Mathrubhumi
IST:
Mathrubhumi Parampara
വെട്ടിനിരത്തലിന്റെ കാലം കടന്ന്...

എം.എസ്. രാഖേഷ് കൃഷ്ണന്‍തൊഴിലുവേണോ തൊഴില്‍പ്രതിദിനം ഒരു ലിറ്റര്‍ നീര ചെത്തുന്ന 15 തെങ്ങുണ്ടെങ്കില്‍ 11,250 രൂപയുണ്ടാക്കാം എന്നാണ് നാളികേര വികസനബോര്‍ഡിന്റെ കണക്ക്


തൊഴിലിനായി യുവാക്കള്‍ നട്ടംതിരിയുന്നകാലത്ത് നീരവ്യവസായം മുന്നോട്ടുവെക്കുന്നത് ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ്. വൈറ്റ്‌കോളര്‍ സ്വപ്നങ്ങളുമായിമാത്രം നടക്കുന്ന നമ്മുടെ യുവാക്കള്‍ എത്രത്തോളം ഈ സാധ്യത ഉപയോഗപ്പെടുത്തും എന്നതുമാത്രമാണ് പ്രശ്‌നം.
കേരളത്തില്‍ നിലവില്‍ 18 കോടി തെങ്ങാണുള്ളത്. ഇതിന്റെ ഒരു ശതമാനം തെങ്ങുകളില്‍നിന്ന് നീരചെത്താന്‍മാത്രം ഒരു ലക്ഷം തൊഴിലാളികളുടെ ആവശ്യമുണ്ട്. നീരചെത്തുന്ന ടെക്‌നീഷ്യന്‍ എന്നനിലയില്‍ മാത്രമാണിത്. അനുബന്ധ മേഖലകള്‍കൂടി പരിശോധിച്ചാല്‍ തൊഴിലവസരങ്ങളുടെ എണ്ണംകൂടും.
തെങ്ങുകയറാന്‍ ആളില്ലാതായതിന്റെ പേരില്‍ തെങ്ങുകൃഷിയുടെ വരുമാനം ഗണ്യമായിക്കുറഞ്ഞ നാടാണിത്. ഈ തൊഴിലിനെ സമൂഹം അംഗീകരിക്കുന്നില്ലെന്ന പ്രശ്‌നമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍, നീര ടാപ്പുചെയ്യുന്ന പരിശീലനങ്ങളില്‍ ചെറുപ്പക്കാര്‍ ഒട്ടേറെയെത്തുന്നുണ്ടെന്നത് മാറ്റത്തിന്റെ സൂചനയാണ്. തെങ്ങില്‍ കയറാന്‍ സ്ത്രീകളും തയ്യാറായെത്തുന്നതും ശുഭസൂചകമാണ്. പാലക്കാട് ഫെഡറേഷന്റെ കീഴില്‍നടന്ന പരിശീലനത്തില്‍മാത്രം ഇരുപതോളം സ്ത്രീകള്‍ ഇതുവരെ പങ്കെടുത്തു.
കള്ളുചെത്തില്‍നിന്ന് വളരെ വ്യത്യസ്തമാണ് നീര ചെത്തിയെടുക്കുന്ന ജോലി. അന്തരീക്ഷവായുവിന്റെ സാന്നിധ്യം ഒട്ടുമേല്‍ക്കാതെവേണം നീരചെത്തിയെടുക്കാന്‍. അല്പം മികവ് ആവശ്യമുള്ള ജോലിയായതുകൊണ്ടുതന്നെയാണ് 'നീര ടെക്‌നീഷ്യന്‍' എന്നവരെ വിളിക്കുന്നതും. കള്ളുചെത്തുന്നവരെപ്പോലും പ്രത്യേകപരിശീലനം നല്‍കിയാണ് ടെക്‌നീഷ്യന്മാരാക്കുന്നത്. നാളികേര വികസനബോര്‍ഡ് ഇതുവരെ 1,559 പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഇതില്‍ ആഗസ്ത് 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ജോലിചെയ്യാനെത്തിയത് 459 പേര്‍ മാത്രമാണ്. പരിശീലനം കിട്ടിയ 1,112 പേര്‍ ജോലിക്കിറങ്ങിയിട്ടില്ല.


