അവകാശമുണ്ട്, പക്ഷേ...

Posted on: 20 Nov 2014

കുട്ടികളുടെ അവകാശ ഉടമ്പടി പ്രകാരം, നിരവധി അവകാശങ്ങളാണ് ഈ ലോകത്തെ ഓരോ കുട്ടിക്കുമുള്ളത്. എന്നാല്‍ അവ വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 14 വയസ്സിന് താഴെ പ്രായമുള്ള 21.5 കോടി കുട്ടികള്‍ തൊഴിലെടുക്കുന്നവരാണ്. യൂനിസെഫ് റിപ്പോര്‍ട്ട് പ്രകാരം 110 കോടി കുട്ടികള്‍ പട്ടിണിയിലാണ്. 6.1 കോടി കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല. പ്രതിവര്‍ഷം 14.2 ദശലക്ഷം കുട്ടികള്‍ ശൈശവ വിവാഹത്തിന് ഇരകളാകുന്നു. ലോകത്ത് 15 കോടി കുട്ടികള്‍ താമസിക്കാന്‍ വീടില്ലാതെ തെരുവില്‍ കഴിയുന്നു. വിവിധ കാരണങ്ങളാല്‍ 1.2 കോടി കുട്ടികള്‍ 5 വയസ്സെത്തുന്നതിന് മുമ്പ് മരിക്കുന്നു. ഓരോ ആഴ്ചയും രോഗവും പോഷകാഹാരക്കുറവും മൂലം 2,50,000 കുട്ടികള്‍ മരിക്കുന്നു. 2 ദശലക്ഷം കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു. 20 ദശലക്ഷം കുട്ടികള്‍ അഭയാര്‍ഥികളാണ്. 10 ദശലക്ഷം കുട്ടികള്‍ അടിമപ്പണി ചെയ്യുന്നു. യുദ്ധം, പട്ടിണി, പകര്‍ച്ചവ്യാധികള്‍, കലാപം തുടങ്ങിയവമൂലം ഓരോ ദിവസവും ഇരുപത്തിരണ്ടായിരം കുട്ടികള്‍ വീതം മരിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബാലവേല ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 6 കോടി കുട്ടികള്‍ നമ്മുടെ രാജ്യത്ത് തൊഴില്‍ ചെയ്യുന്നു. ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. 2011 -ലെ സെന്‍സസ് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികളേ ഉള്ളൂ.
യൂനിസെഫ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 9 ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ പ്രതിവര്‍ഷം ശിശുഹത്യക്ക് ഇരകളാകുന്നു. ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ 40 ശതമാനവും ഇന്ത്യയിലാണ്. ശൈശവ വിവാഹംമൂലം പ്രസവ സമയത്ത് 10 ലക്ഷം നവജാത ശിശുക്കള്‍ ഇന്ത്യയില്‍ മരിക്കുന്നു. പട്ടിണി കിടക്കുന്നവരും തെരുവില്‍ കഴിയുന്നവരുമായ ധാരാളം കുട്ടികള്‍ നമ്മുടെ രാജ്യത്തുമുണ്ട്. കുട്ടികള്‍ക്കെതിരെ ഇന്ത്യയില്‍ കുറ്റകൃത്യങ്ങളും കൂടുന്നു.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് ഈ കണക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.




 

ga