ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം - അവസാനരംഗം

Posted on: 10 Jan 2010



കൂട്ടിലിട്ടിരിക്കുന്ന മുയലിന് തീറ്റ കൊടുക്കുന്ന ഉണ്ണിക്കുട്ടന്‍.
ഉണ്ണി : മുത്തശ്ശാ മുത്തശ്ശാ (മുയലിനെ ചൂണ്ടിക്കാട്ടി) ഇതിന്റെ പേരല്ലേ അമ്മിണി.
മാഷ് : ഉം ഉം. അതല്ല അത് പത്മിനി. ഇതാണ് അമ്മിണി. ഇതിന്റെ പേരറിയോ ഉണ്ണിക്ക്?
ഉണ്ണി : രുഗ്മിണി.
മാഷ് : (ഒരു മുയലിന്റെ ചെവിയില്‍ പിടിച്ചുകൊണ്ട്) ഇവനാണ് കുഞ്ഞിരാമന്‍.
ഉണ്ണി : അയ്യോ അത് പെണ്ണല്ലേ. അതിനെങ്ങനെയാ കുഞ്ഞിരാമനെന്ന് പേര് വര്വാ. ഈ മുത്തശ്ശന് ഒന്നും അറിഞ്ഞുകൂടാ. അത് തുളസിയാ.
മാഷ് : (ചിരിയോടെ) ഉണ്ണിക്കുട്ടന് ഓര്‍മയുണ്ടോന്ന് നോക്കീതല്ലേ മുത്തശ്ശന്‍.
പോസ്റ്റുമാന്‍ സൈക്കിളില്‍ വരുന്നു.
പോസ്റ്റുമാന്‍ : മാഷേ ഒരു കത്തുണ്ട്.
മാഷിന് കത്തുകൊടുത്തിട്ട് അയാള്‍ മടങ്ങിപ്പോകുന്നു. മാഷ് പോക്കറ്റില്‍ നിന്നും കണ്ണടയെടുത്തുവച്ചിട്ട് കത്തു വായിക്കുന്നു.
രവിയുടെ ശബ്ദം : പ്രിയപ്പെട്ട മാഷ്‌ക്ക്. ഈ കത്ത് എങ്ങനെയെഴുതിത്തുടങ്ങണമെന്നെനിക്കറിയില്ല. ഇതിനുമുമ്പും പലതവണ എഴുതാനിരുന്നതാണ്. മാഷേം ടീച്ചറേം കുറിച്ചാലോചിക്കുമ്പോ വേണ്ടാന്നുവയ്ക്കും. (മാഷ് തിരിഞ്ഞ് ഉണ്ണിക്കുട്ടനെ നോക്കുന്നു) ഈ മാസം അവസാനം ഞാന്‍ ലീവില്‍ വരുമ്പോള്‍ ഉണ്ണിമോനെ എന്റെകൂടെ അയയ്ക്കണം. അവന്റെ പാസ്‌പോര്‍ട്ടിനും മറ്റുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകഴിഞ്ഞു. ദയവായി എതിരൊന്നും പറയരുതേ. ഇതെന്റെ അപേക്ഷയാണ്. (മാഷ് ഉണ്ണിക്കുട്ടനെ നോക്കുന്നു. മുയലിന് തീറ്റകൊടുക്കുന്ന ഉണ്ണിക്കുട്ടന്‍) എനിക്ക് ഉണ്ണിയല്ലാതെ മറ്റാരുമില്ലെന്ന് അറിയാമല്ലോ. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഞാനീ വിഷമം അനുഭവിക്കുകയാണ്....
ടീച്ചര്‍ വരുന്നതുകണ്ട് മാഷ് കത്ത് മടക്കി പോക്കറ്റിലിടുന്നു. ടീച്ചറിനെ കണ്ടപ്പോള്‍ ഓടിയടുക്കുന്ന ഉണ്ണിക്കുട്ടന്‍. മാഷ് വരാന്തയിലേക്ക് വലിയുന്നു.
ഉണ്ണി : മുത്തശ്ശീ....
ഉണ്ണിക്ക് ഉമ്മകൊടുക്കുന്ന ടീച്ചര്‍.
ടീച്ചര്‍ : എന്റെ മോന് സ്‌കൂളില്‍ ചേരണ്ടേ? പഠിക്കണ്ടേ? ഹാവൂ എന്റെ മാഷേ നടന്നു തളര്‍ന്നു. കാര്യം സ്‌കൂള്‍ വരെ ഒന്ന് പോയി മടങ്ങിയതേയുള്ളൂ. പണ്ട് സര്‍വീസിലിരുന്നപ്പോ എങ്ങനെയാ നമ്മളിത്രേം ദൂരം പോയി വന്നിരുന്നതാവോ. അല്ലേ ഉണ്ണീ.

