സ്ത്രീകള്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ക്കു പുറമേ ആറാമതൊരു ഇന്ദ്രിയംകൂടിയുണ്ടോ?
ഉണ്ടെന്ന് ഇന്നേവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അത്തരമൊരെണ്ണം മിക്ക സ്ത്രീകള്‍ക്കും ഉണ്ടെന്ന് അവരുടെ ഭര്‍ത്താക്കന്മാര്‍ക്കെങ്കിലും തോന്നിക്കാണും. താഴെക്കൊടുത്തിരിക്കുന്ന സീന്‍ ശ്രദ്ധിക്കൂ. ഇതു വായിക്കുന്ന നിങ്ങളുടേതടക്കം ചില വീടുകളിലെങ്കിലും സംഭവിച്ചിരിക്കാനിടയുള്ള ഒരു രംഗമാണിത്.
കാലത്ത് ഭര്‍ത്താവ് ഒാഫീസില്‍ പോകാനുള്ള ധൃതിപ്പെട്ടുള്ള ഒരുക്കത്തിലാണ്. ഭാര്യയാണെങ്കില്‍ അടുക്കളയില്‍ അതിനെക്കാള്‍ ധൃതിപ്പെട്ടുള്ള ജോലികളില്‍ വ്യാപൃതയാണ്. പ്രാതലുണ്ടാക്കണം, മക്കളെ സ്‌കൂളിലയയ്ക്കണം. അതെല്ലാം കഴിഞ്ഞു ഒരുങ്ങിപ്പിടിച്ച് അവള്‍ക്കും പോകണം ജോലിക്ക്! അപ്പോഴാണ് ഭര്‍ത്താവിന്റെ വിളി:
'എടീ, എന്റെ വെള്ളയില്‍ നീല വരയുള്ള ഷര്‍ട്ടെവിടെ?'
'ആ അലമാരയിലെങ്ങാനും കാണും,' അടുക്കളയില്‍നിന്ന് ഭാര്യ.
അലമാരയായ അലമാരയെല്ലാം അരിച്ചുപൊറുക്കിയിട്ടും താന്‍ തിരയുന്ന ഷര്‍ട്ടൊഴിച്ച് ബാക്കിയെല്ലാം കണ്ടെത്തുന്ന ഭര്‍ത്താവ് നിരാശനായി ഭാര്യയെ വീണ്ടും വിളിക്കുന്നു.:
'ഞാന്‍ നോക്കിയിട്ട് അത് ഇവിടെയെങ്ങും കാണുന്നില്ല. നീ വന്ന് അതൊന്നെടുത്തു താ...പ്ലീസ്...'
ഭാര്യ അല്പം ദേഷ്യത്തോടെയാണെങ്കിലും തിടുക്കപ്പെട്ട് ഓടിവരുന്നു. ആദ്യ അലമാര തുറന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ ചോദിച്ച അതേ ഷര്‍ട്ട് പുഷ്പംപോലെ പുറത്തെടുത്ത് ഭര്‍ത്താവിന്റെ മുന്നിലേക്കിടുന്നു; മാന്ത്രികന്‍, ഒഴിഞ്ഞ പാത്രത്തില്‍നിന്ന് കാക്കെത്താള്ളായിരം സാധനങ്ങള്‍ പുറത്തെടുക്കുന്ന ലാഘവത്തോടെ.
അദ്ഭുതത്തോടെയും അതിലേറെ ജാള്യതയോടെയും നില്ക്കുന്ന ഭര്‍ത്താവിന്റെ മുഖത്തേക്ക് 'നിങ്ങള്‍ക്ക് മുഖത്തല്ലേ കണ്ണ് മനുഷ്യാ' എന്ന മട്ടില്‍ ഒരു ചുട്ട നോട്ടം നോക്കി ഭാര്യ വന്ന വേഗത്തില്‍ത്തന്നെ തിരിച്ചു പോകുന്നു.
നിങ്ങളൊരു പുരുഷനാണെങ്കില്‍ നിങ്ങള്‍ക്കും ഇത്തരത്തിലുള്ളതോ ഇതിനോടു സമാനതയുള്ളതോ ആയ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ. സ്ത്രീകള്‍ക്ക് ആറാമതൊരിന്ദ്രിയംകൂടിയുണ്ടെന്ന തോന്നലിലേക്കല്ലേ അതു വഴിെവക്കുന്നത്? മറ്റൊരു സീന്‍ കൂടി.
