മലയാളിപ്പെണ്ണേ.. നിന്റെ മനസ്സ്‌

ഡോ. സി ഗീത, സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ കോളേജ്, കോഴിക്കോട്‌ Posted on: 07 Mar 2015

സ്ത്രീകളുടെ മാനസികാരോഗ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി തലമുറയുടെയും മാനസികാരോഗ്യമാണ്

സ്ത്രീെകളുടെ മനസ്സിനെക്കുറിച്ച് പാടിയ കവികള്‍ ഏറെയാണ്. അതിന്റെ സൗന്ദര്യവും മൃദുലതയുമൊക്കെ കിട്ടാവുന്ന എല്ലാ മനോഹര പദങ്ങളും ഉപയോഗിച്ചാണ് അവര്‍ വിശേഷിപ്പിച്ചത്. മലയാളിപ്പെണ്ണിന്റെ മനസ്സിനെ മലര്‍ മേഘ തിര നീന്തും നഭസ്സ് എന്നാണ് ഒരിക്കല്‍ കവി വര്‍ണ്ണിച്ചത്. മനോഹര മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ ശാന്ത സുന്ദരമെന്ന് അന്ന് കവി വിശേഷിപ്പിച്ച മലയാളിപ്പെണ്ണിന്റെ മനസ്സ് ഇന്ന് പക്ഷേ സംഘര്‍ഷങ്ങളുടെ കടലാണ്. പിരിമുറുക്കങ്ങളുടെ തിരയൊടുങ്ങാത്ത കടല്‍. മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ തേടിയെത്തുന്ന സ്ത്രീകളുടെ വര്‍ദ്ധനവ് ഇതാണ് സൂചിപ്പിക്കുന്നത്.കണ്‍സ്യൂമറിസത്തിന്റെ മോഹവലയത്തിലകപ്പെട്ട മലയാളികള്‍ക്കിടയില്‍ മാനസിക പ്രശ്‌നങ്ങളും ഏറിക്കൊണ്ടിരിക്കുകയാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഒരു പോലെ. ആഗ്രഹങ്ങള്‍ പെരുകിയ മലയാളികളുടെ മനസ്സാണ് ആധി വിതച്ച് വ്യാധി കൊയ്തുകൊണ്ടിരിക്കുന്നത്.

ഉത്കണ്ഠ മുതല്‍ സൈക്കോസിസ് വരെയുള്ള വ്യാപകമായി കാണപ്പെടുന്ന മാനസിക പ്രശ്‌നങ്ങളെ ലിംഗപരമായി വിലയിരുത്തിയാല്‍ ചിലപ്രത്യേക മാനസിക പ്രശ്‌നങ്ങള്‍ പുരുഷന്മാരിലാണ് കൂടുതല്‍ കാണുന്നതെങ്കില്‍ മറ്റു ചിലവ സ്ത്രീകളിലാണ് കൂടുതല്‍. ജൈവപരമായ പ്രത്യേകതകളും സമൂഹത്തില്‍ ഒരേ സമയം വ്യത്യസ്ത റോളുകള്‍ വഹിക്കേണ്ടിവരുന്ന സാഹചര്യവും പരിഗണിക്കുമ്പോള്‍ സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഒരു ജീവി വര്‍ഗമെന്ന നിലയില്‍ പുരുഷനേക്കാള്‍ മാനസിക കരുത്തുള്ളവരാണ് സ്ത്രീകളെങ്കിലും. പ്രായ ഭേദമന്യേ മലയാളികളായ എല്ലാ വിഭാഗം സ്ത്രീകളും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷനേക്കാള്‍ വളരെ പിന്നിലാണ് എന്നാണ് 2002 ല്‍ സി. ഡി. എസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം (Gender and Mental Heal th in Kerala) കണ്ടെത്തിയതും.
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് പുരുഷന്മാരേക്കാള്‍ കൂടുതലായി ഇന്ന് സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്നത്.

