githadharsanam

ഗീതാദര്‍ശനം - 551

Posted on: 21 Jul 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


സ്വന്തം സ്വഭാവത്തെ സ്വയം വിലയിരുത്തി അവനവന്റെ ദിശാമുഖം കണ്ടെത്തി താന്താങ്ങള്‍ക്കുതന്നെ തിരുത്താനും ഉറപ്പിക്കാനുമുതകുന്ന സൂചകങ്ങള്‍ ഈ അധ്യായത്തില്‍ നല്‍കുന്നു. ഈ സൂചകങ്ങള്‍ ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയൊ വക നിയമാവലികളല്ല. പകരം, സൂക്ഷ്മനിരീക്ഷണത്തിന്റെയും നിശിതമായ അന്വേഷണത്തിന്റെയും ഫലങ്ങളാണ്. 'സായന്‍സികം' (scientific) എന്നു നിശ്ചയമായും വിളിക്കാവുന്ന ഇനംതന്നെ. ഇവ കാലാതിവര്‍ത്തിയായി ഇരിക്കുന്നു. ഗീത വിരചിതമായ കാലത്തെന്നപോലെ ഇന്നുമവ പ്രസക്തമാണ് എന്ന്, ചുറ്റും നോക്കിയാല്‍, ആര്‍ക്കും കാണാം - അന്നത്തേക്കാളേറെ എന്നുപോലും പറയാം.

ഒരു സമൂഹത്തിന് അതിന്റെ സദാചാരനിയമാവലികള്‍ രണ്ടു തരത്തില്‍ രൂപപ്പെടുത്താം. നിലവിലുള്ള അനീതികള്‍ക്കുമാത്രം അറുതി വരുത്തുന്ന നിയമങ്ങള്‍ നടപ്പിലാക്കുകയാണ് ഒരു വഴി. ഫലപ്രദമാണെങ്കില്‍ അവ അന്നത്തെ ആ അനീതികള്‍ നീക്കും. പക്ഷേ, മനുഷ്യസ്വഭാവം ഗുണാധിഷ്ഠിതമാകയാല്‍, വാസനകള്‍ വ്യക്തിതലത്തില്‍ സ്വയം തിരുത്തപ്പെടുന്നില്ലെങ്കില്‍, മറ്റു പലവിധം അനീതികള്‍ കാലാന്തരത്തില്‍ ഉടലെടുക്കും. പണ്ടുണ്ടാക്കിയ നിയമങ്ങള്‍ അന്തിമമെന്നര്‍ഥത്തില്‍ വിശ്വാസപരമായി സമൂഹത്തില്‍ ഉറച്ചു പോയാല്‍ ആ നിയമങ്ങള്‍ തിരുത്താനോ പുതിയത് ഉണ്ടാക്കാനോ ഉള്‍പ്പെടുത്താനോ വ്യവസ്ഥിതി അനുവദിക്കയുമില്ല. പഴയ വിശ്വാസങ്ങള്‍ നിലനില്‍ക്കെത്തന്നെ അനീതികള്‍ കൊടികുത്തി വാഴുകയാണ് ഫലം. രണ്ടാമത്തെ വഴി മനുഷ്യപ്രകൃതിയെ അടിസ്ഥാനപരമായി പഠിച്ച് ശാസ്ത്രീയമായ ചൂണ്ടുപലകകള്‍ നാട്ടുകയാണ്. സര്‍വാശ്ലേഷിയായ ഒരു മഹാദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഇതു ചെയ്യുന്നതെങ്കില്‍ മനുഷ്യവംശത്തിന്റെ അവസാനകാലംവരെ ഇവ പ്രസക്തമാവുന്നു. മനുഷ്യപ്രകൃതിയിലെ നല്ലതും ചീത്തയും ഗീത ചൂണ്ടിക്കാണിക്കുന്നത് ഈ തലത്തിലാണ്.













MathrubhumiMatrimonial