വെട്ടിനിരത്തലിന്റെ കാലം കടന്ന്...
എം.എസ്. രാഖേഷ് കൃഷ്ണന്
കിട്ടാനില്ല നീര
ഉത്പന്നങ്ങള്‍ കുന്നുകൂടിക്കിടക്കുക. പക്ഷേ, അത് വാങ്ങാന്‍ ആളില്ലാതിരിക്കുക. പല ഉത്പന്നങ്ങളും നേരിടുന്ന പ്രശ്നം ഇതാണ്. എന്നാല്‍ നീരയുടെ കാര്യം വ്യത്യസ്തമാണ്. കര്‍ഷക ഫെഡറേഷനുകളുമായി ബന്ധപ്പെടുമ്പോഴാണ് വസ്തുത മനസ്സിലാകുക. ആവശ്യത്തിനുവേണ്ട നീരപോലും ഉത്പാദിപ്പിക്കാനാകുന്നില്ലെന്നതാണ് കേരളത്തിലെ വലിയ പ്രശ്നം.
മുംബൈയിലേക്ക് 15,000 നീരബോട്ടിലുകള് എല്ലാദിവസവും എത്തിച്ചുകൊടുക്കാനാകുമോയെന്നു ചോദിച്ച് കൊച്ചിയിലെ നാളികേരവികസനബോര്‍ഡ് ഓഫീസിലേക്ക് അടുത്തിടെ ഒരു അന്വേഷണംവന്നു. എന്നാല്‍, നിലവിലുള്ള ഒരു ഫെഡറേഷനും ഇത്രയും നീര ഒരുദിവസം ഉത്പാദിപ്പിക്കാനാകില്ല. നാളികേര ഫെഡറേഷനുകളുടെ കണ്‍സോര്‍ഷ്യത്തിന് ഇത് ചെയ്യാനാകുമോയെന്ന സാധ്യതയാണ് ഇപ്പോള്‍ ബോര്‍ഡ് തേടുന്നത്. വലിയ തോതില്‍ നീര കിട്ടുമോയെന്നറിയാന്‍ ധാരാളംപേര്‍ ഓഫീസില്‍ അന്വേഷണവുമായി എത്താറുണ്ടെന്ന് ബോര്‍ഡിന്റെ പബ്ലിസിറ്റി ഓഫീസര്‍ മിനി മാത്യു പറഞ്ഞു.
നിലവില്‍ 58 ഔട്ട്ലെറ്റുകളാണ് നാളികേരവികസനബോര്‍ഡിന്റെ കീഴിലുള്ള ഫെഡറേഷനുകള്ക്കുള്ളത്. ഇവിടെയെല്ലാം നീര നന്നായി വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, ഇതിനു പുറത്തേക്ക് വിപണി വലിയതോതില്‍ വ്യാപിപ്പിക്കാന്‍ വേണ്ട നീര ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല. ആഗസ്ത് 10നു തുടങ്ങുന്ന ആഴ്ചയിലെ കണക്കുപ്രകാരം ഫെഡറേഷനുകളെല്ലാം ചേര്‍ന്ന് ഒരാഴ്ച ഉത്പാദിപ്പിച്ചത് വെറും 25,785 ലിറ്റര്‍ നീരയാണ്.
കേരളത്തിലെ നീര ഉത്പാദനം ഒരു ലക്ഷം ലിറ്ററിലേക്കു വളര്‍ന്നാല്‍ മാത്രമേ വലിയ വിപണിയിലേക്ക് കടക്കാനാകൂവെന്ന് നാളികേരവികസന ബോര്‍ഡ് ചെയര്മാന് ടി.കെ.ജോസ് പറഞ്ഞു. സ്ഥിരം വില്‍പ്പന തുടങ്ങിയാല്‍ അതിനു മുടക്കംവരാതിരിക്കണം. ആനിലയിലേക്ക് ഫെഡറേഷനുകള്‍ വളര്ന്നുവരുന്നേയുള്ളൂവെന്നും കൂടുതല്‍പേര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതോടെ ഉത്പാദനം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
കൈപ്പുഴ, കരപ്പുറം, കുറ്റിയാടി കമ്പനികള്‍ക്കാണ് നിലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നീരബോട്ടിലുകള് തയ്യാറാക്കുന്ന വലിയ പ്ലാന്റുകളുള്ളത്. കൊടുങ്ങല്ലൂര്‍, കോഴിക്കോട് കമ്പനികള്‍ക്ക് ചെറിയ പ്ലാന്റുകളുണ്ട്. ചില പ്ലാന്റുകള്‍ വാടകയ്ക്കാണു പ്രവര്‍ത്തിക്കുന്നത്. മറ്റുചില കമ്പനികള്‍ക്ക് നീര സൂക്ഷിക്കാന്‍ സ്വന്തമായി ശീതീകരണസംവിധാനമുണ്ട്. എന്നാല്‍ നീരയ്ക്ക് കൂടിയ ആവശ്യംവന്നാല്‍ ഇവരെല്ലാം കുടുങ്ങുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സര്‍ക്കാര്‍തലത്തില്‍ ജില്ലതോറും പ്ലാന്റ് തുടങ്ങാനുള്ള സാധ്യത തേടണമെന്ന അഭിപ്രായവും ചില കാര്ഷികവിദഗ്ധര്ക്കുണ്ട്.
