ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ആദ്യപടിയായ സ്ത്രീപുരുഷന്മാര്‍ ഇണയുടെ പ്രാഥമിക വൈകാരികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കേണ്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് നേരത്തേ വിശദീകരിച്ചുവല്ലോ. അതു പ്രയോഗവത്കരികരിക്കുന്നതിന്റെ ആദ്യപടിയായി മുന്‍ അധ്യായത്തില്‍ അക്കമിട്ടു നിരത്തിയ പ്രസ്തുത വികാരങ്ങളെ ഒന്നൊന്നായി നമുക്ക് വിശകലനം ചെയ്യാം.
പെണ്ണിനു വേണ്ടത് ശ്രദ്ധ, ആണിനു വേണ്ടത് വിശ്വാസം
ഇണയുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നവനും അവളുടെ സുഖത്തിലും സൗകര്യങ്ങളിലും ആത്മാര്‍ഥമായ താത്പര്യം കാണിക്കുകയും ചെയ്യുന്നവനുമാണ് താനെന്ന തോന്നല്‍ സ്ത്രീയിലുണ്ടാക്കാന്‍ പുരുഷനു കഴിഞ്ഞാല്‍ അതു മാത്രം മതി അവള്‍ക്ക് ഏറെ സംതൃപ്തിയും സമാധാനവും നല്കാന്‍. സ്‌നേഹവും ശ്രദ്ധയും മനസ്സിലൊതുക്കുന്നതിനു പകരം പുരുഷന്‍ അതു പ്രകടിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സ്ത്രീക്ക് തന്റെ ഒന്നാമത്തെ വൈകാരികാവശ്യം പൂര്‍ത്തീകരിക്കപ്പെടുന്നതായി അനുഭവപ്പെടും. പകരം അവള്‍ പുരുഷന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ അവനില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കുകയും അവന്റെ ആഗ്രഹാഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിന് കലവറയില്ലാത്ത പിന്തുണ നല്കുകയും ചെയ്യും.
പെണ്ണിന്റെ തുറന്ന മനോഭാവം പ്രകടമാക്കുന്ന പെരുമാറ്റം അവള്‍ തന്നില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്നവളാണെന്ന ബോധം പുരുഷനിലുളവാക്കും. താന്‍ സ്‌നേഹിക്കപ്പെടുന്നവളും ശ്രദ്ധിക്കപ്പെടുന്നവളുമാണെന്ന ബോധം സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്ന് മുന്‍പേ സൂചിപ്പിച്ചുവല്ലോ. അതുപോലെത്തന്നെ പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് താന്‍ വിശ്വസിക്കപ്പെടുന്നവനാണെന്ന ബോധം. പുരുഷനെന്ന നിലയ്ക്കുള്ള തന്റെ കഴിവുകളിലും പെരുമാറ്റത്തിലും മതിപ്പും വിശ്വാസവുമുള്ളവളാണ് തന്റെ പെണ്ണെന്ന ബോധം അവന്റെ ഒന്നാമത്തെ വൈകാരികാവശ്യത്തെ പൂര്‍ത്തീകരിക്കുന്നു.
പെണ്ണിനു വേണ്ടത് സഹാനുഭൂതി, ആണിനു വേണ്ടത് സ്വീകാര്യത.
