Mathrubhumi
IST:
Mathrubhumi Parampara
വെട്ടിനിരത്തലിന്റെ കാലം കടന്ന്...

എം.എസ്. രാഖേഷ് കൃഷ്ണന്‍


ഒരു തെങ്ങില്‍നിന്ന് ആകെ കിട്ടുന്ന തേങ്ങ വിറ്റാല്‍ തേങ്ങയിടുന്നയാള്‍ക്കു കൂലികൊടുക്കാന്‍പോലും തികയില്ലെന്ന ഘട്ടം വന്നപ്പോഴാണ് കര്‍ഷകര്‍ തെങ്ങ് വെട്ടാന്‍ തുടങ്ങിയത്

''പറമ്പില്‍ അഞ്ഞൂറോളം തെങ്ങുണ്ടായിരുന്നു. 440 എണ്ണത്തിന് അസുഖംപിടിച്ചു. വിലയാണെങ്കില്‍ ഒന്നിന് രണ്ടരയോ മൂന്നോ ഉറുപ്പിക. രക്ഷയില്ലാതെവന്നപ്പോള്‍ 440 എണ്ണവും ഞാന്‍ വെട്ടി ഒഴിവാക്കി' കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്തുള്ള കരിങ്ങാട്ടെ കണ്ടാമ്പത്ത് രാജന്‍ പഴയ സംഭവം ഓര്‍ത്തെടുത്തു. ഗുണമേന്മയുള്ളവയെന്നു പേരുകേട്ട കുറ്റിയാടിത്തേങ്ങ വിളയുന്ന നാട്ടിലാണ് അഞ്ചുവര്‍ഷംമുമ്പ് ഇതു നടന്നത്.

സംഭവം വലിയ വാര്‍ത്തയായതോടെ അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍, മന്ത്രി ബിനോയ് വിശ്വം, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. രോഗത്തെക്കുറിച്ചു പഠിക്കാന്‍ ശാസ്ത്രജ്ഞരുമെത്തി. വലിയ വാഗ്ദാനങ്ങളായിരുന്നു നേതാക്കളെല്ലാം നല്‍കിയത്. വെട്ടിമാറ്റിയവയ്‌ക്കെല്ലാം 500 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. പുതിയ തൈകളും ഇടവിളക്കൃഷിക്കായി സഹായവും പ്രഖ്യാപിച്ചെങ്കിലും അതൊന്നും നടപ്പായില്ല. രാജനുപിന്നാലെ പിന്നെയും ധാരാളംപേര്‍ വരുമാനമൊന്നും കിട്ടാത്ത തെങ്ങുകള്‍ ഒഴിവാക്കിക്കൊണ്ടിരുന്നു.

നാളികേരകര്‍ഷകരേറെയുള്ള കുറ്റിയാടിയില്‍ 2010 - 11 കാലഘട്ടത്തില്‍ ഏകദേശം അമ്പതിനായിരത്തോളം തെങ്ങുകളാണു വെട്ടിമാറ്റിയത്. പകരം നട്ടുപിടിപ്പിച്ചതാകട്ടെ അഞ്ഞൂറില്‍ത്താഴെയും. എസ്‌റ്റേറ്റുകളിലടക്കം ഇത്തരം വെട്ടിനിരത്തലുകളുണ്ടായി. സമീപപ്രദേശങ്ങളായ കുണ്ടുതോട്ടും ആയിരക്കണക്കിന് തെങ്ങുകള്‍ കര്‍ഷകര്‍തന്നെ വെട്ടി ഒഴിവാക്കി. അതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കണ്ണൂരും തിരുവനന്തപുരത്തും എറണാകുളത്തുമൊക്കെ വ്യാപകമായി ഇതുതന്നെ സംഭവിച്ചു. പാലക്കാട്ടെ ചിറ്റൂര്‍പോലുള്ള മേഖലകളില്‍ തെങ്ങുകള്‍ വെട്ടിമാറ്റുന്ന രീതിയുണ്ടായില്ല. എന്നാല്‍ കര്‍ഷകര്‍ മിക്കവരും പാപ്പരായിമാറി. ആരുടെകൈയിലും പണമില്ലാതായതോടെ ബാങ്കുകളില്‍നിന്നുള്ള ജപ്തിഭീഷണിയും കുടുംബങ്ങളില്‍ കല്ല്യാണംമുടങ്ങലും പഠനംനിര്‍ത്തലുമൊക്കെ പതിവായി.

കൂമ്പുചീയലായിരുന്നു പ്രധാന വില്ലന്‍. മണ്ഡരി, കാറ്റുവീഴ്ച തുടങ്ങിയവകൂടിയെത്തിയതോടെ കൃഷിയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂടി. രോഗംവന്നതോടെ നാളികേരം തീരെക്കുറഞ്ഞു. കിട്ടിയാല്‍ത്തന്നെ അധികം ഗുണമില്ലാത്തവ.

