
ഗീതാദര്‍ശനം - 521
Posted on: 15 Jun 2010
സി. രാധാകൃഷ്ണന്‍
പുരുഷോത്തമ യോഗം
ഈ പ്രപഞ്ചവിജ്ഞാനീയത്തിലെത്താന്‍ മോഡേണ്‍ സയന്‍സിന് ഇനി ഒരു മുഴംകൂടിയേ പുരോഗമിക്കാനുള്ളൂ. ദ്രവ്യവും ഊര്‍ജവും ഒന്നാണെന്നു തെളിഞ്ഞുകഴിഞ്ഞല്ലോ. സ്‌പെയ്‌സ് ശൂന്യതയല്ലെന്നും കരണ-പ്രതികരണ (action-reaction) സ്വഭാവമുള്ള ക്ഷേത്ര (field)മാണെന്നും തീരുമാനമായി. ആദിസ്പന്ദത്തില്നിന്നാണ് പ്രപഞ്ചത്തിന്റെ തുടക്കമെന്ന് തീര്‍ച്ചപ്പെട്ടു. ആ മഹാസ്പന്ദത്തിന് ചാക്രികതയും സ്‌പെയ്‌സിനു പിന്നില്‍ അവ്യക്തമാധ്യമത്തെയും സങ്കല്പിച്ച്, മൊത്തമായ പുനര്‍വിചിന്തനത്തിലൂടെ, സര്‍വാശ്ലേഷിയായ ഒരു മാതൃക ഉരുത്തിരിക്കയേ ഇനി വേണ്ടൂ. ക്ഷരം, അക്ഷരം, അക്ഷരാതീതം എന്ന ത്രിതയം (trinity) ആ ദര്‍ശനപരിണാമത്തിന് അടിത്തറയായി ഉതകും. (ബൈബിളിലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന വിതാനങ്ങള്‍ സമാന്തരമായി ഓര്‍ക്കാം.)
ഗീത നല്‍കുന്ന പ്രപഞ്ചമാതൃകയില്‍ നിഗമനങ്ങളുടെ അനുഭവസ്ഥിരീകരണമാണ് ചിന്താപദ്ധതിയുടെ രീതി. അതിനാല്‍, സാമാന്യബുദ്ധിക്കു നിരക്കാത്ത ഒന്നും ഉത്തരങ്ങളില്‍ ഇല്ല.
ദര്‍ശനത്തില്‍നിന്ന് അനുമാനങ്ങള്‍ ഉരുത്തിരിയുന്നു. ആ അനുമാനങ്ങള്‍ വെച്ച് പ്രപഞ്ചപ്രതിഭാസങ്ങളെ വിലയിരുത്തുന്നു. അപ്പോള്‍, നിലവിലുള്ള അറിവുകളെപ്പറ്റി അടിമുടി വീണ്ടുവിചാരവും നടക്കുന്നു. യുക്തിക്കു നിരക്കാത്ത ഒന്നും സ്വീകരിക്കപ്പെടുന്നില്ല. അതിനാലാണ്, വേദത്തിലെ കര്‍മകാണ്ഡമുള്‍പ്പെടെ, പല യാഥാസ്ഥിതികസങ്കല്പങ്ങളെയും ഗീത എന്ന ദാര്‍ശനികഗ്രന്ഥത്തിനു പുനഃപ്രവചനം ചെയ്യേണ്ടിവരുന്നത്. അസംബന്ധങ്ങളായ ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങള്‍ക്ക് ആധാരങ്ങളായ ആരാധനാമൂര്‍ത്തികളും അപ്രസക്തങ്ങളായി ഭവിക്കുന്നു. ഗീത അനാച്ഛാദനം ചെയ്യുന്ന പ്രപഞ്ചസംവിധാനത്തില്‍ സ്വര്‍ഗനരകസങ്കല്പങ്ങള്‍ക്കുപോലും നില്‍ക്കക്കള്ളി ഇല്ല.
(തുടരും)
