
ഗീതാദര്‍ശനം - 519
Posted on: 13 Jun 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
എങ്ങും നിറഞ്ഞു നില്‍ക്കുന്ന പരമാത്മസ്വരൂപത്തെ നിരന്തരം ധ്യാനിക്കുമ്പോള്‍ മനസ്സ് അതുമായി പതര്‍ച്ചയില്ലാത്ത ഏകത്വം കൈവരിക്കും.
ബ്രഹ്മണോ ഹി പ്രതിഷ്ഠാഹം
അമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധര്‍മസ്യ
സുഖസൈ്യകാന്തികസ്യ ച
എന്തുകൊണ്ടെന്നാല്‍, ഞാന്‍ (പരമാത്മാവ്) അമൃതവും അവ്യയവുമായ ബ്രഹ്മത്തിന്റെയും ശാശ്വതമായ ധര്‍മത്തിന്റെയും പരമാനന്ദത്തിന്റെയും ഇരിപ്പിടമാകുന്നു.
പ്രപഞ്ചഘടനയുടെ മൂന്നു തലങ്ങളായുള്ള ചിത്രം ഓര്‍ക്കുക. ക്ഷരബ്രഹ്മത്തിന്റെ ഭാഗമാണ് സ്ഥൂലശരീരം. ഇതു നിലനില്‍ക്കുന്ന പരാപ്രകൃതി എന്ന അക്ഷരബ്രഹ്മം നാശരഹിതവും ജനനമരണങ്ങളില്ലാത്തതുമാണ്. അതു പക്ഷേ, അക്ഷരാതീതത്തിന്റെ ഭാവാന്തരവും അക്ഷരാതീതത്തില്‍ ഇരിക്കുന്നതുമാണ്. അക്ഷരാതീതമെന്ന പുരുഷോത്തമനാണ് അനാദിയായ ധര്‍മത്തിന്റെയും ഉറച്ച ആനന്ദത്തിന്റെയും (മറ്റെല്ലാറ്റിന്റെയും) ഇരിപ്പിടം. വിശ്വമെങ്ങും മുഖമുള്ളതിനാല്‍ (എല്ലാം കാണുന്നതിനാല്‍) പൂര്‍ണമായ അറിവും അതുതന്നെ. സനാതനധര്‍മമെന്നാല്‍, യജ്ഞഭാവനയോടെയുള്ള കര്‍മമാണ് മനോവാക്കായങ്ങള്‍കൊണ്ട് കരണീയംഎന്ന പരമ്പരാഗതമായ ധാരണ.
മനുഷ്യനില്‍, മറ്റെല്ലാ ചരാചരങ്ങളിലുമെന്നപോലെ, ഈ മൂന്ന് തലങ്ങളും ഒരുമിച്ചുണ്ട്. കൂടാതെ, അചരങ്ങള്‍ക്കോ മറ്റ് ജീവികള്‍ക്കോ ഇല്ലാത്ത വിശേഷബുദ്ധി അഥവാ, വിവേകം മനുഷ്യനിലുണ്ട്. അക്ഷരാതീതസാന്നിധ്യത്തിന്റെ പ്രത്യക്ഷനിദര്‍ശനമാണ് ഇത്. ഇതുപയോഗിച്ച് പരംപൊരുളുമായി സാരൂപ്യം സാധിക്കാം. ജ്ഞാനേന്ദ്രിയങ്ങളെ ജാഗ്രത്താക്കി, ബുദ്ധിയെ അരിപ്പയാക്കി നേര് വേര്‍തിരിച്ച്, മനസ്സിനെ വാഹനമാക്കി, കര്‍മശുദ്ധിയിലൂടെ, ജീവനെന്ന രൂപനിര്‍മാണക്ഷേത്രത്തിലെ വാസനകളെ മറികടന്ന്, അക്ഷരാതീതവുമായി താദാത്മ്യം നേടുക. പോന്ന വഴി തിരികെ താണ്ടി പുറപ്പെട്ടേടത്ത് എത്തുക. ഏതു കയറുകളാണോ ക്ഷരാക്ഷരങ്ങളില്‍ നമ്മെ കെട്ടിയിട്ടിരിക്കുന്നത്, അതിനെയെല്ലാം ശ്രദ്ധയോടെ മനസ്സിലാക്കി, അതെല്ലാം അഴിച്ചെടുത്ത് കൂട്ടിക്കെട്ടി ഞാത്തി അതില്‍ പിടിച്ചു കയറിയാല്‍ അങ്ങെത്താം. ക്ഷരപ്രപഞ്ചവും ഐഹികജീവിതവും ശരീരവും ഇന്ദ്രിയങ്ങളും മനസ്സും കര്‍മങ്ങളും വര്‍ജ്യങ്ങളല്ല, അനുപേക്ഷണീയങ്ങളായ ഉപകരണങ്ങളാണ്. എല്ലാം ശക്തമായും ശുദ്ധമായും സൂക്ഷിക്കാം.
ഇച്ഛാശക്തിയാണ് മോക്ഷപ്രാപ്തിക്കുള്ള ഇന്ധനം. 'ഉദ്ധരേദാത്മനാത്മാനം .... ' (6, 5) എന്ന നിര്‍ദേശം മറന്നുകൂടാ. ജീവശ്ശക്തി ദുര്‍വ്യയം ചെയ്‌തോ, ലഹരി മുതലായവയിലൂടെ അതിനെ തളര്‍ത്തിയോ, തന്നത്താന്‍ നശിപ്പിക്കരുത്.
അക്ഷരബ്രഹ്മത്തില്‍ പ്രപഞ്ചനിര്‍മിതിക്കു നിദാനമായി ഉള്ള മൂന്നു ഗുണങ്ങളെപ്പറ്റിയും അവ മനുഷ്യനില്‍ വികാരങ്ങളായി എവ്വിധം പ്രകടമാകുന്നു എന്നും യുക്തിയുക്തമായി പ്രതിപാദിച്ച്, ഈ വികാരങ്ങളെ മറികടന്നാലേ സമനിലയിലെത്താനാവൂ എന്ന് വ്യക്തമാക്കി. ആ സമനിലയാണ് അക്ഷരാതീതത്തിന്റെ നിജസ്ഥിതിയിലേക്കുള്ള ചൂണ്ടുപലക.
ഗീത അനുഭൂതികളെ ആത്മീയമെന്നൊ ഭൗതികമെന്നൊ വേര്‍തിരിക്കുന്നില്ല. എല്ലാം ഒന്നാണ്, ഒന്നിന്റെ തുടര്‍ച്ചയാണ്, ഒന്നില്‍നിന്ന് ഉണ്ടായതാണ്, ആ ഒന്നില്‍ ലയിക്കുകയും ചെയ്യും. അക്ഷരാതീതമാണ് ആ ഏകം. അടുത്ത അധ്യായത്തില്‍ അതിനെക്കുറിച്ച് വിശദമായി പറയുന്നതിനു മുന്നോടികൂടിയാണ് ഈ അവസാനശ്ലോകം.
ഇതി ഗുണത്രയവിഭാഗയോഗോ നാമ
ചതുര്‍ദശോശധ്യായഃ
ഗുണത്രയവിഭാഗയോഗമെന്ന പതിന്നാലാമധ്യായം സമാപിച്ചു