83
ടീച്ചര്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നു. ദുഃഖിച്ചിരിക്കുന്ന മാഷ്.
ടീച്ചര്‍ : കേട്ടോ മാഷേ. സ്‌കൂളിലോട്ടു ഞാന്‍ ചെന്നതും എല്ലാവരും എന്നെയങ്ങു പൊതിഞ്ഞു. ഉണ്ണികൃഷ്ണനെ ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ ഹെഡ്മാസ്റ്റര്‍ ചോദിക്ക്യാ ഏതാ കുട്ടീന്ന്. ഞാന്‍ പറഞ്ഞു എന്റെ കുട്ടിയാന്ന്. അപ്പോഴുണ്ടല്ലോ ആ ഭാസ്‌കരന്‍ മാസ്റ്ററ് ചോദിക്ക്യാ ഈ പ്രായത്തിലോന്ന്. (ചിരിക്കുന്നു) എല്ലാവരുംകൂടെ ചിരിച്ചുചിരിച്ചെന്റെ മാഷേ... ഞാനും ഒരുപാട് ചിരിച്ചു. പക്ഷേ വിട്ടുകൊടുക്ക്വോ.... നല്ല കാര്യായി. ഓരോന്നു കിള്ളിക്കിള്ളി ചോദിക്കാന്‍ ആ സുമതിക്കാ ധൃതി. അസൂയതന്നെ. രണ്ടു പെണ്‍മക്കളുണ്ട് അവര്‍ക്ക്. രണ്ടിനുമില്ല കുട്ടികള്. (ടീച്ചര്‍ ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു) പിന്നേയ് മൂന്ന് ഡിവിഷനാണല്ലോ ഒന്നാം ക്ലാസ്സില്. മാലതീടെ ഡിവിഷനില് ഉണ്ണിയെ ചേര്‍ത്താ മതീന്ന് ഞാന്‍ പറഞ്ഞു. സരോജിനീം സുമതീം നന്നായിട്ട് പഠിപ്പിക്കും. പക്ഷേ രണ്ടാളുമതെ കുട്ടികളെ തല്ലും. ങ്ഹാ.... എന്റെ ഉണ്ണിക്കുട്ടനെ തല്ലാന്‍ ആരേയും ഞാന്‍ സമ്മതിക്കില്ല. അല്ലേ മോനേ.

84
രാത്രി
കിടപ്പുമുറി.
മാഷ് കട്ടിലില്‍ കിടക്കുന്നു. കട്ടിലിലിരുന്ന് സംസാരിക്കുന്ന ഉണ്ണിയും ടീച്ചറും.
ടീച്ചര്‍ : മോന് പഠിച്ചുപഠിച്ച് വലുതാകുമ്പോ ആരാവാനാ ആശ?
ഉണ്ണി : എനിക്കോ?
ടീച്ചര്‍ : ഉം. ഡോക്ടറാവണോ?
ഉണ്ണി : ഉം ഉം.
ടീച്ചര്‍ : പിന്നെ എഞ്ചിനീയറാവണോ?
ഉണ്ണി : ഉം ഉം.
ടീച്ചര്‍ : പിന്നെ ആരാവാനാ?
ഉണ്ണി : എനിക്കൊരു മാഷായാല്‍ മതി. മുത്തശ്ശനെപ്പോലെയൊരു വലിയ മാഷ്!
ടീച്ചര്‍ : (ചിരിച്ചുകൊണ്ട്) എന്നിട്ടോ?
ഉണ്ണി : എന്നിട്ട് മുത്തശ്ശനേം മുത്തശ്ശിയേം ഞാന്‍ പഠിപ്പിക്കും.
ടീച്ചര്‍ : പഠിച്ചില്ലേലോ?
ഉണ്ണി : പഠിച്ചില്ലേല് നല്ല അടി തരും.
ടീച്ചര്‍ : (ചിരിച്ചുകൊണ്ട്) കേട്ടോ മാഷേ, മോന്‍ പറയണത്. മാഷേ, മാഷേ, എന്താ സുഖമില്ലേ?
മുഖംകൊടുക്കാണ്ടെ വികാരഭാവം അറിയിക്കാണ്ടെ തിരിഞ്ഞു കിടക്കുകയാണ് മാഷ്.
ഉണ്ണി : മുത്തശ്ശാ മുത്തശ്ശാ പനീണ്ടോ?
മാഷ് : (സംയമനത്തോടെ) ഒന്നൂല്ല. (ഉണ്ണിക്കുട്ടന്റെ കൈയില്‍ ഉമ്മവയ്ക്കു ന്നു) മുത്തശ്ശന് ഉറക്കം വരുന്നു.
ഉണ്ണി : മുത്തശ്ശന് ഉറക്കം വരുന്നൂന്ന്.
ടീച്ചര്‍ : വാ മോന്‍ ഉറങ്ങ്.