സ്ത്രീയുടെ സംസാരം മിക്കപ്പോഴും അതിവൈകാരികതയുടെ പ്രവാഹമായിരിക്കും - അവള്‍ മാനസികസമ്മര്‍ദം അനുഭവിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും. അത്തരം വികാരപ്രകടനങ്ങള്‍ അവയുടെ യുക്തിഭദ്രതയെ ചോദ്യം ചെയ്യുകയോ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്യാതെ സഹാനുഭൂതിയോടെ കേട്ടിരിക്കാന്‍ തയ്യാറാകുന്ന പുരുഷനെ ഒരു സ്ത്രീക്കും ഇഷ്ടപ്പെടാതിരിക്കാനാവില്ല. പുരുഷന്റെ ആ വിധമുള്ള സമീപനം തന്റെ വികാരങ്ങളെ അതിന്റെ പൂര്‍ണതയില്‍ മാനിക്കുന്നവനാണ് അവനെന്ന ബോധം സ്ത്രീയിലുളവാക്കുകയും പകരം അവന്‍ തന്നെസ്സംബന്ധിച്ചിടത്തോളം സര്‍വാത്മനാ സ്വീകാര്യനാണെന്ന മട്ടിലുള്ള പെരുമാറ്റം അവള്‍ തിരിച്ചു നല്കുകയും ചെയ്യും.
ഏതൊരു പുരുഷന്റെയും പ്രാഥമിക വൈകാരികാവശ്യങ്ങളില്‍ മുഖ്യമാണ് സ്വീകാര്യതയെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. തന്റെ പുരുഷനെ അവന്റെ എല്ലാവിധ ശക്തിദൗര്‍ബല്യങ്ങളോടെയും അതേപടി താന്‍ അംഗീകരിക്കുന്നുവെന്ന തോന്നല്‍ അവനില്‍ ഉളവാക്കാന്‍ സ്ത്രീക്കു കഴിഞ്ഞാല്‍ അതവന് അവളോടുള്ള സ്‌നേഹത്തെ പതിന്മടങ്ങ് വര്‍ധിപ്പിക്കും. മാത്രമല്ല, സ്വന്തം വീഴ്ചകളെ കണ്ടറിഞ്ഞ് സ്വയം തിരുത്താന്‍ അതവന് പ്രചോദനം നല്കുകയും ചെയ്യും. മറിച്ച്, തന്റെ പുരുഷനെ ഒന്നു 'നന്നാക്കിക്കളയാം' എന്ന മനോഭാവത്തോടെ സ്ത്രീ പെരുമാറുന്ന പക്ഷം അത് നേര്‍ വിപരീതഫലമാണ് ഉളവാക്കുകയെന്ന് ഓര്‍മിക്കുക.
പെണ്ണിനു വേണ്ടത് അര്‍പ്പണബോധം, ആണിനു വേണ്ടത് ആരാധനാമനോഭാവം

ഏതൊരു സ്ത്രീയും അവളുടെ പുരുഷന്‍ അവളുടേതു മാത്രമായിരിക്കണമെന്ന് ആഗ്രഹിക്കുക സ്വാഭാവികമാണല്ലോ. സ്‌നേഹത്തിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷനെക്കാള്‍ സ്വാര്‍ഥയായിരിക്കും. മറ്റു സ്ത്രീകളുമായുള്ള തന്റെ പുരുഷന്റെ അടുപ്പം നിരുപദ്രവമെങ്കിലും അവളുടെ സങ്കല്പത്തിലുള്ള പരിധി ലംഘിക്കുന്നുവെന്ന തോന്നല്‍ അവളില്‍ കടുത്ത മനഃപ്രയാസമുണ്ടാക്കും. അതുകൊണ്ട് അര്‍പ്പണബോധം പ്രകടമാക്കുന്ന വിധത്തിലുള്ള പുരുഷന്റെ ഏതു പെരുമാറ്റവും സ്ത്രീയെ അതിരറ്റ് സന്തോഷിപ്പിക്കും. തന്റെതന്നെ കഴിവുകേടുകളെ തിരഞ്ഞുപിടിച്ച് കണ്ടെത്തി ഇകഴ്ത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനു പകരം ഉള്ള കഴിവുകളെ ആരാധനാമനോഭാവത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന സ്ത്രീയെ പുരുഷനും വളരെയേറെ ഇഷ്ടപ്പെടും.
