TravelBlogue

സ്വാദിന്റെ നരീറ്റ

Posted on: 31 May 2010

Text & Photos: Mr.Lyസാമുറായികളുടെ നാട്ടില്‍, സ്വാദിന്റെ വൈവിധ്യങ്ങള്‍ തേടി


ഉറക്കം ഞെട്ടിച്ചുകൊണ്ട് ഒരു അനൗണ്‍സ്‌മെന്റ് ചെവിയിലേക്ക് തുളച്ച് കയറി. 'ചില സാങ്കേതിക കാരണങ്ങളാല്‍ വിമാനം 'നരീറ്റ'യിലേക്ക് തിരിച്ചുവിടുന്നു', സങ്കടത്തേക്കാളുപരി സന്തോഷം മനസ്സില്‍ നിറഞ്ഞു, പുതിയൊരു സ്ഥലം കാണുവാന്‍ പോകുന്നു..! ജപ്പാനിലെ നരീറ്റ അന്താരാഷ്ട്രവിമാനത്താവളം ടോക്കിയോവിലേക്കുള്ള യാത്രികരുടെ കവാടമാണ്. നരീറ്റയുടെ റണ്‍വേയിലേക്ക് വിമാനം ഒഴുകിയിറങ്ങി. അരമണിക്കൂറിനുള്ളില്‍ വിമാനകമ്പനി ഞങ്ങളെ നരീറ്റ ഹോളിഡേ ഇന്‍ ഹോട്ടലില്‍ എത്തിച്ചു..യാത്ര ഒരുദിവസമെങ്കിലും വൈകുമത്രേ! സുഹൃത്തായ അരുണിനെയും കൂട്ടി നരീറ്റയെ ഉള്ളം കയ്യില്‍ കോരിക്കുടിക്കാന്‍ തീരുമാനിച്ചു. പത്തുമണിയോടുകൂടി ഞങ്ങള്‍ ജപ്പാനിലെ എട്ട് ഡിഗ്രി അന്തരീക്ഷത്തിലേക്ക് കോരിത്തരിപ്പോടെ കാല്‍കുത്തി. ടോക്കിയോവില്‍ നിന്നും ഏതാണ്ട് രണ്ട് മണിക്കൂര്‍ ദൂരമുണ്ട് നരീറ്റ പട്ടണത്തിലേക്ക്.

കൊച്ച് വഴികളും ചെറിയ കെട്ടിടങ്ങളുമടങ്ങുന്ന ഒരു കൊച്ചു പട്ടണം. വലിയ തിരക്കൊന്നുമില്ല. പക്ഷേ തിരക്കിട്ട്, എവിടെയൊ എത്തുവാനുണ്ടെന്നമട്ടില്‍ നടക്കുന്ന ജപ്പാനീസുകാര്‍... അവര്‍ ഞങ്ങളെ മറികടന്ന് നടന്നകുന്നു. ഒരു നിമിഷം പോലും നഷ്ടപ്പെടുത്താത്ത ഈ ജനത നമുക്കൊരു പാഠപുസ്തകം തന്നെ! നരീറ്റയുടെ മധ്യത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന പ്രധാന പാതയ്ക്കിരുവശവും നിറയെ കടകളും ഹോട്ടലുകളും. വഴിയില്‍ കാണുന്ന ഏതൊരാളെയും konichiwa അഥവാ സ്വാഗതം പറഞ്ഞ് സ്വീകരിക്കുന്ന ജപ്പാന്‍കാര്‍, പ്രത്യേകിച്ച് കടയുടമകള്‍.