85
പകല്‍
വീട്.
വീടിന്റെ മുന്‍വശം. മാഷും ടീച്ചറും. താഴെ മുറ്റത്ത് കളിക്കുന്ന ഉണ്ണിക്കുട്ടന്‍. ടീച്ചറാകെ ക്ഷുഭിതയാണ്.
ടീച്ചര്‍ : പെറ്റുവീണ കുഞ്ഞിനെ തള്ള കണ്ടിട്ടുകൂടിയില്ല. എന്റെ നെഞ്ചിലെ ചൂടുപറ്റിയാ അവന്‍ വളര്‍ന്നത്. (കരയുന്നു) കൈ വളരുന്നോ കാല്‍ വളരുന്നോന്നു നോക്കി. മാഷ്‌ക്ക് അറിഞ്ഞുകൂടേ ഞാനിത്രയുംകാലം ശരിക്കൊന്നു ഉറങ്ങീട്ടുകൂടിയില്ല. (കരയുന്നു)
വിഷമിച്ചുനില്‍ക്കുന്ന മാഷ്. ഉണ്ണിക്കുട്ടന്‍ മുറ്റത്ത് കളിക്കുന്നു.
ടീച്ചര്‍ : അച്ഛനാണെന്നുള്ള അവകാശണ്ടാവും രവിക്ക്. ചെല്ലട്ടെ, ചെന്ന് കോടതിയില്‍ പോയി സ്ഥാപിക്കട്ടെ. എന്റെ കുഞ്ഞിനെ ഞാന്‍ വിട്ടുകൊടുക്കില്ല. അവന്‍ പോയാപ്പിന്നെ എനിക്ക്.... നമുക്ക്..... (കരയുന്നു)
ഉണ്ണി : (താഴെനിന്നും) മുത്തശ്ശാ വാ.
മാഷ് : മുത്തശ്ശന്‍ വരണു. മോന്‍ കളിച്ചോളൂ.
ടീച്ചര്‍ : അവന്‍ ഇവിടെ വളര്‍ന്നാ മതി. എന്താ ഇവനിവിടൊരു കുറവ്. (കരയുന്നു)
മാഷ് : ടീച്ചറ് പറയുന്നതൊക്കെ ശരിയാ. രവീടെ കത്തു കിട്ടിയപ്പോള്‍ തൊട്ട് എന്റെ മനസ്സും ഇതുതന്നെയാ പറഞ്ഞോണ്ടിരുന്നേ. പക്ഷേ ടീച്ചറെ, ഇതിന്റെയൊക്കെ അപ്പുറത്ത് രവി.... അവനൊരു മനസ്സില്ലേ. ആ മനസ്സ് നമ്മള് കാണണ്ടേ?
ടീച്ചര്‍ കരയുന്നു. മാഷ് ആശ്വസിപ്പിക്കുന്നു. ഇതുകണ്ട് വിഷമിച്ചു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍.

