ഭരതന്‍ ടച്ച്

സി കരുണാകരന്‍ Posted on: 29 Jul 2011

ഭരതനും പത്മരാജനും-മലയാള സിനിമയുടെ നല്ല കാലത്തെകുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന രണ്ടുപേരുകളാണിത്. ഗൃഹാതുരമായ ഓര്‍മയാണ് മലയാളിക്ക് ഇവരുടെ ചിത്രങ്ങള്‍. പത്മരാജന്‍ സിനിമ കൊണ്ട് കവിത രചിച്ചുവെങ്കില്‍ ഭരതന്‍ ഒരു ചിത്രകാരന്റെ പ്രതിഭാസ്പര്‍ശമാണ് സമ്മാനിച്ചത്. ഒന്നിച്ചും പിന്നീട് വഴി മാറിയും വീണ്ടും ഒരുമിച്ചും നടന്ന പത്മരാജനും ഭരതനും സുന്ദരമായ സൃഷ്ടികള്‍ കൊണ്ട് മലയാളസിനിമയെ സമ്പന്നമാക്കിയാണ് കടന്നുപോയത്.

1975 ലാണ് ഭരതന്‍-പത്മരാജന്‍ പ്രതിഭകളുടെ സംഗമത്തിലൂടെ ആദ്യചിത്രമായ 'പ്രയാണം' പുറത്തുവരുന്നത്. കലാസംവിധായകനായി അറിയപ്പെട്ടുതുടങ്ങിയിരുന്നു ഭരതന്‍. പത്മരാജനാവട്ടെ യുവ എഴുത്തുകാരനെന്ന നിലയില്‍ പ്രശസ്തനുമായിരുന്നു. ഇരുവരുടേയും സൗഹൃദം 'പ്രയാണ'ത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. പത്മരാജന്റെ തിരക്കഥയിലെടുത്ത ഈ ബ്ലാക്ക് ആന്റ് ആന്റ് വൈറ്റ് ചിത്രം ഇതിവൃത്തം കൊണ്ടും അവതരണത്തിലെ മികവും കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. വൃദ്ധനായ നമ്പൂതിരിയെ വിവാഹം കഴിക്കേണ്ടിവന്ന യുവതിയ്ക്ക് മറ്റൊരു പുരുഷനുമായുള്ള പ്രണയബന്ധമാണ് ചിത്രത്തിന്റെ കഥാപരിസരം. ബ്രാഹമണസമുദായത്തിലെ അനാചാരങ്ങളെയും യാഥാസ്തിക സങ്കല്‍പ്പങ്ങളെയും ലംഘിക്കുന്നതായി ചിത്രം. ലക്ഷ്മിയും മോഹനുമാണ് നായികാ നായകന്‍മാരായി അഭിനയിച്ചത്. കപടസദാചാരത്തിന്റെ മുഖംമൂടി വലിച്ചുമാറ്റിയ ചിത്രം സദാചാരസംബന്ധമായ ചര്‍ച്ചകള്‍ക്കു തന്നെ വഴിവെച്ചു. സൗന്ദര്യാത്മകമായ ഒരു അവതരണരീതി ഈ ചിത്രം പരിചയപ്പെടുത്തി. ഭരതന്‍ ചിത്രങ്ങളിലെല്ലാം കാണുന്ന രതി (സെക്‌സ്) രംഗങ്ങള്‍ ആദ്യചിത്രമായ പ്രയാണത്തില്‍ തന്നെ തുടങ്ങുന്നുണ്ട്. പ്രണയവും രതിയും തമ്മിലുള്ള ഭേദിക്കാനാവാത്ത ബന്ധമാണ് ചിത്രം പ്രേക്ഷകര്‍ക്കുമുന്നില്‍ വെച്ചത്. ഭരതന്റെ പിന്നീടുള്ള എല്ലാ ചിത്രങ്ങളിലും പ്രണയവും രതിയും തമ്മിലുള്ള ഈ ബന്ധം കാണാം.

