
ഗീതാദര്‍ശനം - 557
Posted on: 29 Jul 2010
സി. രാധാകൃഷ്ണന്‍
ദൈവാസുര സമ്പദ്‌വിഭാഗയോഗം
മനുഷ്യനു സംഭവിക്കാവുന്ന വീഴ്ചയുടെ പടികള്‍ എണ്ണിപ്പറയുന്ന 'ധ്യായതോ വിഷയാന്‍ പുംസഃ .... ' (2, 62-63) എന്ന ഭാഗത്തിന്റെ തുടര്‍ച്ചയോ വിശദീകരണമോ ആയി ഈ ശ്ലോകത്തെ കാണാം. ഇന്ദ്രിയസുഖങ്ങളെ ധ്യാനിക്കുന്ന ആള്‍ക്ക് വരുന്ന നാശത്തിന്റെ മൂലകാരണവും ഞാനെന്ന ഭാവമാണല്ലോ. എന്റെ സുഖം എന്നല്ലേ ലാക്ക്? എനിക്കായിട്ടൊരു സുഖമുണ്ടാകാനില്ല, ഉണ്ടായാലുമതു നീണ്ടു വാഴില്ല, എന്നു മനസ്സിലാക്കണമെങ്കില്‍ ഞാനെന്ന ഭാവം വഴിമാറണം.
തന്നേപ്പറ്റി തനിക്കുള്ള സങ്കല്പം പിളരുന്നതോ നിലനിര്‍ത്താന്‍ കഴിയാതെ വരുന്നതോ ആണ് ഒട്ടു മിക്ക മാനസികപ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ആധുനികമനശ്ശാസ്ത്രം പറയുന്നു. ലഹരികള്‍ക്ക് അടിപെടുന്നതു മുതല്‍ കൊലപാതകവും ആത്മഹത്യയും വരെയുള്ള ദുരന്തങ്ങള്‍ ആത്മപ്രതിച്ഛായയ്ക്ക് ഏല്‍ക്കുന്ന പരിക്കുകളുടെ ഫലങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആത്മസങ്കല്പമെന്ന ഒന്ന് ഇല്ലാതെ ജീവിതം സാധ്യമല്ല. പ്രപഞ്ചജീവന്റെ ഇച്ഛ സ്വന്തം ഇച്ഛയായി കാണാനും ആ കാഴ്ചയില്‍ ഉറച്ചു നില്‍ക്കാനും വേണം ഒരു 'ഞാന്‍'. ആ 'ഞാന്‍' ശരിയായിക്കിട്ടിയാല്‍ ജീവിതം ഭദ്രമായി. അത് അലങ്കോലമായാലോ നരകവുമായി.
ഈ സമ്പത്തുകളില്‍ ഓരോന്നിന്റെയും ഫലശ്രുതി എന്തെന്നും ഗീതോപദേശം കേട്ടുകൊണ്ടിരിക്കുന്ന പാര്‍ഥന്റെ (നമ്മുടെയൊക്കെ) വാസനാസമ്പത്ത് ഏതിനത്തില്‍ പെടുന്നെന്നും അറിയേണ്ടേ?
ദൈവീസമ്പദ്വിമോക്ഷായ
നിബന്ധായാസുരീ മതാ
മാ ശുചഃ സംപദം ദൈവീം
അഭിജാതോ fസി പാണ്ഡവ
അല്ലയോ പാണ്ഡുപുത്രാ, ദൈവീസമ്പത്ത് മോക്ഷത്തിനും ആസുരീസമ്പത്ത് ബന്ധനത്തിനും ഹേതുവാണെന്നത്രെ (സത്യദര്‍ശികളുടെ) അഭിപ്രായം. ഒട്ടുമേ ദുഃഖിക്കേണ്ട, (നീ) ദൈവീസമ്പത്തോടെ ജനിച്ചവനാണ്.
(തുടരും)