മാനസിക പിരിമുറുക്കം

പുരുഷന്മാരേക്കാള്‍ തിരക്കേറിയ ജീവിതം നയിക്കുന്നവരും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരും ഇന്ന് സ്ത്രീകളാണ്. പ്രത്യേകിച്ച് ജോലിക്കാരികളായ സ്ത്രീകള്‍. സ്ത്രീകളുടെ സാമൂഹിക പദവിയിലും ഉത്തരവാദിത്തങ്ങളിലും അടുത്തകാലത്ത് ഉണ്ടായ മാറ്റങ്ങളാണ് അവരെ ഏറെ സമ്മര്‍ദത്തിലാഴ്ത്തുന്നത്. ഭാര്യ, അമ്മ എന്നീ റോളുകളില്‍ വീട്ടില്‍ ഒതുങ്ങിയിരുന്ന ഇന്ത്യന്‍ സ്ത്രീ ഇന്ന് വീടിന്റെ അന്ന ദാതാവു കൂടിയാണ്. പുരുഷനെപ്പോലെ അവരും ജോലിക്ക് പോയിത്തുടങ്ങി. ഇത് സ്ത്രീകളുടെ ഉത്തരവാദിത്തങ്ങള്‍ ഇരട്ടിപ്പിച്ചു. സ്ത്രീകള്‍ ജോലിക്ക് പോയിതുടങ്ങിയതോടെ പുരുഷന്റെ ഉത്തരവാദിത്തം( ആൃലമറ ംശിിലൃ) പങ്കുവെക്കപ്പെട്ടെങ്കിലും സ്ത്രീയുടെ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ അഥവാ ജോലികള്‍ പങ്കുവെക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വീടിനും ജോലിക്കുമിടയിലുള്ള സ്ത്രീയുടെ വിശ്രമമില്ലാതെയുള്ള ഓട്ടമാണ് അവരെ മാനസിക സമ്മര്‍ദത്തിലാഴ്ത്തുന്നത്. മാത്രമല്ല, ജോലിസ്ഥലത്തെ നിയമങ്ങള്‍, നിയന്ത്രണം, ജോലി സമയം, ഉത്തരവാദിത്തങ്ങള്‍, ഡെഡ്‌ലൈന്‍, മല്‍സരം, സഹജീവനക്കാരുടെ പെരുമാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ സത്രീകളില്‍ പിരിമുറുക്കമുണ്ടാക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥക്ക് പകരം അണുകുടുംബങ്ങള്‍ വന്നതോടെ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന ജോലിക്കാരിയായ സ്ത്രീക്ക് പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും പിന്തുണ തേടാനുമുള്ള അവസരവും നഷ്ടമായി. നിരന്തര സമ്മര്‍ദം അനുഭവിക്കുന്നത് സ്ത്രീകളുടെ മാനസികാരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നുണ്ട്. മാത്രമല്ല അത് അവരുടെ കുട്ടികളെയും ബാധിക്കുന്നു. നെഞ്ചുവേദന, തലവേദന, ഉറക്കമില്ലായ്മ, അസ്വസ്ഥത, അടിക്കടിയുണ്ടാകുന്ന അസുഖങ്ങള്‍, അമിതമായ മറവി തുടങ്ങിയവയെക്കെ സ്ത്രീകളിലെ പിരിമുറുക്കത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. കൃത്യമായ ചികില്‍സ നല്‍കുക, വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുക, വൈകാരിക പിന്തുണ നല്‍കുക തുടങ്ങിയവയിലൂടെ മാത്രമേ പിരിമുറുക്കത്തിന്റെ ആഴക്കയങ്ങളില്‍ നിന്ന് സ്ത്രീകളെ രക്ഷപ്പെടുത്താനാവൂ.