86
പകല്‍
വീട്.
മാഷും ടീച്ചറും രവിയും വീടിന്റെ മുന്‍വശത്ത്.
രവി : എന്നെക്കുറിച്ച് നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ. മായയുടെ ഓര്‍മകള്‍ മാത്രമായിട്ട് ജീവിക്കുകയാണ് ഞാന്‍. ഇനി വേറൊരു സ്ത്രീ എന്റെ ജീവിതത്തിലുണ്ടാവില്ല എന്നറിയാലോ. സ്വന്തമെന്നു പറയാന്‍ ആകെക്കൂടി ഉണ്ണിയല്ലാതെ മറ്റാരുമില്ല. മായ മരിച്ചതില്‍പ്പിന്നെ ഇതുവരെ ലീവില്‍പോലും ഞാന്‍ വന്നില്ല. ഓരോ തവണയും ടിക്കറ്റെടുക്കും. പിന്നെ ക്യാന്‍സല്‍ ചെയ്യും. വന്നാല്‍ ഒരു രാത്രിയിവിടെ ഉണ്ണീടെകൂടെ കഴിഞ്ഞാല്‍പ്പിന്നെ എന്റെ മകനെ കൂട്ടാണ്ട് മടങ്ങാന്‍ എനിക്ക് പറ്റില്ലെന്നറിയാമായിരുന്നു.
മാഷ് എഴുന്നേറ്റ് രവിയുടെ അടുത്തെത്തുന്നു.
രവി : മാഷും ടീച്ചറും.... നിങ്ങടെ കാര്യമോര്‍ക്കുമ്പോള്‍ മടിച്ചു. പക്ഷേ എത്ര കാലംന്ന് വച്ചിട്ടാ? നിങ്ങള്‍ക്ക് പ്രായമായി വരുന്നു. ഇപ്പോ ഴാണെന്നുവച്ചാല്‍ ഉണ്ണിയെ സ്‌കൂളില്‍ ചേര്‍ക്കേണ്ട സമയമാണ്. എന്നായാലും എന്റെകൂടെ വരണം. തുടക്കംതൊട്ട് അവിടെയാണേല്‍ അതല്ലേ നല്ലത്.
മാഷിന്റെയും ടീച്ചറിന്റെയും കണ്ണുകള്‍ നിറയുന്നു.
രവി : ഈ ജന്മത്ത് തീരില്ല എനിക്കുള്ള കടപ്പാട്. എന്നാലും (മാഷിന്റെ കൈ പിടിച്ചുകൊണ്ട്) എതിരു പറയരുത്. ഉണ്ണിയെ എന്റെകൂടെ അയയ്ക്കണം. എനിക്ക് മറ്റാരുമില്ല.
രവിയുടെ ശബ്ദമിടറി കണ്ണുകള്‍ നിറയുന്നു. ടീച്ചറും കരയുന്നു.
മാഷ് : എന്തെങ്കിലും ഒരു പഴുതുണ്ടായിരുന്നെങ്കില്‍ മുഖത്തുനോക്കി പറ്റില്ല എന്ന് പറഞ്ഞേനെ. പക്ഷേ രവി പറയുന്നത് മുഴുവന്‍ ന്യായാ. മുഴുവന്‍ സത്യാ. പിന്നെ ഞങ്ങളെന്ത് പറയാനാ അല്ലേ ടീച്ചറേ. (ടീച്ചര്‍ കരയുന്നു) ഉണ്ണിയെ കൊണ്ടുപൊയ്‌ക്കോളൂ. എന്താ ഏര്‍പ്പാട്‌ന്ന്വെച്ചാ ചെയ്‌തോളൂ.
ടീച്ചര്‍ കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിപ്പോകുന്നു.

87
സന്ധ്യ
ഉണ്ണിമായയുടെ അസ്ഥിത്തറയില്‍ വിളക്കുവയ്ക്കുന്ന ഉണ്ണിക്കുട്ടന്‍. ടീച്ചറും മാഷും കൂടെയുണ്ട്. വിളക്കുവച്ചതിനുശേഷം പൂക്കളര്‍പ്പിക്കുന്നു.
മാഷ് : നന്മ വരുത്തണേന്ന് അമ്മയോട് പ്രാര്‍ത്ഥിച്ചോളൂ.
ഉണ്ണിക്കുട്ടന്‍ പ്രാര്‍ത്ഥിക്കുന്നു : അമ്മേ രക്ഷിക്കണേ....

