രാത്രി
നാടകകൊട്ടക.
കാണികളുടെ കരഘോഷം. കര്‍ട്ടന്‍ താഴുന്നു. അടുത്തരംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായിനില്‍ക്കുന്ന നടീനടന്മാര്‍.
അനൗണ്‍സ്‌മെന്റ് : സഹൃദയരായ സുഹൃത്തുക്കളേ, അടുത്ത ഒരു രംഗത്തോടുകൂടി നാടകം പരിസമാപ്തി കുറിക്കുകയാണ്. ഫിലിപ്പ് രാജാവ് അംഗരക്ഷകന്റെ വേഷത്തില്‍ കൊട്ടാരത്തില്‍ നുഴഞ്ഞുകയറിയ ശത്രുചാരന്റെ കുത്തേറ്റു വീഴുന്നു. ആ കര്‍മയോഗി തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ദൗത്യം അലക്‌സാണ്ടറുടെ കരങ്ങളില്‍ ഭദ്രമെന്ന ആശ്വാസത്തോടെ ആ മടിയില്‍ കിടന്ന് മരണത്തെ പുല്‍ കുമ്പോള്‍ പാരമ്പര്യരീതികളിലുള്ള ഒരു പരിസമാപ്തിക്കു മുതിരാതെ നാടകത്തിനു തിരശ്ശീല വീഴുന്നു. ഈ മുഹൂര്‍ത്തത്തിന്റെ തുടര്‍ന്നുള്ള സമാപ്തിയും വളര്‍ച്ചയുമാണ് പിന്നീട് ലോകമെമ്പാടും പാടിപ്പുകഴ്ത്തിയ മഹാനായ അലക്‌സാണ്ടറുടെ വീരഗാഥ.
69
രാത്രി
ഗ്രീന്‍ റൂം.
ആശാന്‍ ഗ്രീന്‍റൂമിലിരുന്ന് സോഡാ കുടിക്കുന്നു. പെട്ടെന്ന് സ്റ്റേജിനു പിന്നില്‍ ഒരു നിഴലാട്ടം കണ്ട് ശ്രദ്ധിക്കുന്നു.
ആശാന്‍ : ആരാത്?
ഒളിക്കുവാന്‍ കഴിയാതെ ആശാന്റെ മുമ്പില്‍പ്പെടുമ്പോള്‍ രഘു ഞെട്ടുന്നു. ആശാന്‍ അവനെ കടന്നുപിടിക്കുന്നു. അവന്‍ കുതറുന്നു. ആശാനും രഘുവും തമ്മില്‍ സംഘട്ടനം. മറ്റു മാര്‍ഗമില്ലാതെ രഘു കത്തിയെടുത്ത് ആശാനെ കുത്തുന്നു. മുറിപ്പാടു താങ്ങിക്കൊണ്ടുതന്നെ മല്‍പ്പിടിത്തത്തിനിടയില്‍ ആശാന്‍ രഘുവിനെ കഴുത്തു ഞെരിച്ചുകൊല്ലുന്നു. രഘു മണലില്‍ മരിച്ചുവീഴുന്നു.
70
രാത്രി
ഗ്രീന്‍ റൂം.
കുത്തേറ്റ് ആശാന്‍ ഗ്രീന്‍റൂമിലെത്തുമ്പോള്‍ ലിസയെ കാണുന്നു.
ലിസ : അപ്പാ ഞങ്ങളെല്ലാം റെഡിയാണ് കേട്ടാ.
ആശാന്‍ : (ശ്രമപ്പെട്ടു വേദന കടിച്ചമര്‍ത്തി) അവന്‍ പോയി..... രഘു. അവന്‍ പോയെന്ന്....
ആശാന്റെ ദേഹത്തുനിന്നും ചോരയൊലിക്കുന്നത് കണ്ട് ലിസ ഉറക്കെ കരയുന്നു.
ലിസ : അപ്പാ... അയ്യോ... ചോര.... അപ്പാ അപ്പാ....
ലിസ ഉറക്കെ കരയുന്നു.
ആശാന്‍ : നീ മിണ്ടാതെ ആ തുണിയിങ്ങെടുക്ക്.
ലിസ കരയുമ്പോള്‍ ആശാന്‍ വിലക്കുന്നു.
ആശാന്‍ : മുണ്ടിപ്പോകരുത്. നാടകം നടക്കണം.
ലിസ കരഞ്ഞുകൊണ്ട് ആശാന്റെ മുറിവിനു ചുറ്റും തുണികൊണ്ടു കച്ചമുറുക്കി കെട്ടുന്നു.
