githadharsanam

ഗീതാദര്‍ശനം - 531

Posted on: 27 Jun 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമയോഗം


എല്ലാറ്റിലും വെവ്വേറെ ജീവനായി ഇരിക്കുന്നത് ഒരേ ജീവന്റെ തുടര്‍ച്ചയാണ്. ജീവാത്മാവ് എന്ന രൂപനിര്‍മാണക്ഷേത്രം എന്തു ചെയ്യുന്നു? അതു പരാപ്രകൃതിയില്‍ ഇരിക്കുന്ന ആറ് ഇന്ദ്രിയങ്ങള്‍ക്കും ആസ്​പദമായി വര്‍ത്തിക്കുന്നു. രൂപനിര്‍മാണക്ഷേത്രത്തിന് ആസ്​പദമായുള്ളതോ സമവസ്ഥിതമായ ഏകീകൃതബലമെന്ന പരമാത്മസ്വരൂപമാണ്. ഓരോ ഇന്ദ്രിയത്തിനും അതിലേക്കുള്ള ആകര്‍ഷണമാണ് ആ ഇന്ദ്രിയത്തെ പ്രകാശിപ്പിക്കുന്നത്. ജീവാത്മാവ് ഈ ആകര്‍ഷണത്തിന് വൈരുധ്യാത്മകമായ ആവിഷ്‌കാരം നല്‍കുന്നു.
ജീവാത്മാവ് എന്ന രൂപനിര്‍മാണക്ഷേത്രത്തിന്റെ ഘടനയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പ്രസ്താവം. അക്ഷരപ്രകൃതിയിലെ ത്രിഗുണങ്ങളെത്തന്നെയാണ് രൂപനിര്‍മാണക്ഷേത്രവും ഉപയോഗിക്കുന്നതെങ്കിലും ജീവാത്മാവ് എന്ന ആ സ്ഥൈതികതരംഗത്തിന്റെ (static wave) സമതുലനാധാരം (fulcrum) പരമാത്മസ്വരൂപമാണ്. മനസ്സുള്‍പ്പെടെയുള്ള ഇന്ദ്രിയങ്ങള്‍ പ്രകൃതിയില്‍നിന്ന് രൂപപ്പെടുത്താനും അവയെ ജീവത്താക്കാനും ഉള്ള ആകര്‍ഷണത്തിന് ആധാരവും ഇതുതന്നെ.

ഊര്‍ജത്തിന്റെ അസന്തുലിതാവസ്ഥയാണ് ഏതു തരംഗത്തിന്റെയും പ്രഭവകാരണം. അക്ഷരമാധ്യമത്തിന്റെ അസന്തുലിതാവസ്ഥ അക്ഷരാതീതത്തോടു പ്രതികരിക്കുന്നതിന്റെ ഫലങ്ങളായി രൂപനിര്‍മാണക്ഷേത്രങ്ങളെ കാണാം.
ശരീരം യദവാപ്‌നോതി
യച്ചാപ്യുല്‍ക്രാമതീശ്വരഃ
ഗൃഹീതൈ്വതാനി സംയാതി
വായുര്‍ഗന്ധാനിവാശയാത്
ഈശ്വരന്‍ ഏതൊരു ശരീരത്തെ പ്രാപിക്കുമ്പോഴും കൈവിടുമ്പോഴും കാറ്റ് പുഷ്പാദികളില്‍നിന്ന് ഗന്ധങ്ങളെ എന്നപോലെ ഇവയെ (ഇന്ദ്രിയങ്ങളെയും മനസ്സിനെയും) സ്വീകരിച്ചുതന്നെ പോകുന്നു.
(തുടരും)



MathrubhumiMatrimonial