ഉത്കണ്ഠാപ്രശ്‌നങ്ങള്‍

പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ ഇന്ന് കാണപ്പെടുന്നത് സ്ത്രീകളിലാണ്. പഠനം, ജോലി, സാമ്പത്തികം, കുടുംബ പ്രശ്‌നങ്ങള്‍; അങ്ങിനെ ജീവിതത്തിലെ പലകാര്യങ്ങളും പുരുഷന്മാരിലെന്നപോലെ സ്ത്രീകളിലും ഉത്കണ്ഠക്കിടയാക്കാറുണ്ട്. ഇത്തരം ഉത്കണ്ഠ ഒരു പരിധി വരെ സാധാരണമാണ്. ജീവിതത്തില്‍ പ്രവര്‍ത്തന നിരതനാവാനും ലക്ഷ്യങ്ങള്‍ നേടാനുമൊക്കെ അത് സഹായിക്കും. പക്ഷേ ഉത്കണ്ഠ എന്ന വികാരത്തിന്റെ സഹായകരമായ ഈ സ്വഭാവത്തിന് നേര്‍വിപരീതമാകും ചിലപ്പോള്‍ കാര്യങ്ങള്‍. അപ്പോള്‍ ഉത്കണ്ഠ നിരന്തരം ജീവിതത്തില്‍ തടസ്സങ്ങളുണ്ടാക്കും. ജീവിതം തന്നെ ദുസ്സഹമാവും. കൃത്യമായി കണ്ടെത്തുകയും ചികില്‍സിക്കുകയും ചെയ്താല്‍ ഭേദമാക്കാനാവുന്ന ഉത്കണ്ഠാ പ്രശ്‌നം പോലുള്ള വഴിമുടക്കികളെ ലാഘവത്തോടെ കാണുന്നതാണ് പലപ്പോഴും കാര്യങ്ങള്‍ വഷളാക്കുന്നത്. ജെനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോര്‍ഡര്‍, ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍, പാനിക് ഡിസോര്‍ഡര്‍, ഫോബിയകള്‍ തുടങ്ങിയവയാണ് സ്ത്രീകളില്‍ വ്യാപകമായി കാണുന്ന ഉത്കണ്ഠാ പ്രശ്‌നങ്ങള്‍. മരുന്നുകള്‍, ബിഹേവിയര്‍ തെറാപ്പി എന്നിവയിലൂടെ ഇവ പരിഹരിക്കാനാവും.

വിഷാദം

സ്ത്രീകളില്‍ ഇരുപത്തിയഞ്ച് ശതമാനം പേരും ജീവിതത്തിലൊരിക്കലെങ്കിലും വിഷാദം അനുഭവിച്ചിട്ടുള്ളവരാണ്. ഇത് പുരുഷന്മാരില്‍ കാണപ്പെടുന്നതിന്റെ ഇരട്ടിയോളം വരും. മാത്രമല്ല വിഷാദം സ്ത്രീകളില്‍ നേരത്തേ വരുന്നതായും ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതായും കാണപ്പെടുന്നു. വിഷാദത്തിന്റെ തീവ്രതയും സ്ത്രീകളിലാണ് കൂടുതല്‍. വിവാഹമോചനം, പ്രിയപ്പെട്ടവരുടെ മരണം, ഗാര്‍ഹിക അതിക്രമം, ലൈംഗിക ചൂഷണം, വന്ധ്യത, അബദ്ധത്തിലുള്ള ഗര്‍ഭധാരണം, ശസ്ത്രക്രിയ വഴിയുള്ള ആര്‍ത്തവ വിരാമം, തുടര്‍ച്ചയായ ഗര്‍ഭച്ഛിദ്രം, ഗര്‍ഭ നിരോധന മരുന്നുകള്‍ തുടങ്ങിയവയൊക്കെ പലപ്പോഴും സ്ത്രീകളെ വിഷാദവതികളാക്കുന്നു. സദാ പിരിമുറുക്കം നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിലും വിഷാദം വ്യാപകമാണ്. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച സ്ത്രീകളില്‍ ആ വിവരം അറിയുന്നത് വിഷാദ കാരണമാകുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കാണുന്നുണ്ട്. ഇത് പക്ഷേ പലപ്പോഴും ചികില്‍സിക്കുന്ന ഡോക്ടറുടെ ശ്രദ്ധയില്‍ പെടാറില്ല എന്നതാണ് വാസ്തവം. വിഷാദത്തിന്റെ ബുദ്ധിമുട്ടുകള്‍ വലിയൊരളവില്‍ അനുഭവിക്കേണ്ടി വരുന്ന മറ്റൊരു വിഭാഗമാണ് വൃദ്ധരായ സ്ത്രീകള്‍. ഇത് അവരുടെ വാര്‍ധക്യ ജീവിതത്തെ ദുരിത പൂര്‍ണമാക്കുന്നു.

