
ഗീതാദര്‍ശനം - 508
Posted on: 29 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയ വിഭാഗയോഗം
സത്വാത് സംജായതേ ജ്ഞാനം
രജസോ ലോഭ ഏവ ച
പ്രമാദമോഹൗ തമസഃ
ഭവതോശജ്ഞാനമേവ ച
സത്വഗുണത്തില്‍നിന്ന് ജ്ഞാനവും രജോഗുണത്തില്‍നിന്ന് ലോഭവും തമോഗുണത്തില്‍നിന്ന് പ്രമാദം, മോഹം, അജ്ഞാനം എന്നിവയും ഉണ്ടാകുന്നു.
സത്വം സമതുലിതാവസ്ഥയാണ്. ശുദ്ധബോധത്തിന്റെ പ്രതിഫലനമാണ് അത്. ആ അവസ്ഥയില്‍ സംജാതമാകുന്ന അനുഭവം വിവേകം അഥവാ സത്യബോധമത്രെ. പക്ഷേ, സാധാരണഗതിയില്‍ ഒരു സ്പന്ദവും സ്പന്ദസംഘാതവും ആ ഇടനിലയില്‍ തങ്ങിനില്‍ക്കുന്നില്ല. അതും കടന്ന് അപ്പുറത്തേക്കു പോകുന്ന വികസ്വരതയാണ് രജസ്സ്. അത് കര്‍മവാസനയുടെ പര്യായമാണ്. തമസ്സ് സങ്കോചാഭിമുഖ്യമായതിനാല്‍ ആലസ്യം ജനിപ്പിക്കുന്നു. രജസ്സ് കര്‍മവാസനകൊണ്ടും തമസ്സ് അമാന്തംകൊണ്ടും സത്വാവസ്ഥയുടെ ഫലമായ വിവേകത്തെ മറയ്ക്കുന്നു. സ്പന്ദങ്ങളുടെ സംഘാതമാണ് ദേഹം എന്ന ക്ഷേത്രം. ജീവനിലെ വാസനാമുദ്രകള്‍ ഇതള്‍ വിരിയുന്നതിന്അനുസൃതമായി ദേഹത്തിന് ഒരു ഗുണപ്രാമുഖ്യം എപ്പോഴും ശേഷിക്കുന്നു. അത് രജസ്സാകാം, തമസ്സാകാം, സത്വമാകാം. സത്വമായാലേ ശാന്തത കൈവരൂ. തിരിച്ചറിവുകൊണ്ടും പ്രയത്‌നംകൊണ്ടും അങ്ങനെ ആക്കിയെടുക്കാനുള്ള സാധ്യതയും കഴിവുമാണ് മനുഷ്യജന്മത്തിന്റെ സവിശേഷതകള്‍.
സ്പന്ദനം അവ്യക്തത്തില്‍ പ്രതിസ്പന്ദം ഉണ്ടാക്കുകയും ആ പ്രതിസ്പന്ദം മിടിപ്പിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതായത്, ഒരു സ്പന്ദത്തിന് വികസിക്കാനൊ സങ്കോചിക്കാനൊ സമാവസ്ഥയില്‍ നില്‍ക്കാനൊ ഉണ്ടാകുന്ന ആഭിമുഖ്യത്തിനു വരുന്ന തടസ്സങ്ങള്‍ അതിന്റെ ഉള്ളില്‍നിന്നു മാത്രമായി ഉണ്ടാകുന്നവയല്ല, അതിനു ചുറ്റുമുള്ള മൊത്തം പ്രപഞ്ചസംവിധാനത്തിന്റെ അപ്പോഴത്തെ പ്രത്യേകതയുടെ ഫലംകൂടിയാണ്. പ്രപഞ്ചസ്ഥിതിയിലെ എല്ലാ മാറ്റങ്ങള്‍ക്കും സ്പന്ദസ്വഭാവം ഉള്ളതിനാല്‍, ഗുണങ്ങളുടെ പരിണാമങ്ങള്‍ക്കും ആ സ്വഭാവംഅനിവാര്യം. അങ്ങനെ, ഓരോ നീക്കുപോക്കും, അത് തെറ്റായാലും തിരുത്തായാലും, അതിന്റെ സ്വാഭാവികപര്യവസാനത്തില്‍ എത്തുവോളം! ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോയേ തീരൂ. (പ്രപഞ്ചത്തില്‍ ഊര്‍ജത്തിന്റെ കൊള്ളലും കൊടുക്കലുമെല്ലാം ഇടമുറിഞ്ഞേ നടക്കൂ എന്ന സിദ്ധാന്തത്തിന്റെ ഭൗതികാടിത്തറ ഇപ്പോഴാദ്യമായി ഇവിടെ നാം കണ്ടെത്തുന്നു. അക്ഷരമാധ്യമത്തിന്റെ വൈരുധ്യാത്മകതയുടെ സന്തതിയായ സ്പന്ദസ്വഭാവമാണ് അത്.)
(തുടരും)
