Mathrubhumi
IST:
Mathrubhumi Parampara
വെട്ടിനിരത്തലിന്റെ കാലം കടന്ന്...

എം.എസ്. രാഖേഷ് കൃഷ്ണന്‍





നീരവിഭവങ്ങളനവധി



കര്‍ഷകരക്ഷയ്ക്ക് നീരവേണമെന്ന് എല്ലാവരും പറഞ്ഞുനടക്കുന്നുണ്ടെങ്കിലും സംഗതിയെന്താണെന്ന് പലര്‍ക്കും വലിയ ധാരണയില്ല. കള്ളുതന്നെയാണു നീരയെന്നാണ് ചിലരുടെ വിചാരം. അതുകൊണ്ടുതന്നെ പലരും നീരയ്ക്ക് അത്രവലിയ പ്രാധാന്യം കൊടുക്കുന്നുമില്ല. ലഹരിവിറ്റ് ലാഭം വേണ്ടെന്നുവരെ പറയുന്നവരുണ്ട്.
എന്നാല്‍ യഥാര്‍ഥത്തില്‍ നീരയും കള്ളും രണ്ടാണ്. വിരിയാത്ത തെങ്ങിന്‍പൂക്കുലയില്‍നിന്ന് ചെത്തിയെടുക്കുന്ന മദ്യാംശമില്ലാത്ത പാനീയമാണ് നീര. ഇത് ഏറെ പോഷകസമ്പുഷ്ടവുമാണ്. നീര പുളിപ്പിച്ചാല്‍ കിട്ടുന്ന ഉത്പന്നമാണ് കള്ള്. ലളിതമായി പറഞ്ഞാല്‍ പാലും തൈരും തമ്മിലുള്ള വ്യത്യാസമാണ് നീരയും കള്ളും തമ്മിലുള്ളത്. നീര പരിശോധിച്ചാല്‍ ആല്‍ക്കഹോള്‍ അംശത്തിന്റെ സാന്നിധ്യം പൂജ്യമാണെന്നു കാണാം.

ആരോഗ്യത്തിന് ഉത്തമമായ പാനീയമാണ് നീര. ദാഹം മാറ്റാന്‍ കുത്തകക്കമ്പനികളുടെ ശീതളപാനീയങ്ങള്‍ നമുക്ക് രോഗങ്ങളാണു സമ്മാനിക്കുന്നതെങ്കില്‍ നീര പോഷകങ്ങള്‍ നല്‍കുകയാണു ചെയ്യുന്നത്. അമിനോ അമ്ലങ്ങളുടെയും വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളുടെയും കലവറയാണ് ഈ അദ്ഭുതപാനീയം. പ്രോട്ടീന്‍ നിര്‍മാണത്തിനാവശ്യമായ ഗ്ലൂട്ടാമിക് അമ്ലവും ഉയര്‍ന്ന അളവില്‍ നീരയിലുണ്ട്. പ്രമേഹരോഗികള്‍ക്ക് ധൈര്യപൂര്‍വം കഴിക്കാവുന്ന ഒരു പാനീയമെന്ന നിലയിലും ഇതിന് പ്രത്യേകതയുണ്ട്. നീര ദഹിച്ച് രക്തത്തില്‍ കലരുന്ന പഞ്ചസാരയുടെ അളവ് സാധാരണ പഞ്ചസാരയെക്കാള്‍ വളരെ കുറവാണെന്നതാണ് ഇതിനു കാരണം. ഗര്‍ഭിണികള്‍ നീരകഴിക്കുന്നത് കുട്ടികള്‍ക്കും നല്ലതാണ്. മൂത്രതടസ്സം, മറ്റ് മൂത്രാശയരോഗങ്ങള്‍ എന്നിവയ്ക്ക് കരിക്കിന്‍വെള്ളം പോലെ സിദ്ധൗഷധമാണ് നീര.