ഭരതന്റെ രണ്ടാമത്തെ ചിത്രം 'ഗുരുവായൂര്‍ കേശവനി'ല്‍ പ്രയാണത്തെ പോലെ സമൂഹ്യപ്രതിബദ്ധമായ വിഷയമില്ല. ഒരു സംവിധായകനെന്ന നിലയിലെ ഭരതന്റെ അനിവാര്യതയായിരുന്നിരിക്കാം ഈ ചിത്രം. ഗുരുവായൂര്‍ കേശവനിലും രതിരംഗങ്ങള്‍ക്ക് കുറവുണ്ടായില്ല. ക്ഷേത്രാങ്കണവും ആനക്കൊട്ടിലുമെല്ലാം പശ്ചാത്തലമായി വരുന്ന ചിത്രത്തില്‍ അതിന്റെ പരിസരങ്ങളില്‍ കഴിഞ്ഞുകൂടുന്നവരുടെ ജീവിതം ഒട്ടൊക്കെ ഭംഗിയായിതന്നെ വരച്ചുകാട്ടുവാന്‍ ഭരതന് കഴിഞ്ഞു. പി ഭാസ്‌കരനും ജി ദേവരാജനും ചേര്‍ന്ന് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ജനപ്രിതി നേടി. പിന്നീട് ഉറൂബിന്റെ കഥയെ ആസ്പദമാക്കി 'അണിയറ' എന്ന ചിത്രവും ചെയ്തു.

തുടര്‍ന്ന് പത്മരാജന്റെ തിരക്കഥയില്‍ രതിനിര്‍വേദമാണ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം. കൗമാരപ്രായക്കാരന് അയല്‍പക്കത്തെ യുവതിയോട് തോന്നുന്ന പ്രണയവും കാമവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരെ കൂട്ടത്തോടെ തീയേറ്ററിലേക്ക് ആകര്‍ഷിച്ച ചിത്രം വന്‍വിജയം കൊയ്തു. തിരക്കഥയിലെ രംഗങ്ങള്‍ ചിത്രകാരന്റയും ശില്‍പ്പിയുടെയും കണ്ണിലൂടെയാണ് ഭരതന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. രതിനിര്‍വേദത്തിലെ ജയഭാരതിയുടെ വിവിധ പോസ്സുകള്‍ ഭരതന്‍ ആദ്യം കാന്‍വാസ്സില്‍ വരച്ചെടുക്കുകയായിരുന്നു. പത്മരാജനുമൊത്ത രണ്ടു ചിത്രങ്ങള്‍ കൂടി ഭരതന്‍ സംവിധാനം ചെയ്തു. 'ലോറി'യും 'തകര'യുമായിരുന്നു അവ. രതിയുടെ സ്പര്‍ശം ആവോളമുണ്ടായിരുന്നു ഈ ചിത്രങ്ങളിലും. രതിനിര്‍വേദത്തിലെ ജയഭാരതിയെപ്പോലെ 'തകര'യിലെ സുരേഖയും രതിദൃശ്യങ്ങളിലുടെ മങ്ങാത്ത ചിത്രമായി പ്രേക്ഷകരില്‍ ഇന്നുമുണ്ട്. അടുത്ത ചിത്രമായ ആരവം പരീക്ഷണത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു. അത് പക്ഷെ പരാജയമായി. തനതുനാടകത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കൊത്ത് തയ്യാറാക്കിയ ചിത്രം കലാപരമായി മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും സാധാരണ പ്രേക്ഷകരുടെ നല്ല അഭിപ്രായം കേള്‍പ്പിച്ചില്ല.

എഴുപതുകളില്‍ ജനപ്രിയ ചിത്രങ്ങളിലേറെയും രതിയുടെ സ്പര്‍ശം ഉണ്ടായിരുന്നു. തീയേറ്ററുകളില്‍ ആളു കയറണമെങ്കില്‍ അത് ഒഴിച്ചുകൂടാനാവാത്ത അവസ്ഥയായിരുന്നു. ഭരതന്റെ ചിത്രങ്ങളില്‍ രതി വേണ്ടുവോളം ഉണ്ടായിരുന്നു. എന്നാല്‍ വെറും കച്ചവടച്ചരക്കായ രതിരംഗങ്ങളായിരുന്നില്ല ഭരതന്റെ ചിത്രങ്ങളില്‍. രതിയുടെ സൗന്ദര്യമാണ് ഭരതന്റെ സിനിമകളില്‍ കണ്ടത്. ഇത് ഭരതനെ വേറിട്ടുനിര്‍ത്തി. സെക്‌സ് ചിത്രീകരിക്കുന്നതിലെ ഭരതന്‍ സപര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടു.