ലിസ : (ആശാനോട്) അപ്പാ വേണ്ട... വേണ്ട....
ആശാന്‍ : (മന്ത്രിക്കുംപോലെ) രംഗം നടക്കണം.... നാടകം മുടങ്ങരുത്.
ലിസയും ആശാനും സ്റ്റേജിലേക്ക്. കര്‍ട്ടന്‍ ഉയരുന്നു. നിലയ്ക്കാത്ത കരഘോഷം. സ്തബ്ധയായി ലിസ.
71
രാത്രി
സ്റ്റേജ്.
നാടകം. ആശാന്‍ രംഗത്ത്. താന്‍ ആശാനെ കുത്തുവാന്‍ പോകുന്ന രംഗം, സൈഡ് കര്‍ട്ടനുപിറകില്‍നിന്നുകൊണ്ട് ആന്റോയെ അഭിനയിച്ചുകാണിക്കുന്ന പാപ്പി. അഭിനേതാക്കളെല്ലാം സ്റ്റേജിനു വശത്തായി നില്‍ക്കുന്നു.
ആശാന്‍ : അലക്‌സാണ്ടര്‍ വരാനെന്തേ താമസം?
രംഗത്ത് കടന്നുവന്ന് പാപ്പി : (ഭടന്റെ വേഷത്തില്‍) രാജകുമാരന്‍ പുറപ്പെട്ടിട്ടുണ്ട് തിരുമനസ്സേ.
ആശാന്‍ : നീയോ... നമ്മുടെ അംഗരക്ഷകനായ ലൂസിഫസ് എവിടെ?
പാപ്പി : ലൂസിഫസിനു ദീനമാണ്. പകരക്കാരനായി അടിയനെയാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ആശാന്‍ : നിന്റെ പേര്?
പാപ്പി : ഫ്രേഡ്‌റര്‍.
ആശാന്‍ വേദനകൊണ്ട് പുളയുന്നു. ഇതുകണ്ട് വിഷമിക്കുന്ന ലിസ.
ആശാന്‍ : ഫ്രേഡ്‌റര്‍ യാത്രാസന്നാഹങ്ങളെല്ലാം സജ്ജമല്ലേ.
പാപ്പി : അതെ തിരുമനസ്സേ.
ആശാന്‍ : അലക്‌സാണ്ടര്‍ എത്തിയാലുടന്‍ പുറപ്പെടുകയായി.
ആരവം മുഴങ്ങുന്നു : 'ഫിലിപ്പ് ചക്രവര്‍ത്തി നീണാള്‍ വാഴട്ടെ, ഫിലിപ്പ് ചക്രവര്‍ത്തി നീണാള്‍ വാഴട്ടെ.'
ആശാന്‍ : ഭേഷ്. നീ കേള്‍ക്കുന്നില്ലേ. താഴെ മുഴുവന്‍ ആര്‍പ്പുവിളികള്‍. (ചിരിക്കുന്നു) മാസിഡോണിയയുടെ വിജയമാണിന്നവര്‍ കൊണ്ടാടുന്നത്. ഫിലിപ്പ് ചക്രവര്‍ത്തിയുടെ ജയഭേരികളുടെ മുന്നില്‍ ഏതന്‍ സിലെ ജനാധിപത്യവാദികളുടെ സ്വരം എവിടെ?
ആശാന്‍ ചിരിക്കുന്നു. പെട്ടെന്ന് അംഗരക്ഷകന്റെ വേഷമണിഞ്ഞ പാപ്പി രാജാവായ ആശാനെ കുത്തുന്നു. (അയാള്‍ കുത്തേറ്റു വേദന കടിച്ചിറക്കുന്നതായി യഥാര്‍ത്ഥ വേദന അനുഭവിച്ചുകൊണ്ട് അഭിനയിക്കുന്നു).
ആശാന്‍ : ഫൂ! യവനശക്തിയുടെ കാവല്‍ ദൈവങ്ങളേ എനിക്കല്പം ആയുസ്സു ബാക്കിതരൂ, അംഗമോതിരവും ഉടവാളും അണിയിച്ച് അലക്‌സാ ണ്ടറെ അഭിഷിക്തനാക്കാന്‍...
ആന്റോ വേദിയിലേക്ക്. അലക്‌സാണ്ടറായി കടന്നുവരുന്നു.
ആന്റോ : തിരുമനസ്സേ.
ആശാന്‍ : വരൂ അലക്‌സാണ്ടര്‍ (വേച്ചുവീഴുവാനായുന്നു)
ആന്റോ : എന്തു പറ്റി?
