
ഗീതാദര്‍ശനം - 522
Posted on: 16 Jun 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
നിത്യവും നിര്‍ഗുണവുമായ പരംപൊരുളില്‍നിന്ന് നശ്വരവും വിഷയസമൃദ്ധവുമായ ജഗത്ത് എങ്ങനെ ഉണ്ടായി? ജനനമരണങ്ങളുടെ പൊരുളെന്താണ്? സൃഷ്ടികര്‍ത്താവും ജഗത്തെന്ന സൃഷ്ടിയും തമ്മില്‍ എവ്വിധമാണ് ബന്ധം? ലൗകികജീവിതത്തെപ്പറ്റി വേവലാതിപ്പെടുന്ന ആര്‍ക്കുമുണ്ടാകാവുന്ന ആലോചനകളാണല്ലോ ഇവ. നമ്മുടെ നിരീക്ഷണസ്ഥാനവും നിലപാടും ശരിയാക്കിയാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടുമെന്നാണ് വ്യാസമഹര്‍ഷിയുടെ കരുണാര്‍ദ്രമായ നര്‍മം. പക്ഷേ, തല കുത്തനെ നിന്നു വേണം നോക്കിക്കാണാന്‍!
അനുഭവപ്രപഞ്ചത്തെ 'കീഴ്ക്കാംതൂക്കായി' നില്‍ക്കുന്ന അരയാല്‍വൃക്ഷം എന്ന പ്രതീകത്തിലൂടെയാണ് കണ്‍മുന്നില്‍ കൊണ്ടുവരുന്നത്. വിശ്വത്തെ പ്രതിനിധാനം ചെയ്യാന്‍ ഏറ്റവും പറ്റിയ പ്രതീകം വൃക്ഷംതന്നെ. ജീവപരിണാമത്തില്‍ അടിമുടി വ്യാപിച്ചിരിക്കുന്ന പ്രഭാവത്തിന്റെ അടിവേരു മുതല്‍ പഠിക്കാന്‍ ഏറ്റവും നല്ലത് സസ്യലോകപ്രതിനിധിയായ വൃക്ഷമാണല്ലോ. ലോകത്ത് ഓരോ ജനതയ്ക്കും പൊതുവായ ഓരോ മരമുണ്ട്. ഭാരതത്തിലിത് അശ്വത്ഥമാണെങ്കില്‍, കെല്‍ട് സംസ്‌കാരത്തില്‍ ഓക്ക് വൃക്ഷവും സ്‌കാന്റിനേവിയന്‍ സംസ്‌കാരത്തില്‍ ആഷ് മരവുമാണ്. ജര്‍മന്‍കാരുടെ മരം നാരകമത്രെ.
ജീവവൃക്ഷം നന്മയുടെ എന്നപോലെ തിന്മയുടെയും വൃക്ഷമാണ്. ആ വൃക്ഷത്തെ നന്നായി അറിയുക, എന്നിട്ടതിനെ അതിജീവിക്കുക! ഈ വൃക്ഷത്തിന്റെ ഫലത്തില്‍ ആസക്തി അരുത്.
ശ്രീഭഗവാനുവാച:
ഊര്‍ധ്വമൂലമധഃശാഖം
അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണാനി
യസ്തം വേദ സ വേദവിത്