രതിദൃശ്യങ്ങള്‍ അരോചകമാക്കാതെയും അശ്ലീലമാക്കാതെയുമാണ് ഭരതന്‍ പകര്‍ത്തിയത്. കണ്ടുമടുക്കേണ്ട ഒന്നല്ല സെക്‌സ് എന്ന് തെളിയിക്കുന്ന സൗന്ദര്യബോധവും കയ്യടക്കവും രതിചിത്രീകരണത്തില്‍ ഭരതന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തില്‍ മറ്റാരക്കാളും നന്നായി സെക്‌സ് ചിത്രീകരിക്കാന്‍ കഴിയുന്ന സംവിധായകനായി ഭരതന്‍. എന്നാല്‍ ഭരതന് സെക്‌സിന്റെ പേരില്‍ ചിലപ്പോഴൊക്കെ വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. 'പറങ്കിമല'യും 'പാര്‍വതി'യും യിലും ലൈംഗികത അതിരുവിടുന്നുവെന്ന് വിമര്‍ശിക്കപ്പെട്ട ചിത്രങ്ങളാണ്. പ്രമേയം ആവശ്യപ്പെടാത്തപ്പോഴും രതിരംഗങ്ങള്‍ കയറിവരുന്നു എന്നും പരാതികള്‍ വിമര്‍ശകരുടെ ഭാഗത്തുനിന്ന് ഉണ്ടായി. പില്‍ക്കാലത്ത് 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ' എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ നടിയെ തുണിയഴിപ്പിച്ച് അവതരിപ്പിച്ചു. സന്ധ്യ മയങ്ങും നേരം, ഓര്‍മ്മക്കായി, ചാമരം തുടങ്ങിയ ചിത്രങ്ങളിലും രതിരംഗങ്ങള്‍ കടന്നുവന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാളൂട്ടി, അമരം, താഴ്‌വാരം, വെങ്കലം, ചുരം തുടങ്ങിയ പില്‍ക്കാല ചിതത്രങ്ങളിലെല്ലാം കുറഞ്ഞത് ഗാനരംഗങ്ങളിലെങ്കിലും രതിദൃശ്യങ്ങള്‍ മിന്നിമറിയുന്നതാകാണാം.

സെക്‌സിനെ സൗന്ദര്യാത്മകമായി അവതരിപ്പിക്കാനുള്ള ഭരതന്റെ കഴിവ് ആവോളം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞ ചിത്രമായിരുന്നു 'വൈശാലി'. ഋശ്യശംഖനെ ബ്രഹ്മചര്യം മുടക്കി ദേവദാസി അംഗരാജ്യത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതും തപോബലത്തിലൂടെ മഴ പെയ്യിക്കുന്നതുമാണ് 'വൈശാലി'യുടെ പശ്ചാത്തലം. ഭരതനെന്ന കലാകാരന് തന്റെ പ്രതിഭ തെളിയിക്കാന്‍ ഒത്ത ഇതിവൃത്തം. അത് ഭരതന്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. വൈശാലി എന്ന ചിത്രത്തെ ഇത്ര മിഴിവുറ്റതാക്കാന്‍ മറ്റൊരു സംവിധായകനും കഴിയില്ലെന്ന് തീര്‍ച്ച. രംഗങ്ങളെ കാന്‍വാസിലേക്ക് പകര്‍ത്തുന്ന രീതി ഭരതനെന്ന ചിത്രകാരന് ഉണ്ടായിരുന്നു. വൈശാലിയിലെ എല്ലാ രംഗങ്ങളും ഭരതന്‍ ആദ്യം കാന്‍വാസിലേക്ക് പകര്‍ത്തിയതായിരുന്നു. പ്രകൃതി ദൃശ്യങ്ങളെ പകര്‍ത്തുമ്പോള്‍ ഭരതന്‍ അനന്യമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. വൈശാലി തന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണം. മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു ഗാനരംഗത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. അംഗരാജ്യത്ത് മഴപെയ്യുമ്പോള്‍ മനുഷ്യര്‍ക്കും ജീവജാലങ്ങളള്‍ക്കുമുണ്ടാകുന്ന ഹര്‍ഷോന്മാദമാണ് ക്ലൈമാക്‌സില്‍ ചിത്രീകരിച്ചത്. ദേവദാസിയെ നിര്‍ദയം പുറത്താക്കുന്ന അംഗരാജാവ് ഋശ്യശംഖനെ സ്വന്തം മകള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയാണ്. എം ടി യുടെ കരുത്തറ്റ തിരക്കഥയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ആ രംഗം പ്രകൃതിയുടെ താളത്തില്‍ മനോഹരമായി ഭരതന്‍ ചിത്രകരിച്ചു. മലയാളത്തിന് പുതിയ ഒരനുഭവമായി വൈശാലി. ചാമരത്തിലെ 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...' എന്ന ഗാനരംഗത്തും മഴയുടെ മനോഹാരിത നിറഞ്ഞ ചിത്രീകരണം കാണാം.

