്വയിന്‍ വസതിയില്‍ പോയത്. മാര്‍ക്ക് ട്വയിന് കൃതികള്‍ എല്ലാം ഞാന്‍ വായിച്ചിട്ടില്ല എങ്കിലും സാഹിത്യത്തില്‍ അല്‍പ്പമെങ്കിലും താത്പര്യമുള്ളവര്‍ക്ക് 'ടോം സ്വയര്‍' എന്ന വികൃതിയും അനാഥനുമായ ബാലനെ പരിചയമുണ്ടാകും. മാര്‍ക്ക് ട്വയിന്‍ എന്ന ഗ്രന്ഥകാരനെക്കാള്‍ ടോം സ്വയര്‍ എന്ന ബാലനോടുള്ള അടുപ്പമായിരുന്നു

എന്നെ മാര്‍ക് ട്വയിനിന്റെ ഭവനത്തില്‍ എത്തിച്ചതെന്ന് തോന്നുന്നു. സര്‍വ്വോപരി എന്റെ മകള്‍ കവിതയുടെ ഉത്സാഹവും. അമേരിക്കയുടെ വടക്ക്-കിഴക്കന്‍ ഭാഗത്തുള്ള കണക്ടിക്കട്ട് എന്ന സംസ്ഥാനത്തിലുള്ള ഹാര്‍ട്ട്‌ഫോര്‍ഡ് നഗരത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന മകളുടെ കൂടെയായിരുന്നു ഞങ്ങള്‍ പോയത്. അമേരിക്കന്‍ ചരിത്ര സ്മാരകമായി സംരക്ഷിച്ച് വരുന്ന ഒന്നാണ് ഈ ഭവനം. 1817ല്‍ മാര്‍ക്ക് ട്വയിന്‍ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് ഈ വീട്.

1874 മുതല്‍ 91 വരെ മാര്‍ക്ക് ട്വയിന്‍ ഹാര്‍ട്ട് ഫോര്‍ഡില്‍ താമസിച്ചു. മാര്‍ക്ക് ട്വയിന്‍ പബ്ലിഷറായ അമേരിക്കന്‍ പബ്ലിഷിങ്ങ് കമ്പനി എന്ന സ്ഥാപനത്തിനടുത്താണ് ഈ സ്ഥലം എന്നതാണ് ഇത് തിരഞ്ഞെടുക്കാന്‍ കാരണം എന്നാണ് പറയപ്പെടുന്നത്. മൂന്നര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ ഒരു ബില്ല്യര്‍ഡ്‌സ് റൂം, സ്വകാര്യ മുറി എന്നവകൂടാതെ ഏഴ് കിടപ്പ് മുറികള്‍, ഏഴ് കുളിമുറികള്‍ അതില്‍ എല്ലാറ്റലും ഫ്‌ളഷ് സംവിധാനങ്ങള്‍, കുതിരവണ്ടി വെയ്ക്കനുള്ള ഒരു കാര്യേജ് ഹൗസ് തുടങ്ങി പത്തൊന്‍പത് മുറികളുള്ള ഈ വീടിന്ന് അക്കാലത്തെ നല്ലൊരു വീടിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഉണ്ട്. നൂറ് കൊല്ലത്തിലധികം പഴക്കമുള്ള ഈ ബംഗ്ലാവിലെ സൗകര്യങ്ങള്‍ കണ്ടാല്‍ ആരും അതിശയിച്ച് പോവും. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള ശില്‍പ്പിയായിരുന്ന ഈ വീട് പണിതത്. വിക്ടോറിയന്‍ ഗോത്തിക് റിവൈവല്‍ ശൈലി. പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിന്നുടലെടുത്ത ശൈലിയാണിത്. 1927ല്‍ നശിപ്പിക്കാനുള്ള ഉദ്യമം അദ്ദേഹത്തിന്റെ ആരാധകര്‍ ഇടപെട്ട് ഇല്ലാതാക്കുകയും പിന്നീട് മ്യൂസിയമാക്കി മാറ്റുകയും ചെയ്യുകയാണുണ്ടായത്.

'സാമുവല്‍ ലാങ് ഹോണ്‍ ക്ലെമെന്റ്‌സ്' എന്നായിരുന്നു മാര്‍ക് ട്വയിനിന്റെ യഥാര്‍ത്ഥ പേര്‍. 1835ല്‍ ജനിച്ചു, 1910ല്‍ മരിച്ചു. സമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് മാര്‍ക്ക് ട്വയിന്‍ 1891ല്‍ ഈ വീട് വിട്ട് യൂറോപ്പിലേക്ക് പോയി. എന്റെ മകളുടെ വീട് സ്ഥിതി ചെയ്യുന്ന സൗത്ത് വിന്‍ഡ്‌സര്‍ എന്ന സ്ഥലത്ത് നിന്ന് കഷ്ടിച്ച് അരമണിക്കൂര്‍ കാറില്‍ യാത്ര ചെയ്താല്‍ ഫാര്‍മിങ്ടണ്‍ അവന്യുവില്‍ സ്ഥിതിചെയ്യുന്ന മാര്‍ക് ട്വയിന്‍ ഭവനവും ഇപ്പോള്‍ മ്യൂസിയവുമായ കെട്ടിടത്തില്‍ എത്തിച്ചേരം. സാമുവേലിന്റെ ഭാര്യ ഒളീവിയ അവരുടെ മൂന്ന് പെണ്‍കുട്ടികളായ സൂസി, ക്ലാര, ജീന്‍ എന്നിവര്‍ക്ക് ജന്മം നല്‍കിയ വീടാണ്. മാര്‍ക്ക് ട്വയിന്റെ ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഈ ബംഗ്ലാവിന്റെ പല ഭാഗങ്ങളിലായി വെച്ചകുറിപ്പുകളില്‍ നിന്ന് മനസ്സിലാക്കാം.

