
ഗീതാദര്‍ശനം - 543
Posted on: 10 Jul 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
വിദ്യുത്കാന്തതരംഗങ്ങള്‍
'ശൂന്യാ'കാശത്തിലൂടെ സഞ്ചരിക്കുന്നെന്നു കണ്ടപ്പോഴാണ് പ്രപഞ്ചത്തിനൊരു അടിസ്ഥാനമാധ്യമം വേണമെന്നും ശൂന്യാകാശം ആ മാധ്യമത്താല്‍ നിറഞ്ഞിരിക്കയാണെന്നും സയന്‍സിന് ആദ്യമായി സങ്കല്പിക്കേണ്ടി വന്നത്. പക്ഷേ, അപ്പോള്‍ ഈ തരംഗങ്ങളുടെ അസാമാന്യവേഗം സാധ്യമാക്കത്തക്ക 'സാന്ദ്രത' അതിനുണ്ടെന്ന് കരുതേണ്ടി വന്നു. കണക്കു കൂട്ടി നോക്കിയപ്പോള്‍ ഇതു വളരെ ഉയര്‍ന്നതെന്നും കണ്ടു. കാരിരുമ്പിന്റെ അനേകം മടങ്ങ് കുടുപ്പമുള്ള ഒന്നിലൂടെ ഗ്രഹോപഗ്രഹങ്ങള്‍ ഇത്രയും 'സ്വതന്ത്രമായി' എങ്ങനെ നീങ്ങാന്‍? 'മാറ്റ'റും 'മീഡിയ'വും രണ്ടും രണ്ടാണ് എന്ന നിലപാട് മാറി, മീഡിയത്തിന്റെതന്നെ അവസ്ഥാഭേദമാണ് മാറ്റര്‍ എന്ന ചിന്താഗതി വന്നതുമില്ല. അങ്ങനെ, ഈ ഏടാകൂടം സയന്‍സിനെ ഏതാനും പതിറ്റാണ്ടുകളോളം വലച്ചു. അതിനു പരിഹാരമായാണ് ഐന്‍സ്റ്റൈന്‍ സാപേക്ഷതാസിദ്ധാന്തം കൊണ്ടുവന്നത്. വിദ്യുത്കാന്തതരംഗത്തിന്റെ വേഗം പ്രപഞ്ചത്തിലെ ഒരു സ്ഥിരാങ്കമാണെന്ന അടിസ്ഥാനത്തില്‍ അദ്ദേഹം സ്‌പെയ്‌സിനെ 'ചുരുളുകയും വളയുകയും ചെയ്യാന്‍ കഴിയുന്ന ശൂന്യക്ഷേത്ര'മായി സങ്കല്പിച്ചു. ധാരാളം ഏടാകൂടങ്ങള്‍ അപ്പോഴും ബാക്കിയായി. അവ ഇന്നും ശേഷിക്കുന്നു. മാത്രമല്ല, 'ശൂന്യ'സ്ഥലം എങ്ങനെയാണ് 'ചുരുളുക'യും 'വളയുക'യും ചെയ്യുക?
ദ്രവ്യത്തിന്റെ അടിസ്ഥാനഘടന മാധ്യമത്തിന്റെതന്നെ സ്പന്ദനത്തില്‍ അധിഷ്ഠിതമാണെന്നു കരുതിയാല്‍ എല്ലാ ഏടാകൂടങ്ങളും ഒറ്റയടിക്ക് പരിഹരിക്കപ്പെടുമെന്ന് സമ്മതിക്കാന്‍ സയന്‍സ് ഇനിയും തയ്യാറായിട്ടില്ല. കാരണം, അപ്പോള്‍, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ സൈദ്ധാന്തിക പടുത്തുകെട്ടുകള്‍ പലതും പൊളിച്ചു പണിയേണ്ടി വരും. മാത്രമല്ല, അപ്രമേയവും അളന്നോ തൂക്കിയോ മുറിച്ചോ കണക്കാക്കാന്‍ പറ്റാത്തതും ആയ ഇത്തരമൊരു മാധ്യമത്തെ സയന്‍സിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുമില്ല.
ഗീതയാകട്ടെ, അതിനുമപ്പുറത്തെ അടിസ്ഥാനതലത്തെക്കുറിച്ചുകൂടി പറയുന്നു.
