githadharsanam

ഗീതാദര്‍ശനം - 501

Posted on: 17 May 2010

സി. രാധാകൃഷ്ണന്‍



ഗുണത്രയ വിഭാഗയോഗം


ഗുണനിയന്ത്രണത്തിലൂടെയേ സ്വഭാവനിയന്ത്രണം സാധിക്കൂ. പക്ഷേ, ഗുണങ്ങള്‍ പ്രത്യക്ഷങ്ങളല്ല, ഫലം കണ്ടേ അവയുടെ പ്രാമുഖ്യം നിശ്ചയിക്കാനാവൂ. അതിനാല്‍, വിവിധ ഗുണങ്ങളുടെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം.

സര്‍വദ്വാരേഷു ദേഹേ/സ്മിന്‍
പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാത്
വിവൃദ്ധം സത്വമിത്യുത

ഈ ദേഹത്തില്‍ എല്ലാ ഇന്ദ്രിയസ്ഥാനങ്ങളിലും ആത്മസ്വരൂപവിവേകത്തിലേക്കു നയിക്കുന്ന പ്രകാശം എപ്പോള്‍ ഉണ്ടാകുന്നുവോ അപ്പോള്‍ സത്വഗുണം (മറ്റു രണ്ടു ഗുണങ്ങളെയും കീഴ്‌പ്പെടുത്തി) പ്രധാനഭാവം കൈക്കൊണ്ടിരിക്കുന്നു എന്ന് അറിയേണ്ടതാണ്.
'എന്റെ കണ്ണില്‍ ഇരുട്ടു കയറിപ്പോയി', 'എനിക്ക് ദിക്കറിയാതായി', 'എനിക്ക് ഒന്നും ഓര്‍മ ഇല്ലാതായി' എന്നിങ്ങനെ 'എനിക്കു ബോധം നഷ്ടപ്പെട്ടു' എന്നുവരെ ഉള്ള അവസ്ഥകള്‍ക്ക് വിപരീതമായ സ്ഥിതിയെയാണ് ഇപ്പറയുന്നത്. 'എന്റെ എല്ലാ ധാരണോപാധികളും ജാഗരൂകങ്ങളായിരിക്കുന്നു' എന്ന നില. സമനില തെറ്റാതിരുന്നാലേ ഈ നില കൈവരൂ. 'ദ്വാര'ശബ്ദത്തിന് വ്യുല്പത്തി 'ദ്വാരയതി ഇതി' എന്നാണ്. അപരിചിതരെ തടയുന്നത് എന്നര്‍ഥം. ശരിയായ അറിവിന് അയഥാര്‍ഥജ്ഞാനം അപരിചിതമാണ്.

സത്വത്താല്‍ പ്രകാശിതമാകുന്ന അറിവില്‍ തെളിയുന്നത് ആത്മസ്വരൂപമാണ്. സമഭാവനയില്‍ സ്ഥിരമായി നില്‍ക്കുന്ന ബുദ്ധിയാണ് ഉറച്ച ബുദ്ധി. ആ ഭാവനയ്ക്ക് ഉപോല്‍ബലകമായ അറിവുകള്‍ നല്‍കുന്ന ഇന്ദ്രിയങ്ങളില്‍ ആ ബുദ്ധിയുടെ പ്രകാശം ലഭ്യമാകും. അതോടെ, ബാഹ്യലോകത്തെ വസ്തുനിഷ്ഠമായി കാണാനും വിശകലനം ചെയ്യാനും വിലയിരുത്താനുമുള്ള കഴിവ് കൂടുന്നു. ഈ കഴിവ് ജീവിതവിജയത്തിന് അനുപേക്ഷണീയമാണ്. നിറമുള്ള കണ്ണട സ്വച്ഛമായ ലോകത്തെ രാഗനിബിഡമായി കാണിച്ചു തരും. തുടര്‍ന്നുണ്ടാകുന്ന ധാരണപ്പിശക് പടിപടിയായി പല തരം പിഴവുകള്‍ക്കും കാരണമാകും. മറിച്ചാണെങ്കിലോ? ജ്ഞാനേശ്വര്‍ മഹാരാജ് പറയുന്നു, 'വസന്തകാലത്ത് വിടരുന്ന താമരപ്പൂവ് പരിമേയമെന്നാലും അതിന്റെ പരിമളം സര്‍വത്ര വ്യാപിക്കുന്നു. അതുപോലെ ശുദ്ധസത്വത്തില്‍നിന്ന് ഉണ്ടാകുന്ന പ്രകാശം ആത്മജ്യോതിസ്സിനെ നാലുപാടും പരത്തുന്നു. പാലും വെള്ളവും ചേര്‍ന്നിരുന്നാലും ഹംസം പാലിനെ മാത്രം സ്വീകരിക്കുന്നു. അതുപോലെ വിദ്യയും അവിദ്യയും സമ്മേളിക്കുന്ന വിഷയപ്രപഞ്ചത്തില്‍നിന്ന് സന്മാത്രമായ ചിദാനന്ദത്തെ പ്രകാശിപ്പിക്കാന്‍ ശുദ്ധസത്വത്തിന് കഴിയുന്നു.'

(തുടരും)



MathrubhumiMatrimonial