തന്റെ അച്ഛനമ്മമാരുടെ ഏഴുമക്കളില്‍ ആറാമനായിരുന്നു സാമുവേല്‍. ഏഴുപേരില്‍ നാലുപേരും ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയില. ഫ്‌ളോറിഡയിലായിരുന്നു ജനനം. പതിനൊന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു. പന്ത്രണ്ടാം വയസ്സില്‍ ഒരു പ്രന്ററുടെ കൂടെ അച്ചുനിരത്തുന്ന അപ്രന്റീസ് ആയി ജോലി കിട്ടി. അത് വരെ താമസിച്ചിരുന്ന മിസ്സിസിപ്പി തീരത്തുള്ള ഹാനിബാള്‍ എന്ന സ്ഥലത്തു നിന്ന് മാറി പതിനെട്ടാം വയസ്സില്‍ ന്യൂയോര്‍ക്കിലേക്ക് മാറി. തന്റെ ഇളയ സഹോദരന്‍ ഒരു ബോട്ടപകടത്തില്‍ മരിക്കുന്നതായി സാമുവേല്‍ സ്വപ്‌നം കണ്ട് പിന്നീട് അതേ രീതിയില്‍ സംഭവിച്ചപ്പോള്‍ അദ്ദേഹത്തിന് പാരാസൈക്കോളജി പഠിക്കാന്‍ താത്പര്യമുണ്ടായെന്ന് പറയപ്പെടുന്നു.

1870ല്‍ സാമുവേല്‍ വിവാഹിതനായി ന്യൂയോര്‍ക്കിലെ ഒരു ധനികയുടെ മകളായിരുന്ന ഒളീവിയയെ കാണുന്നതിന് മുന്‍പ് തന്നെ അവരുടെ ചിത്രം കണ്ട് ആകൃഷ്ടനായി. സാമ്പത്തിക നിലവാരത്തില്‍ വധുവിന്റെ അമ്മയ്ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. പതിനേഴ് കൊല്ലത്തോളം ഈ വീട്ടില്‍ താമസിച്ച സാമുവേല്‍ അദ്ദേഹത്തിന്റെ പ്രധാന കൃതികളായ The Adventures Of Tom Sawyer (1876), The Prince and the Pauper (1881), Life on the Mississippi (1883), Adventures Of Huckleberry Finn (1884) and A Connectiut Yankee In King Arthur's Court (1889) എന്നിവ ഈ വീട്ടില്‍ വെച്ചായിരുന്ന രചിച്ചത്.

പുതിയ ബിസിനസ്സ് സംരംഭങ്ങളില്‍ പാളിച്ചകള്‍ പറ്റിയ സാം ഈ വീട് വിട്ട് യൂറോപ്പില്‍ പോകുവാന്‍ നിര്‍ബന്ധിതനായി. പിന്നീടൊരിക്കലും ഹാര്‍ട്‌ഫോര്‍ഡിലെ ഈ വീട്ടില്‍ അനുഭവിച്ച തൃപ്തി സാമിന് ലഭിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു. പക്ഷെ അദ്ദേഹത്തിന്റെ മകള്‍ സൂസിയുടെ മരണം വീണ്ടും സാമിനേയും അദ്ദേഹത്തിന്റെ പത്‌നിയേയും ആ വീട്ടിലേക്ക് തിരിച്ചു വരാന്‍ തോന്നിപ്പിച്ചില്ല. 1903ല്‍ അവര്‍ ആ വീട് വിറ്റു. രണ്ടോ മൂന്നോ പ്രാവിശ്യം ആ വീട് കൈമാറ്റം ചെയ്യപ്പെട്ടു.

1917 മുതല്‍ 21 വരെ ആ വീട് ഒരു സ്‌കൂളായും പ്രവര്‍ത്തിച്ചു. 1921ല്‍ ഒരു അപാര്‍ട്ട്‌മെന്റ് ബിസിനസ്സ്‌കാരനായ ഒരാള്‍ വാങ്ങി പൊളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഹാര്‍ട്ട്‌ഫോര്‍ഡിലെ നല്ലവരായ ചിലര്‍ ഇടപ്പെട്ട് ബിസിനസ്സുകാരനെ പിന്‍തിരിപ്പിച്ചത്. 1931 മുതല്‍ 51 വരെ ഈ ബംഗ്ലാവിന്റെ ഒന്നാമത്തെ നില ഹാര്‍ട്ട്‌ഫോര്‍ഡ് പൊതു വായനശാലയുടെ ശാഖയായി പ്രവര്‍ത്തിച്ചു. കെട്ടിടത്തിന്റെ ബാക്കി ഭാഗം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുകയും 1974ല്‍ കെട്ടിടത്തിന്റെ ശതാബ്ദി ആഘോഷിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 1963 ലായിരുന്നു മാര്‍ക് ട്വയിന്‍ ഭവനം അമേരിക്കയുടെ ദേശീയ സ്മരകമായി ഉയര്‍ത്തപ്പെട്ടത്.
Tags:   Mark twain, world classic, tourism, travel, tourist, usa, americanMathrubhumiMatrimonial