githadharsanam

ഗീതാദര്‍ശനം - 544

Posted on: 12 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


ഉത്തമഃ പുരുഷസ്ത്വന്യഃ
പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ
ബിഭര്‍ത്തൃവ്യയ ഈശ്വരഃ

എന്നാല്‍ സര്‍വശ്രേഷ്ഠമായത് (ക്ഷരത്തില്‍നിന്നും അക്ഷരത്തില്‍നിന്നും) വേറെയാണ്. പരമാത്മാവെന്നാണ് അതു വിളിക്കപ്പെടുന്നത്. ഏതാണോ കാലാതിവര്‍ത്തിയായി നിര്‍വികാരമായിരിക്കെത്തന്നെ മൂന്നു ലോകങ്ങളെയും പാലിക്കുന്നത് ആ ഈശം അതാണ്.
ലോകത്രയത്തിന് ആചാര്യസ്വാമികള്‍ കല്പിക്കുന്ന അര്‍ഥം ഭൂമി, അന്തരീക്ഷം, ദ്യോവ് (ഭൂഃ, ഭുവഃ, സ്വഃ) എന്ന മൂന്നു ലോകങ്ങളെന്നാണ്. ക്ഷര-അക്ഷര-അക്ഷരാതീത തലങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂലോകം, ബ്രഹ്മലോകം, സത്യലോകം എന്ന മൂന്നു ലോകങ്ങളെന്നും വിചാരിക്കാം.

ക്ഷരാക്ഷരങ്ങളില്‍നിന്ന് വ്യത്യസ്തമായ മൂന്നാമതൊന്നുണ്ട്. അതാണ് ഏറ്റവും ഉല്‍കൃഷ്ഠമായത്. പരമാത്മാവെന്നു വിളിക്കപ്പെടുന്ന നാശരഹിതമായ അതു മൂന്നു ലോകങ്ങളെയും പരിപാലിക്കുന്നു. അര്‍ജുനന്റെ തേര്‍ത്തടത്തില്‍ (ഹൃത്തടത്തില്‍) ഇരിക്കുന്ന വക്താവ് 'ഞാന്‍' എന്നു പറയുന്നത് ഈ പരമാത്മഭാവത്തിലാണ്.

പ്രപഞ്ചരഹസ്യമായ ഏകീകൃതബലം എവ്വിധം 'സ്വന്തം' ഭാവാന്തരമായ അക്ഷരമാധ്യമത്തെ ആശ്രയിച്ച് ചരാചരങ്ങളെ സൃഷ്ടിക്കുന്നെന്നും ചരാചരങ്ങള്‍ക്കും അക്ഷരമാധ്യമത്തിനും പരമാത്മചൈതന്യത്തിനും തമ്മിലുള്ള ബന്ധം ഏതു തരമെന്നും ഒന്‍പതാമധ്യായം നാലു മുതല്‍ എട്ടു വരെ ശ്ലോകങ്ങളില്‍ കണ്ടത് ഓര്‍ക്കുക.

പ്രപഞ്ചാധാരം സമവസ്ഥിതമായ ആ ഏകീകൃതബലമാണ്. ആ ബലത്തിന്റെ വൈരുധ്യാത്മകഭാവമാണ് അക്ഷരമാധ്യമം. ആ മാധ്യമത്തില്‍ ആദി സ്​പന്ദകാരണമാകുന്നത് ആ ഏകീകൃതബലംതന്നെയാണ്. ബഹുസ്വരതയാര്‍ന്ന സ്​പന്ദങ്ങളുടെ പിറവിക്കും സ്​പന്ദത്തിനും വേഴ്ചകള്‍ക്കും ആലംബമായി അതേ ഏകീകൃതബലം അക്ഷരമാധ്യമത്തില്‍ സര്‍വത്ര സമവസ്ഥിതമായി നിലകൊള്ളുകയും ചെയ്യുന്നു. ഏകവും അദ്വിതീയവുമാണ് പ്രപഞ്ചസത്ത.



MathrubhumiMatrimonial