
ഭരതനെ ആദ്യമായി കണ്ടതെന്നായിരുന്നു? കൃത്യമായോര്‍ക്കുന്നില്ല. രാമു കാര്യാട്ടിന്റെ നിര്‍ദേശമനുസരിച്ച് പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ഉടനെ മദിരാശിയിലെത്തുകയായിരുന്നു ഞാന്‍. ഭരതന്‍ അതിനു മുന്‍പേ മദിരാശിയിലുണ്ട്. ചെറിയച്ഛനായ പി.എന്‍.മേനോന്റെ സഹായിയായി തുടങ്ങി, ശങ്കരന്‍കുട്ടിയോടൊപ്പം തുടര്‍ന്ന് വിന്‍സന്റ് മാസ്റ്ററുടെ പ്രോത്സാഹനത്തില്‍ വളര്‍ന്നു മദിരാശിയില്‍ കാലുറപ്പിച്ച ഭരതന്‍ അതിനകം അറിയപ്പെടുന്ന കലാസംവിധായകനും പരസ്യചിത്രകാരനുമായി മാറിയിരുന്നു. കാര്യാട്ടിന്റെ ചിത്രങ്ങളില്‍ മാത്രമാണ് (അതും മായ, നെല്ല് എന്നീ ചിത്രങ്ങളില്‍മാത്രം) ഞാന്‍ സംവിധാനസഹായിയായി വര്‍ത്തിച്ചിട്ടുള്ളത്. കാര്യാട്ട് ചിത്രങ്ങളുടെ അണിയറയില്‍ ഭരതനെ കണ്ട ഓര്‍മയില്ല. പക്ഷേ, കാര്യാട്ടിനു ഭരതനെ ഇഷ്ടമായിരുന്നു. അത് ഞാന്‍ അറിഞ്ഞിട്ടുണ്ട്. മായയുടേയും നെല്ലിന്റേയും ഛായാഗ്രാഹകന്‍ ബാലു മഹേന്ദ്രയായിരുന്നു. ബാലു മഹേന്ദ്രയും ഭരതനും സുഹൃത്തുക്കളായിരുന്നു. അല്ലാതേയും പൊതുസുഹൃത്തുക്കള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുമുണ്ട്; തീര്‍ച്ചയായും. പക്ഷേ, വിശദാംശങ്ങള്‍ ഓര്‍മയില്‍ തെളിയുവാന്‍ മാത്രം അടുത്തിടപഴകിയിരുന്നില്ല എന്നതാണു സത്യം.
അതിനൊരവസരമുണ്ടാകുന്നത് തിരുവനന്തപുരത്തുവച്ചാണ്. വഴുതക്കാട്ട് അന്ന് നികുഞ്ജം എന്ന പേരില്‍ ഒരു ഹോട്ടലുണ്ടായിരുന്നു. സഹൃദയനായ കൃഷ്ണന്‍നായരായിരുന്നു അതിന്റെ ഉടമ. കലാകാരന്മാരേയും കലയേയും ഏറെ സ്‌നേഹിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കവികളും ചിത്രകാരന്മാരും ശില്പികളും നടന്മാരുമെല്ലാം ഒത്തുചേരാനിഷ്ടപ്പെടുന്ന ഒരു കേന്ദ്രമായി അങ്ങനെ അത്. തിരുവനന്തപുരത്തു ചെല്ലുമ്പോഴൊക്കെ അവിടെ പോവുക പതിവാക്കി. ഒരിക്കല്‍ അവിടെ ചെല്ലുമ്പോള്‍ ഭരതന്‍ അവിടെയുണ്ട്. അവിടെ താമസിച്ചുകൊണ്ട് കൃഷ്ണന്‍നായരുടെ നിര്‍ദേശപ്രകാരം ഒരു ശില്പം ചെയ്യുകയായിരുന്നു ഭരതന്‍. ശില്പസൃഷ്ടിയില്‍ ബദ്ധശ്രദ്ധനായി മുഴുകിനില്‍ക്കുന്ന ഭരതന്റെ ചിത്രം തെളിവാര്‍ന്നു മനസ്സിലുണ്ട് ഇപ്പോഴും.