ആശാന്‍ : ധീരനായ പോരാളിയുടെ മരണം ചോരവീഴ്ത്തിക്കൊണ്ടായിരിക്കും. നീ കൃത്യസമയത്തുതന്നെ എത്തി. (വാളെടുത്ത് ആന്റോയ്ക്കു നല്‍കി) ഞാന്‍ തുടങ്ങിവച്ചത് പൂര്‍ത്തിയാക്കാന്‍ യവനപ്രവശ്യകള്‍ ക്കപ്പുറത്ത് കിഴക്കിന്റെ അതിരുകളോളം നമ്മുടെ സാമ്രാജ്യത്തിന്റെ അതിര്‍ത്തി കൊണ്ടെത്തിക്കാന്‍ ഇനി നീയുണ്ട്. എനിക്ക് സമാധാനമായി മരിക്കാം.
ആശാന്‍ ആന്റോയുടെമേല്‍ വീഴുന്നു. അന്ത്യശ്വാസം വലിക്കുന്നതിനിടയില്‍ ശ്രമപ്പെട്ടു നാടകസംഭാഷണം തെറ്റാതെ, ആ വികാരഭാവത്തില്‍ ഉരുവിടുന്നു ആശാന്‍.
കാലത്തിന്റെ കണക്കെടുപ്പില്‍ മാസിഡോണിയ എന്ന കൊച്ചു പ്രവിശ്യയുടെ രാജാവായ ഫിലിപ്പായല്ല ഞാന്‍ ഓര്‍മിക്കപ്പെടുക. ലോകം കീഴടക്കുന്ന മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്ക് ജന്മംകൊടുത്ത ഫിലിപ്പാണ് ഞാന്‍....
ആശാന്‍ ആന്റോയുടെ മടിയിലേക്ക് വീഴുന്നു. ലിസ സ്തബ്ധയായി നില്‍ ക്കുന്നു.
അന്ത്യവാചകമായി ആശാന്‍ : എന്റെ ജന്മം സഫലമായി.
ആശാന്‍ ആന്റോയുടെ മടിയില്‍ക്കിടന്ന് മരിക്കുന്നു.
ആന്റോ : തിരുമനസ്സേ... തിരുമനസ്സേ.....
കര്‍ട്ടന്‍ താഴുന്നു. നിലയ്ക്കാത്ത കരഘോഷം.
സ്റ്റേജിലേക്ക് ആദ്യം ലിസയും പുറകെ മറ്റ് എല്ലാവരും ഓടിയെത്തുന്നു. അവരില്‍ സത്യമറിഞ്ഞിട്ടുള്ളത് ലിസ മാത്രം.
ആന്റോ : ആശാന്‍ പെരുക്കിയതു കണ്ടാടാ...
പാപ്പി : എന്റെ രോമം പെരുത്തുപിടിച്ച് കേട്ടാ.
ആന്റോ : തട്ടേല് കേറിയാ ആശാന്‍ അങ്ങനാണ്....
ആശാന്‍ മരിച്ചുവെന്നറിഞ്ഞ ലിസ ഉറക്കെ കരയുന്നു.
ലിസ : അപ്പാ....
ലിസ മുറിവിന്റെ കെട്ടുകള്‍ അഴിക്കുമ്പോള്‍ ചോരമയം.... എല്ലാവര്‍ക്കും ഞടുക്കം. ഇടര്‍ച്ചയോടെ കൂട്ടക്കരച്ചില്‍....
ആന്റോ : ആശാനേ...
ആന്റോയുടെ മടിയില്‍ ആശാന്റെ നിശ്ചലമായ ജഡം കനംതൂങ്ങി. കാറ്റത്താടുന്ന രംഗവിധാനത്തിലെ നീളന്‍ കര്‍ട്ടനുകള്‍.... കത്തുന്ന മെഴുകുതിരിനാളം....
പശ്ചാത്തലത്തില്‍ ആശാന്റെ ശബ്ദം : 'എന്റെ ഏറ്റവും വലിയ സ്വപ്നമെന്താ ണെന്നറിയാമോടാ ആന്റോ.... വലിയ ഒരു പുരുഷാരത്തിന്റെ മുമ്പിലെ സ്റ്റേജില് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ചെയ്തുകൊണ്ടിരിക്കുമ്പോ ആ മേയ്ക്കപ്പോടെ കര്‍ത്താവ് വിളിച്ചങ്ങ് പോകണേന്ന്....'
(ജോണ്‍പോളിന്റെ 'എന്റെ ഭരതന്‍ തിരക്കഥകള്‍ ' എന്ന പുസ്തകത്തില്‍ നിന്ന്)