സുപ്രിയ ഫിലിംസിന്റെ ചരിത്രവും ഞാനുമായി എന്തെന്ത് ബന്ധങ്ങളാണുള്ളത്! പറഞ്ഞാല്‍ തീരുന്ന കാര്യമല്ല അത്. ഹരി പോത്തനെക്കുറിച്ച് പറയാന്‍ എനിക്ക് നൂറുനാവാണ്. തൊട്ടുതൊട്ട് എത്രയെത്ര സംഭവങ്ങളും വ്യക്തികളും നീണ്ട ഒരു കാലയളവും. ഇപ്പോള്‍ ഇങ്ങനെയൊരു കുറിമാനത്തിനു കാരണം ജോണ്‍പോളാണ്. ജോണ്‍പോളിനെ ഞാന്‍ ആദ്യമായി കാണുന്നതും അറിയുന്നതും 88-ലാണ്. സുപ്രിയ ഫിലിംസിന്റെ 'മാളൂട്ടി' എന്ന ചിത്രത്തിനുവേണ്ടി ആലുവാ പാലസിലെ ഒരു ഒത്തുചേരലില്‍വെച്ച്.
ഞാനും ഹരി പോത്തനും ആലുവാ പാലസിലെത്തുമ്പോള്‍ അവിടെ ഒരു മുറിയില്‍ ജോണ്‍പോളുണ്ട്. ഹരി എന്നെ പരിചയപ്പെടുത്തി: 'ഇത് ജോണ്‍പോള്‍.'
ഞാന്‍ ആ രൂപത്തിലേക്ക് സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന്റെ ശരീരത്തിന്റെ അസാധാരണ വലിപ്പത്തിലാണ് ഞാന്‍ ശ്രദ്ധിച്ചത്. മറ്റൊന്നുകൂടി എന്നെ ആകര്‍ ഷിച്ചു. ശൈശവ വിശുദ്ധിയുള്ള ആ മുഖം.
ജോണ്‍പോളിനെ പരിചയപ്പെടുത്തിയതല്ലാതെ മറ്റൊന്നും ഹരി പറഞ്ഞില്ല. തിരിച്ച് ഞങ്ങളുടെ മുറിയിലെത്തുമ്പോള്‍ ഞാന്‍ ചോദിച്ചു: നമ്മുടെ വരവും ജോണ്‍പോളുമായി എന്താ ബന്ധം?'
ഹരി എപ്പോഴും ഇങ്ങനെയാണ്. എല്ലാം വല്ലാത്തൊരു പരിണാമഗുപ്തിയോടെ മാത്രമേ പറയൂ; ചെയ്യൂ. ചിലപ്പോള്‍ മദ്രാസിലേക്കെന്നു പറഞ്ഞ് എന്നെ വിളിക്കും. കൗമുദി (കെ. ബാലകൃഷ്ണന്റെ) ഓഫീസിലെ ജോലി ഇട്ടെറിഞ്ഞ് ഞാന്‍ ഹരിയോടൊത്ത് പോകും. ഹരി തിരിച്ചും ഇങ്ങനെയാണ്. ചാച്ചപ്പന്റെ ചങ്ങനാശ്ശേരിയിലെ ഗീഥാ ആര്‍ട്‌സ് ക്ലബ്ബിലെ നാടകത്തിന് പാട്ടെഴുതാന്‍ ഞാന്‍ പോകുമ്പോള്‍ അതറിയാതെ എന്നോടൊത്ത് സ്വന്തം ബെന്‍സുകാറുമെടുത്ത് ചങ്ങനാശ്ശേരിയില്‍ വരും. അവിടെ ഹരിയുടെ തറവാട്ടിലിരുന്ന് ഞാന്‍ ഒരുദിവസംകൊണ്ട് പാട്ടെഴുതിത്തീര്‍ത്ത് തിരിച്ചുപോരും. വന്ന കാര്യവും പാട്ടിന്റെ കാര്യവും നിശ്ശബ്ദം സ്വയം മനസ്സിലാക്കുന്നതല്ലാതെ ഒന്നും ചോദിക്കുകയില്ല. യാത്രകളിലൂടെയും നിശ്ശബ്ദതകളിലൂടെയും ഹരിയെക്കുറിച്ച് ഒന്നെനിക്ക് മനസ്സിലായിട്ടുണ്ട്. മറ്റു വ്യവസായികളുടെയും പണക്കാരുടെയും മക്കള്‍ക്കില്ലാത്ത വല്ലാത്തൊരാന്തരിക സൗന്ദര്യബോധം കലയുടേതായി, സംഗീതത്തിന്റേതായി, സാഹിത്യത്തിന്റെതായി, സ്‌നേഹത്തിന്റേതായി കുളത്തുങ്കല്‍ പോത്തന്‍ എന്ന വലിയ വ്യവസായിയുടെ മകനായ ഹരി പോത്തനുണ്ട്.