ചെത്തിയെടുക്കാം പണം

ചെത്തിയെടുക്കുന്ന നീരയുടെ അളവിനനുസരിച്ചാണ് ടെക്‌നീഷ്യന്‍മാരുടെ കൂലി നിശ്ചയിക്കുന്നത്. പല ഫെഡറേഷനുകളും വ്യത്യസ്തമായ കൂലിയാണ് നല്‍കുന്നത്. പ്രാദേശികമായ പ്രത്യേകതകളും കൂലിവ്യവസ്ഥകളുമാണ് ഈ വ്യത്യാസത്തിനുകാരണം. എങ്കിലും പ്രതിദിനം ഒരു ലിറ്റര്‍ നീര ചെത്തുന്ന 15 തെങ്ങുണ്ടെങ്കില്‍ 11,250 രൂപയുണ്ടാക്കാമെന്നാണ് നാളികേര വികസനബോര്‍ഡിന്റെ കണക്ക്.
മാസം മികച്ചരീതിയില്‍ വരുമാനമുണ്ടാക്കുന്ന ഒട്ടേറെ ടെക്‌നീഷ്യരുണ്ട്. പെരുമാട്ടി ഫെഡറേഷന് കീഴിലുള്ള സുരേഷ് മെയ് മാസം കൈപ്പറ്റിയത് 30,000 രൂപയാണ്. 12 തെങ്ങാണ് ദിവസവും ടാപ്പുചെയ്യുന്നത്. പ്രതിദിനം ശരാശരി 40 ലിറ്റര്‍ നീര ചെത്തും. രണ്ടുനേരം നീര ടാപ്പുചെയ്യണം. സുരേഷ് രാവിലെ ഏഴുമുതല്‍ 10 വരെയും വൈകിട്ട് നാലുമുതല്‍ ആറുവരെയുമാണ് ജോലി ചെയ്യുക. ബാക്കിസമയം വെറുതെയിരിക്കാം.
കഞ്ഞിക്കുഴി നാളികേര ഉത്പാദക ഫെഡറേഷനുകീഴില്‍ ടെക്‌നീഷ്യനായി ജോലിചെയ്യുന്ന സി.ബി. അനുവും നീരചെത്തി മികച്ചവരുമാനമുണ്ടാക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ 36,400 രൂപയാണ് ഈ ടെക്‌നീഷ്യന്റെ വരുമാനം. ശുചിത്വമാണ് മികച്ച നീര ടെക്‌നീഷ്യനാകാന്‍ വേണ്ട ഗുണമെന്നാണ് അനു പറയുന്നത്.
മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് സ്വദേശി പ്രവീണ്‍ കൈപ്പുഴ ഫെഡറേഷനുകീഴിലെ ടെക്‌നീഷ്യനാണ്. കല്‍പ്പണിവിട്ട് ടെക്‌നീഷ്യനായ പ്രവീണ്‍ മാര്‍ച്ചുമാസത്തില്‍ സമ്പാദിച്ചത് 41,000 രൂപയാണ്. 10 തെങ്ങുകളില്‍നിന്ന് ദിവസവും 33 മുതല്‍ 39 ലിറ്റര്‍ നീരവരെയാണ് പ്രവീണ്‍ ദിവസേന ചെത്തിയെടുക്കുന്നത്.

പാചകം ചെയ്തും പണമുണ്ടാക്കാം

നീര പാനീയത്തിനുപുറമേ നീരകൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഇത്തരം പലഹാരങ്ങള്‍ ഉണ്ടാക്കുന്ന കോഴ്‌സുകള്‍ നാളികേര വികസനബോര്‍ഡ് തന്നെ നടത്തുന്നുണ്ട്. ബോര്‍ഡിനുകീഴില്‍ ആലുവയിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുന്നത്.
നീരകൊണ്ട് ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റുകള്‍, സ്‌ക്വാഷ് തുടങ്ങിയ ധാരാളം ഇനങ്ങള്‍ ഉണ്ടാക്കാന്‍ ഇവിടെ പരിശീലനം നല്‍കുന്നു. ഒന്നുമുതല്‍ നാലുവരെ ദിവസത്തെ വിവിധകോഴ്‌സുകള്‍ക്ക് ചെറിയ ഫീസീടാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തമായോ കൂട്ടമായോ വീട്ടിലിരുന്ന് പണമുണ്ടാക്കാനുള്ള മികച്ച അവസരമാണ് ഇത്തരത്തില്‍ നീര നല്‍കുന്നതെന്ന് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫുഡ് പ്രൊസസിങ് എന്‍ജിനീയര്‍ എ.എസ്. ഗീതു പറഞ്ഞു.
നീരടെക്‌നീഷ്യന്‍ ആകാന്‍വേണ്ട ശാസ്ത്രീയമായ പരിശീലനവും ഇന്‍സ്റ്റിറ്റിയൂട്ടില്‍ നല്‍കുന്നുണ്ട്. ചെത്തുതൊഴിലാളികള്‍ക്കും പുതുതായി ഈരംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്കും ഈ പരിശീലനം ഉപയോഗപ്പെടുത്താം. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫോണ്‍നമ്പര്‍: 04842679680.
ഇവിടെയുമുണ്ട് 'ഭായി'കളും 'ബാബു'മാരും