മിക്ക കടകളും നോക്കിനടത്തുന്നത് സ്ത്രീകളാണ്. അവര്‍ പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ നോക്കി 'കൊണിഷിവ' പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. ജപ്പാനീസ് ഭക്ഷണമാസ്വദിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അതുകൊണ്ട് തന്നെ ആരൊക്കെ 'കൊണിഷിവ' പറഞ്ഞെങ്കിലും, ആദ്യമായി ഞങ്ങള്‍ കയറിയ ഇടം ഒരു ജപ്പാനീസ് ഈല്‍ റെസ്റ്റോറെന്റ് ആയിരുന്നു. ഇവിടുത്തെ 'ഉനാഗി' കഴിക്കാന്‍ നല്ല തിരക്ക്... എന്നാല്‍ പിന്നെ ഉനാഗിയെ അകത്താക്കിയിട്ട് ബാക്കി കാര്യം. വെള്ളത്തില്‍ കളിച്ച് മറിയുന്ന ഈലിനെ ജീവനോടെ എടുത്ത് മൂര്‍ച്ചയുള്ള ഒരു കത്തി കൊണ്ട് കഴുത്തില്‍ മുറിച്ചതിന് ശേഷം തല ഒരു ആണികൊണ്ട് ബെഞ്ചിലേക്ക് അടിച്ചുറപ്പിക്കുന്നു. എന്നിട്ട് തലമുതല്‍ വാല്‍ വരെ കീറി മാംസം ഉള്ളില്‍ നിന്ന് വേര്‍പ്പെടുത്തി, മുളവടിയില്‍ കോര്‍ത്ത് തീയില്‍ ചുട്ടെടുക്കും. പ്രത്യേക ഓക്ക് തടിയുടെ കനലിലാണ് ഈ ചുടല്‍. അതിനു ശേഷം മധുരമുള്ള teriyaki സോസില്‍ മുക്കി വിളമ്പുന്ന ഈ ഈല്‍ ജപ്പാനിലെ പ്രസിദ്ധമായ ഭക്ഷണമാണ്. ടേബിളുകളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചശേഷമാണ് ഈ 'കത്തി'പ്രയോഗം. ചോറിന്റെ കൂടെ തരുമ്പോള്‍ ഉനാഗിയെ kabayaki എന്ന് പേരിടും. 'കൊണിഷിവ' പറഞ്ഞ് മുഴുവന്‍ പല്ലുകളും കാട്ടി ചിരിച്ച് ഞങ്ങള്‍ക്ക് മുന്നില്‍ നിന്ന വെയിറ്റര്‍ നല്‍കിയ ഉനാഗിയെ പാപ വിചാരങ്ങളെല്ലാം മറന്ന് ഞങ്ങള്‍ ആസ്വദിച്ചു. ജാപ്പനില്‍ അരിയില്‍ നിന്നുണ്ടാക്കുന്ന വൈനിന്റെ കൂടെ കഴിച്ച ഈലിന്റെ രുചി, നാവിന്റെ ഒരു മൂലയ്ക്ക് ഫികസഡ് ഡെപ്പോസിറ്റായി!

ജപ്പാനീസ് വൈന്‍ അറിയപ്പെടുന്നത് 'സാക്കേ' എന്നാണ്. പുളിപ്പിച്ച അരിയില്‍ നിന്നാണ് സാക്കേ ഉണ്ടാക്കുന്നത്. yamada nishiki എന്നറിയപ്പെടുന്ന അരികളുടെ രാജാവിനെയാണ് സാക്കേ എന്ന മദ്യം (ജിസാേക്ക എന്നും പറയും) ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. വൈന്‍ ഉണ്ടാക്കുന്നത് പോലെ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരാണ് ഇതുണ്ടാക്കുന്നത്. ഇവര്‍ 'ടോജി' എന്നാണ് അറിയപ്പെടുന്നത്. സാക്കേ ഉത്പാദനത്തിനായി പ്രത്യേകം തരംതിരിച്ച പ്രദേശങ്ങളും ശുദ്ധമായ തെളിനീര്‍ ലഭ്യമാകുന്ന നൂറോളം അരുവികളും ജപ്പാന്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നുണ്ട്. വിനാഗിരിയിലും സോയാസോസിലും സൂക്ഷിച്ചിരിക്കുന്ന പലതരം പച്ചക്കറി അച്ചാറുകളും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായി കാണാം.