ഒഴിവുനേരങ്ങളില്‍ ഏതാണ്ട് സമപ്രായക്കാരായിരുന്ന ഞങ്ങള്‍ ഒത്തുകൂടും. കൂട്ടത്തില്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരു ചെറുപ്പക്കാരനുമുണ്ടാകും. അന്നേ അറിയപ്പെടുന്ന എഴുത്തുകാരനാണ് അയാള്‍. കഥകളിലൂടെ എനിക്ക് മുന്‍പേ അറിയാം. നേരില്‍ കാണുമ്പോള്‍ ഗാഢസൗഹൃദമായി അത് വളര്‍ന്നു. അന്തര്‍മുഖരായിരുന്നു ഞാനും ഭരതനും. സങ്കോചംവിട്ട് പരസ്പരം മനസ്സുതുറക്കാവുന്ന അടുപ്പത്തിലേക്കു ഞങ്ങളുടെ ഒത്തുചേരലുകള്‍ വന്നടുക്കുന്നതിനു നിമിത്തമായത്, സരസമായി സംസാരിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രത്യേക വിരുതുള്ള ഈ ചെറുപ്പക്കാരനാണ് - പത്മരാജന്‍.
വായിച്ച പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കും. കണ്ട സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യും. മലയാളത്തില്‍ അന്നിറങ്ങുന്ന ചിത്രങ്ങളില്‍ സിനിമയെ സിനിമയാക്കുന്ന ദൃശ്യഭാഷ വേണ്ടവിധം ഇണങ്ങിച്ചേര്‍ന്നു കാണാത്തതിലുള്ള ഖേദവും ഉത്കണ്ഠയും പങ്കിടും. സ്വാധീനമായി ചെയ്തിറങ്ങിയ ചിത്രങ്ങളെക്കുറിച്ചുള്ള പൊരുളുകള്‍ അപഗ്രഥിക്കും. പറഞ്ഞും കൊതിച്ചും എങ്ങനെയാവണം സിനിമ, ഞങ്ങളുടെ സങ്കല്പത്തില്‍ എന്നൊരു സ്വപ്‌നം, ധാരണ അറിഞ്ഞും അറിയാതെയും ആ നിമിഷങ്ങളില്‍നിന്നുമുരുത്തിരിഞ്ഞു വളര്‍ന്നുവന്നിരുന്നു. ആ സിനിമാസ്വപ്‌നങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കുമ്പോള്‍ത്തന്നെ അവയ്ക്ക് സമാനതകളുമുണ്ടായിരുന്നു. സിനിമയെ സ്‌നേഹിക്കുകയും സിനിമയുടെ ഭാഗമാകുവാന്‍ വേണ്ടി സ്വയം സമര്‍പ്പിക്കുവാന്‍ തയ്യാറാവുകയും ചെയ്യുമ്പോഴും അന്നത്തെ പതിവുവാര്‍പ്പുകള്‍വിട്ടൊരു ജനുസ്സിലുള്ള സിനിമയാവണം അതെന്ന ഉള്‍ബോധം ഞങ്ങള്‍ക്കുണ്ടായിരുന്നു.
നികുഞ്ജത്തില്‍ അന്നു പതിവായി വന്നിരുന്നവരുടെ കൂട്ടത്തില്‍ കാവാലത്തേയും കടമ്മനിട്ടയേയും ഓര്‍ക്കുന്നു. അന്ന് പത്രലേഖകനായിരുന്ന നെടുമുടി വേണുവായിരുന്നു മറ്റൊരു പതിവുമുഖം. ഇടയ്ക്ക് കാക്കനാടന്റെ വരവുണ്ട്. അരവിന്ദന്‍ അന്ന് കോഴിക്കോട്ടാണ്. എങ്കിലും ഇടയ്ക്കു വരും. വരുമ്പോഴൊക്കെ നികുഞ്ജത്തിലെത്തും. മിതഭാഷിയെങ്കിലും സംഗീതത്തിലൂടെ മനസ്സ് തുറക്കുന്ന പ്രകൃതമായിരുന്നു അരവിന്ദന്. എന്നേക്കാളേറെ അന്തര്‍മുഖനായിരുന്നു അരവിന്ദന്‍ എന്നതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ ഏറെ അടുത്തിടപഴകിയിട്ടില്ല. ഭരതനുമായിട്ടായിരുന്നു അരവിന്ദന് കൂടുതല്‍ സ്വാതന്ത്ര്യമെന്നു തോന്നുന്നു. പിന്നെ കാവാലവുമായും വേണുവുമായും. ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ അരവിന്ദനെ ഏറെ ബഹുമാനിച്ചിരുന്നു ഞങ്ങളൊക്കെ അന്നേ.