പുരുഷനെയും സ്ത്രീയെയും ഒരു പോലെ ബാധിക്കുന്ന വിഷാദ രോഗത്തിനുപരിയായി സ്ത്രീകളെ മാത്രം പിടികൂടുന്ന ചില വിഷാദാവസ്ഥകളുമുണ്ട്. സ്ത്രീകളുടെ ജൈവികമായ പ്രത്യേകതകളാണ് ഇത്തരം വിഷാദാവസ്ഥകള്‍ക്ക് കാരണമാകുന്നത്. സാധാരണ ഗതിയില്‍ ഇത്തരം അവസ്ഥകളെ ലാഘവത്തോടെ കാണുന്നത് മൂലം ചികില്‍സിക്കപ്പെടാതെ പോവുകയാണ്. അവയില്‍ ഒന്നാമത്തേതാണ് ആര്‍ത്തവ സംബന്ധിയായ വിഷാദ രോഗം. 3-5 ശതമാനം സത്രീകളില്‍ ആര്‍ത്തവ സംബന്ധിയായ വിഷാദവും ഉത്കണ്ഠയും കാണുന്നു.

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം

ആര്‍ത്തവത്തോടനുബന്ധിച്ച് സാധാരണ സ്ത്രീകളില്‍ കാണുന്ന അവസ്ഥയാണിത്. ക്ഷീണം, ശരീര വേദന, ഭാവമാറ്റം തുടങ്ങിയ ഇതിന്റെ ലക്ഷണങ്ങള്‍ ആര്‍ത്തവത്തിന് തൊട്ടുമുമ്പാണ് കാണപ്പെടുക. ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഇത് ഒരു പരിധിവരെ പ്രതിരോധിക്കാനാവും. എന്നാല്‍ സാമൂഹ്യജീവിതത്തെയും ജോലിയെയും ബന്ധങ്ങളെയും ബാധിക്കുന്ന വിധം ലക്ഷണങ്ങള്‍ തീവ്രമാകുമ്പോള്‍ പ്രീമെനസ്ട്രല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍(ജങഉഉ) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. വിഷാദം, പ്രസവ ശേഷമുള്ള വിഷാദം എന്നിവയുടെ പാരമ്പര്യമുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കടുത്ത ക്ഷീണം, തലവേദന, സന്ധി, പേശീ വേദന തുടങ്ങിയവയൊക്കെയാണ് ഇതിന്റെ ശാരീരിക ലക്ഷണങ്ങള്‍. വിഷാദവതിയായി കാണപ്പെടുക, അമിതമായ ദേഷ്യം പ്രകടിപ്പിക്കുക, കടുത്ത ഉത്കണ്ഠ, പൊടുന്നനെ ഭാവം മാറുക, സാധാരണ ചെയ്യുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലാതാകുക, വിശപ്പില്ലായ്മ, അമിതമായി ഭക്ഷണം കഴിക്കല്‍, ഉറക്കമില്ലായ്മ, അമിതമായ ഉറക്കം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഹോര്‍മോണ്‍ മാറ്റങ്ങളോടനുബന്ധിച്ച് തലച്ചോറിലുണ്ടാകുന്ന രാസമാറ്റമാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ഔഷധ ചികില്‍സയ്‌ക്കൊപ്പം പെരുമാറ്റ ചികില്‍സയും രോഗിക്ക് നല്‍കേണ്ടതുണ്ട്.