എന്റെ ചോദ്യത്തിന് പതിവില്ലാത്ത വാചാലതയോടെയായിരുന്നു ഹരിയുടെ മറുപടി:
'സുപ്രിയ പുതിയ പടമെടുക്കാന്‍ പോകുന്നു. നീയാണ് അതിന് പാട്ടെഴുതുന്നത്. ജോണ്‍പോള്‍ സ്‌ക്രിപ്റ്റ്. ജോണ്‍പോള്‍ കാനറാബാങ്കിലെ ജോലി കളഞ്ഞ് സിനിമാക്കാരനായതാണ്. നൂറോളം സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.'
പിന്നീട് പതുക്കെപ്പതുക്കെ ഓരോ വിവരങ്ങള്‍ ഹരിയില്‍നിന്നും ജോണ്‍ പോളില്‍നിന്നും ഞാനറിഞ്ഞു. മണിക്കൂറുകള്‍ക്കകം ജോണ്‍പോളും ഞാനുമായി അടുത്ത ബന്ധമായി. ഒരുകാര്യം മാത്രം സംശയമായി അവശേഷിച്ചു. എന്നോട് ആലോചിക്കാതെ എന്നെക്കൊണ്ട് പാട്ടെഴുതിക്കാന്‍ ഹരി തീരുമാനിച്ചത് ഇത്തിരി കടന്നുപോയില്ലേ? സിനിമയും സിനിമാക്കാരുമായി മാത്രം ബന്ധമുണ്ടായിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. എട്ടുപത്തുകൊല്ലം, കൂടുതല്‍ സമയവും ഞാന്‍ കഴിഞ്ഞത് ഹരിയും രാമു കാര്യാട്ടും ശോഭനാ പരമേശ്വരന്‍നായരും ആശാന്‍ സ്‌കൂളിലെ ഏ.കെ.ജി.യും അനിയനും മണിയനും പ്രഭുവും അടങ്ങുന്ന ചലച്ചിത്ര ബന്ധുക്കള്‍ക്ക് നടുവില്‍ മദ്രാസിലായിരുന്നു. ഹരി പോത്തനെയും കണ്‍മണി ബാബുവിനെയും ചന്ദ്രിക ലാലിനെയുംപോലുള്ള ഒരുപറ്റം പണക്കാര്‍ എന്നെ എഴുത്തിന്റെ ലോകത്തില്‍നിന്ന് മറ്റേതോ ലോകത്തില്‍ അലസനാകാന്‍ ഇറക്കിവിട്ട കാലം. ഒരു സിനിമാപാട്ടെഴുത്തുകാരനാകാന്‍ അന്നൊന്നും ഞാന്‍ ഒരിക്കല്‍ പ്പോലും ആഗ്രഹിച്ചിട്ടില്ല. ഒരു വാക്കുപറഞ്ഞാല്‍ എന്തു നഷ്ടംസഹിച്ചും അത്‌നിറ വേറ്റുന്ന കാര്യാട്ടും, ജി. വിവേകാനന്ദനും ഹരിയും പരമുവുമൊക്കെ എല്ലാമറിഞ്ഞ് എന്നോടൊപ്പമുണ്ടായിരുന്നിട്ടും ഞാനാ വഴി ചിന്തിച്ചില്ല; മോഹിച്ചില്ല. ബന്ധങ്ങളെ അവസരങ്ങള്‍ക്കുള്ള വാതിലുകളായി ഞാനൊരിക്കലും കണ്ടിരുന്നുമില്ല.
