githadharsanam

ഗീതാദര്‍ശനം - 529

Posted on: 24 Jun 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമയോഗം

പ്രത്യേകമായി നിരീക്ഷിക്കാവുന്ന സംഗതി, ഈ അഞ്ചു കാര്യങ്ങളും ഒരേ മാലയിലെ പൂക്കളെപ്പോലെയാണെന്നതത്രെ. ഏതെങ്കിലും ഒരു പൂ കൈയിലെടുത്താല്‍ മറ്റുള്ളതെല്ലാം കൂടെ വരും. ഈ അഞ്ചില്‍ ഏതെങ്കിലുമൊരു കാര്യം സാധിച്ചാല്‍ മനസ്സിന് സമനിലയുടെ രുചി കിട്ടും. അതേത്തുടര്‍ന്ന് മറ്റു കാര്യങ്ങള്‍ താനേ ഒത്തോളും.

അവര്‍ണനീയവും അനിര്‍വചനീയവുമായ പരമാത്മസ്വരൂപം അനുഭവൈകവേദ്യമാണ്. തെറ്റായ ധാരണകളിലേക്ക് പോകുന്നതു തടയാനേ ഗുരുവിനു സാധിക്കൂ. ദാഹിക്കുന്ന കുതിരയെ ശാന്തമായ ശുദ്ധജലത്തടാകത്തിലേക്കുതന്നെ നയിക്കാന്‍ തുടര്‍ന്നും വഴി തിരിക്കുന്നു.
ന തത് ഭാസയതേ സൂര്യഃ
ന ശശാങ്കോ ന പാവകഃ
യത് ഗത്വാ ന നിവര്‍ത്തന്തേ
തദ്ധാമ പരമം മമ
സൂര്യനോ ചന്ദ്രനോ അഗ്‌നിയോ ആ പദത്തെ പ്രകാശിപ്പിക്കുന്നില്ല. എവിടെ എത്തിയാല്‍ പിന്നെ തിരിച്ചുപോരേണ്ടതില്ലയോ അത് എന്റെ ഉല്‍കൃഷ്ടമായ സ്ഥാനം (ആകുന്നു).

നാം എന്തിനെയും കണ്ടറിയുന്നത് വെളിച്ചത്തിന്റെ സഹായത്താലാണ്. വെളിച്ചം സൂര്യനില്‍നിന്നോ ചന്ദ്രനില്‍നിന്നോ പല തരത്തിലുമുള്ള തീയില്‍നിന്നോ മാത്രമാണ് വരുന്നത്. പക്ഷേ, ഈ വെളിച്ചങ്ങളില്‍ ഒന്നിനും അക്ഷരത്തെ പ്രകാശിപ്പിക്കാനാവില്ല. കാരണം, ഇപ്പറഞ്ഞ എല്ലാതരം വെളിച്ചങ്ങളും ആ അവ്യക്തമാധ്യമത്തിലെ അലകള്‍ മാത്രമാണ്. ക്ഷരപ്രപഞ്ചത്തിലെ പ്രതിഭാസങ്ങളാണ് സൂര്യചന്ദ്രന്മാരും അഗ്‌നിയും. ഫോട്ടോണ്‍ എന്ന കണമായോ ഒരു തരംഗമായോ ഏതായി കണക്കാക്കിയാലും, വെളിച്ചം അക്ഷരമാധ്യമത്തിലെ അലതന്നെ.

നമുക്കു നിര്‍മിക്കാന്‍ കഴിയുന്ന ഒരുപകരണംകൊണ്ടും പരമാത്മസ്വരൂപത്തെയോ അക്ഷരത്തെയോ നിരീക്ഷിക്കാന്‍ ഒരിക്കലും കഴിയില്ല. നമുക്ക് നമ്മുടെ സ്വത്വത്തെക്കുറിച്ചുള്ള അവബോധം പുറമേനിന്നു വരുന്ന ഒരു വെളിച്ചത്തെയും ആശ്രയിക്കുന്നില്ല. ഏതു കൂരിരുട്ടിലും നമ്മുടെ ഉള്ളിലെ നമ്മെ നാം അറിയുന്നുണ്ട്. ആ അറിവുണ്ടാകുന്നത് ഏതു വെളിച്ചത്താലാണോ അതാണ് പരമാത്മപ്രകാശം.
(തുടരും)



MathrubhumiMatrimonial