githadharsanam

ഗീതാദര്‍ശനം - 511

Posted on: 02 Jun 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം



അറിവും അറിയുന്നവനും അഭേദമാകലാണ് വിവേകത്തിന്റെ പര്യവസാനം. ആ അഭേദാവസ്ഥയില്‍ എത്താനും അവിടെ നിലകൊള്ളാനും ത്രിഗുണോത്പന്നമായ ബുദ്ധിയും ശരീരവും ആ ഗുണങ്ങളുംതന്നെയാണ് ഉപാധികള്‍. പക്ഷേ, ഈ ഉപാധികളെ അധിഷ്ഠാനമായി കാണരുത്. ഗുണസൃഷ്ടികളായ കാര്യകരണങ്ങളുടെ ഏതെല്ലാം പടികളിലൂടെ നാം ഉണ്ടായോ ആതേ പടികളുടെ അങ്ങേയറ്റം വരെ വകതിരിവോടെ തിരഞ്ഞു ചെന്നാലേ പരംപൊരുളിനെ അറിയാനാവൂ. അറിയാന്‍ കഴിഞ്ഞാലോ?

ഗുണാനേതാനതീത്യ ത്രീന്‍
ദേഹസമുത്ഭവാന്‍
ജന്മമൃത്യുജരാദുഃഖൈഃ
വിമുക്തോശമൃതമശ്‌നുതേ

ദേഹി, ദേഹോല്പത്തിക്ക് കാരണമായ ഈ മൂന്നു ഗുണങ്ങളെ അതിക്രമിച്ച് ജന്മമൃത്യുജരാദുഃഖങ്ങളില്‍നിന്ന് വിമുക്തമായി അമൃതം (നിത്യാനന്ദം) അനുഭവിക്കുന്നു.

വൈരുധ്യാത്മകമായ അക്ഷരമാധ്യമത്തില്‍, ഗുണങ്ങളാല്‍ നിര്‍മിതമായ ശരീരത്തില്‍, നിലനിന്നുകൊണ്ടുതന്നെ പരമമായ മോചനം അനുഭവിക്കാം. ദേഹി, ശരീരത്തിനപ്പുറം പരമാത്മഭാവം ഉള്‍ക്കൊള്ളുമ്പോള്‍ അതിനുണ്ടായിരുന്ന ഗുണബന്ധം അറ്റുതുടങ്ങുന്നു. നമുക്ക് സമ്പൂര്‍ണസ്വാതന്ത്ര്യത്തിലേക്ക് പോകാം എന്നാണ് ക്ഷണം. തടസ്സമായി ഉള്ളത് ത്രിഗുണങ്ങളുടെ കെട്ടുകയറുകളാലുള്ള വിലങ്ങുകള്‍ മാത്രം. ശരിയായ തിരിച്ചറിവ് എന്ന ചെറുതാക്കോല്‍ ഒന്നുമാത്രം മതി അവയുടെ പൂട്ടുകള്‍ തുറക്കാന്‍. ഗുണങ്ങളുടെ തടവറയിലാണ് ശരീരം. ജീവന് പ്രാപ്യമായ ഒരേ ഒരു ആലയം ഈ തടവറയാണെന്ന് നാം തെറ്റായി കരുതിപ്പോകുന്നു. ശീലംകൊണ്ട് ആ തോന്നല്‍ ഉറയ്ക്കുന്നു. ശരീരത്തിനു വരുന്ന മാറ്റങ്ങളെ ജീവന്റെ പരിണതികളായി കാണുക എന്ന തെറ്റ് നമുക്കു പറ്റിപ്പോകുന്നു. ഞാന്‍ ധനികന്‍, ഞാന്‍ ദരിദ്രന്‍, ഞാന്‍ വൃദ്ധന്‍, ഞാന്‍ രോഗി എന്നിങ്ങനെ വൃഥാതാദാത്മ്യങ്ങള്‍ വന്നു ചേരുന്നു. ഇതിന്റെ ഫലമായി ക്ഷരപ്രപഞ്ചത്തിലെ സ്വാഭാവിക മാറ്റങ്ങളുടെ അഞ്ച് അവസ്ഥകളും - ജനനം, വളര്‍ച്ച, ജീര്‍ണത, രോഗം, മരണം - 'അനുഭവിക്കു'ന്നതിലൂടെ നാം ദുഃഖിക്കുന്നു. ജനനം വേദനാകരം, വളര്‍ച്ച ശല്യമയം, ജീര്‍ണത യാതനാനിര്‍ഭരം, രോഗം നിഷ്ഠുരം, മരണം ഭീകരം.
(തുടരും)



MathrubhumiMatrimonial