ഇന്ത്യയിലെന്നല്ല എല്ലാ രാജ്യത്തും ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ഭീഷണികള്‍ ഉണ്ട്. ഡല്‍ഹി കൂട്ടബലാത്സംഗ കേസിനു ശേഷം ഇന്ത്യ യില്‍ ഇതേക്കുറിച്ചുള്ള ഭീതി വ്യാപകമാം വിധം വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. അതിനര്‍ഥം ഇന്ത്യ അപകടകരമായ രാജ്യമാണ് എന്നല്ല. ഇന്ത്യയിലേക്കുള്ള വനിതാ യാത്രികരോട് വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നാണ് ഉപദേശിക്കുന്നത്. എന്നാല്‍ ലോണ്‍ലി പ്ലാനറ്റ് പോലുള്ള യാത്രാ സൈറ്റുകള്‍ ഇപ്പോഴും പറയുന്നത് ഇന്ത്യ, പ്രചരിപ്പിക്കപ്പെടുന്നത്ര അപകടകരമായ രാജ്യമല്ല എന്നാണ്. അത്രയെങ്കിലും ആശ്വാസം. സ്ത്രീകള്‍ തനിച്ചു യാത്ര ചെയ്യുമ്പോള്‍ എവിടെയായാലും റിസ്‌ക് ഉണ്ട്. അതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ കരുതല്‍ വേണം ഇവിടെ എന്നേയുള്ളൂ. പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറമെ ഇന്ത്യക്കു മാത്രമായുള്ള നിര്‍ദേശങ്ങള്‍ മിക്ക രാജ്യങ്ങളുടെയും വിദേശമന്ത്രാലയ വെബ്‌സൈറ്റില്‍ കാണാം. അവയില്‍ പ്രധാനപ്പെട്ട ചിലത് (ഇത് ആഭ്യന്തര വനിതാ യാത്രികര്‍ക്കും ബാധകമാണ്).
തനിയെ സഞ്ചരിക്കുന്ന സ്ത്രീകള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്
1. രാത്രിയില്‍ ചെക്ക് ഇന്‍ ചെയ്യല്‍. ഏതു യാത്രയും പകല്‍ തീരും മുമ്പ് ലക്ഷ്യസ്ഥാനത്തെത്തും വിധം പ്ലാന്‍ ചെയ്യണം.
2. ശ്രദ്ധയാകര്‍ഷിക്കും വിധം പരിസരത്തിനു ചേരാത്ത വസ്ത്രം ധരിക്കല്‍. ചെല്ലുന്ന സ്ഥലത്തെ മര്യാദകളോടും ആചാരങ്ങളോടും ബഹുമാനം കാണിച്ചേ മതിയാവൂ.
3. ഒരു ബാക്ക്-അപ് ട്രാവല്‍ പ്ലാന്‍ ഇല്ലാതെ യാത്ര നടത്തല്‍. യാത്രയില്‍ സംഭവിക്കാവുന്ന അപ്രതീക്ഷിതമായ തടസ്സങ്ങള്‍ക്ക് ബദല്‍ പദ്ധതി ആദ്യമേ മനസ്സില്‍ ഉണ്ടാവണം. ട്രാവല്‍ കാര്‍ഡ് പോയാല്‍ എന്തു ചെയ്യും, പണം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും, വഴിയില്‍ യാത്ര തടസ്സപ്പെട്ടാല്‍ എന്തു ചെയ്യും തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും എന്തെങ്കിലും ബദല്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കണം.
4. സ്ത്രീ സുഹൃത്തുക്കള്‍ പുരുഷന്മാരേക്കാള്‍ മര്യാദക്കാരാണ് എന്നു വിശ്വസിക്കല്‍. പലപ്പോഴും ഇതു തെറ്റാറുണ്ട്. പല ഇടപാടുകളിലും ഇടനിലക്കാര്‍ സ്ത്രീകളായിരിക്കും. അതിനാല്‍ ശ്രദ്ധാപൂര്‍വം മാത്രം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. ചോദനകളെ മാത്രം വിശ്വസിക്കുക. ഇവള്‍ ശരിയല്ലല്ലോ എന്നു തോന്നുന്നുണ്ടെങ്കില്‍ പലപ്പോഴും ആ തോന്നല്‍ ശരിയായിരിക്കും.
5. താമസസ്ഥലവും ട്രാവല്‍ പ്ലാനും വെളിപ്പെടുത്തല്‍. അപരിചിതരോട് കഴിവതും അത്തരം കാര്യങ്ങള്‍ പറയാതിരിക്കുക.
6. ലൈസന്‍സില്ലാത്ത ടാക്‌സി വിളിക്കല്‍. മുന്‍പിന്‍ നോക്കാതെ വഴിയിരികില്‍ നിന്നും മറ്റും ടാക്‌സി വിളിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. വിശ്വാസ്യത ഉള്ള ടാക്‌സി ഏജന്‍സികളില്‍ നിന്നോ ഹോട്ടല്‍ ഫ്രന്റ് ഡസ്‌ക് മുഖേനയോ മാത്രം ടാക്‌സി ഏര്‍പ്പാടാക്കുന്നതാണ് ഉചിതം.
7. ആടയാഭരണങ്ങള്‍ അണിഞ്ഞുള്ള വിലസല്‍. യാത്രയില്‍ വില പിടിച്ച ഒരാഭരണവും ധരിക്കരുത്.
8. കതകില്‍ മുട്ടു കേട്ട ഉടനെ ഹോട്ടല്‍ റൂമിന്റെ ഡോര്‍ തുറക്കല്‍. റൂം സര്‍വീസോ മെയ്ന്റനന്‍സോ എന്തുമാവട്ടെ ആവശ്യപ്പെടാതെ കതകില്‍ മുട്ടിയാല്‍ താഴെ ഫ്രന്റ് ഡസ്‌ക് വിളിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം തുറക്കുക.
9. അപരിചിതരില്‍ നിന്ന് ആഹാര-പാനീയാദികള്‍ വാങ്ങി കഴിക്കല്‍. ഡ്രഗ്ഗിങ് -മയക്കുമരുന്നു കലര്‍ത്തല്‍- വ്യാപകമായ കാലമാണ് ഇത് എപ്പോഴും ഓര്‍ക്കുക.
10. ഭയം പിടികൂടി ഒന്നും ചെയ്യാന്‍ സാധിക്കാത്ത വിധം തളര്‍ന്നു പോകല്‍. യാത്ര പോകുന്നത് ആസ്വദിക്കാനാണ്. പിന്മാറാനും മുന്‍കരുതലുകളുടെ പേരില്‍ യാത്ര ആസ്വദിക്കാതിരിക്കാനും ഇടയാക്കരുത്. ഒരു ഘട്ടത്തിലും ഭയം ബുദ്ധിയെ കീഴടക്കിക്കൂടാ.