പ്രകൃതിയുടെ നിറങ്ങള്‍ ഭരതന്റെ സിനിമകളില്‍ ഭംഗിയോടെ തെളിഞ്ഞുകാണുന്ന വേറെയും ചിത്രങ്ങളുണ്ട്. 'അമരം' എന്ന ചിത്രത്തിലെ കടലോരവും താഴ്‌വാരത്തിലും ചുരത്തിലും പശ്ചാത്തലമായ വരുന്ന മലയോരവും വെങ്കലത്തിലും കേളിയിലും പശ്ചാത്തലമാവുന്ന ഭാരതപ്പുഴയും സുന്ദരമായി ഭരതന്‍ അവതരിപ്പിച്ചു. പശ്ചാത്തലം തന്നെ ഒരു പ്രധാന കഥാപാത്രമായി വരുന്നു ഇവിടെ. ഇതിവൃത്തത്തെ അതിജീവിക്കാന്‍ കഴിയുന്ന കലാവൈദഗ്ധ്യം ഭരതന് ഉണ്ടായിരുന്നു.

പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുമ്പോന്നതില്‍ ഭരതന് വ്യത്യസ്തമായ ചില ശീലങ്ങളുണ്ടായിരുന്നു. ഭരതന്റെ സിനിമകളില്‍ പന്ത്രണ്ടെണ്ണം സാഹിത്യകൃതികളെ അവലംബിച്ച് എടുത്തതാണ്. പക്ഷെ മൂലകൃതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് സിനിമയിലൂടെ ഭരതന്‍ സമ്മാനിച്ചത്. സാഹിത്യകൃതിയില്‍ നിന്ന് കഥാബീജം കണ്ടെടുക്ക മാത്രമാണ് ഭരതന്‍ ചെയ്തത്. സിനിമയും സാഹിത്യവും തമ്മിലുള്ള അകലം തിരിച്ചറിഞ്ഞ് കൃത്യമായ മാധ്യമബോധത്തോടെയാണ് ഭരതന്‍ ചിത്രങ്ങളൊരുക്കിയത്.

