പൂക്കളുടെ വസന്തംവിടരുന്ന അതിര്‍ത്തിഗ്രാമങ്ങള്‍

Posted on: 15 Jul 2010





പ്രകൃതിമനോഹരമായ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഗുണ്ടല്‍പേട്ടയും സമീപ ഗ്രാമങ്ങളും സൂര്യകാന്തിയുടെയും ചെണ്ടുമല്ലി പൂക്കളുടെയും വര്‍ണ്ണവിസ്മയമൊരുക്കുന്നു.

കര്‍ഷകര്‍ വിപണനാടിസ്ഥാനത്തിലാണ് കൃഷിചെയ്യുന്നതെങ്കിലും സഞ്ചാരികള്‍ക്ക് കാഴ്ചക്ക് വിരുന്നൊരുക്കുന്നതാണീ ദൃശ്യങ്ങള്‍. ഗുണ്ടല്‍പേട്ടയും അംഗളയും ഗോപാല്‍സ്വാമിബെട്ടയുടെ താഴ് വാരമായ ഗോപാലപുരവും നഞ്ചന്‍കോടുമെല്ലാം പൂക്കളുടെ വസന്തംതീര്‍ക്കുകയാണ്. നേരത്തെപെയ്ത വേനല്‍മഴയും കാലവര്‍ഷം ശക്തമല്ലാത്തതും പൂക്കള്‍ക്ക് കരുത്തുപകര്‍ന്നു.

സിനിമാഗാന ചിത്രീകരണക്കാര്‍ക്കും വിവാഹ വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ഇഷ്ടലൊക്കേഷനുകളാണിവിടം. ഇതിനുപുറമെ സഞ്ചാരികളുടെ ബഹളവും.



മൂന്നുനാലുമാസംകൊണ്ട് വിളവെടുപ്പ് പൂര്‍ത്തിയാക്കുന്നതാണ് സൂര്യകാന്തിയും ചെണ്ടുമല്ലിയും. വിത്തുംവളവും കീടനാശിനിയും കര്‍ഷകര്‍ക്ക് നല്‍കുന്നത് വന്‍കിട കമ്പനികളാണ്. ചെണ്ടുമല്ലിപ്പൂക്കള്‍ കമ്പനിക്കാര്‍ കൃഷിയിടത്തില്‍വന്ന് ശേഖരിക്കുന്നു. മലയാളികളും ഇവിടെ പൂകൃഷി തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ഓണ വിപണിയെ ലക്ഷ്യമാക്കിയാണ് മലയാളികളടക്കമുള്ളവര്‍ കൃഷിയിറക്കുന്നത്. പൂകൃഷിയിലൂടെ കോടികളാണ് കര്‍ണാടകയിലെ ഈ ഗ്രാമങ്ങളിലെത്തുന്നത്. അധ്വാനശീലരായ കര്‍ഷകര്‍ പച്ചക്കറിയും വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്.

ടി.പി ബാലകൃഷ്ണപിള്ള




MathrubhumiMatrimonial