കുറേ മുമ്പ് കുങ്കുമം അവാര്‍ഡ് കിട്ടിയ എം. ഗോപിനാഥന്‍ നായരുടെ 'ചുഴികള്‍' എന്ന നോവലാണ് സുപ്രിയയുടെ പുതിയ ചിത്രത്തിനുവേണ്ടി തിരഞ്ഞെടു ത്തിരിക്കുന്നത്. നോവലിസ്റ്റ്, എഫ്.എ.സി.ടി.യിലെ ഉദ്യോഗസ്ഥന്‍. നോവലിന്റെ പേര് മാറ്റി 'ഒരു കടങ്കഥപോലെ' എന്ന് തീരുമാനിച്ചിരിക്കുന്നു. ഭരതനാണ് സംവി ധാനം. ഭരതന്‍ അന്ന് ആലുവയിലെത്തുകയേയുള്ളൂ.
ആ മുറിയിലിരിക്കുമ്പോള്‍ പഴയൊരു ഓര്‍മ തികട്ടിവരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹരിയുമൊത്ത് ഇതുപോലൊരു യാത്രയില്‍ ഞാന്‍ ഈ പാലസില്‍ വരുമ്പോള്‍ ഈ മുറിയില്‍ പി.ജെ. ആന്റണിയുണ്ടായിരുന്നു. ഇവിടെവച്ച് ആന്റണി അന്നൊരു കഥ പറഞ്ഞു-ആലുവാപ്പുഴയുടെ കഥ; പുഴയില്‍ അവധിക്കാലത്ത് കുളിച്ചു താമസിക്കുവാനെത്തുന്ന കുടുംബങ്ങളുടെ വൈരസൗഹൃദങ്ങളുടെ കഥ. എനിക്കാ കഥ ഇഷ്ടപ്പെട്ടു. ഞാനന്ന് ഹരിയെ നിര്‍ബന്ധിച്ച് എന്റെ പോക്കറ്റിലു ണ്ടായിരുന്ന അഞ്ഞൂറ് രൂപ കൊടുത്ത് അത് ആന്റണിക്ക് ഈ കഥ സിനിമയാക്കുന്നതിനുള്ള അവകാശം അഡ്വാന്‍സ് നല്‍കി വാക്കാല്‍ കരാര്‍ ചെയ്യിച്ചു. ആ കഥയാണ് പിന്നീട് മലയാളി പ്രേക്ഷകര്‍ക്ക് എക്കാലവും ഹൃദയത്തിലേറ്റി ലാളി ക്കുവാന്‍ പാകത്തിന് ഹരിയും എ. വിന്‍സന്റും ചേര്‍ന്ന് അവതരിപ്പിച്ച വിശ്രുത ചിത്രമായ 'നദി'യായി വളര്‍ന്നത്.
അങ്ങനെയിരിക്കുമ്പോള്‍ ആലുവാപാലസ്സിന്റെ കാര്‍പോര്‍ച്ചില്‍ രണ്ടുമൂന്ന് കാറുകള്‍ നിറയെ ആള്‍ക്കാരുമായി വന്നുനില്‍ക്കുന്നു. ചെന്നുനോക്കിയിട്ട് ഒരു ചെറുചിരിയോടെ ജോണ്‍പോള്‍ വന്ന് പറഞ്ഞു:
'ഭരതന്റെ വരവാണ്, ഇന്നലെ വീട്ടില്‍ വന്നതായറിഞ്ഞു.'
ഭരതന്‍ വലിയ സന്തോഷത്തിന്റെ തിരപ്പുറത്തായിരുന്നു. കുടുംബത്തിലുള്ള വരായിരുന്നു കൂടെയുണ്ടായിരുന്നവരില്‍ അധികവും. ഒരു കൊച്ചുകുട്ടിയെപ്പോലെ ഇന്നത്തെ പ്രസിദ്ധ സംവിധായകന്‍ ജയരാജും ചിത്രകാരനും കലാസംവിധായകനുമായ അമ്പിളിയും കൂട്ടത്തിലുണ്ടായിരുന്നതായാണ് ഓര്‍മ.
