ഭരതേട്ടന്റെ മനസ്സ്‌

ഷിബു ചക്രവര്‍ത്തി Posted on: 10 Jan 2010

'കാതോടു കാതോര'ത്തെക്കുറിച്ച് ഇന്നു ചിന്തിക്കുമ്പോള്‍ കുറെ ചിതറിയ ഓര്‍മകളാണ് മനസ്സില്‍ വന്നു നിറയുന്നത്. കാരണം, ഞാന്‍ അലസമായി നടന്നു തീര്‍ത്ത എന്റെ സിനിമാജീവിതത്തിന്റെ തുടക്കവും അക്കാലത്താണ്. നിറക്കൂട്ടും ശ്യാമയും റിലീസായ കാലം.

'ഞാനൊരു സ്ത്രീയായിരുന്നെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നെ'ന്ന് മലയാളത്തിന്റെ കഥാകാരന്‍ ടി. പത്മനാഭന്‍ പറഞ്ഞത് ഈയിടെയാണ്. പക്ഷേ, വര്‍ഷങ്ങള്‍ക്കുമുമ്പ് 'കാതോടു കാതോര'ത്തിന്റെ സംഗീതം കേട്ട് ഞാനിത് ഔസേപ്പച്ചനോട് പറഞ്ഞിട്ടുണ്ട്.

നൊമ്പരത്തിന്റെ തണുത്ത വിരലുകള്‍ കവിളില്‍ തലോടുന്നതുപോലെ 'കാതോടു കാതോര'ത്തിന്റെ സംഗീതം എന്നെ അന്ന് വല്ലാതെ ഉലച്ചു. പൊട്ടിയ ചില്ലിന്റെ കൂര്‍ത്ത മുന ഹൃദയത്തിലേക്ക് കുത്തിക്കയറുംപോലെ എന്തൊരു വേദനയായിരുന്നു വയലിനിന്റെ ആ സംഗീതത്തിന്! പിന്നീട് ആ പാട്ടിന്റെ ഈണം കേള്‍ക്കുമ്പോഴെല്ലാം ഒഴുകാതെ നിറഞ്ഞുനിന്ന സരിതയുടെ ആ വലിയ കണ്ണു കള്‍ മനസ്സില്‍ തെളിയുമായിരുന്നു. ചിത്രത്തിലുടനീളം ഉപയോഗിച്ച പശ്ചാത്തല സംഗീതത്തിന്റെ ഈണം ഞാനും ഔസേപ്പച്ചനും ചേര്‍ന്നു ചെയ്ത ആദ്യഗാനമായി. ജോഷിയുടെ 'വീണ്ടും' എന്ന ചിത്രത്തിലെ 'ദൂരെ മാമലയില്‍....' എന്ന ഗാനം.
'കാതോടു കാതോര'ത്തിനുമുമ്പേ ഭരതേട്ടനെ അറിയാമായിരുന്നു. 'പ്രയാണം', 'ആരവം', 'പറങ്കിമല', 'രതിനിര്‍വേദം', 'ചാമരം' 'മര്‍മരം', 'പാളങ്ങള്‍', 'സന്ധ്യ മയങ്ങുംനേരം', 'തകര' പോലുള്ള ചിത്രങ്ങള്‍ ചെയ്ത ഭരതേട്ടനെ അന്ന് കോളേജില്‍ പഠിച്ചിരുന്ന ഞങ്ങള്‍ അറിയാതിരുന്നാലല്ലേ അദ്ഭുതമുള്ളൂ. ഭരതേട്ടന്റെ ഓരോ സിനിമയ്ക്കുവേണ്ടിയും കാത്തിരുന്ന കാലം. വ്യത്യസ്തമായ കഥകള്‍.... പശ്ചാത്തലങ്ങള്‍! കാപട്യമില്ലാത്ത ദൃശ്യസമ്പന്നത.

സിനിമയോടുള്ള അഭിനിവേശമുണ്ടാക്കിയത് ഭരതേട്ടന്റെ അത്തരം ചിത്രങ്ങളായിരുന്നു. 'ശ്യാമ'യെല്ലാം കഴിഞ്ഞ് സിനിമയില്‍ തെല്ല് സജീവമാകാന്‍ തുടങ്ങുന്ന കാലത്താണ് 'കാതോടു കാതോരം' വരുന്നത്. ഭരതേട്ടനോട് അടുത്തിടപഴകാന്‍ തുടങ്ങുന്നതും അന്നാണ്. സംസാരിക്കാനും ചര്‍ച്ചചെയ്യാനും ഒന്നില്‍ക്കൂടുതല്‍ വിഷയങ്ങള്‍ ഞങ്ങള്‍ക്കെല്ലാമുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനം പാട്ടും സംഗീതവും തന്നെയായിരുന്നു.