സമൂഹം ശ്രദ്ധിക്കാതെ വിട്ടുപോയ ആളുകളുടെ കഥകള്‍ പറയുന്നതില്‍ പ്രത്യേകമായ കഴിവ് ഭരതന്‍ പ്രകടിപ്പിച്ചിരുന്നു. ഭരതന്‍ സിനിമകളുടെ പ്രമേയപരമായ പ്രധാന സവിശേഷത ഇതായിരിക്കണം. കടലിനോട് മല്ലിട്ടു ജീവിക്കുന്ന മുക്കുവരുടെ ജീവിതമാണ് അമരത്തില്‍. മൂശാരിമാരുടെ കഥയാണ് വെങ്കലം. ലോറിത്താവളങ്ങളുടെ കഥയാണ് ലോറി. റെയില്‍വെയിലെ തൊഴിലാളികളാണ് 'പാളങ്ങളി'ല്‍ .നാടന്‍ സര്‍ക്കസ്സുകാരുടെ കഥയാണ് 'ആരവ'ത്തില്‍. കാളച്ചന്തയാണ് 'ചാട്ട'യില്‍. ചവിട്ടുനാടകകലാകരാന്‍മാരുടെ ജീവിതമാണ് 'ചമയം'. ഇങ്ങനെ വ്യത്യസ്തകള്‍ തേടിപ്പോവാനുള്ള വാസന ഭരതന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കാണാം. എന്ത് പറയുന്നു എന്നതല്ല എങ്ങനെ പറയുന്നു എന്നതാണ് ഭരതനെ വേറിട്ടുനിര്‍ത്തിയത്. അമരം എന്ന ചിത്രത്തിന്റെ പ്രമേയം തന്നെ മികച്ച ഉദാഹരണം. ഏറെ മോഹങ്ങളുമായി വളര്‍ത്തി വലുതാക്കിയ മകള്‍ അച്ഛനെ വിട്ട് കാമുകന്റെ കൂടെ പോകുന്നതാണ് ചിത്രത്തിലെ പ്രമേയം. ഇത് പുതുമയുള്ള ഒരു പ്രമേയമാണെന്ന് അതിന്റെ ശില്‍പ്പികള്‍ പോലും അവകാശപ്പെടില്ല. പക്ഷെ ആ പ്രമേയത്തെ ഒരു മികച്ച എഴുത്തുകാരനും മികച്ച സംവിധായകനും സമീപിച്ചതുകൊണ്ടാണ് ആ ചിത്രം ഇത്ര മനോഹരമാക്കാന്‍ സാധിച്ചത്. ഭരതന്‍ എന്ന സംവിധായകന്റെ പ്രതിഭ അതിന്റെ മുഴുവന്‍ ശക്തിയുടേയും പ്രേക്ഷകര്‍ കണ്ട മറ്റൊരു ചിത്രമായിരുന്നു താഴ്‌വാരം. മലമ്പ്രദേശത്തെ ആളുകളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികാരത്തിന്റെ കഥയാണ് താഴ് വാരം പറയുന്നത്. എം ടിയുടെ മികച്ച രചനകളിലൊന്ന്. പ്രകൃതി ഒരു കഥാപാത്രമായി വരുന്ന ഈ ചിത്രത്തില്‍ പ്രകൃതിയെ കഥക്ക് ഇണങ്ങും വിധത്തിലുള്ള ചാരുതകളോടെ ഭരതന്‍ ചിത്രീകരിച്ചു.

അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഭരതന്‍ താരമൂല്യമല്ല നോക്കിയത്. കഥാപാത്രത്തിന് ഇണങ്ങുന്ന നടീനടന്‍മാരെ കണ്ടെത്തുകയായിരുന്നു. അച്ചന്‍കുഞ്ഞ് എന്ന നടനെ പരിചയപ്പെടുത്തിയത് ഭരതനാണ്. പ്രതാപ് പോത്തനെയും ആദ്യമായി അവതരിപ്പിച്ചത് ഭരതനാണ്. നെടുമുടി വേണുവും ഭരത്‌ഗോപിയും ജനപ്രിയ നടന്‍മാരായി പേരടുത്തതും ഭരതന്റെ ചിത്രങ്ങളിലൂടെയാണ്. അതുവരെയുള്ള നായകസങ്കല്‍പ്പങ്ങളെ ലംഘിക്കാന്‍ കൊണ്ട് ഭരതന്‍ കാണിച്ച ആര്‍ജവമാണ് ഈ മികച്ച നടന്‍മാരെ മലയാളത്തിനു സമ്മാനിച്ചത്.

