githadharsanam

ഗീതാദര്‍ശനം - 530

Posted on: 25 Jun 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം

പരമാത്മസ്വരൂപത്തെ തിരിച്ചറിയുന്നതോടെ ശാന്തിയും ശാന്തിയുടെ അനുഭൂതിയായ സന്തോഷവും കൈവരുമെന്നും ഈ നേട്ടം ഒരിക്കലുണ്ടായാല്‍പ്പിന്നെ ഒരിക്കലുമത് നഷ്ടപ്പെടില്ലെന്നുമല്ലാതെ, അതോടെ ഈ ജീവിതവും ലോകവും എന്നേക്കുമായി ഉപേക്ഷിച്ച് (മരിച്ച്) ഇല്ലാതാകും എന്നല്ല സാരം. ഒരിക്കല്‍ സംഗീതം പഠിച്ചവനു പിന്നീടൊരിക്കലും സ്വരം പിഴയ്ക്കില്ലെന്നും വ്യാകരണം ഒരിക്കല്‍ അറിഞ്ഞാല്‍പ്പിന്നെ ഭാഷയില്‍ തെറ്റു വരില്ലെന്നും പറയുമ്പോലെയേ ഉള്ളൂ ഇവിടെ പറയപ്പെട്ട 'മടക്കമില്ലായ്മ'. നിലവിലുള്ള അവസ്ഥ ഇല്ലാതായി മറ്റൊരവസ്ഥയിലേക്കു പ്രവേശിക്കുന്നതാണ് മരണവും ജനനവും. ഒരേ അവസ്ഥയില്‍ ഇരിക്കുകയെന്നാല്‍ ജനനമരണങ്ങള്‍ ഇല്ലാതിരിക്കുക എന്നര്‍ഥം. ഇരിപ്പ് പരമശാന്തതയില്‍ ആകുമ്പോള്‍ അമൃതരസം നിത്യാനുഭവം.

നമ്മുടെ സ്വത്വമാണ് പരമാത്മസ്വരൂപത്തിലേക്കുള്ള ഒരേ ഒരു വഴി എങ്കില്‍, വേറെവേറെ ആയി കാണുന്ന ജീവികള്‍ ആ സ്വരൂപവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുകൂടി നോക്കണമല്ലോ.

മമൈവാംശോ ജീവലോകേ
ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി
പ്രകൃതിസ്ഥാനി കര്‍ഷതി

ജീവലോകത്തില്‍ ജീവനായി (ഭവിക്കുന്ന) എന്റെതന്നെ സനാതനമായ അംശം, പ്രകൃതിയില്‍ സ്ഥിതി ചെയ്യുന്നതും മനസ്സുള്‍പ്പെടെയുള്ളതുമായ ആറ് ഇന്ദ്രിയങ്ങളെയും ആകര്‍ഷിച്ചു നിര്‍ത്തുന്നു.

'കര്‍ഷതി' എന്നതിന് 'വലിച്ചിഴയ്ക്കുന്നു' എന്നാണ് വാഗ്വര്‍ഥം. എന്നാല്‍ ആചാര്യസ്വാമികള്‍ 'ആകര്‍ഷിക്കുന്നു' എന്നാണ് അര്‍ഥം കല്പിക്കുന്നത്. ശ്രീകൃഷ്ണന്‍ എന്നു പറയുമ്പോഴും മുന്നിട്ടു നില്‍ക്കുന്നത് ആകര്‍ഷണമാണുതാനും.

പരമാത്മസ്വരൂപം നാശരഹിതമാണെന്നിരിക്കെ അതിന് അംശം ഉണ്ടാകാന്‍ പാടില്ല. (അംശിക്കാവുന്നത് ഇല്ലാതാകുമല്ലോ.) വേറിട്ട ഒരംശം എന്ന നിലയിലല്ല ഇവിടെ ഈ പരാമര്‍ശം. വ്യതിരിക്തമെന്നപോലെ കാണപ്പെടുന്നു എന്നേ ഉള്ളൂ. ('അവിഭക്തം ച ഭൂതേഷു വിഭക്തമിവ ച സ്ഥിതം' - 13, 17.) പുഴ ഏതായാലും വെള്ളംതന്നെയാണ് ഒഴുകുന്നതെന്ന് പറയപ്പെടുന്നതിനു സമാനമായി കരുതിയാല്‍ മതി.



MathrubhumiMatrimonial