പോസ്റ്റ് പാര്‍ട്ടം ബ്ലൂ

പ്രസവത്തെത്തുടര്‍ന്ന് സത്രീകളില്‍ സാധാരണ കാണപ്പെടുന്ന വിഷാദമാണിത്. 85 ശതമാനം സ്ത്രീകള്‍ക്കും ഏറിയും കുറഞ്ഞും ഇത്തരം അനുഭവം ഉണ്ടാകാറുണ്ട്. പ്രസവത്തെത്തുടര്‍ന്നുള്ള മണിക്കൂറുകളിലും ദിവസങ്ങളിലുമാണ് സാധാരണ ഇത് അനുഭവപ്പെടുക. സന്തോഷവും സങ്കടവുമൊക്കെ പൊടുന്നനെ മാറിമറിയുന്ന ഈ അവസ്ഥയ്ക്ക് പ്രസവത്തെത്തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് കാരണമെന്നാണ് കരുതപ്പെടുന്നത്. ഏകാഗ്രതയില്ലായ്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയവയെക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. പ്രസവത്തെത്തുടര്‍ന്ന് സാധാരണമായ പോസ്റ്റ് പാര്‍ട്ടം ബ്ലൂ അല്ലെങ്കില്‍ ബേബി ബ്ലൂ എന്ന ഈ അവസ്ഥ പത്ത് ദിവസത്തിനുള്ളില്‍ മാറും.കുടുംബാംഗങ്ങളുടെ ബന്ധുക്കളുടെയും വൈകാരിക പിന്തുണയും സംരക്ഷണവുമാണ് ഇതിനു വേണ്ടത്. എന്നാല്‍ 10-30 ശതമാനം വരെ സ്ത്രീകളില്‍ ഇത്തരം വിഷാദം പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. അത്തരക്കാരില്‍ അത് തീവ്രമായ ലക്ഷണങ്ങളോടെ നീണ്ടുനില്‍ക്കും. ഇതിനെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്നാണ് വിളിക്കുന്നത്. പതിവായി വിഷാദവതിയായി കാണപ്പെടുക, എപ്പോഴും കരച്ചില്‍, അസ്വസ്ഥത, ഉത്കണ്ഠ, ജീവിക്കാന്‍ താല്‍പര്യമില്ലായ്മ, ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, കുറ്റബോധം, കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലായ്മ, ജീവിതത്തില്‍ പ്രതീക്ഷയില്ല എന്ന തോന്നല്‍, ഭയം, സംസാരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ലക്ഷണങ്ങളാണ്. അഞ്ഞൂറില്‍ ഒരാള്‍ക്ക് എന്ന തോതില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ആയി മാറാറുണ്ട്. കുട്ടിയെ അപായപ്പെടുത്താനും ആത്മഹത്യ ചെയ്യാനുമുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണം. ഔഷധങ്ങളും കൗണ്‍സലിങ്ങും സമന്വയിപ്പിച്ചുള്ള ചികില്‍സയിലൂടെ രോഗം ഭേദമാക്കാനാവും.

പെരി മെനോപോസല്‍ ഡിപ്രഷന്‍

ആര്‍ത്തവ വിരാമം അടുക്കുമ്പോള്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷാദാനുഭവമാണ് ഇത്. ഹോര്‍മോണ്‍ മാറ്റങ്ങളോടനുബന്ധിച്ചുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് ഇതിന് കാരണം. അടിക്കടി ഉണ്ടാകുന്ന ഭാവമാറ്റം, ഉറക്കമില്ലായ്മ, പൊടുന്നനെ ശരീരഭാഗങ്ങളില്‍ ചൂടുവര്‍ധിക്കുകയും വിയര്‍ക്കുകയും ചെയ്യുന്ന അവസ്ഥ(ഹോട്ട് ഫ്ലൂഷ്) തുടങ്ങിയ ലക്ഷണങ്ങള്‍ പെരിമെനോപോസ് കാലത്തുണ്ടാകും. ചിലരില്‍ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമായി കടുത്ത വിഷാദമുണ്ടാക്കും. വിഷാദ പാരമ്പര്യമുള്ളവരില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് തങ്ങളുടെ സൗന്ദര്യവും ശരീരാകൃതിയുമൊക്കെ നഷ്ടപ്പെടുമല്ലോ എന്ന ഉത്കണ്ഠ സൗന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായ സ്ത്രീകളില്‍ വിഷാദകാരണമാകാറുണ്ട്. ക്ഷീണം, അസ്വസ്ഥത, വിശപ്പില്ലായമ, ഒന്നിലും താല്‍പര്യമില്ലാത്ത അവസ്ഥ, ദിവസം മുഴുവന്‍ വിഷാദവതിയായി കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥയ്ക്ക് ഇന്ന് ചികില്‍സ ലഭ്യമാണ്.