പതിവുകാരായും അല്ലാതെയും പലരുമുണ്ടായിരുന്നെങ്കിലും ഏറ്റവും കൂടുതലടുത്തത് ഭരതനും പത്മരാജനും ഞാനും തമ്മിലാണ്. ഇവരിരുവരുമായി അടുത്ത് ഇടപഴകുമ്പോള്‍ അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്ന ഒന്നുണ്ട്. പത്മരാജന്റെ അടിസ്ഥാനഭൂമിക സാഹിത്യമാണ്. ഭരതന്റേത് ചിത്രങ്ങളും (നിറങ്ങളെന്നും പറയാം). രണ്ടുപേര്‍ക്കും സംഗീതത്തില്‍ നല്ല അഭിരുചിയുമുണ്ട്. ഇവരില്‍നിന്നുണ്ടാകുവാനിരിക്കുന്ന സിനിമയിലും ഈ സ്വാധീനം പ്രതിഫലിക്കുമെന്ന് ഞാന്‍ മുന്‍കൂട്ടി കണ്ടു. അവരിരുവരുടെയും ചലച്ചിത്രസപര്യ പിന്നീട് എന്റെ ആ നിരീക്ഷണത്തെ ശരിവെക്കുകയും ചെയ്തുവല്ലോ?
തിരുവനന്തപുരത്തെ നികുഞ്ജംവേഴ്ചയിലുണ്ടായ അടുപ്പം മദിരാശിയിലെത്തിയശേഷവും ഞങ്ങള്‍ തുടര്‍ന്നു. ഭരതനും ഞാനും മദിരാശിയിലായിരുന്നല്ലോ സ്ഥിരം. പത്മരാജന്‍ ഇടയ്ക്കു വരികയും പോവുകയും. പതിവായി ഒത്തുകൂടും. ആശയങ്ങളും സ്വപ്‌നങ്ങളും പങ്കിടും...
പൂനെയിലെ പശ്ചാത്തലംകൊണ്ട് എനിക്ക് ബംഗാളിലേയും ഹിന്ദിയിലേയും ഉത്തരേന്ത്യന്‍ ഭാഷകളിലേയും ചലച്ചിത്രകാരന്മാരില്‍ പലരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരെല്ലാം മദിരാശിയില്‍ വരുമ്പോള്‍ സ്വാഭാവികമായും ആദ്യം ബന്ധപ്പെടുക എന്നെയാണ്. ഞാന്‍വഴി ഭരതനും അവരുടെ സുഹൃത്തായി. രാമചന്ദ്രബാബു, ജോണ്‍ എബ്രഹാം, ബാലു മഹേന്ദ്ര, രവി അങ്ങനെ ഇന്‍സ്റ്റിറ്റിയൂട്ട് സന്തതികളുടെ ഒരു കൂട്ടായ്മ ഞങ്ങള്‍ക്കന്ന് മദിരാശിയിലുണ്ടായിരുന്നു. അതില്‍ ഇന്‍സ്റ്റിറ്റിയൂട്ട് പാരമ്പര്യമില്ലാതെതന്നെ ഞങ്ങള്‍ക്കിടയില്‍ സ്വയംചേര്‍ന്നു ഭരതന്‍. പി.എ. ബക്കറും പവിത്രനുമായിരുന്നു അങ്ങനെ കൂടിച്ചേര്‍ന്ന മറ്റു രണ്ടു പേര്‍.
