
ഗീതാദര്‍ശനം - 546
Posted on: 15 Jul 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമയോഗം
യസ്മാത് ക്ഷരമതീതോ f ഹം
അക്ഷരാദപി ചോത്തമഃ
അതോ f സ്മി ലോകേ വേദേ ച
പ്രതിഥഃ പുരുഷോത്തമഃ
യാതൊന്നു ഹേതുവായി ഞാന്‍ ക്ഷരത്തിനതീതനാണ്, അതിനും പുറമേ അക്ഷരത്തേക്കാള്‍ ശ്രേഷ്ഠനാണ്, ആ കാരണത്താല്‍ ലോകത്തും വേദങ്ങളിലും പുരുഷോത്തമനെന്നു പ്രസിദ്ധനാണ്.
പരമശ്രേഷ്ഠതയ്ക്കുള്ള കാരണങ്ങള്‍ നേരത്തേ തന്നെ പറഞ്ഞു. ചരാചരങ്ങളുടെ പിതാവും പരമാത്മാവാണ്. അതു മൂന്നു ലോകത്തും നിറഞ്ഞു നില്‍ക്കുന്നു, ഏറ്റവും ചെറിയ അണുകണം മുതല്‍ മഹാപ്രപഞ്ചം വരെ ഉള്ള എല്ലാ സ്പന്ദങ്ങള്ക്കും ആലംബമായ സമവസ്ഥിതബലമായും ഇരിക്കുന്നു. ഇതറിയാവുന്ന കവികള്‍ (ക്രാന്തദര്‍ശികള്‍), സര്‍വോത്തമമായത് എന്നര്‍ഥത്തില്‍, എന്നെ പുരുഷോത്തമനെന്ന് വിളിക്കുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനരഹസ്യം അന്വേഷിച്ചു കണ്ടെത്തുന്ന തത്ത്വശാസ്ത്രങ്ങളും എന്നെ അങ്ങനെ തന്നെ അറിയുന്നു. ആ പേരിനു ലോകപ്രസിദ്ധി കൈവന്നിരിക്കുന്നു.
ബലങ്ങളെ ഏകീകരിക്കാന്‍ സയന്‍സ് തീവ്രശ്രമത്തിലാണ്. ഗുരുത്വാകര്‍ഷണം (gravitatioin), വൈദ്യുതകാന്തികം (electromagnetic) , മൃദു ആണവം (weak nuclear) , തീവ്രാണവം (strong nuclear) എന്നിങ്ങനെ നാലായിരുന്നു, അടുത്ത കാലം വരെ ബലസംഖ്യ. ഇവയില്‍ രണ്ടും മൂന്നും കൂട്ടിയിണക്കി വൈദ്യുതാണവ-മൃദു (electro-weak) എന്നൊന്ന് സങ്കല്പിച്ചതോടെ എണ്ണം മൂന്നായി. ഈ മൂന്നും അക്ഷരമാധ്യമത്തിന്റെ വൈരുധ്യാത്മകതയില്‍ ബീജമായി ഭവിക്കുന്ന ഏകീകൃതബലത്തിന്റെ സന്തതികളാണെന്ന് കാണാന്‍ പക്ഷേ, ഇതുവരെ കഴിഞ്ഞില്ല. കാരണം, അങ്ങനെയൊരു മാധ്യമം ഉണ്ടെന്ന ധാരണപോലും ഉരുത്തിരിയാന്‍ ഇടയായില്ല. അതും കഴിഞ്ഞ് അക്ഷരാതീതം എന്ന അറിവിലേക്കു കടന്നാലല്ലേ ഏകീകൃതബലത്തെ (ഈശത്തെ) തിരിച്ചറിയാനാവൂ?
(തുടരും)