പെണ്ണിനു വേണ്ടത് സാധൂകരണം, ആണിനു വേണ്ടത് സ്ഥിരീകരണം
സ്ത്രീയുടെ വികാരങ്ങളെയും ഒരു സ്ത്രീയെന്ന നിലയ്ക്കുള്ള അവളുടേതു മാത്രമായ ആവശ്യങ്ങളെയും തര്‍ക്കത്തിനിടകൊടുക്കാതെ മുഖവിലയ്‌ക്കെടുക്കുകയും അതുവഴി സാധൂകരിക്കുകയും ചെയ്യുന്ന വിധത്തിലുള്ള പുരുഷന്റെ സമീപനം സ്ത്രീക്ക് താന്‍ നിരുപാധികം സ്‌നേഹിക്കപ്പെടുന്നവളാണെന്ന തോന്നലുളവാക്കും. വ്യത്യസ്ത അഭിപ്രായമാണ് തന്റേതെങ്കില്‍പ്പോലും സ്ത്രീയുടെ വീക്ഷണത്തെ ഗൗരവത്തിലെടുക്കുന്ന വിധത്തില്‍ പെരുമാറാന്‍ കഴിവുള്ള പുരുഷന്റെ ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വന്തം ഇഷ്ടങ്ങള്‍ ബലികഴിക്കാന്‍പോലും സ്ത്രീ സന്നദ്ധയാകും. പുരുഷന്റെ ഏറ്റവും പ്രധാനപ്പെട്ട വൈകാരികാവശ്യങ്ങളിലൊന്നാണ് അവന്റെ നന്മകളെ സ്ത്രീ അറിഞ്ഞാദരിക്കുകയും അവയ്ക്കു സ്ഥിരീകരണം നല്കുകയും ചെയ്യുകയെന്നത്. സ്ത്രീയുടെ വികാരങ്ങളെ അംഗീകരിക്കുന്ന പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ വൈകാരികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ കാര്യത്തില്‍ സ്ത്രീ അലംഭാവം കാണിക്കുകയില്ലെന്ന് ന്യായമായും പ്രതീക്ഷിക്കാം.
പെണ്ണിനു വേണ്ടത് ധൈര്യപ്പെടുത്തല്‍, ആണിനു വേണ്ടത് പ്രോത്സാഹനം
മേല്‍ സൂചിപ്പിച്ചതുപോലെ ശ്രദ്ധ, സഹാനുഭൂതി, ആദരവ്, അര്‍പ്പണബോധം, സാധൂകരണം തുടങ്ങിയവ പുരുഷനില്‍നിന്നും കിട്ടുമ്പോള്‍ അവളുടെ ആറു പ്രാഥമിക വൈകാരികാവശ്യങ്ങളില്‍ അഞ്ചും പൂര്‍ത്തീകരിക്കപ്പെടുന്നുവെന്നു പറയാം. പക്ഷേ, ഇപ്പറഞ്ഞ അഞ്ചു കാര്യങ്ങളും വല്ലപ്പോഴും നല്കുന്നതിനു പകരം തുടരത്തുടരെ നല്കുകയും അതവളെ ഇടയ്ക്കിടെ പുരുഷന്‍ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇണയാല്‍ ധൈര്യപ്പെടുത്തപ്പെടുകയെന്ന അവളുടെ ആറാമത്തെ വൈകാരികാവശ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്. പെണ്ണുങ്ങള്‍ പൊതുവേ അപകര്‍ഷതാബോധത്തിന് അടിമകളാണെന്ന വസ്തുതയെക്കുറിച്ചും അതിന്റെ സാമൂഹികവും ജീവശാസ്ത്രപരവുമായ കാരണങ്ങളും മുന്‍പേ ചില അധ്യായങ്ങളില്‍ വിശദീകരിച്ചിട്ടുള്ളത് വായനക്കാര്‍ മറന്നുകാണില്ലല്ലോ. ഈ അപകര്‍ഷതാബോധമൊഴിവാക്കി അവള്‍ക്ക് ആത്മവിശ്വാസവും സന്തോഷവും പ്രദാനം ചെയ്യാന്‍ പുരുഷന്‍ അവളെ ഇടയ്ക്കിടെ ധൈര്യപ്പെടുത്തിക്കൊണ്ടിരിക്കണം. പുരുഷന്‍ അവളെ ഉള്ളഴിഞ്ഞ് സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് അവളെ ബോധ്യപ്പെടുത്തിയാല്‍ മാത്രം പോരാ അതവളെ ഇടയ്ക്കിടെ തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പരോക്ഷമായെങ്കിലും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയും വേണം. ഉദാഹരണത്തിന് ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ വിശേഷദിവസങ്ങളില്‍ പുരുഷന്‍ നല്കുന്ന കൊച്ചു സമ്മാനങ്ങളിലൂടെ ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ഭംഗിയായി നിര്‍വഹിക്കാം.