കേരളീയര്‍ക്ക് വലിയ തൊഴിലവസരമുണ്ടെന്നുകരുതിയ നീര ടെക്‌നീഷ്യന്‍ തസ്തികകളിലും അന്യസംസ്ഥാനക്കാര്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. അസം, മണിപ്പുര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പ്രധാനമായും നീര ചെത്താന്‍ ഇപ്പോള്‍ തെങ്ങില്‍ക്കയറുന്നത്. തെങ്ങുചെത്തുന്നതില്‍ പ്രാവീണ്യമുള്ളവരെത്തന്നെയാണ് കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍പ്പോയി താമസിച്ച് ഇത്തരക്കാരെ കണ്ടെത്തി നാട്ടിലെത്തിക്കുകയാണ് കമ്പനി അധികൃതര്‍ ചെയ്യുന്നത്.
കൈപ്പുഴ നാളികേര ഉത്പാദക കമ്പനി അല്പം വ്യത്യസ്തമായി ചിന്തിച്ചു. അവര്‍ ആളെയിറക്കിയത് ലക്ഷദ്വീപില്‍നിന്നാണ്. ആന്ത്രോത്ത് സ്വദേശികളായ പരമ്പരാഗത ചെത്തുതൊഴിലാളികളെയാണ് കമ്പനി കേരളത്തിലെത്തിച്ചത്. ആദ്യം പത്തുപേരെത്തി; പിന്നാലെ കൂടുതല്‍പേരും. ഇവരുടെ ടാപ്പിങ് ശൈലിയും വിഭിന്നമാണ്. കേരളത്തിലുള്ളവര്‍ ഉപയോഗിക്കുന്ന ചെത്തുകത്തിയോ ചെളിയോ ഒന്നോ ഇവര്‍ക്കുവേണ്ട. ചെറിയ കത്തികൊണ്ട് ഇവര്‍ എളുപ്പത്തില്‍ കാര്യം കഴിക്കും.
മറ്റ് തൊഴിലുകളിലേതുപോലെത്തന്നെ അന്യസംസ്ഥാനക്കാര്‍ക്ക് ചെറിയകൂലി നല്‍കിയാല്‍മതിയെന്നതാണ് കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകം. മലയാളികളായ തൊഴിലാളികള്‍ക്ക് കൂടുതല്‍ തെങ്ങില്‍ക്കയറാന്‍ മടിയാണെന്ന പരാതിയും കമ്പനി അധികൃതര്‍ക്കുണ്ട്.
മികച്ചരീതിയില്‍ നീര ഉത്പാദനം നടത്തുന്ന ഒരു കമ്പനിയിലെ അനുഭവം ഇതാണ്: നീരടെക്‌നീഷ്യന്‍മാര്‍ക്ക് ഒരുദിവസം 10 തെങ്ങാണ് നീരചെത്താനായി നിശ്ചയിച്ചിരുന്നത്. 15 ലിറ്റര്‍ നീര പ്രതിദിനം ശേഖരിക്കണം. പ്രതിമാസം 15,000 രൂപ കിട്ടും. 15ല്‍ കൂടുതല്‍ ലിറ്റര്‍ എടുക്കുന്നുണ്ടെങ്കില്‍ അതിന് ഇന്‍സെന്റീവുമുണ്ട്. എന്നാല്‍, കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ആറുതെങ്ങില്‍ കൂടുതല്‍ കയറാനാകില്ലെന്ന് മലയാളികളായ ചില നീരടെക്‌നീഷ്യന്മാര്‍ വാശിപിടിച്ചു. ചെത്തുതൊഴിലാളികളായി ജോലിചെയ്തിരുന്നവരായിരുന്നു ഇതില്‍ ഭൂരിഭാഗവും. അതേസമയം, തെങ്ങുചെത്തുന്ന മേഖലയിലേക്ക് പുതുതായെത്തിയയാള്‍ പ്രതിമാസം 40,000 രൂപ വാങ്ങുന്ന അനുഭവവും ഈകമ്പനിയിലുണ്ട്.
നീരടെക്‌നീഷ്യന്മാരെ തികയാതായതോടെയാണ് കമ്പനി അധികൃതര്‍ തമിഴ്‌നാട്ടുകാരെ തേടിപ്പോയത്. അവര്‍ വരാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കമ്പനി നിശ്ചയിച്ച 10 തെങ്ങ് അവര്‍ക്കുപോരാ. 30 തെങ്ങെങ്കിലുമുണ്ടെങ്കിലേ ഈ പണിക്കുള്ളൂ എന്നായിരുന്നു അവര്‍പറഞ്ഞത്. ആറ് തെങ്ങുചെത്താന്‍ മടിച്ച മലയാളിയെവിട്ട് കമ്പനി 30 തെങ്ങുചെത്താന്‍ തയ്യാറാകുന്ന മറുനാടന്‍തൊഴിലാളിയെ തേടിപ്പോയിട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.
എന്നാല്‍, മലയാളികളെ ഉപയോഗിച്ചുമാത്രമാണ് തങ്ങള്‍ നീര ടാപ്പുചെയ്യുന്നതെന്ന് പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ പി. വിനോദ്കുമാര്‍ പറഞ്ഞു. വളരെ വൃത്തിയോടെ ചെയ്യേണ്ടതാണ് നീര ടാപ്പിങ്. മലയാളികളോളം വൃത്തിയില്‍ ഇക്കാര്യം വേറെയാര്‍ക്കും ചെയ്യാനാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. പാലക്കാട് ജില്ലയില്‍ ടെക്‌നീഷ്യന്‍മാരെ കിട്ടാനില്ലാത്ത പ്രശ്‌നവും മറ്റുജില്ലകളിലേതുപോലെയില്ല.


മറ്റു പരമ്പരകള്‍