'മഴമുകിലൊളിവര്‍ണന്‍ ഗോപാലകൃഷ്ണന്‍....' ഞങ്ങളുടെ സായാഹ്നസദസ്സു കളുടെ ഈണമായിരുന്നു. പിന്നെ ഞങ്ങളുടെ ഇഷ്ട വിഷയം വരകളും വര്‍ണ ങ്ങളുമായിരുന്നു. സിനിമാപരസ്യങ്ങള്‍ ചെയ്യുന്ന 'ഗായത്രി'യില്‍ ലേഔട്ട് ആര്‍ട്ടി സ്റ്റായിരിക്കുമ്പോള്‍ മുതല്‍ ഭരതേട്ടന്‍ വല്ലപ്പോഴും ചെയ്യുന്ന സിനിമാപോസ്റ്ററു കള്‍ ഞങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു. പെയിന്റിങ്ങിനോട് തൊട്ടടുത്തുനില്‍ക്കുന്നതായിരുന്നു ഭരതേട്ടന്റെ പോസ്റ്ററുകള്‍. 'ചാട്ട'യ്ക്കുവേണ്ടി വരച്ച പള്ളി വാളെടുത്തു തുള്ളിനില്‍ക്കുന്ന സ്ത്രീയുടെ മള്‍ട്ടികളര്‍ പോസ്റ്റര്‍ ഇന്നും മനസ്സിലുണ്ട്. ഓര്‍മയുടെ ചെപ്പില്‍ അത്തരം കുറെ ദൃശ്യങ്ങള്‍ക്ക് ഇന്നും മങ്ങലേറ്റിട്ടില്ല; ഭരതേട്ടനും.

ദൃശ്യസൗന്ദര്യത്തില്‍ ഡേവിഡ് ലീനെ ഓര്‍മപ്പെടുത്തുന്ന ഭരതേട്ടന്‍ ചിത്രമാണ് 'കാതോടു കാതോരം'. വിധിയുടെ ക്രൂരതയും സരിതയുടെ മകന്റെ നിഷ്‌കളങ്കതയും 'മാഷേ' എന്ന അവന്റെ വിളിയും ഓരോ തവണ കാണുമ്പോഴും കണ്ണു നനയിച്ച ചിത്രം....

ഞങ്ങള്‍ 'അങ്കിള്‍' എന്നു വിളിക്കുന്ന ജോണ്‍ പോളിനോട് എന്നും തെല്ല് അസൂയ മനസ്സിലുണ്ടായിരുന്നു. കാരണം അന്ന് ഇറങ്ങിയിരുന്ന നല്ല ചിത്രങ്ങളുടെയെല്ലാം പുറകില്‍ 'അങ്കിളു'മുണ്ടാകും. 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'ഓര്‍മയ്ക്കായി', 'കാതോടു കാതോരം'.... അങ്ങനെ എത്രയെത്ര ചിത്രങ്ങ ളാണ്! ഒപ്പം 'അതിരാത്രം'പോലുള്ള മെഗാ കൊമേഷ്യല്‍ ചിത്രങ്ങളും....! അങ്കിളി ന്റെ പ്രത്യേകതയും അതുതന്നെയായിരുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഢലൃമെശേഹശ്യേ. ഏതു വിഷയവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ്! ഇത്ര വൈവിധ്യ മാര്‍ന്ന വിഷയങ്ങള്‍ വിജയകരമായി കൈകാര്യംചെയ്ത അധികം എഴുത്തുകാര്‍ നമുക്കില്ല.

കാലം ചെല്ലുമ്പോള്‍ ഫിലിംപ്രിന്റുകള്‍ നിറംമങ്ങിപ്പോകാറുണ്ട്. പക്ഷേ, മനസ്സില്‍ നിറംമങ്ങാതെ നില്‍ക്കുന്ന അപൂര്‍വം ചിത്രങ്ങളില്‍ ഒന്നാണ് 'കാതോടു കാതോരം'. അതിന് ഒരുപാട് കാരണങ്ങളുമുണ്ട്. 'കാതോടു കാതോര'ത്തിന്റെ ഓരോ ഫ്രെയിമിലും ഭരതേട്ടനെ നമുക്ക് കാണാം. ഭരതേട്ടന്റെ പ്രകൃതിയോടുള്ള സ്‌നേഹം, മനസ്സിന്റെ നിഷ്‌കളങ്കത.... കാന്‍വാസില്‍ വരച്ചിട്ട എണ്ണഛായാ ചിത്രംപോലുള്ള ദൃശ്യങ്ങള്‍ കണ്ടെത്തുന്ന ഒരു പെയിന്ററുടെ മനസ്സ്.... എല്ലാം നമുക്ക് 'കാതോടു കാതോര'ത്തില്‍ കാണാം.... അതെ, നിഷ്‌കളങ്കതയും നൈര്‍മല്യവുംകൊണ്ടൊരു ചിത്രം!

ആ നിഷ്‌കളങ്കത തന്നെയാണ് നമ്മളെ നൊമ്പരപ്പെടുത്തുന്നതും! വില്ലനായിട്ടു വരുന്ന ഇന്നെസന്റിനെപ്പോലും നമുക്ക് വെറുക്കാന്‍ കഴിയുന്നില്ലല്ലോ.... ഭരതേട്ടന്റെ മനസ്സാണത്, ഭരതേട്ടന്‍തന്നെ....! ആ ഭരതേട്ടനെ നമുക്ക് സ്‌നേഹിക്കാന്‍ മാത്രമല്ലേ കഴിയൂ!



 

ga