ഭാര്യയും ഭര്‍ത്താവും ഒരു കല്യാണപ്പാര്‍ട്ടിയിലാണ്. ഭാര്യ ചുണ്ടുകള്‍ ചലിപ്പിക്കുകപോലും ചെയ്യാതെ അതിനിഗൂഢഭാവത്തില്‍ ഭര്‍ത്താവിനോട്-
'ഹാളിന്റെ മുന്‍വശത്തെ ജനലിനോടു ചേര്‍ന്ന ഭാഗത്തു നില്ക്കുന്ന മഞ്ഞ പട്ടുസാരിയുടുത്ത പെണ്ണിനെക്കണ്ടില്ലേ, ഞങ്ങളുടെ ഓഫീസില്‍ പുതുതായി വന്ന ക്ലാര്‍ക്കാണ്. എന്താണവളുടെയൊരു പവ്വറ്! ആണുങ്ങളോടുള്ള അവളുടെ കുഴഞ്ഞാട്ടം കണ്ടില്ലേ?'
ഭര്‍ത്താവ് തികച്ചും നിഷ്‌കളങ്കമായി ഭാര്യ സൂചിപ്പിച്ച ഭാഗത്തേക്ക് നോക്കുന്നു.
പെട്ടെന്ന് പുറകില്‍ ഷര്‍ട്ടിന്റെ തുമ്പില്‍ പിടിച്ച് ചെറുതായൊരു വലി.
'അയ്യേ... അങ്ങനെ തുറിച്ചു നോക്കാതെ മനുഷ്യാ...'
പിന്നെ നോക്കാതെങ്ങനെ കാണുമെന്ന് ഭര്‍ത്താവ്.
ഈ സീന്‍ വായിക്കുമ്പോള്‍ ഭാര്യയ്ക്ക് വശങ്ങളില്‍ക്കൂടി ഒരു സെറ്റ് കണ്ണുകളുണ്ടെന്നു തോന്നുന്നില്ലേ? തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ നേര്‍ക്കു നേര്‍ നോക്കാതെതന്നെ കാണാനും നിരീക്ഷിക്കാനും അവള്‍ക്കു കഴിയുന്നുണ്ട്. പക്ഷേ, പാവം ഭര്‍ത്താവിന് വശങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ ടേബിള്‍ഫാന്‍പോലെ തല തിരിക്കുകതന്നെ വേണം. എന്താണ് ഭാര്യയുടെ ഈ പ്രത്യേക കഴിവിന് അടിസ്ഥാനം?
പെണ്ണുങ്ങള്‍ മീനാക്ഷികള്‍!
ഇന്ദ്രിയങ്ങളുടെ സംവേദനക്ഷമതയില്‍ സ്ത്രീകള്‍ പുരുഷനെക്കാള്‍ ബഹുദൂരം മുന്നിലാണെന്നാണ് ആധുനികപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാഴ്ചയുടെ കാര്യത്തിലാകുമ്പോള്‍ അവര്‍ മത്സ്യങ്ങളെപ്പോലെയാണ്. തല ചെരിക്കാതെതന്നെ അവര്‍ക്ക് വശങ്ങളിലേക്ക് വലിയൊരളവുവരെ കാണാനൊക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ വശങ്ങളിലേക്കുള്ള കാഴ്ചയുടെ അഥവാ പെരിഫെറല്‍ വിഷന്റെ (Periferal Vision) പരിധി പുരുഷന്മാരെക്കാള്‍ വളരെക്കൂടുതലാണ്. ശക്തമായ ഒരു വൈഡ് ആംഗിള്‍ ലെന്‍സ് ഫിറ്റ് ചെയ്ത ക്യാമറപോലെയാണ് അവരുടെ കണ്ണുകള്‍. ചില സ്ത്രീകള്‍ക്ക് നിന്ന നില്പില്‍ തല ചെരിക്കാതെ ഏകദേശം 45 ഡിഗ്രിവരെ വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും സാമാന്യം വ്യക്തമായിത്തന്നെ കാണാന്‍ സാധിക്കുമത്രേ. പക്ഷേ, ഇവിടെ പുരുഷന്റെ പരിധി ഇതിലും വളരെ വളരെ കുറവായിരിക്കും. ഇപ്പോള്‍ മനസ്സിലായില്ലേ മഞ്ഞ പട്ടുസാരിക്കാരിയെ ഭാര്യയ്ക്ക് 'നോക്കാതെതന്നെ' കാണാന്‍ കഴിയുന്നതിന്റെയും പുരുഷന്‍ അവളെ നേര്‍ക്കുനേര്‍ നോക്കാന്‍ നിര്‍ബന്ധിതനാകുന്നതിന്റെയും രഹസ്യം! അതുപോലെത്തന്നെ കൂടിയ പെരിഫെറല്‍ വിഷന്‍ കാരണം ഒറ്റനോട്ടത്തില്‍തന്നെ കൂടുതല്‍ ഏരിയ അതിവേഗത്തില്‍ സ്‌കാന്‍ ചെയ്യാനും സ്ത്രീകള്‍ക്കു കഴിയും. ഒളിഞ്ഞിരിക്കുന്ന സാധനങ്ങള്‍ തിരഞ്ഞുപിടിക്കേണ്ടിവരുമ്പോള്‍ പുരുഷന്മാര്‍ മിക്കപ്പോഴും നിസ്സഹായരായി മിഴിച്ചു നില്ക്കുന്നതിന്റെയും സ്ത്രീകള്‍ക്ക് അവ എ
ളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതിന്റെയും കാരണവും മറ്റൊന്നല്ല.
സാമൂഹികജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം മുഖാമുഖ ആശയവിനിമയത്തില്‍ നേത്രബന്ധം സ്ഥാപിക്കല്‍ പ്രധാനമാണ്. അതിനു കൃഷ്ണമണി കൂടുതല്‍ വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ചലിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടായിരിക്കാം മനുഷ്യരില്‍ കണ്ണിന്റെ വെള്ളയുടെ വിസ്തൃതി മറ്റു മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യരില്‍ വളരെ കൂടുതലായി കാണപ്പെടുന്നത്. മനുഷ്യരില്‍ത്തന്നെ സ്ത്രീകള്‍ക്കായിരിക്കും കണ്ണിന്റെ വെള്ളയുടെ വിസ്തൃതി കൂടുതല്‍. ആയതിനാല്‍ പുരുഷന്മാരെക്കാള്‍ കൃഷ്ണമണികളുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ചലനസ്വാതന്ത്ര്യം സ്ത്രീകള്‍ക്കു കൂടിയിരിക്കും. സ്വാഭാവികമായും അവരുടെ പെരിഫെറല്‍ വിഷന്‍ കൂടുമെന്നു മാത്രമല്ല ആശയവിനിമയത്തിനിടയില്‍ നേത്രബന്ധം സ്ഥാപിക്കുന്നതിലും അവര്‍ക്കുതന്നെയായിരിക്കുമല്ലോ മിടുക്ക്. എളുപ്പത്തില്‍ സാമൂഹികബന്ധങ്ങള്‍ (Social bonding) സ്ഥാപിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ മികവുകാണിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഈ സവിശേഷതയായിരിക്കാം.