വിപണിയില്‍ കടുത്ത മത്സരം
കൊച്ചിക്കാരനും അമേരിക്കയില്‍ സ്ഥിരതാമസക്കാരനുമായ ഒരു വലിയ വ്യവസായിക്ക് കേരളത്തില്‍നിന്ന് നീരബോട്ടിലുകള് വാങ്ങാന്‍ താത്പര്യമുണ്ടായി. അമേരിക്കയിലും കാനഡയിലുമായുള്ള തന്റെ 150 റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലൂടെ നീരവില്പ്പന നടത്താനായിരുന്നു ഇത്. നിലവില്‍ ഫിലിപ്പീന്‍സില്‍നിന്നും ഇന്ഡൊനീഷ്യയില്നിന്നുമൊക്കെയെത്തുന്ന ബോട്ടിലുകള്‍ മാറ്റി സ്വന്തം നാട്ടിലെ ഉത്പന്നം വില്‍ക്കാമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ 10 ടണ്ണോളം നീര ഉത്പന്നങ്ങളായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത്രയും ഉത്പാദനത്തിന് കേരളത്തിലിപ്പോള്‍ സാധ്യതയില്ലെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. എന്നാല്‍, ഉത്പന്നം വാങ്ങാനെത്തുമ്പോള്ത്തന്നെ അദ്ദേഹം വെച്ച രണ്ടു നിബന്ധനകളാണ് ശ്രദ്ധേയം. അതിലൊന്ന് ഉത്പന്നങ്ങളുടെ ഗുണമേന്മയാണ്. രണ്ടാമത്തേത് ഉത്പന്നങ്ങളുടെ പാക്കിങ് മികച്ചതാകണമെന്നതും.
ഫ്രഷ് നീര എന്ന പേരില്‍ ധാരാളം കൂട്ടായ്മകള്‍ ചെത്തിയെടുത്തയുടന് നീര വില്‍പ്പന നടത്തുന്നുണ്ട്. ബോട്ടിലുകളായും നീര വിപണിയിലെത്തുന്നു. ഓരോ നീരയ്ക്കും ഓരോ രുചിയെന്ന പരാതി ഇപ്പോഴേ വ്യാപകമായുണ്ട്. അന്തരീക്ഷവായുവിന്റെ സാന്നിധ്യമുണ്ടായാല്‍ത്തന്നെ ഇതിന്റെ രുചി മാറും. ഇത്തരം നീര കുടിക്കുന്നവര്‍ പിന്നീട് ഉത്പന്നം വാങ്ങാന്‍ മടിക്കുകയുംചെയ്യും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. നീര എന്താണെന്നും അതിലെ ഘടകങ്ങള്‍ ഏതൊക്കെയളവില്‍ വേണമെന്നുമുള്ള വ്യവസ്ഥ വില്‍പ്പനയ്ക്കു വെയ്ക്കുമ്പോളുണ്ടാകണം. ഇതു പരിശോധിക്കാന്‍ സംവിധാനങ്ങളുമുണ്ടായില്ലെങ്കില് ഈ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. കള്ളുണ്ടാക്കാന് നീരവ്യവസായത്തെ ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്. ഈര്‍പ്പാംശം കുറയ്ക്കാന്‍ വേണ്ട സാങ്കേതികവിദ്യ രൂപപ്പെടുത്തുകയും വേണം.
വന്‍കിട കമ്പനികളുടെ ശീതളപാനീയങ്ങളുടെ വര്‍ണശബളമായ കുപ്പികള്‍ കാണുമ്പോള്‍ അതില്‍ ആകൃഷ്ടരായി ജനം അത് വാങ്ങിപ്പോകുന്നതില് അദ്ഭുതമില്ല. കുപ്പികളുടെ ആകൃതിയും ലേബലുകളുമൊക്കെ രൂപപ്പെടുത്തുമ്പോള്‍ മികച്ച ശ്രദ്ധ ആവശ്യമാണ്. വിദേശവിപണികളില്‍ ടെട്രാപാക്കറ്റുകളിലെത്തുന്ന പാനീയങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. ഇതിനുള്ള സംവിധാനം നമുക്കിപ്പോഴില്ല.