സുപ്രിയയുടെ എല്ലാ പടത്തിന്റെയും സഹകാരിയെന്ന നിലയിലാണ് എന്റെ ഹരിയുമൊത്തുള്ള വരവ്. ആലുവയിലെത്തിയശേഷമാണ് ഞാനാണ് പാട്ടെഴുതുന്നതെന്ന് ഹരി എന്നോടുള്ള അടുപ്പത്തിന്റെ സ്വാതന്ത്ര്യമുപയോഗിച്ച് അത് പ്രഖ്യാപിച്ചത്. ഞാന്‍ പാട്ടെഴുതുമെന്നുള്ളത് അന്നത്തെ സിനിമാസാഹചര്യങ്ങളില്‍ ഭരതന് ഒരു പുത്തന്‍ അറിവായിരുന്നിരിക്കണം. ഭരതനും ഞാനും പത്മരാജനുമൊക്കെയായുള്ള കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ അറിവുകളില്‍ പാട്ടെഴുത്തിന്റെ കാര്യം പത്മരാജനു മാത്രമേ അറിയൂ. പത്മരാജനും മണികണ്ഠന്‍ നായരും (എ.ഐ.ആര്‍) ഒത്തായിരുന്നല്ലോ പലപ്പോഴും ചങ്ങനാശ്ശേരിയില്‍ ചാച്ചപ്പന്റെ അടുത്തേക്ക് പോയിരുന്നത്. അങ്ങനെയൊരു യാത്രയില്‍ എഴുത്തുകാരനല്ലാതിരുന്ന പത്മരാജന്‍ ഹരിയുമായി പരിചയപ്പെട്ടതും ഞാനോര്‍ത്തു. പിന്നീട് എത്രയോ കഴിഞ്ഞാണ് ഹരിയും പത്മരാജനുമായുള്ള സിനിമാബന്ധവും പത്മരാജന്റെ സാഹിത്യജീവിതവും ആരംഭിക്കുന്നത്. പക്ഷേ, പത്മരാജന്റെ സിനിമയ്ക്ക് എന്റെ പാട്ട് വരുന്നത് എന്തുകൊണ്ടോ പത്മരാജന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് ഹരിക്കുമറിയാമായിരുന്നു. എം.ജി. രാധാകൃഷ്ണന്റെ കാര്യത്തിലും പത്മരാജന്‍ ഈ മനോഭാവംതന്നെ പുലര്‍ത്തിയിരുന്നു. ഞാനാണെങ്കില്‍ ചലച്ചിത്രങ്ങളില്‍ പാട്ടെഴുതുന്ന കാര്യത്തില്‍ അന്നേ വിമുഖനുമായിരുന്നു.
ഭരതന്‍ ഹരിയുടെ മുറിയിലെത്തി കുറച്ചേറെനേരം സംസാരിച്ചു. പുറത്തിറങ്ങുമ്പോള്‍ അത്ര കോളല്ലാത്ത ആകെ ഒരു പന്തികേട്. മുഖത്തെ ചിരിയില്‍ എന്തോ ഒരു രസക്കേട്. ഹരിപോത്തനാകട്ടെ ഒന്നും വകവച്ചുകൊടുക്കുന്ന പ്രകൃതക്കാരനുമല്ല. വന്ന കൂട്ടരുമൊത്ത് ഭരതന്‍ യാത്രയാകുമ്പോള്‍ അടുത്ത് പരിചയമുണ്ടായിരുന്ന എന്നോടുവരെ വലിയ ലോഹ്യം കാണിച്ചില്ല. വരുമെന്നു പറഞ്ഞാണ് ഭരതന്‍ പോയത്. അടുത്ത ഒരു ദിവസംകൂടി ഞങ്ങള്‍ ഭരതനെയും കാത്ത് ആലുവയില്‍ കഴിഞ്ഞു. എന്തൊക്കെയാണ് നടക്കുന്നതെന്ന് എനിക്കൊരു രൂപവുമില്ലായിരുന്നു. ഭരതന്‍ പിറ്റേന്നും ആള്‍ക്കൂട്ടവുമായി ഒരിക്കല്‍ക്കൂടി ആലുവാ പാലസ്സില്‍ ഹരി പോത്തനെ കാണാന്‍ വന്നു. എന്തൊക്കെയോ വാക്കുതര്‍ക്കമുണ്ടായി ഇറങ്ങിപ്പോകുന്നതും കണ്ടു. ഈ അവസ്ഥയില്‍ ഭരതനുമായി എന്തെങ്കിലും സംസാരിച്ച് ആലുവായില്‍വെച്ചു തീരുമാനമെടുക്കുന്നത് നല്ലതല്ലെന്നും ഞങ്ങള്‍ക്കു തോന്നി. ഏതായാലും വല്ലാത്തൊരവസ്ഥയില്‍ ഹരിയും ഞാനുംകൂടി തിരുവനന്തപുരത്തേക്കും ജോണ്‍പോള്‍ വീട്ടിലേക്കും മടങ്ങി. അങ്ങനെ 'ചുഴികള്‍' വലിയൊരു ചുഴിക്കുത്തിലായി. പോരുംവഴിയില്‍ ഹരി പറഞ്ഞു:
'തുടക്കത്തിലേ ശകുനപ്പിഴവ്. വേണ്ട ഇത് നമുക്ക് വേണ്ട. മറ്റൊന്ന് നോക്കാം.