അവര്‍ നോക്കാതെ കാണുന്നവര്‍
മറ്റൊരു രഹസ്യംകൂടി. ആണുങ്ങളുടെ തുറിച്ചുനോട്ടത്തെക്കുറിച്ച് കാണാന്‍കൊള്ളാവുന്ന പെണ്ണുങ്ങള്‍ പലപ്പോഴും പരാതിപ്പടാറുണ്ടല്ലോ. ബാംഗ്ലൂരില്‍ ഈ പ്രശ്‌നത്തിനെതിരെ പ്രതികരിക്കുന്നതിനു മാത്രമായി അഭ്യസ്തവിദ്യരായ സ്ത്രീകളുടെ ഒരു സംഘടനപോലും പ്രവര്‍ത്തിക്കുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ, ഇവിടെ ഒരു ചോദ്യം ന്യായമായും പ്രസക്തമാണ്. പെണ്ണുങ്ങളെ ആണുങ്ങള്‍ തുറിച്ചുനോക്കുന്നതു ശരി, അതുപോലെ ആണുങ്ങളെ പെണ്ണുങ്ങളും 'തുറിച്ചല്ലെങ്കിലും' നോക്കുന്നെങ്കിലുമുണ്ടാവില്ലേ? ഉണ്ടെന്നുതന്നെയാണ് പാശ്ചാത്യരാജ്യങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പട്ടു നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആകര്‍ഷണീയവ്യക്തിത്വമുള്ള പുരുഷന്മാരെക്കണ്ടാല്‍ ആണുങ്ങളോളമോ ഒരുപക്ഷേ, അതിനെക്കാളല്പം കൂടുതലോ പെണ്ണുങ്ങളും നോക്കുന്നുണ്ടാകുമത്രേ. പക്ഷേ, സംഗതി ആരുടെയും ശ്രദ്ധയില്‍ പെടുന്നില്ലെന്നു മാത്രം. കാരണം, പെണ്ണിന് പെരിഫെറല്‍ വിഷന്റെ പരിധി കൂടുമെന്നതിനാല്‍ പുരുഷനെ നോക്കുമ്പോള്‍ നേര്‍ക്കുനേര്‍ നോക്കുകയോ തലചെരിക്കുകയോ ചെയ്യാതെതന്നെ കാര്യം സാധിക്കാം. സംഗതി ആരുടെയും ശ്രദ്ധയില്‍പ്പെടുകയുമില്ല!!
രാക്കാഴ്ചയും നിറക്കാഴ്ചയും
ലോകപ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ ആഷ്‌ലീ മോണ്‍ടാഗുവിന്റെ അഭിപ്രായത്തില്‍ നിറങ്ങള്‍ തിരിച്ചറിയുവാനും അവയെ കൂടുതല്‍ സൂക്ഷ്മമായി അപഗ്രഥിക്കാനുമുള്ള കഴിവില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഭാഷാശാസ്ത്രജ്ഞയായ റോബിന്‍ ലാക്കോഫ് അവരുടെ Language and Women's Place (Harper Colophon, 1975) എന്ന പുസ്തകത്തില്‍ ഈ വസ്തുത ശരിെവക്കുന്നുണ്ട്. തന്റെ സുഹൃത്ത് ഒരു കാറു വാങ്ങിയതായി അറിഞ്ഞാല്‍ അത് ഏതു ബ്രാന്‍ഡാണെന്നറിയാനായിരിക്കും പുരുഷന്‍ ആദ്യം താത്പര്യപ്പെടുക. സ്ത്രീയാകട്ടെ അതിന്റെ നിറമേതെന്നറിയാനും. സ്ത്രീകള്‍ക്ക് നിറങ്ങളോടുള്ള അധികപ്രതിപത്തിയാണല്ലോ ഇതു വ്യക്തമാക്കുന്നത്. പുരുഷന്‍മാര്‍ അടിസ്ഥാനനിറങ്ങളായ ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുമ്പോള്‍ അവയുടെ വ്യത്യസ്ത കോമ്പിനേഷനുകള്‍ വഴി ലഭിക്കുന്ന ഇതര ഷേഡുകളുടെയും പേരുകള്‍ സ്ത്രീകളുടെ സംസാരത്തില്‍ കടന്നുവന്നേക്കാം. നമ്മുടെ നേത്രഗോളങ്ങളില്‍ കറുപ്പും വെളുപ്പും നിറങ്ങളെ സ്വീകരിക്കുവാനും വിശകലനം ചെയ്യാനായി 130 കോടി പ്രകാശസ്വീകരിണികളും മറ്റു നിറങ്ങളെ കൈകാര്യം ചെയ്യാന്‍ 7 കോടി പ്രകാശസ്വീകരിണികളുമാണുള്ളത്. ഇവയില്‍ നിറങ്ങള്‍ സ്വീകരിക്കുന്ന സെല്ലുകളുടെ സാന്നിധ്യത്തിനുത്തരവാദി ത ക്രോമസോമുകളാണ്. സ്ത്രീകളില്‍ ത ക്രോമസോമുകള്‍ പുരുഷനെ അപേക്ഷിച്ച് ഇരട്ടിയാണ്. ഇക്കാരണങ്ങളാലെല്ലാമാണ് നിറങ്ങള്‍ തിരിച്ചറിയാനും അവയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള കഴിവ് സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നത്. അതുപോലെത്തന്നെ രാക്കാഴ്ചയിലും സ്ത്രീകളാണു മുന്നില്‍. നേരിയ വെളിച്ചത്തില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ വ്യക്തമായി സ്ത്രീകള്‍ക്കു കാണാം.