ഉത്പാദനച്ചെലവ് കുറവുള്ള കോളകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് കച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കും വലിയ ആനുകൂല്യം നല്‍കാനാകും. എന്നാല്‍, ഇത്തരത്തിലൊരു വിപണനരീതി കാര്‍ഷികോത്പന്നമായ നീരയ്ക്ക് അവലംബിക്കാനാവില്ല. എന്നാല്‍ കൃത്രിമരാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ശീതളപാനീയങ്ങളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാന്‍ നമുക്കു കഴിഞ്ഞാല്‍ അത് നീരയ്ക്കു നേട്ടമാകും.
നീരയെ ഒരു ആരോഗ്യപാനീയമെന്നനിലയില് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഭക്ഷ്യവകുപ്പിനും ആരോഗ്യവകുപ്പിനുമൊക്കെ ഇക്കാര്യത്തില്‍ ബോധവത്കരണം നടത്താനാകും. മറ്റു ശീതളപാനീയങ്ങളുടെ ദോഷവും നീരയുടെ ഗുണവും പ്രചരിപ്പിക്കാനാകണം. തിരുവനന്തപുരം ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ രോഗികളുടെ ആഹാരക്രമങ്ങളില്‍ നീരകൂടി ഉള്‍പ്പെടുത്തിയത് ശുഭസൂചനയാണ്. കൊല്ലം കൈപ്പുഴ കമ്പനിയുടെ നീര അവിടെ വിതരണംചെയ്യുന്നുമുണ്ട്.
ഉത്പാദനം കൂട്ടുമ്പോള്‍ പുതിയ വിപണനസാധ്യതകള്‍ തേടാനും കര്‍ഷകര്‍ക്കു കഴിയണം. കോക്കനട്ട് പോയിന്റുകള്‍ എന്നപേരില്‍ കേരോത്പന്നങ്ങളുടെ വിപണനശാല എന്ന നാളികേരവികസന ബോര്‍ഡിന്റെ ആശയം ശ്രദ്ധേയമാണ്. നീരവിഭവങ്ങളുപയോഗിച്ച് തിരുക്കൊച്ചി കമ്പനി തയ്യാറാക്കുന്ന ഓണം പായസം കിറ്റ്, തണ്ണീര്‍മുക്കം യൂണിറ്റിന്റെ സഞ്ചരിക്കുന്ന നീരവണ്ടി പോലുള്ള പുത്തന്‍ ആശയങ്ങളും നടപ്പില്വരുത്താനാകണം. ഓണ്‍ലൈന്‍ വില്പ്പനപോലുള്ളവയും ആലോചിക്കേണ്ടതാണ്. റെസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാരസംഘടനകള്‍, ഹോട്ടലുകള്‍, റെയില്‍വേ തുടങ്ങിയവയുമായി സഹകരിച്ചുള്ള വിപണനപദ്ധതികളും തയ്യാറാക്കാവുന്നതാണ്. വിരുന്നുസത്കാരങ്ങളില്‍ വെല്‍ക്കം ഡ്രിങ്ക് എന്ന നിലയിലേക്ക് നീരയെ മാറ്റുന്നതിനുള്ള സാധ്യതയും തേടാം.
വിദേശവിപണിയിലേക്കു കടക്കണമെങ്കില്‍ ഓരോ കമ്പനിയും ലൈസന്സെടുക്കേണ്ടതുണ്ട്. നിലവില്‍ പല കമ്പനികളുടെയും നീര ഉത്പന്നങ്ങള്‍ ചെറിയ അളവില്‍ യൂറോപ്യന്മധ്യേഷ്യന് രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നുണ്ട്. ഇതില്‍ പലതും മറ്റു കമ്പനികളുടെ ലൈസന്‍സിലാണ് കടല്‍കടക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണമേന്മതന്നെയാണ് ലൈസന്‍സ് കിട്ടാന്‍ ഏറ്റവും ആവശ്യം. ലൈസന്‍സ് നേടിയെടുക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സഹായംചെയ്തുകൊടുക്കുകയുംവേണം.