തിരിച്ച് തിരുവനന്തപുരത്തെത്തുമ്പോള്‍ ഭരതനോടായിരുന്നു എന്റെ എല്ലാ അമര്‍ഷവും. നടക്കാതെപോയ പടത്തിനുവേണ്ടി നഷ്ടപ്പെട്ട പണത്തെയോര്‍ത്ത് ചിന്തിക്കുന്ന വ്യക്തിയല്ലായിരുന്നു ഹരി. അതൊക്കെ ഇതിന്റെ ഭാഗമെന്ന് ഏതില്ലായ്മയിലും കൂടെയുള്ളവരെ സമാധാനിപ്പിക്കുന്ന ആ വലിയ മനസ്സ് മറ്റൊരാളിലും ഞാന്‍ കണ്ടില്ല.
ഒരു മാസം കഴിഞ്ഞുകാണും. ഏഴെട്ടുപേജുള്ള ഒരു കത്ത് എനിക്കു കിട്ടി. തുറന്നുനോക്കുമ്പോള്‍ ഭരതന്റേതാണ്. വായിച്ചുകഴിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം. ഇത്രയും നാള്‍ ഭരതന്‍ മദ്രാസില്‍ ആശുപത്രിയിലായിരുന്നു. ഉടന്‍ നമുക്ക് പടം തുടങ്ങണം. ഹരിയോട് പറയണം. ജോണ്‍പോളിന് ഞാന്‍ കത്തയയ്ക്കുന്നുണ്ട്. രോഗാരംഭത്തിലെ പന്തികേടാണ് അന്ന് ആലുവയില്‍ പ്രതിഫലിച്ചത്. ഞാന്‍ വെറുതെ ഭരതനോട് ദേഷ്യപ്പെട്ടു!
ഞാന്‍ കത്തുമായി ഹരിയെ ചെന്നു കണ്ടു. ഹരിയും ഭരതനുമായി ഫോണില്‍ സംസാരിച്ചിരുന്നത്രെ.
ഒരാഴ്ച കഴിഞ്ഞിരിക്കും. ഹരി എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു: 'ജോണ്‍ പോള്‍ തിരുവനന്തപുരം ക്ലബ്ബിലുണ്ട്. നീ അങ്ങോട്ടുവരണം. നമ്മള്‍ ഭരതനെ വച്ചുതന്നെ പുതിയ പടം തുടങ്ങുന്നു. ഒരു കടങ്കഥപോലെ എന്ന ചുഴികള്‍ അല്ല.'
ഞാന്‍ ഹരിയോട് പറഞ്ഞു: 'ഹരി ഞാന്‍ നിന്റെകൂടെയുണ്ട്. പക്ഷേ പാട്ടെഴു ത്തിനൊന്നുമില്ല. എന്റെ അമ്മാവന്‍ ഇവിടെയുണ്ട്. ക്യാന്‍സര്‍ പേഷ്യന്റായി. അതിന്റെ ടെന്‍ഷനിലാണ് ഞാന്‍.'
ഫോണ്‍ വച്ചതും ഹരി വീട്ടില്‍ വന്നു. അമ്മാവനെ കണ്ടു. ഹരി തീരുമാനം മാറ്റാന്‍ തയ്യാറില്ലാതെ കാറില്‍ എന്നെ വലിച്ചിട്ട് ക്ലബ്ബിലേക്കു പോയി.
