githadharsanam

ഗീതാദര്‍ശനം - 539

Posted on: 06 Jul 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


തീ ഇല്ലാതെ പുക ഇല്ല എന്നപോലെ തീ ഇല്ലാതെ ചൂടുമില്ല. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ചൂടും അഗ്‌നിയാണ്. എന്നു വെച്ചാല്‍ സ്​പന്ദങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഊര്‍ജവികിരണം (energy radiation). അതിന്റെ ആധാരം സമവസ്ഥിതമായ ഏകീകൃതബലംതന്നെ.

ഈ ഊര്‍ജം, പ്രാണാപാനന്മാരോടു ചേര്‍ന്ന് നാലു തരത്തിലുള്ള ഭക്ഷണങ്ങളെയും ശരീരത്തിന് ഉപയോഗപ്രദമായ അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു. ഖാദ്യം, ചോഷ്യം, പേയം, ലേഹ്യം - എന്നീനാലിനമാണ് ആഹാരം. സസ്യം, മാംസം, പച്ച, പഴുത്തത്, വെന്തത്, വേവിക്കാത്തത്, ഉണങ്ങിയത്, ഉണങ്ങാത്തത് എന്നിങ്ങനെ ഏതു തരമായാലും ഭക്ഷണം ഈ നാലില്‍ ഒരു ഇനത്തില്‍ പെടും. (ശരീരത്തെ പോഷിപ്പിക്കുന്നത്, പ്രാണനെ പോഷിപ്പിക്കുന്നത്, മനസ്സിനെ പോഷിപ്പിക്കുന്നത്, വിജ്ഞാനത്തെ പോഷിപ്പിക്കുന്നത് എന്നിങ്ങനെ മറ്റൊരു തരത്തിലും ഭക്ഷണത്തെ നാലിനമായി കാണാം.)

വിശപ്പാണ് വൈശ്വാനരന്റെ ലക്ഷണം. ആവശ്യം (demand) എന്ന് ഇതിനെ പരിഭാഷപ്പെടുത്താം. 'അന്ന'ത്തെ ആവശ്യാനുസാരമുള്ള ലഭ്യതയായും (supply) കാണാം. ജീവലോകത്തിന്റെ മൊത്തമായ നിലനില്പ് ഇതു രണ്ടുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രാണികളുടെ സഹയജ്ഞസ്വഭാവം ഇവയുടെ സന്തുലിതാവസ്ഥയ്ക്ക് നിയാമകമാണ്. ('സഹയജ്ഞാ പ്രജാ സൃഷ്ട്വാ .... ' - 3, 10.) ഈ സമതുലനത്തിന് ആധാരവും സമവസ്ഥിതമായ ഏകീകൃതബലമത്രെ.

ശരീരത്തിലേക്ക് ഉള്‍ക്കൊള്ളുന്ന ശക്തിയാണ് പ്രാണന്‍. ശരീരം പുറന്തള്ളുന്ന ശക്തി അപാനന്‍. ഇവയോടൊത്തു പ്രവര്‍ത്തിച്ച് വൈശ്വാനരന്‍ ഭക്ഷണത്തെ അന്നനാളം വഴി ആമാശയത്തിലും കുടലിലും എത്തിക്കയും ദഹിപ്പിച്ചതില്‍പ്പിന്നെ അതിലെ പോഷകങ്ങളെ സ്വാംശീകരിക്കയും ശേഷിച്ചതിനെ പുറന്തള്ളുകയും ചെയ്യുന്നു. ഇവിടെയുമുണ്ട് ഒരു സമതുലനക്രിയ. വരവോ പോക്കോ കൂടുതലായാലോ കുറഞ്ഞാലോ ദഹനം ശരിയാകാഞ്ഞാലോ പോഷകങ്ങള്‍ വേണ്ടത്ര ഇല്ലാതിരുന്നാലോ ശരീരവൃത്തി തകരാറിലാവും. ഈ സമതുലനം രൂപപ്പെടുത്തി നിലനിര്‍ത്തുന്നത് സമവസ്ഥിതമായ ഏകീകൃതബലമല്ലാതെ മറ്റൊന്നല്ല. ആധാരം അതാണ്.
(തുടരും)



MathrubhumiMatrimonial