നീര കേവലം പാനീയമായിമാത്രമല്ല ഉപയോഗിക്കുന്നത്. നീരയുപയോഗിച്ച് ധാരാളം ഉത്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ വിപണിയില്‍ ലഭ്യമാണ്. ചക്കര, പഞ്ചസാര, ജാം, ലഡു, ജിലേബി, ഹല്‍വ, കേക്ക്, ബിസ്‌കറ്റ്, തേന്‍, മിഠായി തുടങ്ങിയ അമ്പതോളം വ്യത്യസ്ത ഉത്പന്നങ്ങള്‍ കര്‍ഷകക്കൂട്ടായ്മകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെയൊക്കെ രുചിയില്‍ രസംപിടിച്ച് സ്ഥിരമായി ഇവ വാങ്ങിക്കൊണ്ടുപോകുന്നവരുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. 100 മില്ലിലിറ്റര്‍ നീരപാനീയത്തിന്റെ കുപ്പിക്ക് 15മുതല്‍ 25 വരെ രൂപയാണ് കമ്പനികള്‍ ഈടാക്കുന്നത്. നാളികേരവികസന കോര്‍പ്പറേഷന്‍ സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ച യന്ത്രത്തില്‍ 30 രൂപ നിക്ഷേപിച്ചാല്‍ 200 മില്ലിലിറ്ററിന്റെ കുപ്പി കിട്ടും. ഒരു കിലോഗ്രാം നീരക്കേക്കിന് 300 മുതല്‍ 400 വരെ രൂപയും നീര കുക്കീസിന് ഏകദേശം 10 രൂപയും തേനിന് ഏകദേശം 500 രൂപയും പഞ്ചസാരയ്ക്ക് ഏകദേശം ആയിരം രൂപയുമാണു വില. ആവശ്യമേറിയാല്‍ പല ഉത്പന്നങ്ങള്‍ക്കും വില ഇനിയും കുറയ്ക്കാനാകും.കള്ളു ചെത്തുന്നതിനെക്കാള്‍ ശ്രദ്ധവേണം നീരചെത്താന്‍. നീരയുടെ കാര്യത്തില്‍ ശുചിത്വം വളരെ പ്രധാനമാണ്. അന്തരീക്ഷവായുവിന്റെ സ്പര്‍ശമേറ്റാല്‍ത്തന്നെ പുളിക്കുമെന്നതിനാല്‍ ഇക്കാര്യത്തിലും ശ്രദ്ധവേണം. നൈപുണ്യമാവശ്യമുള്ള ജോലിയായതിനാല്‍ നീരചെത്തുന്നവരെ ടെക്‌നീഷ്യന്‍മാര്‍ എന്നാണു വിളിക്കുക.

കാസര്‍കോട്ടെ കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രം (സി.പി.സി.ആര്‍.ഐ.) വികസിപ്പിച്ചെടുത്ത രീതിയിലാണ് ഭൂരിഭാഗം കൂട്ടായ്മകളും നീരചെത്തുന്നത്. തെങ്ങിനുമുകളില്‍ സ്ഥാപിച്ച ശീതീകരിച്ച പെട്ടിയില്‍ നീരശേഖരിക്കുന്ന രീതിയാണിത്. കുപ്പികളിലാക്കി കേടുവരാതെ സൂക്ഷിക്കുന്നതിന് നാളികേരവികസന ബോര്‍ഡിന്റെയും കളമശ്ശേരി സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റി(എസ്.സി.എം.എസ്.)ന്റെയും ഗവേഷണവിഭാഗം കണ്ടുപിടിച്ച വഴികളുണ്ട്. തെങ്ങിന്റെ കൂമ്പ് തല്ലിച്ചെത്തി, അണുമുക്തമാക്കിയ കന്നാസില്‍ ശേഖരിച്ച നീര പ്ലാന്റുകളിലെത്തിക്കുന്നു. കുപ്പികളിലാക്കുന്നതുവരെ പൂര്‍ണമായും ശീതീകരണസംവിധാനത്തിലാണിതു സൂക്ഷിക്കുക. നീര ചെത്തിയെടുക്കുമ്പോള്‍ത്തന്നെ ഇത് കള്ളായിമാറാതിരിക്കാനുള്ള മുന്‍കരുതലുകളുമെടുക്കും. കേരള കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ച സാങ്കേതികവിദ്യയാണ് നാളികേരവികസന കോര്‍പ്പറേഷന്‍ ഉപയോഗിക്കുന്നത്.

നാളികേരവികസന ബോര്‍ഡ് തയ്യാറാക്കിയ കണക്കനുസരിച്ച് ഒരു തെങ്ങില്‍നിന്ന് ഒരുദിവസം ശരാശരി ഒരുലിറ്റര്‍ നീര ലഭിച്ചാല്‍ 1500 രൂപ കര്‍ഷകന് മാസവരുമാനമായി ലഭിക്കും. ലിറ്ററിന് 50 രൂപ എന്ന തോതിലാണ് ഇതു കണക്കാക്കിയിരിക്കുന്നത്. 10 തെങ്ങാണ് ചെത്താന്‍ കൊടുക്കുന്നതെങ്കില്‍ മാസവരുമാനം 15,000 രൂപയാകും. തെങ്ങൊന്നിന് ഒന്നര ലിറ്റര്‍ നീര ലഭിച്ചാല്‍ വരുമാനം 22500 രൂപയായി വര്‍ധിക്കും. ഒരു കര്‍ഷകന് ഒരേക്കര്‍ സ്ഥലവും അതില്‍ 70 തെങ്ങും ഉണ്ടെന്നിരിക്കട്ടെ. ഒരു തെങ്ങില്‍നിന്ന് ഒരുലിറ്റര്‍ നീര ദിവസവും ലഭിച്ചാല്‍ത്തന്നെ അയാളുടെ വാര്‍ഷികവരുമാനം 4,20,000 ആകും!
ഒരു തെങ്ങിലെ മൂന്നു കുലകളാണ് ഇപ്പോള്‍ മിക്കകര്‍ഷകരും നീരചെത്താന്‍ നല്‍കിയിരിക്കുന്നത്. മറ്റു കുലകളിലെ തേങ്ങ വില്‍പ്പനയ്ക്കായി ഉപയോഗിക്കുകയും ചെയ്യാം. ഇതിന്റെ വരുമാനം അധികമായും ലഭിക്കും.
ഇനി പറയൂ, കേരളത്തിലെ മറ്റേതു കാര്‍ഷികവിളയില്‍നിന്നാണ് ഇത്രയും വരുമാനം ലഭിക്കുക?
നീരയുടെ സാധ്യത പലരാജ്യങ്ങളും നേരത്തേ മനസ്സിലാക്കിക്കഴിഞ്ഞു.

ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ നീര ഉത്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും കയറ്റിയയക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നീരയുടെ ഉത്പാദനവും വളരെയേറെയാണ്. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്‌നാട് എന്നിവയും വ്യാവസായികാടിസ്ഥാനത്തില്‍ നീര ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു.
ഒരു നാളികേരക്കൂട്ടായ്മയുടെ ഭാഗമായാല്‍മാത്രമേ കേരളത്തിലെ കര്‍ഷകര്‍ക്ക് നിലവില്‍ നീരചെത്തി വരുമാനമുണ്ടാക്കാനാകൂ. അത്തരം കൂട്ടായ്മകള്‍ക്കായി ശ്രമിക്കുകയാണ് നാളികേരകര്‍ഷകനു മുമ്പില്‍ ഇനിയുള്ള ഏകമാര്‍ഗം.

മാസവരുമാനം 1,20,000 രൂപ


നീര ചെത്താന്‍ തുടങ്ങിയാല്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം കിട്ടുമെന്നാണ് സര്‍ക്കാരും നാളികേരവികസന ബോര്‍ഡുമെല്ലാം പറയുന്നത്. ഇത്തരം കണക്കുകള്‍ പെരുപ്പിച്ചുണ്ടാക്കിയവയല്ല. സ്ഥിതിവിവരശാസ്ത്രജ്ഞന്റെ ഭാവനയില്‍ തയ്യാറാക്കിയതുമല്ല.
നീരയിലൂടെ മാസംതോറും വലിയ വരുമാനം നേടുന്ന ഒട്ടേറെ കര്‍ഷകര്‍ ഇപ്പോള്‍ത്തന്നെ കേരളത്തിലുണ്ടെന്നതാണ് വസ്തുത. മറ്റുള്ള കര്‍ഷകരെ പ്രചോദിപ്പിക്കുന്നതിനായി നാളികേരവികസന ബോര്‍ഡ് തങ്ങളുടെ ജേണലിലൂടെ ഇത്തരക്കാരുടെ അനുഭവം അവതരിപ്പിക്കാറുണ്ട്. അത്തരം ചില കഥകളിതാ:
പെരുമാട്ടി നാളികേരവികസന ഉത്പാദക ഫെഡറേഷനു കീഴിലുള്ള വിളയോടി സംഘത്തിലെ അംഗമാണ് പുത്തന്‍വീട്ടില്‍ സ്വാമിനാഥന്‍ മന്നാടിയാരുടെ മകന്‍ ഗോപിനാഥ്. 37 തെങ്ങുകളാണ് ഗോപിനാഥ് നീരചെത്താനായി കൊടുക്കുന്നത്. ശരാശരി പ്രതിദിന ഉത്പാദനം 150 ലിറ്ററാണ്. ഇങ്ങനെ മെയ്മാസത്തില്‍ മാത്രം ഗോപിനാഥ് നേടിയത് 1,20,000 രൂപയാണ്. നേരത്തേ പറമ്പിലെ ആകെ 600 തെങ്ങുകളില്‍നിന്ന് രണ്ടുമാസംകൂടുമ്പോള്‍ തേങ്ങയില്‍നിന്ന് ലഭിച്ചിരുന്ന വരുമാനം 16,000 രൂപ മാത്രമായിരുന്നുവെന്നറിയുമ്പോഴാണ് കര്‍ഷകര്‍ക്കു ലഭിക്കുന്ന ലാഭം വ്യക്തമാകുക.
അതുപോലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ എസ്.എന്‍. പുരത്തെ കരിമുറ്റത്തുവീട്ടില്‍ ജി. ഹരിദാസിന് നാലു തെങ്ങില്‍നിന്ന് ജൂണ്‍മാസം ലഭിച്ചത് 16,800 രൂപയാണ്. പോലീസ് സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച ഹരിദാസ് എട്ടുവര്‍ഷംമുമ്പു നട്ട കുറിയ ഇനം തെങ്ങുകളാണ് ഇപ്പോള്‍ മികച്ച വരുമാനം നല്‍കുന്നത്.



മറ്റു പരമ്പരകള്‍