പെണ്ണുങ്ങള്‍ക്ക് അതീന്ദ്രിയശക്തികളുണ്ടോ?
മിക്കപ്പോഴും ആറാമതൊരിന്ദ്രിയം സ്ത്രീകള്‍ക്കുണ്ടെന്നു തോന്നത്തക്ക വിധത്തില്‍ ശക്തമാണ് അവരുടെ ഇന്ദ്രിയക്ഷമത. ഉദാഹരണത്തിന് സ്വന്തം വീട്ടിലെ ഇരട്ടക്കുട്ടികളെ പരസ്പരം തിരിച്ചറിയുന്ന കാര്യത്തില്‍ പുരുഷന്മാര്‍ക്ക് സാധാരണഗതിയില്‍ പ്രയാസമനുഭവപ്പെട്ടേക്കാമെങ്കിലും സര്‍വസമ ഇരട്ടകളാണെങ്കില്‍ (identical twins) പോലും സ്ത്രീകള്‍ക്ക് ഒട്ടും പ്രയാസം കാണില്ല. കേവലം നാലു മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുപോലും ഇടകലര്‍ത്തിവെച്ച ഫോട്ടോകളില്‍നിന്നും പരിചിതരായവരുടെ ഫോട്ടോ വേര്‍തിരിച്ചറിയാന്‍ കഴിയും. പക്ഷേ, അതേ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്കു കഴിയില്ല. പാര്‍ട്ടികള്‍ പോലുള്ള സൗഹൃദസംഗമങ്ങളോ സാമൂഹിക ഒത്തുചേരലുകളോ നടക്കുന്ന ഒരു ഹാളിലേക്ക് ഒരു സ്ത്രീയും പുരുഷനും പ്രവേശിക്കുന്നതായി സങ്കല്പിക്കുക. മിനിറ്റുകള്‍ക്കം അവളുടെ കണ്ണുകളാകുന്ന 'വൈഡ് ആംഗിള്‍ ലെന്‍സ് ക്യാമറകള്‍' ഹാളിലെ ദൃശ്യങ്ങള്‍ മുഴുവന്‍ ഒപ്പിയെടുത്തു കഴിഞ്ഞിരിക്കും; ഹാളില്‍ പരിചയമുള്ളവര്‍ ആരെങ്കിലുമുണ്ടോ, സ്ത്രീകള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏതു വിധത്തിലും തരത്തിലും പെട്ടവയാണ്, ആര്‍ ആരെല്ലാമായാണ് സംസാരിച്ചു കൊണ്ടുനില്ക്കുന്നത്, ദമ്പതിമാരും അല്ലാത്തവരുമായവര്‍ ആരെല്ലാം എന്നു തുടങ്ങി അയല്‍വീട്ടിലെ സ്ത്രീ കഴിഞ്ഞ കല്യാണത്തിനുടുത്ത സാരിതന്നെയാണോ ഇപ്രാവശ്യവും ഉടുത്തിരിക്കുന്നതെന്നുവരേയുള്ള കാര്യങ്ങള്‍ അവള്‍ ശ്രദ്ധിച്ചുകഴിഞ്ഞിരിക്കും.പുരുഷനോ?അവനാദ്യം നോക്കുക പുറത്തേക്കുള്ള വഴിയെവിടേക്കാണെന്നതായിരിക്കും. അടുത്തതായി ഹാളില്‍ പരിചിതമുഖങ്ങളേതെങ്കിലുമുണ്ടോ എന്നു നോക്കിയേക്കാം. ഹാളില്‍ കേടായ ഫാനുകളോ പൊട്ടിയ വൈദ്യുതവിളക്കുകളോ പ്ലൂസ്റ്റര്‍ ഇളകിയ ചുമരിന്റെ ഭാഗങ്ങള്‍ പോലെ അറ്റകുറ്റപ്പണികള്‍ ആവശ്യമായ എന്തെങ്കിലുമുണ്ടോ എന്നതുപോലുള്ള പരിമിതമായ കാര്യങ്ങളില്‍ മാത്രം അവന്റെ ശ്രദ്ധയൊതുങ്ങാനാണ് കൂടുതല്‍ സാധ്യത.