അവിടെ ചെന്നപ്പോള്‍ ജോണ്‍പോള്‍ പറഞ്ഞു: 'അടുത്ത കോട്ടേജില്‍ ഭരതനുണ്ട്.' എനിക്കാകെ അദ്ഭുതം. ഇത്രയേറെ പുരോഗമിച്ചുകഴിഞ്ഞോ കാര്യങ്ങള്‍!
കുറച്ചു കഴിഞ്ഞപ്പോള്‍ ഭരതന്‍ വന്നു. പഴയതൊക്കെ മറന്ന ചിരിയുമായി പുതിയ ഭരതന്‍. ആകെ പ്രസന്നനായിരിക്കുന്നു.
ഭരതന്‍ പറഞ്ഞു തുടങ്ങട്ടെ എന്നു ഭാവിച്ചായിരിക്കണം ജോണ്‍പോള്‍ ഒന്നും പറയാതിരുന്നത്. ഇടയ്ക്കുവെച്ച് ഞാന്‍ ഹരിയോട് ചോദിച്ചപ്പോഴും എല്ലാം ഒന്നിച്ചിരുന്നാകാം എന്നേ ഹരിയും പറഞ്ഞുള്ളൂ.
പതുക്കെപ്പതുക്കെ സംഗതികളുടെ ചുരുളഴിയുന്നു. ജോണ്‍പോള്‍ അവിചാരിതമായി വായിച്ച ഒരു പത്രവാര്‍ത്തയെ കേന്ദ്രബിന്ദുവാക്കിയുള്ള തീം വികസിപ്പിച്ചെടുക്കുന്നതാണ് കഥ. ഇനിയും പേരിട്ടിട്ടില്ല.
ജോണ്‍പോളിന്റെ വിവരണത്തിലൂടെ ഞങ്ങള്‍ ഉദ്വേഗത്തോടെ കേട്ടുകൊണ്ടിരുന്നു. കഥ ഇഷ്ടമായി. കഥയുടെ സ്വാഭാവിക പരിണതിയുടെ അതിഭാവുകാംശങ്ങളൊഴിവാക്കി മുള്ളും മുനയും താണ്ടി ഒരറ്റത്തെത്തിക്കുന്നതിന്റെ ചുമതല ജോണ്‍പോളിനും ഭരതനുമാണ്. അവര്‍ അക്കാര്യത്തില്‍ സൂക്ഷ്മദൃക്കുകളുമാണ്. എല്ലാം കേട്ടറിഞ്ഞ തൃപ്തിയോടിരിക്കുമ്പോള്‍ ഭരതന്റെ പ്രഖ്യാപനം:
ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ പഴവിള രമേശന്റേതാണ്. ജോണ്‍സണ്‍ സംഗീത സംവിധാനം.
സംഗതിയോടടുത്തപ്പോള്‍ പിന്മാറാന്‍ എനിക്ക് പ്രയാസം. ക്യാന്‍സര്‍ രോഗിയായ അമ്മാവനും രോഗമന്വേഷിച്ച് കൊല്ലത്തുനിന്നും വീട്ടിലെത്തിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരും. വരുന്നതുവരട്ടെ എന്ന വിധിവിശ്വാസത്തിലേക്ക് ഞാന്‍ വഴുതിവീണു.
തിരിച്ച് വീട്ടില്‍ വന്ന് അങ്ങനെ ആലോചിച്ച് കിടക്കുമ്പോഴാണ് ജോണ്‍പോളിന്റെ ഫോണ്‍.
'പഴവിളേ, പടത്തിനൊരു പേരുകിട്ടി. ഭരതന് ഇഷ്ടപ്പെട്ടു - മാളൂട്ടി.'
ഒരു നിമിഷം. എന്റെ മനസ്സിലേക്ക് ഒരു മൂളിപ്പാട്ടുപോലെ താളാത്മകമായി ആ പേര് അലിഞ്ഞുചേര്‍ന്നു. ഇപ്പോള്‍ ഞാന്‍ എല്ലാം മറന്ന് താളത്തിന്റെയും രാഗത്തിന്റെയുമായ ഒരു ലോകത്തിലേക്ക് കടക്കുകയായിരുന്നു.
