githadharsanam

ഗീതാദര്‍ശനം - 526

Posted on: 21 Jun 2010

സി. രാധാകൃഷ്ണന്‍



പുരുഷോത്തമ യോഗം


ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്‌ത്രേണ ദൃഢേന ഛിത്വാ
തതഃ പരം തത് പരിമാര്‍ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ

ഇവിടെ (ഇങ്ങനെ വാഴുന്ന) അതിന്റെ രൂപമെന്നപോലെ ഒടുക്കവും തുടക്കവും ഇരിപ്പും (ഒന്നും) അറിയാന്‍ കഴിയുന്നില്ല. നന്നായി ഉറച്ച (കര്‍മബന്ധങ്ങളാകുന്ന) വേരുകളോടുകൂടിയ ഈ അശ്വത്ഥത്തെ സംഗരാഹിത്യമെന്ന ദൃഢമായ ആയുധംകൊണ്ട് മുറിച്ചതിനു ശേഷം, യാതൊന്നില്‍ പ്രവേശിച്ചാല്‍ പിന്നെ മടങ്ങുന്നില്ലയോ ആ സ്ഥാനം തേടേണ്ടതാകുന്നു. യാതൊരാളില്‍നിന്ന് പുരാതനമായ ഈ സംസാരവൃക്ഷം പുറപ്പെട്ടുവോ പരമകാരണമായ ആ ആളെത്തന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു (എന്നു നിശ്ചയിക്കുക).

ഉപ്പുപാവയെ കെട്ടി ഞാത്തിയാല്‍ കടലിന്റെ ആഴം അറിയാന്‍ കഴിയില്ല. ഇവിടെ ഈ ക്ഷരപ്രപഞ്ചത്തില്‍ ലഭ്യമായ ഭൗതികോപാധികള്‍ ഒന്നുകൊണ്ടും ഇപ്പറഞ്ഞ അശ്വത്ഥത്തിന്റെ രൂപം ഗ്രഹിക്കാനാവില്ല, അതിന്റെ തുടക്കവും ഒടുക്കവും എങ്ങെന്ന് അറിയാനുമാവില്ല. കാരണം, ഈ ഉപാധികളെല്ലാം അതിന്റെ തന്നെ ഉത്പന്നങ്ങളും അതിന്റെ പരിണാമങ്ങള്‍ക്കു സദാ വിധേയങ്ങളുമാണ്.

പ്രപഞ്ചത്തിലെ മറ്റെല്ലാതുമെന്നപോലെ മനുഷ്യരായ നാമും ഈ മഹാവൃക്ഷത്തിന്റെ ഭാഗങ്ങളാണ്. അതേസമയം നമ്മില്‍ ഓരോരുത്തരും ഇത്തരമൊരു വൃക്ഷത്തെ സജീവമായ ശരീരക്ഷേത്രമായി കൊണ്ടുനടക്കുകയും ചെയ്യുന്നു. ഗുണകര്‍മങ്ങളില്‍നിന്ന് ഊറിക്കൂടിയ കര്‍മബന്ധങ്ങള്‍ സംസാരവൃക്ഷത്തിന് അക്ഷരപ്രകൃതിയുടെ വൈരുധ്യാത്മകതയില്‍ ഉറച്ചു നില്‍ക്കാന്‍ വേരുകളായി ഭവിക്കുന്നു. നമ്മിലെ പരമാത്മസ്വരൂപത്തിന്റെ തനതു സ്വഭാവമായ പരമശാന്തിയും സ്ഥായിയായ ആനന്ദവും അനുഭവിക്കാന്‍ ഈ വൃക്ഷത്തിന്റെ പ്രത്യക്ഷാവസ്ഥ അവസരം തരുന്നില്ല. പകരം, ലൗകികങ്ങളായ പൂവിലും കായിലും തളിരിലും ഇലകളിലും ആകൃഷ്ടരാകാന്‍ അതു നമ്മെ ശീലിപ്പിക്കുന്നു.

(തുടരും)



MathrubhumiMatrimonial