githadharsanam

ഗീതാദര്‍ശനം - 541

Posted on: 08 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


ഓര്‍മ, അറിവ്, മറവി എന്നീ മൂന്നും ഗുണങ്ങളുടെ സംഭാവനകളാണ്. ഓര്‍മയുള്ളതുകൊണ്ടാണ് അറിവ് നിലനില്‍ക്കുന്നത്. എങ്കിലും അപ്പപ്പോള്‍ അറിവാകുന്നതില്‍ അനാവശ്യമായത് മറക്കുകയും ആവശ്യമാണ്. നിമിഷംപ്രതി ഉണ്ടാകുന്ന സംഭവങ്ങളത്രയും ഓര്‍മയില്‍ നിന്നാല്‍ എന്താവും സ്ഥിതി! അറിവും ഓര്‍മയും പിന്നെ പുതിയ അറിവും പഴയതിന്റെ മറവിയും പുതിയതിന്റെ ഓര്‍മയും എന്ന അനുസ്യൂതിയാണ് ജ്ഞാനപഥം. ജ്ഞാനേന്ദ്രിയങ്ങളെയും മനസ്സിനെയും പ്രവര്‍ത്തിപ്പിക്കുന്നത് അടിസ്ഥാനപരമായ ഏകീകൃതബലമാണെന്ന് മുന്‍പേ പറഞ്ഞു.

അപ്രധാനമായതാണ് നാം മറക്കുന്നത്. പ്രധാനപ്പെട്ടത് ഓര്‍ക്കുന്നു. കൂടുതല്‍ പ്രധാനപ്പെട്ടത് അറിവാകുമ്പോള്‍ പഴയത് മറക്കുന്നു. മനസ്സ് അടങ്ങിക്കിട്ടാനും അലോസരങ്ങള്‍ മറക്കണം. ഈ പദ്ധതിയുടെ സ്വാഭാവികാവസാനം ഏറ്റവും പ്രധാനപ്പെട്ടതിനെ അറിയുക എന്നതാണ്. ഈ പ്രപഞ്ചത്തിലെ പരമപ്രധാനസംഗതി അക്ഷരാതീതമാണ്. അപ്പോള്‍, അറിവിന്റെ എല്ലാ വഴികളും അതിനെ അറിയാനുള്ളതാകണം. നേരായാണ് പോക്കെങ്കില്‍ എല്ലാ അന്വേഷണങ്ങളും കണ്ടെടുക്കേണ്ടത് ആ 'എന്നെ' ആകുന്നു. സയന്‍സിനും മതങ്ങള്‍ക്കും തത്ത്വശാസ്ത്രങ്ങള്‍ക്കും ആത്യന്തികലക്ഷ്യമാകേണ്ടത് പരമാത്മസ്വരൂപമാണ്. ഇന്നോളം ആരെല്ലാം എവിടെയെല്ലാം നേരായി അറിഞ്ഞുവോ അവരെല്ലാം ഈ സത്യത്തെയാണ് അറിഞ്ഞത്. അതു മനസ്സിലാകാതെയുള്ള ഭേദബുദ്ധി മഹാപോഴത്തം! അതായത്, വിശ്വാസങ്ങളുടെയോ ആശയങ്ങളുടെയോ പേരില്‍ ഒരു വഴക്കും ആവശ്യമില്ല.

'ഞാന്‍' അറിവിന്റെ തികവായതിനാല്‍ വേദങ്ങളെ (അറിവുകളെ) ഏറ്റവും നന്നായി ഉള്‍ക്കൊള്ളുന്നവന്‍ 'ഞാന്‍'തന്നെ. പരമമായ അറിവായ വേദാന്തത്തിന്റെ ഉറവിടവും അതിനാല്‍ 'ഞാനാ'കുന്നു. വേദങ്ങളിലെ പോരായ്മകള്‍ വേദാന്തത്തില്‍ നികത്തി എന്നു ധ്വനി. നേരറിവ് അനാദിയാണെന്നുകൂടി പറയുന്നതിനാല്‍ ('ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യം' - 4, 1), ഇടക്കാലത്തുണ്ടായ അറിവില്ലായ്മകള്‍ തിരുത്തി എന്നും അര്‍ഥം വരുന്നു.

(തുടരും)






MathrubhumiMatrimonial