മുംബൈയില്‍ ഐടി പ്രൊഫഷണലാണ് സുചിത്ര. പഠിച്ചിറങ്ങിയ ഉടനെ ജോലികിട്ടി. കയ്യില്‍ കുമിഞ്ഞുകൂടിയ പണം എങ്ങനെ ചെലവാക്കണമെന്നറിയാതെ വിഷമിച്ച ഒരു കാലം സുചിത്രയ്ക്കുണ്ടായിരുന്നു. വസ്ത്രങ്ങളും അതിന് യോജിച്ച ചെരുപ്പുകളും ആഭരണങ്ങളും അവള്‍ വാങ്ങിക്കൂട്ടി. എന്നിട്ടും പണം ബാക്കി. വാരാന്ത്യങ്ങളില്‍ കൂട്ടുകാരികളുമൊത്ത് ഷോപ്പിങ് സെന്ററുകളിലും റെസ്റ്റോറന്റുകളിലും ഉല്ലസിച്ചുനടന്നു. മകള്‍ പണം ചെലവാക്കുന്നതിനെക്കുറിച്ച് അച്ഛനും അമ്മയും അന്വേഷിച്ചതേയില്ല. അതുമാത്രമല്ല, പണം ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്ന് ഇടയ്ക്കിടെ അവര്‍ മകളോട് പറയുകയും ചെയ്തു.
അതിനിടെയാണ് നഗരത്തിലെ റെസ്റ്റോറന്റില്‍ വെച്ച് അരുണിനെ പരിചയപ്പെട്ടത്. വളരെവേഗംതന്നെ തന്റെ ഭാവി പങ്കാളിയെ ഇരുവരും തിരിച്ചറിഞ്ഞു! വിവാഹത്തിനുമുമ്പേ ചുറ്റിക്കറങ്ങല്‍ പതിവായി. ഇതറിഞ്ഞ വീട്ടുകാര്‍ താമസിയാതെതന്നെ ഇരുവരെയും കെട്ടിച്ചുവിട്ടു. അഞ്ച് വര്‍ഷംമാത്രമായിരുന്നു ആ ബന്ധത്തിന്റെ കാലാവധി. ഒറ്റയ്ക്ക് ജീവിച്ച് ഉല്ലസിച്ച സുചിത്രയ്ക്ക് തന്റെമേലൊരു നിയന്ത്രമം ഇഷ്ടമായിരുന്നില്ല. വ്യക്തിപരമായ പലകാര്യങ്ങളിലും ആരുടേയും കൈകടത്തലും ഇഷ്ടപ്പെട്ടില്ല. ഏതായാലും വിവാഹബന്ധം വേര്‍പ്പെടുത്തിയ സമയത്ത് സുചിത്രയുടെ മുന്നില്‍ ചില നിശ്ചയദാര്‍ഢ്യങ്ങളുണ്ടായിരുന്നു. ഇനിയൊരു വിവാഹത്തിനില്ല. സ്വതന്ത്രയായി ജീവിക്കണം.
താമസിച്ചിരുന്ന വീട്ടില്‍നിന്ന് കുറച്ച് വസ്ത്രങ്ങളും മറ്റുമെടുത്ത് അവള്‍ പടിയിറങ്ങി. കയ്യില്‍ സമ്പാദ്യമൊന്നുമില്ല. അതേസമയം, മികച്ച ശമ്പളം കിട്ടുന്ന ജോലിയുണ്ട്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി ജോലി ഉപേക്ഷിക്കാന്‍ ഒരിക്കല്‍ തീരുമാനിച്ചതാണ്. അച്ഛനും അമ്മയുമാണ് അതിന് തടയിട്ടത്. അത് ഏതായാലും രക്ഷയായെന്നുമാത്രം അവള്‍ കരുതി. ഈ സാഹചര്യത്തിലാണ് ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറെ സമീപിച്ചത്. അത് സുചിത്രയുടെ ക്രയവിക്രയ ശേഷിയെ കാര്യമായി പുനക്രമീകരിച്ചു. ജീവിതത്തിന് ഒരു അടുക്കുംചിട്ടയുമായി. ഫിനാന്‍ഷ്യല്‍ പ്ലാനര്‍ നല്‍കിയ ഉപദേശങ്ങള്‍ ഇവയാണ്.
ഉപദേശം നമ്പര്‍ 1
അടിയന്തര ആവശ്യത്തിനുള്ള പണം
ഐടി കമ്പനിയിലെ ജോലിയാണ്. മികച്ച ശമ്പളം കിട്ടും. പക്ഷേ, എന്തെങ്കിലും ക്രൈസിസ് വന്നാല്‍ ജോലിപോയേക്കാം. ഏറെക്കാലം ജോലിചെയ്ത സ്ഥാപനത്തില്‍നിന്ന് കൂടുമാറാനൊരു മോഹമുണ്ടായാല്‍? ഈ സാഹചര്യത്തില്‍ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ കരുതല്‍ ധനം വേണം. എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ കഴിയുന്ന രീതിയില്‍ 6-9 മാസത്തെ ശമ്പളമാണ് ഇതിനായി ബാങ്കില്‍ സൂക്ഷിക്കേണ്ടത്. പെട്ടെന്നുണ്ടാകുന്ന ചികിത്സ ചെലവ്, അപ്രതീക്ഷിതമായുണ്ടായേക്കാവുന്ന മറ്റ് ചെലവുകള്‍ എന്നിവയ്ക്കും ഈ തുക ഉപയോഗിക്കാം.
