githadharsanam

ഗീതാദര്‍ശനം - 504

Posted on: 23 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


സാമൂഹികമായ അനാചാരത്തിലൂടെ ഉണ്ടായ നീതിയില്ലാത്ത തൊഴില്‍വിഭജനത്തിനും ഉച്ചനീചത്വത്തിനും ഗീതയുടെ ഗുണത്രയപാഠത്തെ ആധാരമാക്കുന്നത് ക്ഷന്തവ്യമല്ലതന്നെ. ഗുണത്രയങ്ങളുടെ വെളിച്ചത്തില്‍ നാലു ജാതികളെ കാണാന്‍ ഒരു പഴുതുമില്ല. ഇനി പറയാന്‍ പോകുന്ന ഗുണാതീതന്‍ എന്ന ഇനത്തിലും മൂന്നു ഗുണങ്ങളില്‍ ഏതെങ്കിലുമൊന്ന് വര്‍ധിച്ചിരിക്കുന്നവരുടെ ഗണങ്ങളിലും ഉള്‍പ്പെടുത്തി, നാലു 'വര്‍ണ'ക്കാരെ സ്ഥാപിക്കാനും പഴുതില്ല. കാരണം, ഓരോ ഗുണവും മേല്‍ക്കോയ്മ നേടി പെരുമാറ്റത്തെ നിയന്ത്രിക്കുന്നത് താത്കാലികമായാണ്. ഗുണങ്ങളുടെ ഏതുവിധ ചേരുവയും ഭേദഗതി ചെയ്യാനും അങ്ങനെ സ്വയം മാറ്റിത്തീര്‍ക്കാനുമുള്ള കഴിവ് മനുഷ്യരിലെല്ലാം ഒരുപോലെ നിക്ഷിപ്തമായിരിപ്പുമുണ്ട്.
ആദികണങ്ങളിലെ സ്​പന്ദഭാവങ്ങളുടെ ഭൗതികതയിലൂടെ പരമാണു, തന്മാത്ര എന്നിവയ്ക്കും ബൃഹത് തന്മാത്രകള്‍ക്കും ഉരുവപ്പെടാന്‍ അവസരമൊരുക്കി ജീവികളുടെ ഉല്പത്തിയിലേക്കു നയിച്ച് ശരീരങ്ങളില്‍ പ്രകടമാകുന്ന ഗുണപ്രഭാവങ്ങള്‍, കര്‍മങ്ങളിലൂടെ ആവിഷ്‌കൃതങ്ങളായി, കര്‍മഫലസംഗത്തിലൂടെ വാസനകളായി, രൂപനിര്‍മാണക്ഷേത്രങ്ങളിലൂടെ ജന്‍മാന്തരങ്ങളിലേക്ക് പടരുന്നു എന്നാണ് ഇനി പാഠം.
യദാ സത്വേ പ്രവൃദ്ധേ തു
പ്രലയം യാതി ദേഹഭൃത്
തദോത്തമവിദാം ലോകാന്‍
അമലാന്‍ പ്രതിപദ്യതേ

സത്വഗുണം നന്നായി വര്‍ധിച്ചിരിക്കുമ്പോഴാണ് (ശരീരത്തിന് ) പ്രലയം സംഭവിക്കുന്നതെങ്കില്‍ ആ ജീവാത്മാവ് സത്യം അറിയുന്നവരുടെ കളങ്കരഹിതലോകങ്ങളില്‍ എത്തിച്ചേരാന്‍ ഇടയാവുന്നു.
രൂപനിര്‍മാണക്ഷേത്രത്തെ, നല്ലതോ ചീത്തയോ ആയ ഗതിയിലൂടെ, പരാപ്രകൃതി മുന്നോട്ടു കൊണ്ടുപോകുന്നത്, ഗുണകര്‍മങ്ങളുടെ ശേഷിപ്പായി അതിലുള്ള വാസനകളുടെ അടിസ്ഥാനത്തിലാണെന്ന് മുന്‍പ് പറഞ്ഞു. അല്ലാതെ വര്‍ണാശ്രമധര്‍മങ്ങള്‍ അനുസരിച്ചോ പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തിലോ അല്ല. (ആറാമധ്യായം 40-43 ശ്ലോകങ്ങളില്‍ പുനര്‍ജനിയെക്കുറിച്ചുള്ള ഗീതയുടെ വെളിപ്പെടുത്തലുകള്‍ കണ്ടുവല്ലോ.)






MathrubhumiMatrimonial