ഇതുപോലെത്തന്നെ സ്ത്രീയുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായുള്ള പ്രോത്സാഹനങ്ങള്‍ പുരുഷനും കിട്ടിക്കൊണ്ടിരിക്കണം. പ്രിയതമയുടെ മുന്നില്‍ 'ഹീറോ' ചമയാന്‍ ഉള്ളിന്റെ ഉള്ളിലെങ്കിലും ആഗ്രഹിക്കാത്ത പുരുഷന്മാര്‍ അത്യപൂര്‍വമായിരിക്കും. പുരുഷന്റെ എല്ലാ സല്‍പ്രവൃത്തികള്‍ക്കും ശക്തമായ പ്രോത്സാഹനവും പിന്തുണയുമായി സ്ത്രീ പുറകിലുണ്ടെന്ന ബോധം അവന്റെ ആറാമത്തെ വൈകാരികാവശ്യത്തെ പൂര്‍ത്തീകരിക്കുന്നു. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടായിരിക്കുമെന്ന ചൊല്ലിന്റെ പ്രസക്തി ഇവിടെ വ്യക്തമാണല്ലോ.
പെണ്ണിനു വേണ്ടത് ആദരവ്, ആണിനു വേണ്ടത് അംഗീകാരം
സ്ത്രീത്വത്തെ ആദരവോടെ വീക്ഷിക്കുന്ന പുരുഷന്മാരോട് അംഗീകാരത്തിലൂടെ സ്ത്രീകള്‍ പ്രതികരിക്കും. സ്ത്രീയുടെ ചിന്തകള്‍, വികാരങ്ങള്‍, അവകാശങ്ങള്‍, ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയ്ക്ക് അര്‍ഹമായ പരിഗണന നല്കുന്ന വിധത്തിലുള്ള പുരുഷന്റെ പെരുമാറ്റം അവളെ ബഹുമാനിതയാക്കുന്നു. വിവാഹതീയതി, ജന്മദിനം, തുടങ്ങിയവ പുരുഷന്മാര്‍ കൃത്യമായി ഓര്‍ത്തുെവക്കുന്നതും, ആ ദിവസങ്ങളില്‍ അവള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ നല്കുന്നതുമെല്ലാം അധിക സ്ത്രീകളെയും സംബന്ധിച്ചിടത്തോളം പുരുഷന്മാര്‍ ഊഹിക്കുന്നതിനെക്കാളേറെ പ്രധാനമാണ്. ഈവക പ്രവൃത്തികളോടുള്ള സ്വാഭാവികപ്രതികരണമായിരിക്കും അവള്‍ അവനു നല്കുന്ന അംഗീകാരം. സ്ത്രീ തന്റെ പുരുഷന്‍ ബഹുകേമനാണെന്ന് ആത്മാര്‍ഥമായി കരുതുകയും ആ ധാരണ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവന്റെ മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്യുന്നത് ഏതു പുരുഷനും അവനു ലഭിക്കുന്ന മറ്റേത് അംഗീകാരത്തെക്കാളും വിലപ്പെട്ടതായിക്കരുതും.