ഭാവങ്ങളും വികാരങ്ങളും തിരിച്ചറിയാനുള്ള കഴിവ്
മറ്റുള്ളവരുടെ ഭാവങ്ങളും വികാരങ്ങളും മറ്റും പുരുഷന്മാരെക്കാള്‍ വളരെ വേഗത്തില്‍ മനസ്സിലാക്കാനുള്ള സ്ത്രീകളുടെ കഴിവ് അദ്ഭുതകരമാണ്. ശബ്ദത്തിന്റെ ടോണുകളിലുള്ള വ്യത്യാസങ്ങളും ശരീരഭാഷാവ്യതിയാനങ്ങളുമെല്ലാം ഒരു റഡാര്‍ ആന്റിനപോലെ സ്ത്രീകള്‍ വളരെപ്പെട്ടെന്ന് പിടിച്ചെടുക്കുകയും പ്രതികരിക്കുകയും ചെയ്യും. നേരത്തേ സൂചിപ്പിച്ചതുപോലെ സംഗതികളെ അവയുടെ അതിസൂക്ഷ്മങ്ങളായ വിശദാംശങ്ങള്‍പോലും വിട്ടുപോകാതെ നിരീക്ഷിക്കാനുള്ള സഹജവാസനയായിരിക്കാം ഈ കഴിവിനു പിന്നില്‍. നേരിയ സ്വരത്തില്‍ വളരെ ദൂരെനിന്നുള്ള ഒരു കുഞ്ഞിന്റെ കരച്ചില്‍പോലും സ്ത്രീക്ക് കേള്‍ക്കാന്‍ കഴിയും. ശിശുക്കളുടെ ഭാവമാറ്റങ്ങളും ചലനത്തിന്റെ പ്രത്യേകതകളും നിരീക്ഷിച്ചുകൊണ്ടു മാത്രം അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാന്‍ പ്രത്യേകിച്ചൊരു പരിശീലനവും കൂടാതെതന്നെ സ്ത്രീകള്‍ക്കു കഴിയും. നരവംശശാസ്ത്രജ്ഞന്മാര്‍ ഈ പ്രത്യേക കഴിവ് ആദിമമനുഷ്യന്റെ കാലം മുതല്‍തന്നെ സ്ത്രീകള്‍ക്ക് സ്വായത്തമാണെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ചെറുപ്പകാലം മുതല്‍തന്നെ ഈവക കാര്യങ്ങളില്‍ അമ്മമാരില്‍നിന്നും ആയമാരില്‍നിന്നും മറ്റും ബോധപൂര്‍വമല്ലാതെ ലഭിക്കുന്ന പരിശീലനവും പ്രോത്സാഹനവും ഇത്തരം പ്രത്യേക കഴിവുകളെ ശക്തിപ്പെടുത്തുന്നുണ്ടായിരിക്കാം.
സന്തോഷം, ദുഃഖം, പേടി, അസ്വസ്ഥത, അദ്ഭുതം, വെറുപ്പ്, പുച്ഛം, താത്പര്യം, അമ്പരപ്പ്, നിരാശ തുടങ്ങിയ വികാരങ്ങള്‍ക്കു പുറമേ വേദന, ക്ഷീണം തുടങ്ങിയവയും സാധാരണഗതിയില്‍ നമ്മുടെയെല്ലാം മുഖത്ത് സ്ത്രീപുരുഷഭേദെമന്യേ തെളിഞ്ഞുകാണുമല്ലോ. എല്ലായ്‌പോഴും നമ്മുടെ മുഖഭാവങ്ങള്‍ ഒരുപോലെയായിക്കൊള്ളണമെന്നില്ല. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും. മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന ഇത്തരം ഭാവമാറ്റങ്ങളെ ഞൊടിയിടയ്ക്കുള്ളില്‍ തിരിച്ചറിയാനും അറിഞ്ഞു പ്രതികരിക്കാനും സ്ത്രീകള്‍ പൊതുവേ നിപുണകളായിരിക്കും. വളരെ നേരിയ ഭാവമാറ്റങ്ങളെപ്പോലും അവര്‍ വേഗത്തില്‍ പിടിച്ചെടുക്കും. പിഞ്ചുകുഞ്ഞുങ്ങളുടെ നേരിയ ഭാവമാറ്റങ്ങള്‍പോലും പിടിച്ചെടുക്കാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി വേണ്ടതു വേണ്ടപ്പോള്‍ ചെയ്യാനുമുള്ള അമ്മമാരുടെ സാമര്‍ഥ്യം അച്ഛന്മാരില്‍ കാണില്ലെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല.
