githadharsanam

ഗീതാദര്‍ശനം - 540

Posted on: 07 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


ഭക്ഷണത്തെ ദഹിപ്പിച്ച് അതില്‍നിന്ന് ആവശ്യമുള്ളതെടുത്ത് ജീവകോശങ്ങളും ഊര്‍ജവും ഒക്കെ ആക്കി മാറ്റുന്ന ക്രിയ ജീവന്റെ വകയാണ്. മരണത്തോടെ ഇതു നിലയ്ക്കുന്നതിനാല്‍ ആശ്രയമറ്റ അവയവങ്ങള്‍ അഴുകുന്നു. അതും വൈശ്വാനരന്റെ വൃത്തിതന്നെ. ഇതരജീവികളുടെ വിശപ്പിന് ശവശരീരം പരിഹാരമാകുന്നതിനെയാണ് അഴുകല്‍ എന്നു നാം പറയുന്നത്. പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഇതും. ഈ സമതുലനത്തിനു പിന്നിലും സമവസ്ഥിതമായ ഏകീകൃതബലം ആലംബമായി വര്‍ത്തിക്കുന്നു.

ഇത് ഭൗതികശരീരത്തിന്റെ കാര്യം. മനസ്സിന്റെയും ബുദ്ധിയുടെയും വേദികളിലും സൂത്രധാരന്‍ വേറൊരാളല്ല. എങ്ങനെയെന്നാല്‍ -

സര്‍വസ്യ ചാഹം ഹൃദി സന്നിവിഷ്ടഃ
മത്തഃ സ്മൃതിര്‍ജ്ഞാനമപോഹനം ച
വേദൈശ്ച സര്‍വൈരഹമേവ വേദ്യഃ
വേദാന്തകൃത് വേദവിദേവ ചാഹം

ഞാന്‍ എല്ലാ പ്രാണികളുടെയും ഹൃദയത്തില്‍ ഇരിക്കുന്നു. എന്നില്‍നിന്ന് (എല്ലാ പ്രാണികള്‍ക്കും) ഓര്‍മയും അറിവും മറവിയും (ഉണ്ടാകുന്നു). എല്ലാ അറിവുകളിലൂടെയും അറിയപ്പെടേണ്ടത് ഞാന്‍തന്നെ. വേദാന്തകര്‍ത്താവും വേദങ്ങളെ അറിയുന്നവനും ഞാനാണ്.

ഇവിടെ പറയുന്ന ഹൃദയം ജീവന്റെ ആസ്ഥാനമാണ്, രക്താശയമല്ല. ജീവഹൃദയത്തിലിരിക്കുന്ന സമവസ്ഥിതമായ ഏകീകൃതബലം പരമാത്മാവാണ്. രാഗങ്ങളുടെ കലയും അശാന്തിയുടെ തിരമാലയും അടങ്ങുമ്പോള്‍ അകത്തേക്കു നോക്കിയാല്‍ കാണാം. ഇതേ കാര്യം പിന്നീട് കൂടുതല്‍ വിസ്തരിക്കുന്നുണ്ട്. ('ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ/ര്‍ജുന തിഷുതി' - 18, 61.)

(തുടരും)



MathrubhumiMatrimonial