എണ്‍പതുകളില്‍ തിരക്കേറിയ സംവിധായകനായിരുന്നു ഭരതന്‍. ചാമരം, ചാട്ട, നിദ്ര, പാര്‍വതി, പറങ്കിമല, മര്‍മരം, ഓര്‍മ്മക്കായി, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, കാതോടു കാതോരം, ഈണം, സന്ധ്യമയങ്ങും നേരം, എന്റെ ഉപാസന, പ്രണാമം, ഒഴിവുകാലം, ചിലമ്പ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോള്‍, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം തുടങ്ങിയ ചിത്രങ്ങള്‍ ഇക്കാലത്ത് പുറത്തുവന്നു. ഇതില്‍ സാമ്പത്തിക വിജയം നേടാത്തത് ചുരുക്കം ചിലത് മാത്രം. തീയേറ്ററില്‍ വിജയിക്കാത്ത ചിത്രങ്ങളും കലാപരമായി മികച്ചതെന്ന് പേരെടുത്തു. സുന്ദരമായ അവതരണരീതി -അഥവാ ഭരതന്‍ സ്പര്‍ശം ജനപ്രിയമായത് ഇക്കാലത്താണ്. നിറങ്ങള്‍ കൊണ്ടും ചായക്കൂട്ടുകള്‍ കൊണ്ടും സിനിമയില്‍ ഭരതന്‍ വിസ്മയം സൃഷ്ടിക്കുകയായിരുന്നു. പ്രണയത്തിന് മാറ്റിനിര്‍ത്താനാവത്ത വികാരമായി രതിയെ ഭരതന്‍ ചിത്രീകരിച്ചു. രതിയുടെ മൂര്‍ധന്യത്തില്‍ മൃതി കടന്നുവരുന്നതും ഭരതന്‍ ചിത്രങ്ങളിലെ പ്രമേയപരമായ സവിശേഷതയായി.

ഭരതന്റെ എല്ലാ ചിത്രങ്ങളുടെ ഇതിവൃത്തവും ജീവിതഗന്ധിയായിരുന്നു എന്ന്അവകാശപ്പെടാനാവില്ല. ഭരതന്റെ പ്രമേയങ്ങളെ ലോകേത്തരമെന്ന് ആരും വിശേഷിപ്പിച്ചിട്ടുമില്ല. നാടകീയതകളും ചിലപ്പോഴൊക്കെ ആവശ്യത്തിലേറെ ഭരതന്റെ ചിത്രങ്ങളിലുണ്ടായിരുന്നു. കച്ചവടതാല്‍പ്പര്യങ്ങളുടെ ചില ഒത്തുതീര്‍പ്പുകളും ചിലഘട്ടങ്ങളില്‍ പ്രകടമായിരുന്നു. എന്നിട്ടും എങ്ങനെ ഭരതന്‍ ഇന്നും ഓര്‍ക്കപ്പെടുന്ന ചലചിത്രകാരനായി?. മരിച്ചുപോയ വേറെയും സംവിധായകരുണ്ട്. അവരില്‍ നിന്ന് വ്യത്യസ്തമായി ഭരതന്‍ ഓര്‍ക്കപ്പെടുന്നു. ഭരതന്റെ സിനിമകളുടെ ആവിഷ്‌കരണം തന്നെയാണ് ഭരതനെ അനശ്വരനാക്കിയത്. എല്ലാ വികാരങ്ങളെയും അതിന്റെ തീവ്രതയോടെ ആവിഷ്‌കരിക്കുന്ന പ്രവണത ഭരതന് ഉണ്ടായിരുന്നു. പ്രണയവും രതിയും കാമവും ക്രൗര്യവും എല്ലാം അതില്‍ പെടും.