മൃണാള്‍ സെന്നും മണി കൗളും കുമാര്‍ സാഹ്‌നിയുമടക്കമുള്ള ചലച്ചിത്രകാരന്മാര്‍ മദിരാശിയിലെത്തിയിരുന്നത് അന്നവിടെ ലഭ്യമായിരുന്ന മെച്ചപ്പെട്ട ലാബ് സൗകര്യങ്ങള്‍ തേടിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലമായിരുന്നു അത്. എ.വി.എം., ജെമിനി, വിജയവാഹിനി, ഫിലിം സെന്റര്‍ തുടങ്ങിയ വലിയ ലാബറട്ടറികളുണ്ടായിരുന്നുവെങ്കിലും ഞങ്ങളൊക്കെ അന്ന് തേടിച്ചെന്നിരുന്നത് ആര്‍.കെ. ലാബാണ്. ആര്‍.കെ. ലാബിന്റെ സാരഥികളിലൊരാളായിരുന്നു ചന്ദ്രാജി (ഇ.വി.കൃഷ്ണപിള്ളയുടെ മകന്‍; അടൂര്‍ഭാസിയുടെ ജ്യേഷ്ഠന്‍). ആര്‍.കെ. ലാബിലെ ചന്ദ്രാജിയുടെ മുറി ഞങ്ങളുടെയെല്ലാം സംഗമകേന്ദ്രമായി. അവിടുത്തെ പതിവുകാരായിരുന്നു ഭരതനും ബക്കറും ഞാനുമൊക്കെ. മദിരാശിയിലെത്തുമ്പോഴൊക്കെ പത്മരാജനും ഞങ്ങള്‍ക്കൊപ്പം ചേരും. ഒന്നുകില്‍ ചന്ദ്രാജിയുടെ മുറി, അല്ലെങ്കില്‍ പരാങ്കുശപുരത്തെ ഭരതന്റെ താവളം. അതുമല്ലെങ്കില്‍ എന്റെ മാളം. ഒത്തുചേരലുകള്‍ തുടര്‍ന്നുപോന്നു.
ഭരതന്റെ പ്രയാണവും എന്റെ സ്വപ്‌നാടനവും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് പൂര്‍ത്തിയായത്. ആദ്യം പ്രദര്‍ശനത്തിനെത്തിയത് പ്രയാണമാണ്. പത്മരാജന്റേതായിരുന്നു രചന. ബാലു മഹേന്ദ്രയുടെ ഛായാഗ്രഹണം. സ്വപ്‌നാടനത്തില്‍ ഛായ രാമചന്ദ്രബാബു, സന്നിവേശം രവി. പ്രയാണം ഭരതന്റെ സിനിമയായിരിക്കുമ്പോഴും സ്വപ്‌നാടനം എന്റെ സിനിമയായിരിക്കുമ്പോഴും അത് ഞങ്ങളുടെ സിനിമകൂടിയായിരുന്നു. മലയാള സിനിമയില്‍ മധ്യവര്‍ത്തി സിനിമയുടെ വസന്തകാലത്തിനു തുടക്കം കുറിച്ച ചിത്രങ്ങളായിരുന്നുവല്ലോ ഇവ രണ്ടും.
ഏറെ വൈകാതെ ഭരതനും ഞാനും അശോക് നഗറില്‍ താമസമായി. ഏതാണ്ട് അടുത്തടുത്തുതന്നെ. അതോടെ വേഴ്ചകള്‍ കുടുംബങ്ങള്‍ തമ്മിലും കൂടിയായി.
സിനിമയുടെ പാതയില്‍ ഞങ്ങള്‍ ഞങ്ങളുടെതായ ശൈലികളോടെ യാത്ര തുടരുകയായിരുന്നു. ഒരു പുതിയ സിനിമ ആലോചിക്കുമ്പോള്‍ മനസ്സിലുറപ്പിക്കുന്ന കഥാബീജം തരംകിട്ടുമ്പോഴൊക്കെ ഞാന്‍ ഭരതനുമായും ഭരതന്‍ ഞാനുമായും ചര്‍ച്ച ചെയ്തിരുന്നു. ട്രീറ്റ്‌മെന്റ് പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അതും. ചിത്രീകരണവേളകളില്‍ സാവകാശം അനുവദിച്ചാല്‍ അന്യോന്യം ബന്ധപ്പെടും. റഷസ് പരസ്പരം കാണും, കാണിക്കും. കോലങ്ങള്‍ എന്ന സിനിമയുടെ റഷസ് കണ്ടിട്ടാണ് പ്രയാണത്തിന്റെ തമിഴ്പതിപ്പായ സാവിത്രിയില്‍ ഭരതന്‍ മേനകയെ നായികയാക്കുന്നത്.
എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളത്തില്‍ മൂന്നു കാമ്പസ് ചിത്രങ്ങള്‍ ഒരേ കാലഘട്ടത്തില്‍ പുറത്തിറങ്ങി. ഭരതനും ജോണ്‍പോളും ചേര്‍ന്നൊരുക്കിയ ചാമരവും മോഹനും പത്മരാജനും ചേര്‍ന്നൊരുക്കിയ ശാലിനി എന്റെ കൂട്ടുകാരിയും എന്റെ ഉള്‍ക്കടലും. മൂന്നും മൂന്നു ചിത്രങ്ങളായിരിക്കേത്തന്നെ ഒരേ പശ്ചാത്തലം പ്രമേയമാക്കിക്കൊണ്ടുള്ളവയായിരുന്നുവല്ലോ. ഈ സമാനതകള്‍ ഞങ്ങളില്‍ അങ്കലാപ്പല്ല, ആഹ്ലാദം തന്നെയാണ് സൃഷ്ടിച്ചത്. പരസ്പരം സ്വാധീനമായി മാറുന്നതില്‍ ഞങ്ങള്‍ക്ക് അപകര്‍ഷതാബോധം തോന്നിയിട്ടില്ല. ഞങ്ങള്‍ അതില്‍ അഭിമാനിച്ചിട്ടേയുള്ളൂ.