ഭരതന്റെ സൗന്ദര്യതീക്ഷ്ണമായ അനുഭവബോധങ്ങളിലൂടെ ഒരു നൂല്‍പ്പാലത്തിലെന്നപോലെ ജോണ്‍പോള്‍ ഹരിപോത്തന്‍ എന്ന പ്രായോഗിക മനുഷ്യന്റെ സഹായത്തോടെ സഞ്ചരിക്കുന്നത് ആഹ്ലാദത്തോടെ ഞാന്‍ നോക്കിക്കണ്ടു. ഇതിനിടയ്ക്ക് മണിമുത്താര്‍ ഡാമിലും മറ്റുമായി ലൊക്കേഷന്‍ ശരിയാകുന്നുണ്ടായിരു ന്നു. അതിന് ഉത്സാഹി ഗാന്ധിമതി ബാലനായിരുന്നു. എത്രയോ പടങ്ങളുടെ അനു ഭവമാണ് ഹരിക്ക്. വിരല്‍ത്തുമ്പില്‍ ഓരോന്നുമെത്തിക്കുന്ന മാന്ത്രികതയുടെ ഇരുത്തിമൂളുന്ന പരുപരുപ്പന്‍ സ്വരം ഹരിയില്‍ ഇച്ഛാനുവര്‍ത്തിയായിക്കൊണ്ടിരുന്നു.
ഒടുവില്‍ തന്റെ ഊഴമായി. വീട്ടിലെ അവസ്ഥ ഭീകരമായി. അമ്മാവന്‍ അവസാന ദിനങ്ങളിലാണെന്നു ഡോക്ടര്‍ കൃഷ്ണന്‍നായര്‍ അറിയിച്ചു. സ്ഥലംവിടാന്‍ വയ്യ. റിക്കാര്‍ഡിങ് തിരുവനന്തപുരത്തുവെച്ചാക്കി.
'നാളെ പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്യണം. ട്യൂണും സ്റ്റുഡിയോയും റെഡി.'
പാട്ടുകളുടെ സംഗീതം മൂളിക്കേട്ട താളത്തിലാണ് ഭരതന്റെ സകല ചലനങ്ങളും.
ജോണ്‍സണ്‍ മാളൂട്ടിയുടെ പാട്ടുകളുടെ ട്യൂണ്‍ അടങ്ങുന്ന കാസറ്റ് എന്നെ ഏല്‍പ്പിക്കുമ്പോള്‍ മുറിയിലുണ്ടായിരുന്ന സഹസംവിധായകനായ ജോര്‍ജ് കിത്തു വിന്റെയും ഹരിയുടെയും ഭരതന്റെയും ജോണ്‍പോളിന്റെയും പത്മരാജന്റെയും മുഖങ്ങളിലേക്ക് ഞാന്‍ മാറിമാറി ഇനി എന്ത് എന്ന ഭാവത്തില്‍ നോക്കി.
ഈ ആള്‍ക്കൂട്ടത്തില്‍നിന്ന് ഇനി രക്ഷപ്പെട്ടെങ്കിലേ കഴിയൂ. ഒടുവില്‍ ഞാന്‍ ജോണ്‍സണെ പറഞ്ഞ് പ്രലോഭിപ്പിച്ച് ടെന്നീസ് ക്ലബ്ബിലേക്ക് മാറി. ടെന്നീസ് ക്ലബ്ബില്‍ ചെന്നപ്പോള്‍ ജോണ്‍സണ്‍ കൂടുതല്‍ സന്തോഷവാനായി. എനിക്ക് ജോണ്‍സണെ അടുത്ത് പരിചയമുണ്ടായിരുന്നില്ല. മണിക്കൂറുകള്‍കൊണ്ട് അടുപ്പത്തിന്റെ ആയിരം കാതങ്ങള്‍ ഞങ്ങള്‍ പിന്നിട്ടുകഴിഞ്ഞിരുന്നു.
പാട്ടുകള്‍ രണ്ടും ചിട്ടപ്പെട്ടുകഴിഞ്ഞപ്പോള്‍ ഞാനറിയാതെ പറഞ്ഞുപോയി എന്നെക്കാള്‍ വലിയ ഗാനരചയിതാവും കവിയും ജോണ്‍സണ്‍ ആണ്.
പിറ്റേദിവസം ജോണ്‍സണ്‍ പാടിക്കേട്ട 'മൗനത്തിന്‍ ഇടനാഴിയില്‍....' എന്ന ഗാനവും 'സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും....' എന്ന ഗാനവും ഭരതന്‍, ഹരി, ജോണ്‍ പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി.