ഉപദേശം രണ്ട്
ഇന്‍ഷുറന്‍സ് കവറേജ്
മെട്രൊ നഗരങ്ങളില്‍ ഉള്‍പ്പടെ ചിക്താസചെലവുകള്‍ അടിക്കടി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ അഞ്ച് ലക്ഷം രൂപയ്‌ക്കെങ്കിലുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് എടുക്കണം. ഇതിനുപുറമേ, കുട്ടികളോ മറ്റൊ ആശ്രിതരായുണ്ടെങ്കില്‍ ടേം ഇന്‍ഷുറന്‍സ് പോളിസിയും അനിവാര്യമാണ്. കുറഞ്ഞ വാര്‍ഷിക പ്രീമിയത്തില്‍ നിലവില്‍ മികച്ച പോളിസികള്‍ ലഭ്യമാണ്. 50 ലക്ഷം രൂപയെങ്കിലും കവറേജ് ലഭിക്കുന്ന ടേം പോളിസി എടുക്കുക.
ഉപദേശം മൂന്ന്
വീട്
ഷോപ്പിങ്, ജോലിക്കുപോകാനുള്ള സൗകര്യം, സുരക്ഷ എന്നിവയ്ക്ക് പ്രധാന്യം നല്‍കി അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കുക. 20-30 വര്‍ഷ കാലാവധിയുള്ള ഭവനവായ്പയെടുക്കാം. ആദായനികുതിയിനത്തില്‍ ഇളവും നേടാം.
ഉപദേശം നാല്
റിട്ടയര്‍മെന്റ് ജീവിതം
റിട്ടയര്‍മെന്റ്കാല ജീവിതത്തിന് പണം സ്വരൂപിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. ജീവിതത്തിന്റെ സായാഹ്നത്തില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ റിട്ടയര്‍മെന്റ് പ്ലാനിങ് ആവശ്യമാണ്. എന്നാല്‍ പലരും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. നിലവിലെ ജീവിത ചെലവ് എത്രയെന്ന് വിലയിരുത്തി ഭാവിയിലുണ്ടായേക്കാവുന്ന പണപ്പെരുപ്പ നിരക്കുകള്‍ കൂടി കണക്കാക്കി പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കണം. എത്രയും നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും നേട്ടം കൂടുതല്‍ ലഭിക്കുമെന്ന് മനസിലാക്കുക. ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
ഉപദേശം അഞ്ച്
വില്‍പത്രം തയ്യാറാക്കുക
ജീവിതകാലത്ത് തങ്ങള്‍ ആര്‍ജിച്ച സ്വത്തുവകകള്‍ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് ഒരു രേഖയുമുണ്ടാക്കാതെ കടന്നു പോയ ഒട്ടേറെപ്പേരുണ്ട്. വ്യക്തമായ പ്ലാനിങ്ങിലൂടെ, കഷ്ടപ്പെട്ട് സ്വരുകൂട്ടിയ സ്വത്ത്, കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്നോ, ആ ആളിലോ, ആളുകളിലോ നിയമപരമായി തന്റെ സ്വത്തുക്കള്‍ എത്തിച്ചേരുന്നതിന് വില്‍പത്രം സഹായിക്കുന്നു. അതിനുവണ്ടി നിയമപരമായ ഒരു രേഖ ഉണ്ടാക്കുകയാണ് ആദ്യപടി. കാലശേഷം സ്വത്തുവകകള്‍ ആരുടെയൊക്കെ കൈവശം ഏതൊക്കെ അനുപാതത്തിലാണ് എത്തിച്ചേരേണ്ടതെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കിയിരിക്കും. വില്‍പത്രം എഴുതുന്നയാള്‍ ജീവിച്ചിരിക്കെ എപ്പോള്‍ വേണമെങ്കിലും അത് റദ്ദാക്കാം. പുതുക്കിയെഴുതാം. മാനസിക പ്രശ്‌നങ്ങളില്ലാത്ത, 18 വയസ്സിനുമേല്‍ പ്രായമുള്ള ഒരാള്‍ക്ക് വില്‍പത്രം തയ്യാറാക്കാവുന്നതാണ്. വില്‍പത്രം തയ്യാറാക്കി പരിചയമുള്ള ലീഗല്‍ പ്രാക്ടീഷണറെ ഏല്പിക്കുകയാണ് നല്ലത്. വ്യക്തമായ ശൈലിയില്‍ ഏതു ഭാഷയില്‍ വേണമെങ്കിലും വില്‍പത്രം തയ്യാറാക്കാം.