എന്റെ കോലങ്ങള്‍ കണ്ട് എന്നെ ഏറ്റവുമധികം അഭിനന്ദിച്ചത് ഭരതനും അടൂര്‍ ഗോപാലകൃഷ്ണനുമാണ്. ഭരതന്റെ ആരവം എന്നെ മോഹിപ്പിച്ച സിനിമയാണ്. വ്യക്തികള്‍ക്കു മാത്രമല്ല ഫിലിംമെയ്ക്കര്‍ക്കും ഫ്രീക്ക്ഔട്ട് ചെയ്യുവാനാകുമെന്നു മലയാളത്തില്‍ കാണിച്ചുതന്ന സിനിമയാണത്. അഭിമാനത്തോടെ തന്നെ ഞാന്‍ പറയും ഭരതന്‍ എന്ന സ്വാധീനിച്ചിട്ടുണ്ട്. അതേ സത്യസന്ധതയോടെ ഭരതന്‍ തിരിച്ചും അതേറ്റുപറയും. നൂറുശതമാനവും ആരോഗ്യകരമായ ഒരു കൊടുക്കല്‍ വാങ്ങല്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അത്തരം തുറന്ന ഇടപഴകലും ക്രിയാത്മകമായ ഒത്തുപോകലും തന്നെയായിരുന്നു മധ്യവര്‍ത്തി സിനിമയുടെ ശക്തി. പിന്നീടുവന്ന തലമുറകള്‍ക്കതു കൈമോശം വന്നത് നിര്‍ഭാഗ്യകരമായി.
ഭരതന്റെ ചിത്രങ്ങളില്‍ (ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വരെ!) നിറങ്ങള്‍ നിറവാര്‍ന്നുകാണാമായിരുന്നു. സംഗീതം അവയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയല്ല... കിവലൃലി േആയി ആദ്യ ബീജ സങ്കല്പം തൊട്ടേ കി ആൗശഹ േആയി കൂടെച്ചേര്‍ന്നുവരിക തന്നെയായിരുന്നു. ചിത്രങ്ങളില്‍ സംഗീതസംവിധായകര്‍ മാറിയിരിക്കാം. പക്ഷേ, ഭരതന്റ ചിത്രങ്ങളില്‍ കാതോര്‍ക്കുമ്പോള്‍ കേള്‍ക്കുന്നതത്രയും ഭരതന്റെ ഹൃദയരാഗങ്ങളാണ്. ഭരതന്റെ ചിത്രങ്ങളില്‍ ഛായാഗ്രാഹകര്‍ മാറിയിരിക്കാം... പക്ഷേ, കാഴ്ചയനുഭവത്തില്‍ സ്‌ക്രീനില്‍ നിന്നും പ്രസരിച്ചു കിട്ടിയതത്രയും ഭരതന്റെ നിറങ്ങളാണ്.
സിനിമയുടെ തലത്തില്‍ മാത്രമായിരുന്നില്ല ഭരതനുമായുള്ള വേഴ്ച. വ്യക്തിപരമായും കുടുംബങ്ങള്‍ തമ്മിലും ബന്ധങ്ങള്‍ക്കു ഇഴയടുപ്പമുണ്ടായിരുന്നു. ആഘോഷങ്ങള്‍ ഒന്നുകില്‍ ഭരതന്റെ വീട്ടില്‍; ലളിതയാകും അപ്പോള്‍ ആതിഥേയ, അല്ലെങ്കില്‍ എന്റെ വീട്ടില്‍; ആതിഥേയ സല്‍മയും. ചങ്ങാതിമാരെല്ലാം ഒത്തുകൂടുന്ന ആ രാവുകള്‍ മനസ്സിലെ നിറം മങ്ങാത്ത ചിത്രങ്ങളാണ് ഇന്നും.