തേങ്ങയിടാന്‍ ആളെക്കിട്ടാത്ത അവസ്ഥ തുടങ്ങിയതും അക്കാലത്താണ്. തെങ്ങില്‍ക്കയറുന്ന ജോലിക്കു ഗമയില്ലെന്ന് ന്യൂജനറേഷന്‍ ചിന്തിച്ചുതുടങ്ങി. ജോലിചെയ്യാന്‍ തയ്യാറായവര്‍ക്ക് ആവശ്യമേറിയതോടെ കൂലികൂടി. ഒരു തെങ്ങില്‍നിന്ന് ആകെക്കിട്ടുന്ന തേങ്ങവിറ്റാല്‍ തേങ്ങയിടുന്നയാള്‍ക്കു കൂലികൊടുക്കാന്‍പോലും തികയില്ലെന്ന ഘട്ടം വന്നപ്പോഴാണ് കര്‍ഷകര്‍ തെങ്ങുവെട്ടാന്‍ തുടങ്ങിയത്. റബ്ബറിന്റെ വില കുതിച്ചുപൊങ്ങിയ ആസമയത്ത് ഒരു തേങ്ങയ്ക്ക് മൂന്നുരൂപയായിരുന്നു പരമാവധി ലഭിച്ചിരുന്നത്. വളമിടുന്നതും നനയ്ക്കുന്നതുമൊക്കെ മുതലാകില്ലെന്നു കണ്ടതോടെയാണ് കര്‍ഷകര്‍ ഈ കടുംകൈക്കു മുതിര്‍ന്നത്. മിക്കവരും തെങ്ങുവെട്ടിമാറ്റി റബ്ബര്‍മരങ്ങളാണു നട്ടത്. മലയോരം മുഴുവന്‍ റബ്ബര്‍കൊണ്ട് നിറയുകയും തെങ്ങ് കാണാനേയില്ലാതാകുകയും ചെയ്തു. ഇനി കേരളത്തെ റബ്ബറളം എന്നുവിളിക്കണമെന്ന തമാശപോലുമുണ്ടായി. ചിലര്‍ എണ്ണപ്പനപോലുള്ളവ പരീക്ഷിച്ചു. ഇടവിളയായി വാഴനട്ടിരുന്നവര്‍ തോട്ടംമുഴുവന്‍ അതാക്കിമാറ്റി. രോഗംവന്ന് വെട്ടിമാറ്റിയവയ്ക്കു പകരം തെങ്ങുനടാന്‍ ധാരാളം പദ്ധതികള്‍ നാളികേരവികസന ബോര്‍ഡടക്കമുള്ള സ്ഥാപനങ്ങള്‍ നടപ്പാക്കിയിരുന്നു. എന്നാലിത് ഉപയോഗപ്പെടുത്തിയത് വളരെ ചുരുക്കംപേര്‍ മാത്രം. വരുമാനമില്ലാത്ത കൃഷി വേണ്ടെന്നുവെയ്ക്കാന്‍തന്നെയായിരുന്നു കര്‍ഷകരുടെ തീരുമാനം. കേരളത്തില്‍ തെങ്ങു കൃഷിചെയ്യുന്ന സ്ഥലത്തിന്റെ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിന്റെ രൂക്ഷത വെളിവാകും. 200405 വര്‍ഷത്തില്‍ കേരളത്തില്‍ തെങ്ങുകൃഷിയുള്ള ആകെ സ്ഥലം 8,99,267 ഹെക്ടറായിരുന്നെങ്കില്‍ 201314 വര്‍ഷമെത്തുമ്പോഴേക്കും അത് 8,08,647 ഹെക്ടറായി ചുരുങ്ങി. നഗരവത്കരണമടക്കം ഒട്ടേറെക്കാരണങ്ങള്‍ ഇതിനുപിന്നിലുണ്ടെങ്കിലും പ്രധാനം തെങ്ങില്‍നിന്ന് തീരെ വരുമാനമില്ലെന്ന അവസ്ഥയായിരുന്നു.