ഇവ tuskemono എന്നറിയപ്പെടുന്നു. ഈ പച്ചക്കറി അച്ചാര്‍, ഇറച്ചിയുടെ കൂടെയാണ് സാധാരണ കഴിക്കക്കുക. അധികവും കാണപ്പെടുന്നത് വെള്ളരി അച്ചാറുകളാണ്. പലതരം ഓയിലുകള്‍, പുളിനീരുകള്‍, വിനാഗിരി, ഉള്ളി, ഇഞ്ചി എന്നിവ ചേരുന്ന തകര്‍പ്പന്‍ അച്ചാറുകള്‍.
ജപ്പാനീസ് ലോകത്ത് പ്രസിദ്ധമായ മറ്റൊരു ഭക്ഷണം ആണ് ൗെവെശ. ഏതാണ്ട് 600 വര്‍ഷം മുന്‍പാണ് സുഷി ജപ്പാനില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മത്സ്യം കേടാകാതിരിക്കാന്‍ വേണ്ടി പുളിപ്പിച്ച അരിയില്‍ പൊതിഞ്ഞ് വെയ്ക്കും. ന്യൂയോര്‍ക്കിലേയും മുംബൈയിലേയും വലിയ റെസ്‌റ്റോറെന്റുകളിലും salad bar കളിലും സുഷി ലഭ്യമാണ്. മത്സ്യ സുഷിയെ 'നിഗ്‌രി സുഷി' എന്നും വെജിറ്റേറിയന്‍ സുഷിയെ 'നോരി മാക്കി' എന്നും വിളിക്കുന്നു. പലതരം ജപ്പാനീസ് അരി ബിസ്‌ക്കറ്റുകളും വഴിയില്‍ സുലഭമാണ്. കറുമുറായിരിക്കുന്ന 'sembei' എന്നറിയപ്പെടുന്ന ഇവ വളരെ രുചികരമാണ്. ഉണക്കിയ കടല്‍ പായലില്‍ (നോരി) പൊതിഞ്ഞാണ് ഈ ബിസ്‌ക്കറ്റുകള്‍ സൂക്ഷിക്കുന്നത്. മറ്റൊരു ജപ്പാനീസ് ഭക്ഷണമാണ് tempura. തരികള്‍ നിറഞ്ഞ അരിപ്പൊടി, മുട്ട എന്നിവ ചേര്‍ത്ത മിശ്രിതത്തില്‍ പൊതിഞ്ഞ് വറുത്തെടുത്ത ചെമ്മീനാണ് tempura. തേന്‍ വില്‍ക്കുന്ന കടയില്‍ നിന്ന രണ്ട് സ്ത്രീകള്‍ ചിരിച്ചും കുശലം ചോദിച്ചും ഞങ്ങളെ അടുത്തേക്ക് ക്ഷണിച്ചു. നോരിക്കയും അകാനെയും. അവരുടെ കടയില്‍ പലതരം പഴങ്ങള്‍ ചേര്‍ത്ത തേന്‍ വില്‍ക്കുന്നു (yuzumitsu) എന്നാണീ പഴത്തേന്‍ അറിയപ്പെടുന്നത്). മുന്തിരി, റോസ്‌ബെറി, ബ്ലൂബെറി, മാമ്പഴം എന്നിവ ചേര്‍ത്ത തേന്‍ അതിവിശിഷ്ടം തന്നെ. രണ്ട് കുപ്പി തേന്‍ വാങ്ങി, ഞങ്ങള്‍ അടുത്ത ലക്ഷ്യമായ Naritasan Shinshoji Temple നെ ലക്ഷ്യമാക്കി നടന്നു.

ഈ ബുദ്ധക്ഷേത്രം നരീറ്റയുടെ പ്രതീകമാണ്. നൂറ് ഹെക്ടറില്‍ ക്ഷേത്ര സമുച്ചയം വിശാലമായി കിടക്കുന്നു. പടികള്‍ കയറി എത്തുന്ന Niomon Gate ല്‍ തന്നെ ചുവന്ന നിറമുള്ള ഒരു റാന്തല്‍ തൂക്കിയിട്ടിരിക്കുന്നു. ഏതാണ്ട് ഒരു ചെറിയ കാറിന്റെ വലിപ്പമുള്ള റാന്തല്‍. 1830-ല്‍ നിര്‍മ്മിച്ച ഈ റാന്തല്‍ കാക്കാന്‍ നാല് ദ്വാരപാലകരും ഉണ്ട്. ഗേറ്റിന് സമീപം വ്യാളീമുഖത്ത് നിന്ന പതിക്കുന്ന ശുദ്ധജലം കുടിക്കുവാനായി മുളകൊണ്ട് നിര്‍മ്മിച്ച കയ്യിലുകള്‍... ഗോമ എന്ന അഗ്നിഹോമമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ആഗ്രഹ സാക്ഷാത്ക്കാരത്തിനായി ഇവിടെ ജനങ്ങള്‍ 'ഫുഡോമ്യോയോ'ട് പ്രാര്‍ത്ഥിക്കുന്നു. ലോകസമാധാനത്തിനായി നിര്‍മ്മിച്ച വേല great pagoda of peace നോട് ചേര്‍ന്ന വഴി നിറയെ വിശ്വാസികള്‍ കെട്ടിവെച്ച, കടലാസില്‍ എഴുതിയ പ്രാര്‍ത്ഥനകളും ദൈവത്തോടുള്ള അഭ്യര്‍ത്ഥനകളും. മതിലുകളില്‍ നിര്‍വ്വാണം ലഭിക്കാത്ത ബോധിസത്വന്‍മാരെ കൊത്തിവെച്ചിരിക്കുന്നു. പ്രധാനപ്രതിഷ്ഠ ശാക്യമുനി തഥാഗതനാണ് (ബുദ്ധന്‍) ക്ഷേത്രത്തിലെ പൂന്തോട്ടത്തില്‍ നിന്ന് വരുന്ന കാറ്റേറ്റ് കുറച്ച് നേരം ഇരുന്ന ശേഷം, ക്ഷേത്രത്തോട് വിട പറഞ്ഞു. പഴയ ഒരു കാലഘട്ടത്തിന്റെ നിറവും വെളിച്ചവും രുചിയും നിറഞ്ഞതായിരുന്നു ഈ യാത്ര.

Tags:   japan, tourism, food, tasteMathrubhumiMatrimonial