ഭരതനൊപ്പം എഴുപതുകളില്‍ മലയാള സിനിമയിലേക്ക് കടന്നു വന്ന് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച എല്ലാ സംവിധായകരും തൊണ്ണൂറുകളുടെ തുടക്കത്തോടെ പിന്‍വലിയുന്നതാണ് കണ്ടത്. കൂട്ടത്തില്‍ ഭരതന്‍ അല്‍പ്പകാലം കൂടി മുന്നോട്ടുപോയി. മലയാളിയുടെ കാഴ്ചശീലങ്ങള്‍ മാറിയതുകൊണ്ടോ ഭരതന്റെ സങ്കല്‍പ്പങ്ങള്‍ പാളിപ്പോയതോ ആവാം. ഭരതനും ക്ഷീണകാലമാണ് പിന്നീട് കണ്ടത്. മികച്ച ഇതിവൃത്തമുണ്ടായിട്ടു കൂടി 'ദേവരാഗം' വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയില്ല. 'ചുര'വും പഴയ സിനിമയുടെ ആവര്‍ത്തനമെന്ന പഴി കേട്ടു. ഭരതന്റെ വര്‍ണങ്ങളും ചായക്കൂട്ടുകളുമൊക്കെ അതിഭാവുകത്വം സൃഷ്ടിക്കുന്നുവെന്ന് അവസാന ചിത്രങ്ങളിലുടെ പഴി കേട്ടു. എങ്കിലും ശക്തമായ ഒരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലായിരുന്നു ഭരതന്‍. ചില പ്രമേയങ്ങള്‍ കണ്ടെത്തുകയും മുന്നൊരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് രോഗബാധിതനായത്. 1998 ജൂലായ 29 നായിരുന്നു അന്ത്യം.

മലയാളത്തില്‍ മികച്ച സംവിധായകനായി പേരടുത്ത ഭരതന്‍ അന്യഭാഷകളിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. തമിഴില്‍ സംവിധാനം ചെയ്ത തേവര്‍ മകന്‍ നിരവധി ദേശിയപുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ആവാരം പൂ എന്ന പേരില്‍ തകരയുടെ റീമേക്ക് ചിത്രവും തമിഴില്‍ സംവിധാനം ചെയ്തു.

കലാസംവിധായകനായാണ് ഭരതന്‍ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. വടക്കാഞ്ചേരിക്കടുത്ത് ഏങ്കക്കാട് എന്ന ഗ്രാമത്തിലാണ് ഭരതന്റെ ജനനം. ഇളയച്ഛനായ പി എന്‍ മേനോന്‍ അറിയപ്പെടുന്ന സംവിധായകനായിരുന്നു. 'ഓളവും തീരവും' എന്ന ചിത്രത്തിലൂടെ മലയാളസിനിമക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച് ശ്രദ്ധേനായിരുന്നു പി എന്‍ മേനോന്‍. ഭരതന്‍ പത്താംക്ലാസ്സ് കഴിഞ്ഞതോടെ തൃശൂരില്‍ ചിത്രകലാപഠനത്തിനു ചേര്‍ന്നു. തുടര്‍ന്ന് മദിരാശിയില്‍ പി എന്‍ മേനോന്റെ അടുത്തെത്തി. അതോടെയാണ് ചലച്ചിത്രരംഗവുമായി ബന്ധപ്പെടുന്നത്. നിരവധി സിനിമകള്‍ക്ക് പരസ്യം സെറ്റ് ചെയ്തു നില്‍കി. ഗന്ധര്‍വക്ഷേത്രം എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി. സിനിമ സംവിധാനം ചെയ്തുതുടങ്ങിയ ശേഷവും പല ചിത്രങ്ങളുടെയും കലാസംവിധാനം സ്വയം നിര്‍വഹിച്ചുപോന്നു. ആറു തവണ മികച്ച കലാസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഭരതന് ലഭിച്ചിട്ടുണ്ട്.

സിനിമയിലെ സര്‍വകലാവല്ലഭനായിരുന്നു ഭരതന്‍. കവിതയും സംഗീതവുമല്ലാം ഉള്ളിലുണ്ടായിരുന്നു. 'ചിലമ്പി'ലെ പുടമുറി കല്യാണം, കേളിയിലെ താരം വാല്‍ക്കണ്ണാടി നോക്കി, താഴ്‌വാരത്തിലെ കണ്ണെത്താ ദൂരെ മറുതീരം തുടങ്ങിയ പാട്ടുകള്‍ ഭരതന്‍ രചിച്ചതാണ്. ഈണം, താഴ്‌വാരം, കേളി തുടങ്ങിചില ചിത്രങ്ങള്‍ക്ക് സംഗീതവും ചെയ്തു.



 

ga