1600ല്‍ താഴെ കര്ഷകര്ക്കുമാത്രം ഗുണംകിട്ടുന്ന പദ്ധതിയാണ് ഇപ്പോള്‍ നീര. കൂടുതല്‍ കൂട്ടായ്മകള്‍ ഈരംഗത്തേക്കു കടന്നുവരാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയതോടെ പുതിയ ഘട്ടം തുടങ്ങുകയായി. ഈ ഘട്ടത്തില്‍ ഉത്പാദനവും നീരസാങ്കേതികവിദഗ്ധരുടെ എണ്ണവും കൂട്ടാനായാല്‍ നീരവ്യവസായത്തിന് കര്‍ഷകരെ രക്ഷിക്കാനാകും. കേരളത്തിന്റെ കല്പവൃക്ഷമെന്ന പേര് വീണ്ടും തെങ്ങിനു നല്‍കാനും കര്‍ഷകര്‍ തയ്യാറാകും.
സാങ്കേതികവിദഗ്ധര്‍ വേണം,
ഒപ്പം കുറിയ തെങ്ങുംനീരസാങ്കേതികവിദഗ്ധരുടെ അഭാവമാണ് നീര ഉത്പാദനം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 500ല്‍ താഴെ സാങ്കേതികവിദഗ്ധരാണ് കേരളത്തിലാകെയുള്ളത്. പരിശീലനംകിട്ടിയ ആയിരത്തിലേറെപ്പേര്‍ ഈ മേഖലയിലേക്ക് ഇനിയും കടന്നുവന്നിട്ടില്ല.
മികച്ച വരുമാനം കിട്ടുന്ന ഈ തൊഴിലിനെക്കുറിച്ച് പലര്‍ക്കുമറിയില്ലെന്നതാണു വാസ്തവം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി ജോലിചെയ്യുന്നവരില്‍ പത്തുശതമാനംപേരെയെങ്കിലും നീരസാങ്കേതികവിദഗ്ധരാക്കാനായാല് ഇക്കാര്യത്തില്‍ വലിയ പുരോഗതിയുണ്ടാകും. വലിയ വരുമാനവും തൊഴിലാളികള്‍ക്കു ലഭിക്കും. സര്‍ക്കാര്‍തലത്തിലും രാഷ്ട്രീയതലത്തിലും ഇതിനൊരു ശ്രമം ആവശ്യമാണ്.
കുടുംബശ്രീമേഖലയില് ജോലിചെയ്യുന്നവരെയും ആകര്‍ഷിക്കാനാകണം. കോഴിക്കോട് പായമ്പ്ര ഫെഡറേഷനു കീഴില്‍ കുടുംബശ്രീയില്നിന്നെത്തിയ സ്ത്രീകള്‍ വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. എറണാകുളം ജില്ലയിലും ഒരുപാട് സ്ത്രീകള്‍ സാങ്കേതികവിദഗ്ധരാകാന് മുന്നോട്ടുവരുന്നു.
കേരളത്തിലെ തെങ്ങുകളുടെ വലിപ്പമാണ് തൊഴിലാളികള്‍ ഈ മേഖലയിലേക്ക് വരാതിരിക്കാനുള്ള പ്രധാന കാരണം. കുറിയയിനം തെങ്ങുകള്‍ നട്ടുവളര്‍ത്തുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. പൊക്കംകുറഞ്ഞ തെങ്ങുകളില്‍നിന്ന് ചെറുകിട കര്‍ഷകര്‍ക്കുതന്നെ നീര ചെത്തിയെടുക്കാനാകും. ഫെഡറേഷനുകളിലൂടെ കുറിയയിനം തെങ്ങിന്‍തൈകള്‍ വിതരണംചെയ്യുന്നുണ്ടെന്ന് കണ്ണൂര്‍ ചെറുപുഴയിലെ തേജസ്വിനി നാളികേരോത്പാദക കമ്പനി ചെയര്മാന് സണ്ണി ജോര്‍ജ് പറഞ്ഞു.
മലയന്‍ യെല്ലോ, മലയന്‍ ഗ്രീന്‍, മലയന്‍ ഓറഞ്ച്, ചാവക്കാട് ഓറഞ്ച്, ചാവക്കാട് ഗ്രീന്‍, ഗംഗാബോണ്ടം തുടങ്ങിയ കുറിയയിനങ്ങളെല്ലാം കേരളത്തിലെ സാഹചര്യത്തില്‍ നന്നായി വിളവുതരുന്നതാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഇവയില്‍നിന്ന് നീരയെടുക്കാം. പല വിദേശരാജ്യങ്ങളിലും ഇത്തരം തെങ്ങുകളില്നിന്നാണ് നീരചെത്തുന്നത്.
(അവസാനിച്ചു)