
വനചാരുതയില്‍ മുത്തങ്ങ
Posted on: 14 May 2010
-കെ.കെ.രമേഷ്‌കുമാര്‍

നിബിഡവനങ്ങള്‍ കുടചൂടുന്ന മുത്തങ്ങ. നിലയ്ക്കാത്ത കാടിന്റെ സംഗീതം... വനചാരുത തിടമ്പേറ്റുന്ന വയനാട്ടിലെ ആദ്യത്തെ വന്യജീവിസങ്കേതമാണിത്. ഇഴപിരിയുന്ന കാട്ടുവഴികളില്‍ ആനക്കൂട്ടങ്ങള്‍ പതിവുകാഴ്ചയാണ്. കാടും സഞ്ചാരികളും തമ്മിലുള്ള മുത്തങ്ങയിലെ രമ്യതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാഹനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍പോലും വഴിയില്‍നിന്നും അനങ്ങാതെ സഞ്ചാരികളുടെ തോഴന്മാരാവുകയാണ് ഇവിടെ വന്യജീവികള്‍.
തിങ്ങിവളരുന്ന മഴക്കാടുകളുടെ സങ്കേതത്തിലാണ് വിസ്മയങ്ങളുടെ ആവാസകേന്ദ്രം. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനപിടിത്ത കേന്ദ്രമെന്നായിരുന്നു ഖ്യാതി.
മൂന്നു സംസ്ഥാനങ്ങള്‍ അതിരിടുന്ന മുത്തങ്ങയില്‍ ആനകളുടെ പതിവു സഞ്ചാരപാതകളുണ്ട്. തീറ്റ തേടി കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും അതിര്‍ത്തികള്‍ മറികടക്കുന്നതാണ് ഇവരുടെ ശീലങ്ങള്‍. കടുവകളുടെയും പുലികളുടെയും മാനുകളുടെയും വിഹാരകേന്ദ്രമാണിത്. മൂന്നു കിലോമീറ്ററോളം ഭൂപരിധിയില്‍ വനരാജാക്കന്മാര്‍ കാടിനെ വീതിച്ചെടുക്കുന്നു. പുള്ളിപ്പുലികളും പുള്ളിമാനുകളും സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്നു.
മുതുമല, ബന്ദിപ്പുര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. യഥേഷ്ടം വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മനംനിറയെ കാഴ്ചകളാണ് മുത്തങ്ങ നല്കുന്നത്. മുത്തങ്ങയുടെ വിളി കേള്‍ക്കാത്തവര്‍ കുറവാണ്. വയനാട്ടിലേക്കാണ് യാത്രയെങ്കില്‍ മുത്തങ്ങയില്‍ കയറാതെ പോകുന്നത് പതിവില്ല. രാവിലെയും വൈകിട്ടുമുള്ള വൈല്‍ഡ് ലൈഫ് സഫാരിയില്‍ ഒരുകാലത്തും സഞ്ചാരികളുടെ കുറവില്ല.
മഞ്ഞുമാറുന്നതിനു മുമ്പ് കാട്ടിനുള്ളിലേക്ക് ഒരു യാത്ര. ഏതു നിമിഷവും മുന്നില്‍പ്പെടാവുന്ന കാട്ടാനകളെ കാണാനുള്ള കൗതുകയാത്രകള്‍. കാടിന്റെ കുളിരും ഇരുളും ഇടകലര്‍ന്ന യാത്രയില്‍ ഒരു ഉള്‍ക്കിടലവും കൂട്ടിനുണ്ടാകും. കാടിനെ അറിഞ്ഞുകൊണ്ടുള്ള സഫാരി അവസാനിക്കുമ്പോള്‍ കാഴ്ചകളുടെ നിറം കലര്‍ന്ന ഓര്‍മകള്‍ ബാക്കിയാകും. വയനാടന്‍ പ്രകൃതിഭംഗികളുടെ ആസ്വാദനമികവില്‍ ചുരമിറങ്ങുമ്പോള്‍ മുത്തങ്ങയെ മറക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്തെ പേരുകേട്ട എലിഫന്റ് പ്രോജക്ടില്‍നിന്നും ഇനിയും തീരാത്ത വിശേഷങ്ങള്‍ പറയാന്‍ കാലങ്ങളോളം ഈ ഓര്‍മകള്‍ ഏതൊരു സഞ്ചാരിയുടെയും കൂടെയുണ്ടാകും.
ദേശീയപാത 212ല്‍ ബത്തേരി കടന്നാല്‍ മുത്തങ്ങയായി. ഇരുവശത്തും മുളങ്കാടുകള്‍ അതിരുന്ന കാഴ്ചാനുഭവങ്ങള്‍. ഇടയ്ക്കിടെ വനഗ്രാമങ്ങള്‍ പഴമയുടെ ഓര്‍മകള്‍ മുന്നിലേക്ക് കൊണ്ടുവരും. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ചെക്ക് പോസ്റ്റില്‍ ഇടതുഭാഗത്തായി പ്രവേശന കവാടം. മുളകൊണ്ട് നിര്‍മിച്ച വിശ്രമസങ്കേതങ്ങള്‍ സഞ്ചാരികളെ സ്വീകരിക്കും. കല്പറ്റയില്‍നിന്ന് 41 കിലോമീറ്റര്‍ ദൂരം. ബത്തേരിയില്‍നിന്ന് 16. മാനന്തവാടിയില്‍നിന്ന് 58 കിലോമീറ്റര്‍. കോഴിക്കോട് ടൗണില്‍നിന്ന് 96 കിലോമീറ്റര്‍ കല്പറ്റ-ബത്തേരി-മൈസൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
നീലഗിരി ബയോസ്ഫിയറിനോട് ചേര്‍ന്നുള്ള സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരിക്കുന്നുണ്ട്. മൈസൂര്‍ വഴി 95 കിലോമീറ്റര്‍ വന്നാല്‍ കേരള അതിര്‍ത്തിയില്‍ എത്താം. ഊട്ടിയില്‍നിന്നും 160 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ ഏഴു മുതല്‍ പത്തുമണിവരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം. വൈകിട്ട് മൂന്നു മണി മുതല്‍ 5.30വരെയും വന്യജീവി സങ്കേതത്തിനുള്ളില്‍ പ്രവേശനം ലഭിക്കും.
മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് അഞ്ചു രൂപയുമാണ് ഫീസ്. സവാരി നടത്താന്‍ 50 രൂപ ഒരാള്‍ക്ക് വാഹനഫീസ്. ജീപ്പ് വാടക 300 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി ബന്ധപ്പെടാം. ഫോണ്‍: 04936-271010, 04936-270454.
താമസസ്ഥലങ്ങള്‍ : എടയ്ക്കല്‍ ഹെര്‍മിറ്റേജ് 04936 221860, ഓര്‍ക്കിഡ് 04936 262844, ഹോട്ടല്‍ ഐസക്‌സ് റീജന്‍സി 04936 220512, ഗസ്റ്റ് ഹൗസ് ബത്തേരി 04936 220225, ചക്കാലക്കല്‍ ടൂറിസ്റ്റ് ഹോം 04936 221740, ദ്വാരക ടൂറിസ്റ്റ് ഹോം 04936 220358, ട്രാന്‍ക്വില്‍ 04936 220244, കെ.ടി.ഡി.സി. പെപ്പര്‍ഗ്രോവ് 04936 221900, ഹോട്ടല്‍ മിന്റ് ഫ്‌ളവര്‍ 04936 227179, ദി റിസോര്‍ട്ട് ഹോട്ടല്‍ 04936 220510.
