githadharsanam

ഗീതാദര്‍ശനം - 554

Posted on: 25 Jul 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ഞാന്‍ വേറെ പ്രപഞ്ചം വേറെ എന്ന ധാരണയാണ് ഹിംസയുടെ നാരായവേര്. ആ ധാരണയില്‍നിന്ന് ഞാന്‍ കരകയറിയിട്ടില്ലേ? ക്രോധത്തിന് ഞാന്‍ അടിമപ്പെടാറുണ്ടോ? എത്ര പ്രിയപ്പെട്ടതായാലും എന്തെങ്കിലുമൊന്ന് കൈയൊഴിയാന്‍ എനിക്കു വിഷമം തോന്നാറുണ്ടോ? എന്റെ മനസ്സില്‍ ശാന്തി വിളയുന്നുണ്ടോ? പരദൂഷണത്തില്‍ എനിക്കു താത്പര്യമുണ്ടോ? കാരുണ്യംകൊണ്ട് അലിയാന്‍ പാകത്തിലല്ലേ ഉള്ളം? എനിക്ക് എന്തിനെങ്കിലും ആര്‍ത്തിയുണ്ടോ? മൃദുവല്ലേ എന്റെ സ്വഭാവം? അരുതായ്മകളില്‍ ലജ്ജ തോന്നാറില്ലേ? ഞാന്‍ ചാപല്യങ്ങള്‍ക്കു വശംവദനാണോ?

മനോബലത്തിന്റെ കുറവ് അനുഭവപ്പെടാറുണ്ടോ? അഹിതങ്ങള്‍ സഹിക്കാനുള്ള ശേഷി വേണ്ടത്ര ഇല്ലേ? അധൈര്യം എന്തിനെങ്കിലും തടസ്സമാകാറുണ്ടോ? മനസ്സും ദേഹവും സദാ ശുചിയല്ലേ? പരദ്രോഹം ചെയ്യാറുണ്ടോ? പൊങ്ങച്ചം ഭാവിക്കുന്നതില്‍ രസം തോന്നാറുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ആശാസ്യങ്ങളെങ്കില്‍ ഞാന്‍ ശരിയായ വഴിയിലാണ്. എന്റെ ജന്മവാസനകള്‍, ജീവപരിണാമപരമായ മൂല്യനിര്‍ണയത്തില്‍, ആശാവഹങ്ങളാണ്. (ജന്‍മനാ അങ്ങനെ ആയിരുന്നില്ലെങ്കില്‍പ്പോലും സ്വപ്രയത്‌നംകൊണ്ട് വാസനകളെ ഞാന്‍ രൂപാന്തരപ്പെടുത്തിയിരിക്കുന്നു.) പതിമ്മൂന്നാം അധ്യായം എട്ടുമുതല്‍ പന്ത്രണ്ടുവരെ ശ്ലോകങ്ങളില്‍ വിവരിച്ച ഇരുപത് ജ്ഞാനസാധനകളെ ഈ സന്ദര്‍ഭത്തില്‍ സമാന്തരങ്ങളായി ഓര്‍മിക്കാം.

എന്റെ ജാതിയോ മതമോ പ്രായമോ ദേശമോ ലിംഗമോ സ്ഥാനമാനങ്ങളോ ഒന്നും പരാമര്‍ശിക്കപ്പെടുന്നേ ഇല്ല. എവിടെയുള്ള ആര്‍ക്കും ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കാം. ഇവയ്ക്കുള്ള ഉത്തരങ്ങള്‍ ആശാസ്യങ്ങളായേ തീരൂ എന്നു ശഠിക്കുന്ന ഒരു ശിക്ഷാനിയമവും ആവിഷ്‌കരിക്കപ്പെടുന്നില്ല. ആശാസ്യങ്ങളെങ്കില്‍ നല്ല വഴിയിലാണ് എന്ന നിഗമനം പകല്‍വെളിച്ചംപോലേ സുതാര്യവും സ്​പഷ്ടവുമായി ഇരിക്കുന്നു. നല്ല ആചാരമെന്ത് എന്നതില്‍ ഒരു സംശയവും ശേഷിക്കുന്നില്ല. വഴി എല്ലാവര്‍ക്കുമായി തുറന്നു കിടക്കുന്നു. ആര്‍ക്കും പ്രത്യേകമായി റിസര്‍വേഷന്‍ ഇല്ല, ഒരുവര്‍ക്കും നിരോധനവുമില്ല.
(തുടരും)



MathrubhumiMatrimonial