goodnews head

ഇത് റൂഡിന്റെയും മോണിക്കയുടെയും 'പാചകപ്പെട്ടി'; വിറകും ഗ്യാസും വേണ്ട

Posted on: 14 Dec 2007


മൂന്നാര്‍:ചെലവുകുറഞ്ഞ രീതിയില്‍ സൗരോര്‍ജ്ജ ഉപയോഗം വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇറ്റലിയില്‍ നിന്നെത്തിയ റൂഡ് റീലിക്കും ഭാര്യ മോണിക്ക ബെറിയും. തടിയും ഗ്ലാസ്സും അലുമിനിയം ഷീറ്റും ഉപയോഗിച്ചുണ്ടാക്കിയ സൗരോര്‍ജ്ജ 'കുക്കിങ് റേഞ്ചു'മായാണ് റൂഡും മോണിക്കയും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. പഴയ മൂന്നാറിലെ ഒരു ടൂറിസ്റ്റുഹോമില്‍ താമസിക്കുന്ന ഇവര്‍ സൂര്യപ്രകാശം ഇന്ധനമായുള്ള അടുപ്പുപയോഗിച്ച് സ്വയം ഭക്ഷണം പാകംചെയ്താണ് കഴിക്കുന്നത്.

ഹോളണ്ടുകാരനായ റൂഡും സ്വിറ്റ്‌സര്‍ലന്‍ഡ്കാരി മോണിക്കയും ഇറ്റലിയില്‍ യോഗ അധ്യാപകരാണ്. പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള ഇരുവരുടെയും താത്പര്യത്തിന്റെ ഭാഗമാണ് ചെലവുകുറഞ്ഞതും കൈയില്‍ കൊണ്ടുനടക്കാവുന്നതുമായ ഈ സൗരോര്‍ജ്ജ അടുപ്പ്.

പ്ലൈവുഡും തടിയുമുപയോഗിച്ചുണ്ടാക്കുന്ന പെട്ടിയുടെ മുകളില്‍ ചരിച്ചുണ്ടാക്കുന്ന അടപ്പിന് അടിയിലായി ഗ്ലാസ്സുകൊണ്ടുള്ള മറ്റൊരടുപ്പുമുണ്ടാകും. മുകള്‍ അടപ്പ് ഉയര്‍ത്തിവയ്ക്കാവുന്ന രീതിയിലാണ്. സൂര്യപ്രകാശം നേരിട്ട് ഗ്ലാസ്സില്‍ പതിച്ചുണ്ടാവുന്ന ചൂടിനൊപ്പം ഉയര്‍ത്തി വയ്ക്കുന്ന മുകളടപ്പിന്റെ അകത്തെ പ്രകാശം പ്രതിഫലനശേഷിയുള്ള പേപ്പറില്‍ പതിക്കുമ്പോഴുണ്ടാകുന്ന ചൂടും ഗ്ലാസ്സിലൂടെ പെട്ടിക്കുള്ളില്‍ ലഭിക്കും. ചൂട് നഷ്ടപ്പെടാതിരിക്കാന്‍ പെട്ടിയുടെ പുറംഭാഗത്തിനകത്തുള്ള ശൂന്യസ്ഥലത്ത് പഞ്ഞിയോ വയേ്ക്കാലോ കമ്പിളിയോ നിറയ്ക്കും. നല്ല വെയിലുള്ളപ്പോള്‍ 135 മുതല്‍ 150 ഡിഗ്രി വരെ ചൂട് ആഗീകരണം ചെയ്യാനും നിലനിര്‍ത്താനും കഴിയുന്ന ഈ പെട്ടിക്കകത്ത് പാത്രങ്ങളില്‍വച്ചാണ് ഭക്ഷണം പാകംചെയ്യുന്നത്. ഒന്നര മണിക്കൂര്‍കൊണ്ട് അരി വേവിച്ചെടുക്കാന്‍ കഴിയും.

1500 രൂപയാണ് ഈ അടുപ്പുണ്ടാക്കാന്‍ ചെലവുവരുന്നത്. പഴയ മൂന്നാറില്‍ ഒരു വര്‍ക്ക്‌ഷോപ്പില്‍ കൈയിലുള്ള അടുപ്പുമായെത്തിയ റൂഡും മോണിക്കയും ഉടമ ബാലകൃഷ്ണന് ഉപകരണമുണ്ടാക്കുന്ന വിധം പറഞ്ഞുകൊടുത്തു. പരീക്ഷണത്തിനായി ഒരുപകരണം ഉണ്ടാക്കുകയുംചെയ്തു. ഒരെണ്ണം ഉണ്ടാക്കി പരിചയിച്ചതോടെ ഇനി ആവശ്യക്കാര്‍ക്ക് പാചകപ്പെട്ടി നിര്‍മ്മിച്ച് നല്‍കാന്‍ ബാലകൃഷ്ണന്‍ തയ്യാര്‍. പോകുന്നിടത്തെല്ലാം ഈ അടുപ്പ് പരിചയപ്പെടുത്തി ലാഭകരമായ പാചകം അഭ്യസിപ്പിക്കുന്നതിനൊപ്പം പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള സന്ദേശംകൂടി പ്രചരിപ്പിക്കുകയുമാണ് റൂഡും മോണിക്കയും.



 

 




MathrubhumiMatrimonial