ലോകവ്യാപാരക്കരാറും ആസിയാന്‍ കരാറുമൊക്കെ വന്നതോടെ ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് നിരവധി ഭക്ഷ്യ എണ്ണകളും നാളികേര ഉത്പന്നങ്ങളും 'കേരംതിങ്ങും കേരളനാട്ടി'ലേക്കു പ്രവഹിച്ചുതുടങ്ങി. പാമോയിലിനോടും സോയാബീന്‍ എണ്ണയോടും വിലയുടെകാര്യത്തില്‍ വെളിച്ചെണ്ണയ്ക്കു മത്സരിക്കാനാവാത്ത സ്ഥിതിവന്നു. 2006ലെ കണക്കനുസരിച്ച് ഒരു ഹെക്ടറില്‍നിന്ന് നമ്മള്‍ 600 കിലോ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്. അതേസമയം മലേഷ്യ ഒരു ഹെക്ടറില്‍നിന്ന് മൂന്നര ടണ്‍ പാമോയിലാണുണ്ടാക്കുന്നത്. മലേഷ്യ വീണ്ടും ഇക്കാര്യത്തില്‍ മുന്നോട്ടുപോയെങ്കിലും നമുക്ക് വലിയ പുരോഗതിയൊന്നുമുണ്ടായില്ല.
കൊപ്ര, വെളിച്ചെണ്ണ, പിണ്ണാക്ക്, കയര്‍ തുടങ്ങിയ സാമ്പ്രദായിക ഉത്പന്നങ്ങള്‍ക്കപ്പുറത്തേക്ക് കേരളത്തിലെ കര്‍ഷകര്‍ ചിന്തിച്ചിരുന്നില്ല. കേരളത്തിലെ വലിയ കൃഷിയെ രക്ഷിക്കാനുള്ള പുതിയ ആശയങ്ങളവതരിപ്പിക്കാന്‍ ഭരണാധികാരികള്‍ക്കും കഴിയാതെവന്നതോടെയാണ് തെങ്ങുകൃഷി പെട്ടെന്ന് തളര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. സ്വതന്ത്രവ്യാപാരക്കരാറുകളുടെ ബലത്തില്‍ ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഒട്ടേറെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കേരളത്തിലേക്കു വന്നുതുടങ്ങിയിട്ടുണ്ട്. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും നാളികേര ഉത്പന്നങ്ങളുടെ കാര്യത്തില്‍ വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. അതിനൊക്കെപ്പുറമെ വന്‍കിട കമ്പനികളായ വിറ്റാ കൊക്കോ, സി.പി. ഗ്രൂപ്പ് തുടങ്ങിയവ ഇന്ത്യയിലെ നാളികേരവിപണിയുടെ തകര്‍ച്ച മുതലെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്വന്തമായും മറ്റു കമ്പനികളുമായിച്ചേര്‍ന്നും നാളികേര ഉത്പന്നങ്ങളുടെ വലിയ നിര്‍മാണയൂണിറ്റുകള്‍ തുടങ്ങാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം കമ്പനികള്‍വരുമ്പോള്‍ ഇടനിലക്കാര്‍ ലാഭംകൊയ്യുകയും കര്‍ഷകര്‍ പഴയ സ്ഥിതിയില്‍ത്തന്നെ തുടരുകയും ചെയ്യുന്നതാണ് അനുഭവം.

എന്തെങ്കിലും ചെയ്തില്ലെങ്കില്‍ വിപണി കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് നീര എന്ന പുത്തന്‍ ഉത്പന്നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളമാകെ അലയടിക്കാന്‍ തുടങ്ങിയത്. കേരകര്‍ഷകരെ രക്ഷിക്കാനവതരിച്ച പുത്തന്‍ താരമായിരുന്നു നീര. പത്തുവര്‍ഷത്തിലേറെയായി ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ടെങ്കിലും അടുത്തിടെയാണ് ഇതിന്റെ ഉത്പന്നങ്ങള്‍ പൊതുവിപണിയിലേക്കെത്തിത്തുടങ്ങിയത്. കൂട്ടായ്മകള്‍ രൂപവത്കരിച്ച് തെങ്ങിന്റെ പുത്തന്‍ സാധ്യത തേടുകയാണ് കൃഷിക്കാര്‍.

നേരത്തേ സൂചിപ്പിച്ച കുറ്റിയാടിയിലെ രാജനും ഇപ്പോള്‍ അത്തരമൊരു കൂട്ടായ്മയുടെ ഭാഗമാണ്. കടത്തനാട് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയുടെ വൈസ് ചെയര്‍മാനാണിപ്പോള്‍ അദ്ദേഹം. നീരയെന്ന ഉത്പന്നത്തെ കൃത്യമായ ആസൂത്രണത്തോടെയും വൈവിധ്യവത്കരണത്തോടെയും കൈകാര്യംചെയ്താല്‍ മാത്രമേ കേരളത്തിലെ കേരകര്‍ഷകര്‍ക്ക് പട്ടിണികൂടാതെ കഴിയാനാകൂവെന്ന ബോധം എല്ലാവര്‍ക്കുമുണ്ടായിരിക്കുന്നു.കര്‍ഷകര്‍ക്കൊപ്പം ഒട്ടേറെപ്പേര്‍ക്ക് പുതിയ തൊഴിലവസരങ്ങളും നീരയോടൊപ്പമെത്തിയിട്ടുണ്ട്. കേരളത്തിലെ ആകെ തെങ്ങുകളുടെ ഒരുശതമാനം നീരചെത്താനുപയോഗിച്ചാല്‍ത്തന്നെ ഒരു ലക്ഷംപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ഏകദേശകണക്ക്. 405 കോടി രൂപയോളം സര്‍ക്കാറിനും വരുമാനമായി ലഭിക്കും. അങ്ങനെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സര്‍ക്കാറിനുമെല്ലാം പുതിയ ഉന്മേഷംപകരുന്ന വരവാണ് നീരയുടേതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.


മറ്റു പരമ്പരകള്‍