githadharsanam

ഗീതാദര്‍ശനം - 548

Posted on: 17 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


ദൈവത്തിന്റെ പുരുഷോത്തമത്വം എല്ലാ മതങ്ങളിലും പൊതുവായി ഉള്ളതാണ്. ''നിന്റെ പിതാവായ ദൈവത്തെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണ ആത്മാവോടും പൂര്‍ണശക്തിയോടുംകൂടി സ്‌നേഹിക്കുക'' എന്ന യഹൂദപ്രമാണം യേശുദേവന്‍ അവരെക്കൊണ്ടുതന്നെ പറയിക്കുന്നു. ദൈവം മോശയ്ക്ക് വാക്കുകൊണ്ട് വെളിപ്പെടുത്തുന്നത് ''ഞാനാകുന്നു ആ ഞാന്‍'' കമൗ റസമറ കമൗ) എന്നാണ്. അര്‍ഥശങ്കയ്ക്കിടമില്ലാതെ 'സര്‍വശക്തന്‍' എന്ന പദമാണ് വിശുദ്ധ ഖുര്‍ആന്‍ ആദ്യന്തം സ്വീകരിച്ചിരിക്കുന്നത്.

തന്മയീഭാവം തികയുന്നതോടെ ഭക്തി പൂര്‍ണമാകും. ഭക്തിയുടെ ഫലം ജ്ഞാനം, ജ്ഞാനത്തിന്റെ ഫലം ഭക്തി. ഭക്തിയില്ലാത്ത അറിവ് വന്ധ്യം, ശുഷ്‌കം. അറിവില്ലാത്ത ഭക്തി അപക്വം, അലക്ഷ്യം. യജ്ഞഭാവനയോടെയുള്ള കര്‍മമാകട്ടെ, ഒരേ സമയം ഭക്തിയും ജ്ഞാനവും സമ്മാനിക്കുന്നു. നിഷ്‌കാമകര്‍മംകൊണ്ട് ശുദ്ധമായി ഭവിക്കുന്ന മനസ്സില്‍ ഭക്തി കിളിര്‍ക്കുന്നു. ആ കര്‍മത്തില്‍നിന്നുള്ള ജ്ഞാനാനുഭവം വിവേകത്തിലേക്കു നയിക്കയും ചെയ്യുന്നു. സമഞ്ജസവും ശാന്തവുമായ ഐഹികജീവിതമാണ് ഗീത നിര്‍ദേശിക്കുന്നത്.

ഇതി ഗുഹ്യതമം ശാസ്ത്രം
ഇദമുക്തം മയാനഘ
ഏതത് ബുദ്ധ്വാ ബുദ്ധിമാന്‍ സ്യാത്
കൃതകൃത്യശ്ച ഭാരത

അല്ലയോ പാപരഹിതനായ അര്‍ജുനാ, ഇങ്ങനെ അത്യന്തം രഹസ്യമായ ഈ ശാസ്ത്രം ഞാന്‍ പറഞ്ഞുതന്നു. ഇതറിഞ്ഞാല്‍ ബുദ്ധിമാനും കൃതകൃത്യനുമായിത്തീരും.
അരുതെന്നറിയാവുന്നതു ചെയ്യലാണ് പാപം. അതിനൊരുങ്ങുമ്പോള്‍ മനസ്സ് കലുഷമാകും. അതു ചെയ്തുകഴിഞ്ഞാലോ പശ്ചാത്താപവും കുറ്റബോധവും അലട്ടും. രണ്ടവസ്ഥയിലും മനസ്സിന് സ്വസ്ഥത ഉണ്ടാവില്ല. അസ്വസ്ഥമായ മനസ്സില്‍ വിവേകം കിളിര്‍ക്കില്ല. അതിനാല്‍, വിവേകംകൊണ്ട് അറിയേണ്ടത് പാപരഹിതരോട് പറഞ്ഞിട്ടേ കാര്യമുള്ളൂ.



MathrubhumiMatrimonial