പാട്ടുമായി ഞങ്ങള്‍ തരംഗിണിയിലെത്തുമ്പോള്‍ അവിടെ പി. ഭാസ്‌കരന്‍, നടന്‍ മുരളി എല്ലാവരുമുണ്ട്.
1990-ല്‍ മാളൂട്ടി റിലീസായി. മാറ്റിനി ഷോയ്ക്ക് ധന്യ-രമ്യ തിയേറ്ററില്‍ ഞാനും ഹരിയുമെത്തുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ വിടര്‍ന്ന ചിരിയുമായി ഭരതനുണ്ട് തിയേറ്ററിന്റെ വരാന്തയില്‍. ഞാന്‍ ചെന്നപാടെ കൈയിലിരുന്ന പ്ലെയറില്‍ 'മൗനത്തിന്‍ ഇടനാഴിയില്‍....' എന്ന ഗാനം ഓണ്‍ ചെയ്ത് ഭരതന്‍ എന്റെ ചെവിയില്‍ ചേര്‍ത്തുവച്ചു. തിയേറ്ററിലും ആ ഗാനംതന്നെ നിറഞ്ഞുകേട്ടിരുന്നു.
ഇന്നിപ്പോള്‍ ഓര്‍മ മറ്റൊരു വഴിയിലേക്ക് കടക്കുന്നു. ഭരതന്റെ മരണമറിഞ്ഞ് തൃശ്ശൂരുള്ള ഭരതന്റെ വീട്ടില്‍ തലേദിവസംതന്നെ ഞാനും ചേര്‍ത്തലയിലെ ബാബുവും ('തകര'യുടെ നിര്‍മാതാവ്) എത്തി. മൃതദേഹം പുലര്‍ച്ചയ്‌ക്കേ മദിരാശിയില്‍നിന്നെത്തൂ. ഷൊര്‍ണൂരുള്ള മൂത്തേടത്ത് വീട്ടില്‍ കിടന്നിട്ട് പിറ്റേന്ന് ഞങ്ങള്‍ ഭരതന്റെ കുടുംബത്തിലെത്തുമ്പോള്‍ ഭരതന്റെ ഭൗതിക ശരീരം എത്തിക്കഴിഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തില്‍നിന്നകന്ന് ഒരിടത്ത് ഏകനായി ജോണ്‍പോള്‍ ഇരിക്കുന്നു. വിങ്ങിപ്പൊട്ടുന്ന അവസ്ഥയായിരുന്നു എനിക്ക്.
എന്തൊക്കെ ഓര്‍മ കള്‍! അതിനിടയില്‍ ആരോ എന്നെ വന്ന് കെട്ടിപ്പുണര്‍ന്നു. നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരനാണ്. ആദ്യം എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. അയാള്‍ എന്റെ കാതില്‍ മന്ത്രിച്ചു:
'മൗനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം....'
ഞാന്‍ ഓര്‍മകളില്‍ തപ്പിത്തിരയുമ്പോള്‍ അയാള്‍ സ്വയം പരിചയപ്പെടുത്തി: 'ജയരാജ്'.
കൂടെത്തന്നെ ജോര്‍ജ്ജ് കിത്തുവും പോള്‍ബാബുവും പത്മരാജന്റെ മകന്‍ അനന്തപത്മനാഭനും..... അവരുടെയെല്ലാം കണ്ണുകളില്‍ വേദന പൊടിഞ്ഞുനിന്നിരുന്നു. അതേ വേദനയുമായി മാറിയിരുന്ന ജോണ്‍പോളിനടുത്ത് ചെന്നിരിക്കുമ്പോള്‍ എന്റെ കണ്ണുകളും മിഴിനീര്‍കൊണ്ട് മൂടി.
ഒരു സത്യം മാത്രം തേങ്ങിനിന്നു.....
ഇനി ഭരതന്‍ ഇല്ലാത്ത നാളുകള്‍.....
സ്വപ്നം കണ്ടിരുന്ന സ്വര്‍ഗം സ്വന്തമാക്കി മൗനത്തിന്റെ ഇടനാഴിയിലൂടെ ആ വലിയ കലാകാരന്‍ കടന്നുപോയിരിക്കുന്നു!