ആത്മഹത്യ

ലോകത്തൊട്ടാകെ നോക്കിയാല്‍ ആത്മഹത്യാ നിരക്ക് പുരുഷന്മാരില്‍ സ്ത്രീകളുടെ മൂന്നിരട്ടിയാണെങ്കില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകളില്‍ ആത്മഹത്യ വ്യാപകമാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് 10-19 പ്രായക്കാരായ പെണ്‍കുട്ടികളില്‍. ലൈംഗിക ചൂഷണവും ഗാര്‍ഹിക അതിക്രമവുമെക്കെ പതിവായിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ സാമൂഹിക സാഹചര്യമാണ് കൂടുതല്‍ സ്ത്രീകളെ ആത്മഹത്യാമുനമ്പിലെത്തിക്കുന്നത്. ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ആത്മഹത്യയുടെ വഴിതിരഞ്ഞെടുക്കുന്ന കൗമാരക്കാരായ പെണ്‍കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പ്രയാസങ്ങള്‍ സഹിക്കാനുള്ള ശേഷിയും (tolerence level) സഹിഷ്ണുതയുമൊക്കെ പുതുതലമുറയില്‍ കുറഞ്ഞുവരുന്നതാണ് ഇതിന് കാരണം. പരസ്പരം സംസാരിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സമയമില്ലാതായതും തെറ്റായ പാരന്റിങ്ങുമൊക്കെയാണ് പെണ്‍കുട്ടികളില്‍ ആത്മഹത്യനിരക്കുയര്‍ത്തുന്നത്.

സാമൂഹികാവബോധം ഉയരണം

ആശങ്കയുണര്‍ത്തും വിധം സ്ത്രീകള്‍ക്കിടയില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമല്ല. അപകട സൂചനയാണ്. കാരണം സ്ത്രീകളുടെ മാനസികാരോഗ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും മാനസികാരോഗ്യമാണ്, ഭാവി തലമുറയുടെ ആരോഗ്യമാണ്. ജൈവികമായ സവിശേഷതകള്‍ക്കുപരിയായി സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീയെ സമ്മര്‍ദത്തിലാക്കുന്ന പശ്ചാത്തലത്തില്‍ വേണം അതിന് പരിഹാരം തേടേണ്ടത്. അത് സാമൂഹികവും കുടുംബപരവുമായ ഇടപെടലുകള്‍ അനിവാര്യമാക്കുന്നുണ്ട്. സ്ത്രീകളുടെ വരുമാനം ആഗ്രഹിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തിന് അവളുടെ ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കാനും ബാധ്യതയുണ്ട്. അതിന് തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് സമൂഹികാവബോധം ഉയര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ ഗണ്യമായി കുറയും. ലിംഗസമത്വം നിലനില്‍ക്കുന്ന, സ്ത്രീയെ ആദരിക്കുന്ന ഒരു സമൂഹമായി നാം മാറുകയും ചെയ്താല്‍ ലിംഗവിവേചനങ്ങളും ലൈംഗിക ചൂഷണങ്ങളും ഗാര്‍ഹികാതിക്രമങ്ങളും ഇല്ലാതാക്കാനും കഴിയും. ഇങ്ങനെ സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന കാരണങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നതിനൊപ്പം മനോരോഗ ചികില്‍സയോടുള്ള നമ്മുടെ നിഷേധാത്മക മനോഭാവവും മാറ്റിയാല്‍ പെണ്‍മനസ്സിലെ പിരിമുറുക്കത്തിന്റെ പെരുമഴക്കാലം പെയ്‌തൊഴിയും.

തയ്യാറാക്കിയത്: യാസിര്‍ ഫയാസ്‌



 

ga