88
പകല്‍
വീട്ടുമുറ്റം.
ടാക്‌സികാര്‍ തയ്യാറായി കിടക്കുന്നു. കാറിന്റെ മുകളില്‍ പെട്ടികള്‍ അടുക്കി വച്ചിട്ടുണ്ട്. വരാന്തയില്‍ തൂണില്‍ ചാരി വിഷമിച്ചുനില്‍ക്കുന്ന രവി.

89
ഉണ്ണിക്കുട്ടന്റെ വസ്ത്രങ്ങള്‍ എടുത്ത് ബാഗില്‍ വയ്ക്കുന്ന ടീച്ചര്‍. ടീച്ചര്‍ കരയു ന്നുണ്ട്. ഉണ്ണിയെ ഒരുക്കുന്ന മാഷ്.
ഉണ്ണി : ഇല്ല കരകര, പല്ലി കരകര പിന്നെന്താ ഇല്ലിന്മേല്‍ ആയിരം പല്ലിമുട്ട എന്നുവച്ചാ എന്താ മുത്തശ്ശാ.... മുത്തശ്ശാ....
മാഷ് : (ശ്രമപ്പെട്ട് സംയമനം ഭാവിച്ച്, മനസ്സിലെ തകര്‍ച്ച മറച്ചുവെച്ച്) ഉം.... അത് പിന്നെ ഉണ്ണിക്കുട്ടന്‍ അച്ഛന്റെകൂടെ പോയാല് വലിയ ആളാവണംട്ടോ.
ഉണ്ണി : ശരി. നമ്മളെല്ലാവരുംകൂടി ഏറോപ്ലെയിനിലാ പോവ്വാ.
മാഷ് : ഉം.
ഉണ്ണി : മുത്തശ്ശാ മുത്തശ്ശാ, മുത്തശ്ശന് പ്ലേനില്‍ കേറാന്‍ പേടീംണ്ടോ?
മാഷ് : ഉണ്ണിക്കുട്ടന്‍ കൂടെയുള്ളപ്പോ പിന്നെ മുത്തശ്ശനെന്തിനാ പേടിക്കണെ.
ഉണ്ണി : അതുശരിയാ.
മാഷ് : മോന് പേടീണ്ടോ പ്ലെയിനില്‍ പോവാന്‍.
ഉണ്ണി : ഉണ്ണിക്കുട്ടന്‍ മുത്തശ്ശീടെ മടീല്‍കേറി ഇരിക്കൂലോ. അപ്പപ്പിന്നെ പേടി വരില്ല. ഈ മുത്തശ്ശന് ഒന്നും അറിഞ്ഞുകൂടാ. അതാ.
മാഷ് ദുഃഖത്തോടെ ടീച്ചറെ നോക്കുന്നു.
ഉണ്ണി : (മാഷിന്റെ കൈയില്‍ പിടിച്ചുകൊണ്ട്) അപ്പോം ചുട്ട് അടയും ചുട്ട് ഇലേം വാട്ടി പൊതിയും കെട്ടി മുത്തശ്ശന്റെ വീട്ടിലേക്ക് അതിലെ വന്ന് ഇതിലെ വന്ന്.....
മാഷിനെ ഉണ്ണിക്കുട്ടന്‍ ഇക്കിളികൂട്ടുന്നു. ഉണ്ണിക്കുട്ടന്‍ ചിരിക്കുന്നു. മാഷ് ഉണ്ണിയെ കെട്ടിപ്പിടിച്ച് കരയുന്നു, ടീച്ചറും.

