githadharsanam

ഗീതാദര്‍ശനം - 516

Posted on: 08 Jun 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


സമദുഃഖസുഖഃ സ്വസ്ഥഃ
സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരഃ
തുല്യനിന്ദാത്മസംസ്തുതിഃ
(ആരാണോ) സ്വസ്വരൂപമായ ആത്മാവില്‍ സ്വസ്ഥനായി സ്ഥിതി ചെയ്ത്, സുഖദുഃഖങ്ങളില്‍ സമചിത്തനായി, കല്ലും മണ്ണാങ്കട്ടയും കനകവും ഒരുപോലെയെന്നു മനസ്സിലാക്കി, പ്രിയാപ്രിയങ്ങളെയും നിന്ദാസ്തുതികളെയും തുല്യമായി കണ്ട്, ധീരനായി വര്‍ത്തിക്കുന്നത് (അവന്‍ ഗുണാതീതനാണ്).
പുകഴ്ത്തിയാലും ഇകഴ്ത്തിയാലും ഇഷ്ടം പറഞ്ഞാലും കഷ്ടംപറഞ്ഞാലും ഗുണാതീതന്റെ പ്രതികരണം ഒരുപോലെ ഇരിക്കും. ചാട്ടയടിച്ച് കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോകുമ്പോഴും അല്പംപോലും അധൈര്യം ഉണ്ടാവില്ല. കാരണം, അദ്ദേഹം തന്റെ യഥാര്‍ഥസ്വരൂപം തിരിച്ചറിഞ്ഞ് അതുമായി താദാത്മ്യം പ്രാപിച്ച് സ്ഥിതി ചെയ്യുന്നു.
ആത്മബോധത്തിലേക്കുണരുന്നതോടെ വ്യഥകളും വ്യത്യാസങ്ങളും മായുന്നു - വെള്ളാരങ്കല്ലു മുതല്‍ മയില്‍പ്പീലി വരെ കുട്ടിക്കാലത്ത് അമൂല്യനിധികളായി സൂക്ഷിക്കുന്ന നമുക്ക് നാം വളര്‍ന്നു വലുതാകുന്നതോടെ അവയിലുള്ള താത്പര്യം നഷ്ടപ്പെടുന്നപോലെ. സ്വപ്നത്തില്‍ പിച്ചക്കാരനായപ്പോള്‍ അനുഭവിച്ച നിന്ദയോ അതേ കിനാവില്‍ പിന്നീടൊരു മഹാരാജാവായപ്പോള്‍ ലഭിച്ച സ്തുതിഗീതങ്ങളോ ഒന്നും ഉണര്‍ന്നു കഴിഞ്ഞാല്‍ പ്രസക്തങ്ങളല്ല എന്നപോലെയും.
ഒരിക്കലും ഉണരാതിരിക്കയാണ് നല്ലതെന്നു ധരിക്കുന്നതും ഉറക്കത്തിന്റെ അടരുകളില്‍ പുതിയ കിനാവുകള്‍ കണ്ടെത്തി സ്വപേ്‌നാത്സാഹം വര്‍ധിക്കുന്നതുമല്ല ആശാസ്യം. സത്യബോധത്തിലേക്കുണരലാണ് വളര്‍ച്ചയുടെ സ്വാഭാവികവികാസം. ഇതിനെ സംബന്ധിച്ച കാഴ്ചപ്പാടിലുള്ള അന്തരമാണ് വേദാന്തവും ഇക്കാലത്തെ പാശ്ചാത്യമായ ജീവിതസമീപനവും തമ്മിലുള്ള പ്രധാന വ്യത്യാസം. സ്വപ്നസാമ്രാജ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കഴിവിന്റെ നിറവാണല്ലോ പടിഞ്ഞാട്ടു ചെന്നാല്‍ പക്വത.
സുഖദുഃഖങ്ങളുടെ ഉയരത്താഴ്ചകളിലിട്ട് നമ്മെ അമ്മാനമാടുന്ന നാലു വന്‍തിരകളെയാണ് ഈ പദ്യം ചൂണ്ടിക്കാണിക്കുന്നത്. ശുഭാശുഭാനുഭവങ്ങള്‍, കിട്ടുന്നതും പോകുന്നതുമായ ആസ്തികള്‍, ഇഷ്ടാനിഷ്ടപ്രാപ്തികള്‍, നിന്ദാസ്തുതികള്‍ എന്നിവ ലൗകികജീവിതത്തില്‍ നമ്മെ പന്തുതട്ടിക്കളിക്കുന്നു. പോക്ക് ഏത് ഗോള്‍പോസ്റ്റിലേക്കായാലും പന്തിനു കിട്ടുന്നത് ഉഗ്രന്‍ അടി! ഗ്യാലറിയിലെ കൈയടിയില്‍ ആ വേദന മറക്കാനാവും മുമ്പേ അടുത്ത അടി!

(തുടരും)



MathrubhumiMatrimonial