പ്രൊഫസര്‍ റൂബെന്‍ ഗുര്‍സിന്റെ (Ruben Gurs) കണ്ടെത്തല്‍
യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയയിലെ പ്രൊഫസര്‍ റൂബെന്‍ ഗുര്‍സിന്റെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങള്‍ മുകളില്‍ പറയുന്ന വസ്തുതകളെ ശരിെവക്കുന്നു. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച വിവിധ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന മുഖങ്ങളില്‍നിന്ന് ഓരോ വികാരവും വേര്‍തിരിച്ചു പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുരുഷന്മാര്‍ മിക്കപ്പോഴും വളരെ പ്രയാസപ്പെട്ടുവെന്നും സ്ത്രീകള്‍ അനായാസം കാര്യം സാധിച്ചുവെന്നും പ്രൊഫസര്‍ റൂബെന്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ദേഷ്യം, ശത്രുത, ഭയം പോലുള്ള നിഷേധാത്മക (ിലഴമശേ്‌ല) ഭാവങ്ങള്‍ വളരെ വേഗത്തില്‍ പിടിച്ചെടുക്കുക പുരുഷന്മാരായിരിക്കുമെന്ന് മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് ടെക്‌നോളജിയിലെ മാര്‍ക് വില്യംസും യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണിലെ ജെയ്‌സണ്‍ മാറ്റിങ്‌ലിയും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വ്യത്യസ്ത ഭാവങ്ങള്‍ പ്രകടമാക്കുന്ന എട്ടു മുഖങ്ങള്‍ കാണിച്ചു നടത്തിയ പരീക്ഷണത്തില്‍ ദേഷ്യത്തോടുകൂടിയുള്ള മുഖം തിരിച്ചറിയാന്‍ സ്ത്രീകള്‍ ശരാശരി 1200 മില്ലി സെക്കന്‍ഡുകളെടുത്തപ്പോള്‍ പുരുഷന്മാരെടുത്ത സമയം 950 മില്ലി സെക്കന്‍ഡുകള്‍ മാത്രം. പേടിയുടെ കാര്യത്തില്‍ അത് യഥാക്രമം 1500 ഉം 1400 ഉം മില്ലി സെക്കന്‍ഡുകള്‍ ആയിരുന്നുവത്രേ.
പല കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുള്ള കഴിവ്
പെണ്ണുങ്ങള്‍ക്ക് ദൈവം കനിഞ്ഞുനല്കിയിട്ടുള്ള ഒരനുഗ്രഹമാണ് പല കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുള്ള കഴിവ്. ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍തന്നെ അതില്‍നിന്നും കണ്ണെടുക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുക, അതേസമയംതന്നെ ഇളയകുഞ്ഞിനെ ഉപദ്രവിക്കുന്ന മൂത്ത കുട്ടിയുടെ ചെവിക്കു പിടിക്കുക, അപ്പോള്‍ത്തന്നെ അടുത്തുനിന്ന് ആരെങ്കിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആംഗ്യഭാഷയില്‍ മറുപടി കൊടുക്കുക... ഇങ്ങനെയിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കുള്ളതുപോലെ പുരുഷന്മാരില്‍ കാണപ്പെടുക അത്യപൂര്‍വമാണ്. ഇങ്ങനെ നിരവധി കാര്യങ്ങളില്‍ ഒന്നിച്ചു ശ്രദ്ധയൂന്നാന്‍ കഴിവു നല്കുന്ന വിധത്തിലാണ് സ്ത്രീമസ്തിഷ്‌കങ്ങള്‍ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ആണുങ്ങളുടെ സ്ഥിതി ഇക്കാര്യത്തില്‍ വളരെ പരിതാപകരമാണ്. ഒരുനേരം ഒരു കാര്യത്തില്‍ മാത്രമേ അവനു ശ്രദ്ധയൂന്നാനൊക്കൂ. ഷേവ് ചെയ്യുന്ന ഭര്‍ത്താവിനോട് ഭാര്യ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താല്‍ മുഖം മുറിഞ്ഞതുതന്നെ. ചുമരില്‍ ആണിയടിക്കുന്ന പുരുഷനോട് എന്തെങ്കിലും പറഞ്ഞു ശ്രദ്ധതിരിച്ചാല്‍ കൈക്ക് അടിയേല്ക്കുമെന്ന് ഏറക്കുറെ ഉറപ്പിക്കാം.