90
ഉണ്ണിക്കുട്ടനെ എടുത്തുകൊണ്ട് ടീച്ചര്‍ മുന്‍വശത്തേക്ക് വരുന്നു. ബാഗുകള്‍ തൂക്കി മാഷും. രവി തൂണിന്മേല്‍ ചാരി നില്‍ക്കുന്നു. ഉണ്ണി ടീച്ചര്‍ക്ക് ഉമ്മ കൊടുക്കുന്നു. ടീച്ചര്‍ കരയുന്നു.
ഉണ്ണി : മുത്തശ്ശിയെന്തിനാ കരയണത്?
മാഷ് രവിയെ മാറ്റിനിര്‍ത്തി.
മാഷ് : ഉണ്ണിക്കുട്ടന്‍ ഇറങ്ങിപ്പോകുന്നത് കണ്ടുനില്‍ക്കാന്‍ വയ്യ. ഞങ്ങള് മാറിനില്‍ക്കാം. എന്തെങ്കിലും ഉപായത്തില് മോനേംകൂട്ടി പുറപ്പെട്ടുകൊള്ളൂ. ഇനി എപ്പഴാ വര്വാ. വരുമ്പോള്‍ ഞങ്ങള് ഉണ്ടാവ്വോ ഒരു നിശ്ചയോംല്ല്യ. എന്നാലും വരണം. മായമ്മ ഇവിടെയാ ഉള്ളത്. ഈ വീടും ഇതെല്ലാം ഉണ്ണിക്കുള്ളതാ. അതു മറക്കണ്ട. ഞങ്ങടെ ബലിയിടാന്‍ ഇനി അവനേയുള്ളൂ.
മാഷ് കരയുന്നു. രവിയും. ടീച്ചര്‍ ഉണ്ണിക്കുട്ടനെ രവിയെ ഏല്‍പ്പിക്കുന്നു.
ഉണ്ണി : മുത്തശ്ശീ.... മുത്തശ്ശീ.....
ഉണ്ണി ടീച്ചറിന്റെ സാരിത്തുമ്പില്‍ പിടിച്ച് വലിക്കുന്നു. മാഷ് പുറംതിരിഞ്ഞു നിന്ന് കരയുന്നു. മാഷും ടീച്ചറും കരഞ്ഞുകൊണ്ട് വീടിനുള്ളില്‍ കയറി വാതിലടയ്ക്കുന്നു. മുത്തശ്ശനേം മുത്തശ്ശിയേം വിളിച്ച് കരയുന്ന ഉണ്ണിക്കുട്ടന്‍.
ഉണ്ണി : എനിക്ക് മുത്തശ്ശന്റെ അടുത്തുപോണം. മുത്തശ്ശീ.....
രവി : കരയാതെ മോനേ. മോനെ പ്ലെയിനില്‍ കൊണ്ടുപോകാം.
ഉണ്ണി : എനിക്ക് പ്ലെയിനില്‍ പോവണ്ടാ. എനിക്ക് മുത്തശ്ശനെ കണ്ടാമതി.
രവി : മോനിങ്ങനെ ശാഠ്യം പിടിക്കാതെ.
ഉണ്ണിക്കുട്ടന്‍ കരയുന്നു. ഇതുകേട്ട് വീടിനുള്ളില്‍ തൊട്ടിലില്‍ പിടിച്ചു തൂങ്ങി ദുഃഖിച്ചുനില്‍ക്കുന്ന മാഷും ടീച്ചറും. അലമുറയിട്ടു കരയുന്ന ഉണ്ണിക്കുട്ടനെ കാറില്‍ കയറ്റി യാത്രയാകുന്ന രവി.

91
പകല്‍
വീട്.
അകത്തുനിന്നും വാതില്‍ തുറന്ന് പുറത്തെത്തി അകന്നുപോകുന്ന കാര്‍ നോക്കി ഹൃദയം തകര്‍ന്നു നില്‍ക്കുന്ന മാഷും ടീച്ചറും.

92
പകല്‍
വീട്.
കൂട്ടിലിട്ട പക്ഷികളെ തുറന്നുവിടുന്ന മാഷ്. കൂടുകള്‍ തല്ലിപ്പൊളിക്കുന്നു. പറന്നകലുന്ന കിളികള്‍.

93
പകല്‍
വീട്.
മാഷും ടീച്ചറും കരഞ്ഞ് തളര്‍ന്നിരിക്കുന്നു, രണ്ട് ശിലകളെപ്പോലെ.

94
പകല്‍
മണല്‍ത്തിട്ട.
മണല്‍ത്തിട്ടയിലൂടെ നടന്നുനീങ്ങുന്ന മാഷും ടീച്ചറും. നടന്ന് അനന്തതയിലേക്ക്..... ദൂരെ അവരൊരു നിഴലായി, പൊട്ടായി..... പിന്നെപ്പിന്നെ ഒരു നിശ്വാസംപോലെ..... അന്തരീക്ഷത്തില്‍ ലയിക്കുന്നു.

(ജോണ്‍പോളിന്റെ എന്റെ ഭരതന്‍ തിരക്കഥകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം






 

ga