
ഗീതാദര്‍ശനം - 515
Posted on: 07 Jun 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
ഉദാസീനവദാസീനഃ
ഗുണൈര്‍ യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവ
യോശവതിഷുതി നേങ്ഗതേ
ആര്‍, ഗുണങ്ങള്‍ അവയുടെ സ്വാഭാവികധര്‍മം കാട്ടുന്നു എന്നു (കരുതി) ഗുണങ്ങളാല്‍ ഇളക്കപ്പെടാതെ, സ്ഥിരചിത്തനായി, ആടിയുലയാതെ, ഉദാസീനനെപ്പോലെ വര്‍ത്തിക്കുന്നുവോ (അവന്‍ ഗുണാതീതനത്രെ).
പരീക്ഷകള്‍ വരുമ്പോഴേ പഠിച്ചതിന്റെ മികവറിയൂ. ഗുണപ്രലോഭനങ്ങളെ അതിജീവിച്ചു വേണം ഗുണാതീതത്വം ജനിക്കാനും നിലനില്‍ക്കാനും. വേണ്ടാതീനങ്ങള്‍ ഒന്നും ചെയ്യാന്‍ പഴുതില്ലാത്തതിനാല്‍ നല്ലവരായി ജീവിക്കുന്നവര്‍ കുറ്റവാളികളോ ചൂഷകരോ അല്ലെന്നു പറയാന്‍ പറ്റില്ല. അവസരമുണ്ടായിട്ടും ചെയ്യാതിരുന്നാലേ നന്മയുടെ തെളിവാകൂ. ഒരു പ്രലോഭനത്തിലൂടെയും തന്നെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കാതെയും എത്ര അവസരമുണ്ടായാലും ആരെയും ഒരു തരത്തിലും ചൂഷണം ചെയ്യാതെയും ജീവിക്കാന്‍ പ്രത്യയശാസ്ത്രം പോരാ, ഗുണാതീതത്വം വേണം. തന്നെത്താന്‍ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്തവര്‍ക്ക് ആരാലും നന്നായി ഭരിക്കപ്പെടാനോ ആരെയും നന്നായി ഭരിക്കാനോ കഴിയില്ല.
ലോകത്തോട് ഒരു ഉത്തരവാദിത്വവുമില്ലാതെ ഉദാസീനനായി ഇരിക്കാനല്ല ഉപദേശം. 'ഉദാസീനനെപ്പോലെ' ഇരിക്കാനാണ്. രണ്ട് ഇരിപ്പുകളും തമ്മില്‍ ആനയും ആടും തമ്മിലുള്ളതിലേറെ അന്തരമുണ്ട്. ഉദാസീനനെപ്പോലെയുള്ള ഇരിപ്പെങ്ങനെ എന്ന് അറിയാന്‍ നീതിമാനായ ന്യായാധിപന്റെ ഉദാഹരണം മതി. അദ്ദേഹം ഇരുവശത്തെയും വാദം ഉദാസീനനെപ്പോലെ ഇരുന്നു കേള്‍ക്കുന്നു. എല്ലാം കേട്ട് ശരിയായും പക്ഷഭേദം ഒട്ടുമില്ലാതെയും വിധി പറയുന്നു. വാദങ്ങളിലെ നാടകീയതകളില്‍ ഇളകിവശാവുന്ന ന്യായാധിപന് നേരറിയാന്‍ വിഷമമാവും. ഉദാസീനനായി ഇരുന്നാലോ, സത്യസ്ഥിതി കണ്ടെത്താന്‍ വഴിയേ ഇല്ലാതാകയും ചെയ്യും.കാറ്റില്ലാത്തേടത്തെരിയുന്ന ദീപശിഖപോലെയുള്ള ഇരിപ്പു കണ്ടാല്‍ മരക്കുറ്റിയാണോ എന്നു തോന്നാമെങ്കിലും വിധി കേള്‍ക്കുമ്പോള്‍ ആളെ അറിയാം!
(തുടരും)