സ്ത്രീകള്‍ മികച്ച ഡ്രൈവര്‍മാര്‍?
യൂണിവേഴ്‌സിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡ് (University of Bradford) അടുത്ത കാലത്തു നടത്തിയ ഒരു പഠനപ്രകാരം വാഹനാപകട ഇന്‍ഷ്വറന്‍സുകളില്‍ പാശ്ചാത്യരാജ്യങ്ങളിലെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഏറ്റവും കുറഞ്ഞ പ്രീമിയം ഈടാക്കുന്നത് സ്ത്രീകളില്‍നിന്നാണത്രേ. ഡ്രൈവിങ് സുരക്ഷിത്വത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നിലെന്നല്ലേ അതു കാണിക്കുന്നത്?
വാഹനമോടിക്കുമ്പോള്‍ വര്‍ധിച്ച ഏകാഗ്രത ആവശ്യമാണ്. അതുപോലെത്തന്നെ ശ്രദ്ധ ഒന്നില്‍നിന്നും മറ്റൊന്നിലേക്ക്, വളരെ പെട്ടെന്നു മറ്റൊന്നിലേക്ക് പതര്‍ച്ച കൂടാതെ മാറ്റാനുള്ള കഴിവും ഡ്രൈവര്‍മാര്‍ക്ക് അത്യാവശ്യമാണ്. പുരുഷഡ്രൈവര്‍മാര്‍ക്ക് അതില്‍ ആദ്യത്തെ കഴിവ് കൂടുമെങ്കിലും സ്ത്രീകളില്‍ ഈ രണ്ടു കഴിവുകളും ഒരുപോലെ ഉണ്ടായിരിക്കും. ഡ്രൈവിങ് സുരക്ഷിതത്വം സ്ത്രീകളില്‍ കൂടുതല്‍ കാണപ്പെടുന്നതിന്റെ കാരണം ഇതില്‍നിന്നും വ്യക്തമാണല്ലോ. ചുരുങ്ങിയ ഇടവേളകള്‍ക്കിടയില്‍ വിവിധ കാര്യങ്ങളിലേക്ക് പെട്ടെന്നു ശ്രദ്ധ പറിച്ചുനടുകയെന്നത് ശരാശരി പുരുഷന്മാരെസ്സംബന്ധിച്ചിടത്തോളം പ്രയാസകരമായിരിക്കുമെങ്കിലും സ്ത്രീകള്‍ക്ക് എളുപ്പമായിരിക്കുമെന്ന് ബ്രാഡ്‌ഫോര്‍ഡിലെ ഡോ. അമാറിലിസ് ഫോക്‌സ് (Amarylis Fox) പറയുന്നു. സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ ഫ്രോണ്ടല്‍ ലോബിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നുവെന്നതാണ് സ്ത്രീകളുടെ ഈ പ്രത്യേക കഴിവിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
പക്ഷേ, രാത്രി ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ പുരുഷനാണ് മിടുക്ക് കൂടുതല്‍. കാരണം, ദൂരക്കാഴ്ചയിലുള്ള മികവാണ് രാത്രിസമയങ്ങളിലെ ഡ്രൈവിങ് സുരക്ഷിതമാക്കുന്നതിലെ മുഖ്യഘടകങ്ങളിലൊന്ന്. അതുകൊണ്ട് കുടുംബസമേതമുള്ള ദീര്‍ഘയാത്രകളിലും മറ്റും പകല്‍സമയങ്ങളില്‍ സ്ത്രീയും രാത്രികാലങ്ങളില്‍ പുരുഷനും ഡ്രൈവ് ചെയ്യുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതം.
(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ വാങ്ങാം